Current Date

Search
Close this search box.
Search
Close this search box.

ഖുദ്സിന്റെ കഥ, സ്വലാഹുദ്ദീൻ അയ്യൂബിയുടേയും

സ്വലാഹുദ്ദീന്‍ അയ്യൂബിയെന്ന പേരു കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ഇസ്ലാമിക ലോകത്ത് നബി (സ) യുടെയും നാലു ഖലീഫമാരുടെയും പേരുകള്‍ക്കു ശേഷം അത്രയേറെ ഓര്‍ക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന നാമങ്ങളിലൊന്നാണത്. മുസ്ലിം ലോകത്തിന്റെ വികാരമായ ഖുദ്‌സിന്റെ വിമോചകനായ അദ്ദേഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇന്നും ഫലസ്തീന്‍ വിമോചനത്തിനായി വെമ്പല്‍ കൊള്ളുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നവരാണ്. അയ്യൂബിയുടെ ധീരതയും വീരകഥകളും പ്രഭാഷണങ്ങളായും എഴുത്തുകളായും ഒത്തിരി മലയാളത്തിലും പ്രത്യക്ഷപ്പെട്ടതാണെങ്കിലും അതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന ഒരു ജീവചരിത്ര രചനയാണ് മജീദ് ഹുദവി പുതുപ്പറമ്പ് എഴുതിയ, ബുക്പ്ലസ് പ്രസിദ്ധീകരിച്ച ‘സ്വലാഹുദ്ദീന്‍ അയ്യൂബി ‘ എന്ന ഗ്രന്ഥം.

ഇസ്ലാം ലോകത്തിന് നല്‍കിയ നാനോന്മുഖ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന ബൗദ്ധിക – ആത്മീയ – രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരെ പരിചയപ്പെടുത്തുന്ന ‘മുസ്ലിം ലോക ശില്‍പികള്‍’ പരമ്പരയിലെ പുസ്തകമായാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ആമുഖത്തിലെ എഡിറ്ററുടെ വാക്കുകള്‍ കടമെടുത്താല്‍ ‘ ഭരണാധികാരികളുടെയും രാജകുടുംബങ്ങളുടെയും ജീവിതങ്ങളിലൂടെയാണ് പലപ്പോഴും ചരിത്രം അവതരിപ്പിക്കപ്പെടാറുള്ളത്. അവരുടെ കാലത്ത് നടന്ന സംഭവങ്ങളുടെ ഭാഗമായി അന്നത്തെ ബൗദ്ധിക വ്യവഹാരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരമ്പരാഗത രീതിയില്‍നിന്ന് വ്യത്യസ്തമായി, കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളില്‍ ഇസ്ലാമിക സംസ്‌കാരത്തെ രൂപപ്പെടുത്തിയ വ്യക്തികളിലൂടെ ഇസ്ലാമിക ചരിത്രം അവതരിപ്പിക്കാനുള്ള ശ്രമമാണ് ബുക്പ്ലസിന്റെ മുസ്ലിം ലോക ശില്‍പികള്‍ പരമ്പര’.

ഒരു കഥപറയുന്ന ഒഴുക്കോടെ അത്യധികം സരളമായാണ് ഗ്രന്ഥകാരന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജൈത്രയാത്ര കുറിച്ചിടുന്നത്. ഒരിക്കലും വായനക്കാരനെ മടുപ്പിക്കാത്ത രചനാശൈലി. ഏറ്റവും പ്രധാനവും അത്യാകര്‍ഷകവുമായി തോന്നിയത് സ്വലാഹുദ്ദീന്‍ അയ്യൂബിയെന്ന പോരാളിയെ വാര്‍ത്തെടുത്ത ജീവിത സാഹചര്യം, അന്നത്തെ മുസ്ലിം ലോകത്തിന്റെ സ്പന്ദനങ്ങള്‍, അതേ കാലക്കാരായ ഇമാം ഗസ്സാലിയും ശൈഖ് ജീലാനിയും ബാഗ്ദാദിലും മറ്റുമായി നടത്തിയ വിദ്യാഭാസ വിപ്ലവങ്ങള്‍ അയ്യൂബിയുടെ ജീവിതത്തെ സ്വാധീനിച്ച വിധം എന്നിവ വിശദീകരിച്ച രീതിയാണ്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന മുസ്ലിം ലോകത്തെയും മുസ്ലിം ഭരണകൂടങ്ങളെയും കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കുന്നത് കൊണ്ടുതന്നെ അയ്യൂബിയെ കാലം എത്രമാത്രം ആവശ്യപ്പെട്ടിരുന്നുവെന്ന് വായനക്കാരന്‍ തിരിച്ചറിയും. ആമുഖത്തിനു തൊട്ടുടനെയായി ‘തുടങ്ങും മുമ്പ് ഓര്‍ത്തു വെക്കാന്‍ രണ്ടു ദൃശ്യങ്ങള്‍’ എന്ന പേരില്‍ കുരിശു പടയാളികള്‍ ഖുദ്‌സ് കീഴടക്കിയ ദിവസത്തെയും പിന്നീട് അയ്യൂബി അതു തിരിച്ചുപിടിച്ച ദിവസത്തെയും ചിത്രങ്ങള്‍ ഹൃദയഹാരിയായി വരച്ചിട്ടത് വായനക്കാരന്റെ ഔത്സുക്യം കെടാതെ കാക്കുന്നു.

അത്യധികം ഭീകരമായിരുന്നു ഹിജ്‌റ നാല്, അഞ്ച് നൂറ്റാണ്ടുകളിലെ മുസ്ലിം ലോകത്തിന്റെ അവസ്ഥ. എല്ലാ മേഖലകളും മൂല്യച്യുതി നേരിട്ട സാഹചര്യം. ഭരണാധികാരികള്‍ പ്രജക്ഷേമം അല്പം പോലും ആഗ്രഹിക്കാത്ത, സുഖലോലുപതയില്‍ മുഴുകിയ, മതമൂല്യങ്ങള്‍ക്ക് അല്പം പോലും വിലകല്‍പിക്കാത്ത, അധികാരത്തിനു വേണ്ടി സ്വന്തം സഹോദരനെ പോലും ശത്രുവിന് ഒറ്റിക്കൊടുക്കുന്ന പരിതസ്ഥിതി. അവരെ തിരുത്തേണ്ട, വഴി നടത്തേണ്ട പണ്ഡിതന്മാരുടെ സ്ഥിതി അതിലേറെ പരിതാപകരം. അധികാരികളുടെ എല്ലാവിധ തെമ്മാടിത്തരങ്ങള്‍ക്കും ഓശാന പാടുന്ന, വൈജ്ഞാനികമായ വിഭാഗീയതകള്‍ പരസ്പരം വെറുപ്പും പകയും പടര്‍ത്താന്‍ ഉപയോഗിക്കുന്ന, ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം സായുധ കലാപം വരെ നടത്തിയ കാലം. സൂഫികളെന്നു പറഞ്ഞുനടക്കുന്നവരും വെറും ശരീഅത്തിനെ കാറ്റില്‍ പറത്താന്‍ മാത്രം സൂഫിസമെന്ന പേരിനെ ദുരുപയോഗം ചെയ്യുകയും ഇസ്‌ലാമിന്റെ അന്തഃസത്തക്ക് ചെറുതല്ലാത്ത പോറല്‍ വീഴ്ത്തുകയും ചെയ്‌തൊരു ചുറ്റുപാട്. അത്തരമൊരു കാലത്താണ് പരിവര്‍ത്തനത്തിന്റെ ദൂതുമായി സുല്‍ത്താന്‍ അയ്യൂബി പിറക്കുന്നത്.

സമൂഹം നേരിടുന്ന അപചയത്തെ അപഗ്രഥിച്ച് അന്ന് ഇമാം ഗസ്സാലി പറഞ്ഞത് ഇതായിരുന്നു:’കര്‍ത്തവ്യനിര്‍വഹണത്തില്‍ പണ്ഡിതര്‍ പരാജയപ്പെട്ടിരിക്കുന്നു. വിശ്വാസം, സമൂഹം, രാഷ്ട്രീയം ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇവയില്‍ വിശ്വാസം അചഞ്ചലവും കളങ്കമറ്റതുമായി മാറിയാല്‍ മറ്റെല്ലാം അതിന്റെ വഴിക്ക് വരുകയും രാഷ്ട്രീയ നേതൃത്വവും സമൂഹവും ശരിയായ ദിശയില്‍ ചലിക്കുകയും ചെയ്യും.’ പരിഹാരമെന്നോണം, മുസ്‌ലിം ഉമ്മത്ത് എന്ന ഏകത്വം അംഗീകരിച്ച് ഗുണകാംക്ഷയോടെ ഒന്നിച്ചു നില്‍ക്കുന്ന പണ്ഡിതവ്യൂഹത്തെയും നേതൃനിരയെയും വാര്‍ത്തെടുക്കുക, സമുദായത്തെ ഉള്ളില്‍ നിന്നുതന്നെ ബാധിച്ച സ്വഭാവദൂഷ്യങ്ങളെ ചികിത്സിക്കുന്ന എന്നിങ്ങനെ രണ്ട് പ്രധാന അടിസ്ഥാനങ്ങളില്‍ ശ്രദ്ധചെലുത്തി ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇമാം ഗസ്സാലി(റ)യുടെ നേതൃത്വത്തില്‍ ആരംഭിച്ച വിദ്യഭ്യാസപരമായ മാറ്റങ്ങളാണ് ഈ പരിവര്‍ത്തനത്തില്‍ വലിയ തോതില്‍ പങ്കുവഹിക്കുന്നത്. ശൈഖ് ജീലാനി, അദിയ്യ് ബിന്‍ മുസാഫിര്‍, അബുന്നജീബ് അസ്സുഹറവര്‍ദി എന്നവര്‍ തങ്ങളുടെ പാഠശാലകളിലൂടെ ഇമാം ഗസ്സാലി വികസിപ്പിച്ചെടുത്ത പുതിയ വിദ്യഭ്യാസ രീതി വിജയകരമായി നടപ്പിലാക്കി. ആഗോളതലത്തില്‍ പണ്ഡിതരുടെ വിവിധ സംഗമങ്ങള്‍വരെ അക്കാലത്ത് നടക്കുകയുണ്ടായി. ഇറാഖിലെ ഇമാദുദ്ദീന്‍ സങ്കിയും ശേഷം അധികാരമേറ്റ നൂറുദ്ദീന്‍ സങ്കിയും ഈ പരിഷ്‌കര്‍ത്താക്കളെ ഹൃദയപൂര്‍വം സ്വീകരിച്ചു.

അധികാരം കയ്യിലെത്തിയപ്പോള്‍ അയ്യൂബിയുടെ പ്രഥമവും പ്രധാനവുമായ സ്വപ്‌നം ഖുദ്‌സിന്റെ മോചനം ഒന്നായിരുന്നു. നൂറുദ്ദീന്‍ സങ്കിയോടൊത്തുള്ള ജീവിതം ആ സ്വപ്നത്തെ കൂടുതല്‍ നിറമുള്ളതാക്കുകയും ചെയ്തു. ഖുദ്‌സില്‍ സ്ഥാപിക്കാന്‍ അദ്ദേഹം നിര്‍മിച്ച മിമ്പര്‍ കണ്ടാണ് അയ്യൂബി വളര്‍ന്നതും. വ്യക്തിജീവിതത്തില്‍ അത്രമേല്‍ സൂക്ഷ്മത വച്ചുപുലര്‍ത്തിയൊരു ഭരണാധികാരിയെ ചരിത്രം അപൂര്‍വമായി മാത്രമേ പിറന്നിട്ടുള്ളൂ. ജമാഅത്തായി മാത്രം നിസ്‌കാരം നിര്‍വഹിക്കുന്ന, സുന്നത്ത് നോമ്പുകളെല്ലാം നിര്‍വഹിക്കുന്ന, രോഗവേളയില്‍ പോലും നിസ്‌കാരം ഉപേക്ഷിക്കാത്ത, പകല്‍ സമയങ്ങളില്‍ യുദ്ധം കഴിഞ്ഞു വന്നാലും രാത്രി ആരാധനകളില്‍ മുഴുകുന്ന, ദാനധര്‍മങ്ങളുടെ മൂര്‍ത്തീഭാവമായ, പ്രജകളുടെ ക്ഷേമത്തിന് മുഖ്യസ്ഥാനം കൊടുത്തൊരു അത്യപൂര്‍വ മനുഷ്യന്‍. ഖുദ്‌സിന്റെ വിമോചനത്തില്‍ തന്റെ വിജ്ഞാനവും വിശ്വാസവും ആദ്യമായും, പിന്നീട് ആവശ്യമാവുമ്പോള്‍ മാത്രം വാളും ഉപയോഗിച്ചവരാണദ്ദേഹം. സംഭവബഹുലമായ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും പോരാട്ടത്തിന്റെ കഥകളും വളരെ മനോഹരമായി ഈ ഗ്രന്ഥം കുറിച്ചിടുന്നുണ്ട്. കുരിശു യുദ്ധങ്ങള്‍ ഓരോന്നിന്റെയും ചരിത്രം, ഉണ്ടായ സാഹചര്യങ്ങള്‍, പ്രതിഫലനങ്ങള്‍ എന്നിവയും വളരെ കൃത്യമായി ഇതില്‍ വായിക്കാം. ചെമ്മാട് ബുക്പ്ലസ് ആണ് പ്രസാധകർ. 180 ഓളം പേജുകളുള്ള പുസ്തകത്തിന് 210 രൂപയാണ് മുഖവില.

 

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles