Current Date

Search
Close this search box.
Search
Close this search box.

മഹ്‌സലതുല്‍ അഖ്‌ലില്‍ ബശരി അഥവാ ദി മോക്കറി ഓഫ് ദി ഹ്യൂമന്‍ മൈന്‍ഡ്

ഇറാഖി സാമൂഹിക ഗവേഷകനും ചരിത്ര പണ്ഡിതനുമായ ഡോ. അലി അല്‍വര്‍ദി (1913-95) യുടെ മാസ്റ്റര്‍ പീസ് ഗ്രന്ഥമാണ് മഹ്‌സലതുല്‍ അഖ്‌ലില്‍ ബശരി അഥവാ ദി മോക്കറി ഓഫ് ദി ഹ്യൂമന്‍ മൈന്‍ഡ്. ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് 1994ലാണ് പ്രസിദ്ധീകരിച്ചത്. (ആദ്യ പതിപ്പ് 1955ല്‍ പ്രസിദ്ധീകരിച്ചു) . സാമൂഹിക ഗവേഷണത്തിന്റെ ലളിത മാതൃകയാണീ ഗ്രന്ഥം. മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള പാതിവെന്ത ധാരണകളെ പൊളിച്ചടക്കുകയും ചരിത്രപരതയുടെ അനിവാര്യതകളെ പ്രശ്‌നവത്കരിക്കുകയും ചെയ്യുന്ന അപൂര്‍വ്വ ഗ്രന്ഥം. മഹാന്മാരാണെങ്കിലും ഭൂമിയില്‍ ജീവിച്ച മനുഷ്യര്‍ എന്ന നിലയില്‍ അവരുടെ മനുഷ്യത്വമെന്ന ചട്ടക്കൂടിനെ ചുറ്റിപ്പറ്റിയുള്ള പുസ്തകം.

സാമൂഹിക സ്വഭാവമുള്ള ചില സുപ്രധാന കാര്യങ്ങളുടെ വിശകലനം ചെയ്ത് ആധുനിക സാമൂഹിക യുക്തിയുടെ വെളിച്ചത്തില്‍ ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളും പുസ്തകം കൈകാര്യം ചെയ്യുന്നു. ഇസ്ലാമിനെ കുറിച്ചുള്ള ഖുറൈശികളുടെ വിലയിരുത്തലും ഇസ്ലാമിക ഖിലാഫതിന്റെ ആവിര്‍ഭാവത്തിനു ശേഷമുള്ള സാമൂഹിക സങ്കല്‍പ്പങ്ങളുടെ വികാസവും ഖുറൈശികളില്‍ അതിന്റെ സ്വാധീനവും, തുടര്‍ന്ന് പ്രവാചകന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ലയുടെ മരണശേഷം ഇസ്ലാമിക ഖിലാഫത്തിനെതിരായ ആഭ്യന്തര പോരാട്ടവുമെല്ലാം സാമൂഹിക രാഷ്ട്രീയ കാരണങ്ങള്‍ വെച്ച് വിലയിരുത്തുന്ന ലേഖനങ്ങള്‍.

അബൂബക്ര്‍(റ) മുതല്‍ അലി (റ) വരെയുള്ളവരുടെ ഭരണകാലങ്ങളും അവരുടെ പിന്തുടര്‍ച്ചയെക്കുറിച്ച് ഇന്നും പ്രചരിക്കുന്ന വിവാദങ്ങളുടെ കാരണങ്ങളും പിന്നീടുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങളും സുന്നി ശിആ തര്‍ക്കങ്ങളുടെ മൂല കാരണങ്ങളും ചരിത്രപരമായി വ്യാഖ്യാനിക്കുന്ന അപൂര്‍വ്വ ഗ്രന്ഥം. അലി ബിന്‍ അബീ താലിബും മുആവിയ ബിന്‍ അബി സുഫിയാനും തമ്മിലുള്ള സംഘട്ടനങ്ങളെ രാഷ്ട്രീയ പരമായ ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുകയും രണ്ടു പക്ഷത്തേയും പ്രമാണബദ്ധമായി ന്യായീകരിക്കുകയും ചെയ്യുന്നുണ്ട് വര്‍ദി .

മദീനയുടെ സ്വഭാവവും സ്വഭാവ സവിശേഷതകളും ദൂഷ്യങ്ങളും ഖിലാഫത് വിവാദങ്ങളും അവയുടെ കാരണങ്ങളും മനുഷ്യന്റെ മനോഹാസങ്ങളും പരസ്പര സഹകരണ മാതൃകകളും തെറ്റിദ്ധാരണകളും നിരൂപണങ്ങളും മതകീയ ജനാധിപത്യ മൂല്യങ്ങളും ചരിത്രവും സാമൂഹ്യ പ്രതിരോധവും തുടങ്ങി നിരവധി മേഖലകളില്‍ വെളിച്ചം വീശുന്ന പാഠങ്ങളാണ് പുസ്തകം ഉള്‍കൊള്ളുന്നത് . പ്രസ്തുത പുസ്തകത്തിലെ ചില ഉദ്ധരണികള്‍ താഴെ നല്‍കിയിരിക്കുന്നു:

‘പാശ്ചാത്യര്‍ ചരിത്രം വായിക്കുന്നത് അവരുടെ ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ചരിത്ര പരമായ തെറ്റുകളില്‍ നിന്ന് കൃത്യമായ പാഠം പഠിക്കാനാണ്, അതേസമയം അറബികള്‍ ചരിത്രം വായിക്കുന്നത് പടിഞ്ഞാറിനേക്കാള്‍ മികച്ചവര്‍ തങ്ങള്‍ തന്നെ എന്ന് തെളിയിക്കാനാണ്. മുന്‍കാല തെറ്റുകളുടെ വലിപ്പവും അവയില്‍ നിന്ന് പാഠം പഠിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ മറന്നു പോകുന്നു.’

…………..

‘ആരെങ്കിലും താന്‍ വളര്‍ന്നുവന്ന ചുറ്റുപാടില്‍ നിന്ന് പുറത്തുപോകാതെ തന്റെ പാരമ്പര്യ വിശ്വാസങ്ങളെ പിന്തുണയ്ക്കുന്ന ഗ്രന്ഥങ്ങള്‍ മാത്രമാണ് വായിക്കുന്നതെങ്കില്‍, അയാള്‍ കാര്യങ്ങളെ വിലയിരുത്തുന്നതില്‍ നിഷ്പക്ഷനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല.’

………….

‘ഒരു വ്യക്തി തന്റെ വിഭാഗീയ വിശ്വാസങ്ങളില്‍ ഒന്നിനെ മാത്രം പ്രതിരോധിക്കുമ്പോള്‍, താന്‍ ദൈവത്തിന്റെ തൃപ്തിയാണ് അന്വേഷിക്കുന്നതെന്ന് അവന്‍ കരുതുന്നു. ആ പ്രവര്‍ത്തിയിലൂടെ സ്വയം വഞ്ചിക്കുകയാണെന്ന് അയാള്‍ക്ക് മനസ്സിലാക്കുന്നില്ല. സത്യത്തില്‍ അവന്‍ വളര്‍ന്ന ചുറ്റുപാടില്‍ നിന്നും മാറി മറ്റൊരു ചുറ്റുപാടിലാണവന്‍ വളര്‍ന്നതെങ്കില്‍ ആ ചുറ്റുപാടിലെ ഏതു വിശ്വാസങ്ങളെയും ഒരു മടിയും കൂടാതെ വിശ്വസിക്കുന്ന വേറെയൊരുത്തനെ നമ്മളവിടെ കണ്ടേനെ .’

Related Articles