Current Date

Search
Close this search box.
Search
Close this search box.

പരദേശങ്ങളിലൂടെയുള്ള അനുഭവസഞ്ചാരങ്ങൾ

മനുഷ്യരിലധികവും ഉപജീവനാർഥം പരദേശങ്ങളിലേക്ക് യാത്ര തിരിക്കാറുണ്ട്. അത് സ്വന്തം ആഗ്രഹത്തിന് പുറത്തോ,ആവേശത്തിൽ ചാടിപുറപ്പെടുന്നതോ അല്ല. അതെല്ലാം കെട്ടുറപ്പുള്ള ജീവിതത്തിൻ്റെ അനിവാര്യതയായിരുന്നു താനും. സാഹിത്യത്തിൽ, സിനിമയിൽ എല്ലാം പ്രവാസത്തെ ഇതിവൃത്തമാക്കി അനേകം ആവിഷ്കാരങ്ങൾ ഇതപര്യന്തം പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ സിംഹഭാഗവും പ്രേക്ഷകരുടെയും അനുവാചകരുടെയും മനം കവർന്നിട്ടുമുണ്ട്. കാരണം, അത്രമേൽ പൊള്ളുന്ന, തീക്ഷ്ണമായ അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നുയിർകൊണ്ടതായിരുന്നു ഓരോ ആവിഷ്കാരങ്ങളും. ഈയൊരു വിഭാഗത്തിലേക്ക് ചേർത്ത് വെക്കാൻ പാകത്തിലുള്ള ലേഖനസമാഹാരമാണ് തൊഴിലിൻ്റെ ഭാഗമെന്നോണം നിരവധി വിദേശരാജ്യങ്ങളിലൂടെ സഞ്ചരിക്കുകയും ആ രാജ്യങ്ങളുടെയെല്ലാം മിടിപ്പും വേഗതയും നിശ്ചലതയുമെല്ലാം സാകൂതം വീക്ഷിക്കുകയും ആഴത്തിൽ നിരീക്ഷിക്കുകയും ചെയ്യുന്ന പ്രമുഖ പത്രപ്രവർത്തകൻ എം.സി.എ നാസറിൻ്റെ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ‘പുറവാസം’ എന്ന പുസ്തകം.

ഉപജീവനം തേടി അതിർത്തിയും കടലും കടന്ന് പുറപ്പെട്ടു പോയ ഒരുപാട് മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്. ജീവിതം മണൽ നഗരത്തിന് നൽകിയ അനേകം മനുഷ്യരുടെ അകം പൊള്ളിക്കുന്ന അനുഭവങ്ങളുടെ ഉള്ളറകളിലൂടെ സഞ്ചരിക്കുകയാണ് ഉപര്യുക്തപുസ്തകം. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സ്വന്തം കാലിൽ നിവർന്ന് നിൽക്കാൻ ഭൂമികയൊരുക്കിയ പ്രവാസത്തോടും പ്രവാസികളോടും ഭരണകൂടങ്ങൾ കാണിക്കുന്ന കെടുകാര്യസ്ഥതയും പുസ്തകം അനാവൃതമാക്കുന്നുണ്ട്. വിദേശത്ത് പണിയെടുത്ത് നാടിൻ്റെ സമ്പദ് വ്യവസ്ഥയെ പ്രത്യക്ഷമായും പരോക്ഷമായും ശക്തമാക്കിയ പ്രവാസികളോട് അധികാര വ്യവസ്ഥകൾ കാണിക്കുന്ന ചിറ്റമ്മനയങ്ങളും ഗ്രന്ഥക്കാരൻ തെല്ലൊരുമടിയുമില്ലാതെ തുറന്ന് കാട്ടുന്നുണ്ട്. യുദ്ധങ്ങളും മനുഷ്യത്വവിരുദ്ധ ക്രൂരതകളുടെ കാണാപ്പുറങ്ങളുമെല്ലാം പുസ്തകത്തിലെ പ്രതിപാദ്യവിഷയമാണ്. അങ്ങനെ ഭരണകൂട കിരാതവ്യവസ്ഥകൾ സാർവലൗകികമായി നിറഞ്ഞാടുമ്പോൾ അവയിലെല്ലാം മുഴച്ച്നിൽക്കുന്ന രാഷ്ട്രീയവും ആ കാലത്തിൻ്റെ കാലൊച്ചകളുമെല്ലാം കോറിയിടുന്നുണ്ടിതിൽ.ഒരു കാലത്ത് സാമ്രാജത്വാധിനിവേശത്തിൻ്റെ പൊട്ടലും ചീറ്റലും കെട്ടുകാഴ്ചകളുമെല്ലാം രായ്ക്കുരാമാനം നമ്മുടെ വാർത്താ മാധ്യമങ്ങളിലും അന്തിചർച്ചകളിലും സജീവസാന്നിധ്യമായിരുന്നല്ലോ. ആ കെട്ടകാലത്തെ ഓർമകളിലേക്ക് വായനയ്ക്കിടയിൽ നമ്മളും നടന്ന്പോകും.

പശ്ചിമേഷ്യയിലെയും അറബ് രാജ്യങ്ങളിലെയും അനുഭൂതിദായകമായ ജീവിതാനുഭവങ്ങൾ വരച്ചുകാട്ടുന്നതോടൊപ്പം, സാമ്രാജത്വ ശക്തികൾ അറബ് രാജ്യങ്ങളിൽ നടത്തിയ ക്രൂരതകളും അതിൻ്റെ പിന്നാമ്പുറങ്ങളും സമഗ്രതലസ്പർശിയായി പരാമർശവിധേയമാക്കുമ്പോൾ വായനക്കാരും പരദേശങ്ങളിലേക്കെത്തിപ്പെടുന്നുണ്ട്. ഏറ്റവുമൊടുവിൽ മികച്ച ലേഖനസമാഹാരത്തിനുള്ള ഹരിതം ബുക്സ് -ടി.വി കൊച്ചുബാവ സാഹിത്യപുരസ്കാരം ഈ കൃതിയെ തേടിയെത്തുമ്പോൾ ഇതിൻ്റെ ഉള്ളടക്കം എത്രത്തോളം ഈടുറ്റതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles