Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് വരുംകാലത്തേക്കുള്ള സ്ട്രാറ്റജികൾ

മനുഷ്യരായാലും പ്രസ്ഥാനങ്ങളായാലും നിലപാടുകളിലും നയസമീപനങ്ങളിലും കണക്ക്കൂട്ടലുകളിലും നിന്നിടത്ത് നിന്നാൽ പൂതലിച്ച്പോകും. ഒരിക്കലും അഭിവൃദ്ധിപ്പെടാനോ സാഹചര്യങ്ങൾക്കൊത്ത് സഞ്ചരിക്കാനോ കഴിയില്ല. അത്തരം അവസ്ഥകൾ പ്രതികൂല സാഹചര്യങ്ങൾ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവർക്ക് വലിയ മുതൽക്കൂട്ടാവും. അതിനെയെല്ലാം മറികടന്ന് ഏത് പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോവാനും ഉദ്ദിഷ്ട ഫലത്തിലേക്കെത്തിപ്പെടാനാവശ്യമായ മാർഗങ്ങളും സ്ട്രാറ്റജികളും വിശദമാക്കുന്ന കൃതിയാണ് കൂര ബുക്സ് പ്രസിദ്ധീകരിച്ച ഡോ.അബ്ദുസ്സലാം അഹ്മദിൻ്റെ ‘ഇസ്ലാമിക പ്രസ്ഥാനങ്ങൾ വർത്തമാനം ഭാവി ‘ എന്ന പുസ്തകം.
   ലോകത്ത് ഭൂജാതമായ എല്ലാ പ്രസ്ഥാനങ്ങളുടെ പിറവിക്ക് പിന്നിലും പ്രത്യേകകാരണങ്ങളും, ആ പിറവികൊണ്ട പ്രസ്ഥാനങ്ങൾക്കൊക്കെയും നിർണിത ലക്ഷ്യവുമുണ്ടായിരിക്കും. പിന്നീട് അതിനനുസരിച്ച് പ്രവർത്തനപദ്ധതികളും നയനിലപാടുകളും രൂപപ്പെടുത്തും.ഇതപര്യന്തം കണ്ട് വന്നത് അതായിരുന്നു. പ്രസ്ഥാനങ്ങൾ മനുഷ്യനിർമിതമായതിനാൽ വീഴ്ചകൾ നൈസർഗികമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.എന്നാലും ഭൂതകാലത്തെ പാളിച്ചകൾ വർത്തമാനത്തിൽ വരുമ്പോൾ ആ പാളിച്ചകളൊക്കെയും മായ്ക്കപ്പെടുന്ന തരത്തിലുള്ള കർമപദ്ധതികൾ ആവിഷ്കരിക്കാനും, വർത്തമാനകാലത്തിലെ വീഴ്ചകൾ ഭാവിയിലേക്കുള്ള സ്ട്രാറ്റജി രൂപപ്പെടുത്താനുള്ള മുതൽക്കൂട്ടാവാനും സാധ്യമാവേണ്ടതുണ്ട്. പ്രസ്ഥാനങ്ങളുടെ സ്ഥാപിതലക്ഷ്യ പൂർത്തീകരണത്തിൽ ആത്യന്തിക വിജയത്തിലെത്താനുള്ള വഴികൾ ഓരോന്നോരോന്നായി പുസ്തകം പറഞ്ഞ് തരുന്നുണ്ട്. ഇനി ആ വഴികളിലൂടെ സഞ്ചരിച്ചാൽ മതി. ഭാവി ഭദ്രവും വിജയം  സുനിശ്ചിതവുമാവും.
തങ്ങൾ തീരുമാനിക്കുന്നതും അതേപടി പ്രവർത്തിക്കുന്നതുമാണ് ശരി എന്ന നിലപാടുകളിൽ നിന്നും മനോഭാവങ്ങളിൽ നിന്നും മാറി തീരുമാനങ്ങളെടുക്കുന്നവരും അത് പ്രായോഗിതലത്തിൽ കൊണ്ട് വരുന്നവരും തന്നെ കുറെ ആലോചിച്ചും അപഗ്രഥിച്ചും സാമൂഹിക പ്രതികരണങ്ങളിൽ നിന്നും അതിലെ ശരിതെറ്റുകളെ നിർണയിച്ചും മനസ്സിലാക്കിയും കാര്യങ്ങളെ സ്വയം വിമർശനാത്മകമാക്കിയാൽ മാത്രമാണ് ഇസ് ലാമിക പ്രസ്ഥാനങ്ങൾക്ക് വരുംകാലത്ത് അവരുടെ പ്രവർത്തന മണ്ഡലങ്ങളിൽ പുതിയ ചരിതം തീർക്കാനാവൂവെന്ന് പുസ്തകം പറയുന്നു. നിന്നിടത്ത് നിന്ന് സ്തംഭിക്കാതെ പൂർവാധികം ശക്തിയോടെ മുന്നോട്ട് കുതിക്കാൻ പ്രതിജ്ഞാബദ്ധമാണ് ഇസ്ലാമിക പ്രസ്ഥാനങ്ങൾ. അല്ലെങ്കിൽ അവ ഒരു പ്രസ്ഥാനമാണെന്ന് പറയുന്നതിൽ ഒരർഥവുമില്ല.
അതിനാൽ നവീകരണമാണ് ഈ നവീനയുഗത്തിൽ ഇസ് ലാമിക പ്രസ്ഥാനങ്ങൾക്ക് ആവശ്യമുള്ളത്. അല്ലെങ്കിൽ പ്രസ്ഥാനങ്ങളെല്ലാം നാമാവശേഷമായിപ്പോകുമെന്ന് ഗ്രന്ഥക്കാരൻ സൂചിപ്പിക്കുന്നു. ഉസ്ലാമിക പ്രസ്ഥാനങ്ങൾ എപ്പോഴും നവീകരിച്ചുകൊണ്ടേയിരിക്കണം. കാലോചിതമായി ആദർശാടിത്തറകളിൽ നിന്ന് തെല്ലും വ്യതിചലിക്കാതെ സാമൂഹിക ഉന്നമനവും പുതിയ പുതിയ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്തും ആവിഷ്കരിച്ചും എല്ലാവിധ ഉന്മൂലന സിദ്ധാന്തങ്ങളെയും ധൈഷണികപരമായി തന്നെ മറികടക്കാനും സാധ്യമാവുന്ന തരത്തിലേക്ക് പ്രസ്ഥാനങ്ങളെയും അവയുടെ സംവിധാനങ്ങളെയും വഴി നടത്തണം. ഏത് കാര്യവും വിജയിക്കണമെങ്കിൽ കൃത്യവും വ്യക്തവുമായ ആസൂത്രണങ്ങളുണ്ടായിരിക്കണം.
ആസൂത്രണ മികവിനനുസരിച്ചാണ് കർമഫലങ്ങൾ നിർണയിക്കപ്പെടുന്നത്. ഇസ്ലാമിക ചരിത്രത്തിൽ ദർശിക്കുന്ന എല്ലാവിധ യുദ്ധവിജയങ്ങളുടെയും പിന്നിൽ മികച്ച ആസൂത്രണവും കൃത്യമായ നയതന്ത്രങ്ങളുമുണ്ടെന്ന് കാണാൻ സാധിക്കും. പുസ്തകത്തിൽ വിഷനറി ലീഡർഷിപ്പിനെക്കുറിച്ചും മനുഷ്യവിഭവശേഷിയെ കുറിച്ചും വിവരിക്കുന്നത് ചിന്തോദ്ദീപകമായ കാര്യങ്ങളാണ്. ഒരുപക്ഷേ ഇവയുടെ അഭാവം അസാധ്യമാക്കിയാൽ മാത്രമാണ് ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ ഭാവി ശോഭനമാക്കാൻ സാധിക്കൂവെന്ന് പുസ്തകം ആണയിട്ട് പറയുന്നുണ്ട്. പ്രമുഖ മാധ്യമപ്രവർത്തകനായ ഒ.അബ്ദുറഹ്മാൻ്റെ അവതാരികയും വി.എ കബീറിൻ്റെ അനുബന്ധവും പുസ്തകം ഇതിവൃത്തമാക്കുന്ന വിഷയത്തിൻ്റെ ഗൗരവം കൂടുതൽ ബോധ്യപ്പെടുത്തി തരുന്നുണ്ടെന്ന് വേണം പറയാൻ.
വ്യാജ നിർമിതികൾ കൊണ്ട് ഒരു സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി വിദ്യഭ്യാസ-സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ അരുക്കാക്കി മാറ്റി അധീശത്വവർഗം തന്ത്രപരമായി ഒരുമുഴം മുമ്പേ കാര്യങ്ങളെ നോക്കി കണ്ട് മുന്നോട്ട് പോവുമ്പോൾ ദൂരവ്യാപക പ്രത്യാഘാതങ്ങളുളവാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്താതിരിക്കാൻ ഇനിയെങ്കിലും ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങൾ  ബദ്ധശ്രദ്ധയോടെ മുന്നോട്ട്പോവേണ്ടതുണ്ട്. അതിനുതകുന്നതാണ് ഉപര്യുക്ത പുസ്തകം. ഇഖ് വാനുൽ മുസ് ലിമൂൻ, ജമാഅത്തെ ഇസ്ലാമി, തുർക്കിയിലെ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി തുടങ്ങി ലോകത്തിൻ്റെ വിവിധ കോണുകളിൽ ഇസ് ലാമിനെ പ്രതിനിധാനം ചെയ്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെയും മാർഗങ്ങളെയും ആഴത്തിൽ ഇഴകീറി പരിശോധിക്കുന്ന കൃതി വൈയക്തിക തലത്തിൽ പുതിയൊരു വിഷനറി ഉരുവപ്പെടുത്താൻ ഉതകുന്നത് കൂടിയാണ്.

Related Articles