Book Review

ഉപ ബോധ മനസ്സിന്റെ ശക്തി

ഡോ.ജോസഫ് മര്‍ഫിയുടെ ‘നിങ്ങളുടെ ഉപ ബോധ മനസ്സിന്റെ ശക്തി’ എന്ന ഇംഗഌഷ് പുസ്തകത്തിലൂടെ പുതിയ വായനാനുഭവവും ലോകവും തുറക്കപ്പെട്ടു.

നമുക്ക് നാമേ പണിവത് നാകം, നരകവുമതുപോലെ…എന്ന കവി വാക്യത്തിലെ രണ്ട് അനുഭവങ്ങള്‍ക്കും ഹേതുവാകുന്നത് മനുഷ്യ മനസ്സിന്റെ വിചാര ധാരകളാണെന്നു ഹൃദ്യമായി അനുഭവിപ്പിക്കുന്നതാണ് മര്‍ഫിയുടെ പുസ്തകം.ബോധ മനസ്സിന്റെ നിശ്ചയ ധാര്‍ഢ്യം ഉപബോധമനസ്സ് നിഷ്‌കളങ്കമായി ഏറ്റെടുക്കും.അഥവാ ബോധ മനസ്സ് ഉപബോധ മനസ്സില്‍ സാക്ഷയിട്ടു നിര്‍ത്തുന്ന കാര്യങ്ങള്‍ ക്രമ പ്രവൃദ്ധമായി ജിവിതത്തില്‍ അരങ്ങേറും.ഒന്നു കൂടെ വിശദീകരിച്ചാല്‍ ശാരീരിക പ്രയാസങ്ങള്‍ പോലും ബോധമനസ്സ് തീരുമാനിക്കുന്നതുപോലെ മാത്രമേ ഉണ്ടാകൂ.സൗഭാഗ്യവും ദൗര്‍ഭാഗ്യവും ബോധ മനസ്സിനു തിരുമാനിക്കാം.ഉപബോധ മനസ്സ് ഏറ്റെടുക്കുന്ന കാര്യം സാധിക്കാതെ പോകുകയില്ലെന്നും പുസ്തകം സമര്‍ഥിക്കുന്നു.

സദുദ്ധേശപരമായതും ധാര്‍മ്മികതിലൂന്നിയതുമായതും നിരന്തരം ബോധ മനസ്സ് ഉപബോധമനസ്സിനു നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ ഏറെ ശുദ്ധമായ പ്രതിഫലനം മാത്രമേ ഉണ്ടാകുകയുള്ളൂ.ഇങ്ങനെ നന്മയിലൂന്നിയ ചിന്തകളെ നിരന്തരം ആവാഹിച്ചെടുക്കാന്‍ അവസരമുണ്ടാകുന്ന ഉപബോധമനസ്സ് അത്ഭുതങ്ങള്‍ സൃഷ്ടിക്കും.അല്‍പം അതിശയോക്തിയോടും ആലങ്കാരികമായും പറഞ്ഞാല്‍ അപരന്റെ അസ്വസ്ഥതകളെ നിര്‍വീര്യമാക്കാന്‍ പോലും നിശ്ചയ ധാര്‍ഢ്യമുള്ള മനസ്സിനും ഉപബോധമനസ്സിനും സാധ്യമാകും.

അനിര്‍വചനീയമായ അര്‍ഥ തലങ്ങളുള്ള അന്വേഷണങ്ങളിലും ഗവേഷണങ്ങളിലും വ്യാപൃതരാകാനുള്ള പ്രചോദനങ്ങള്‍ വിശുദ്ധ വേദത്തിലും പ്രവാചകാധ്യാപനങ്ങളിലും സുവിദിതമാണ്.പ്രസ്തുത വചന പ്രഭയെ സ്വാംശീകരിച്ചു കൊണ്ടുള്ള ആവര്‍ത്തിച്ചുള്ള പഠന മനനങ്ങള്‍ ആത്മസായൂജ്യം പ്രധാനം ചെയ്യും.അതോടൊപ്പം ജിവിതത്തില്‍ പ്രസരിക്കുമ്പോള്‍ പ്രതീക്ഷാ നിര്‍ഭരമായ സാംസ്‌കാരിക ഭൂമികയ്ക്ക് കളമൊരുങ്ങുകയും ചെയ്യും.പാരായണം കൊണ്ട് തനിക്ക് കിട്ടുന്ന പ്രതിഫലവും ജീവിതത്തില്‍ പാലിച്ചാല്‍ സമൂഹത്തില്‍ വളര്‍ന്നു വരാനിരിക്കുന്ന മാറ്റവും സുമനസ്സുകളെ മദിച്ചു കൊണ്ടിരിക്കണം.അഥവാ നാളത്തെ പ്രതിഫലവും ഇന്നത്തെ പ്രതിഫലനവും.
നല്ല വായന മനസ്സിനെ ശാന്തമാക്കുകയും മസ്തിഷ്‌കത്തെ ഊര്‍ജ്ജ്വസ്വലമാക്കുകയും ചെയ്യും.

Facebook Comments
Show More

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി, രായംമരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍, ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവമായ മഞ്ഞിയിലിന്റെ മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ച ഇദ്ദേഹം എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്. തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍ കൂടിയാണ് മഞ്ഞിയില്‍.സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞുപോയ ബാലപ്രതിഭ അബ്‌സ്വാര്‍, അന്‍സാര്‍, ഹിബ, ഹമദ്, അമീന എന്നിവരാണ് മക്കള്‍.

Related Articles

Close
Close