ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും പിശാചുവല്‍ക്കരിച്ച് പൊതുബോധമുണ്ടാക്കുകയെന്നത് പൗരസ്ത്യ പഠനത്തിന്റെ(ഓറിയന്റലിസം) ധര്‍മമാണ്. മുസ്‌ലിങ്ങള്‍ തീവ്രവാദികളാണ്, ഇസ്‌ലാം സ്ത്രീവിരുദ്ധമാണ്, പ്രവാചകന്‍ ലൈംഗികാസക്തനാണ് തുടങ്ങിയ ആഖ്യാനങ്ങള്‍ ഉണ്ടാവുന്നത് അങ്ങനെയാണ്. എഡ്വേര്‍ഡ് സൈദിനെപോലുള്ള ബുദ്ധിജീവികള്‍ പൗരസ്ത്യപഠനത്തിന്റെ വിഷലിപ്തമായ ഇത്തരം സമീപനങ്ങള്‍ തുറന്നുകാണിച്ചിട്ടുണ്ട്. ‘സത്യധാര'(13: 11) യില്‍ ഒരു ഗവേഷണ പ്രബന്ധമുണ്ട്. ‘ഏതന്‍സിലെ അക്രോപോളിസും ഓറിയന്റലിസ്റ്റുകളുടെ പൗരസ്ത്യ ഭാവനകളും’ എന്നാണ് ശീര്‍ഷകം. എഴുതിയിരിക്കുന്നത് ജന്റിക് വാന്‍ റൂകിസെന്‍. അപ്‌സരസുകള്‍ ഉള്‍ക്കൊള്ളുന്ന ഏതന്‍സിലെ അക്രോപോളിസ് മാര്‍ബിള്‍ ക്ഷേത്രം പ്രശസ്തമാണ്. ജ്ഞാന ദേവതയായ അഥീനക്കുവേണ്ടി അഥീനാ നിവാസികള്‍ നിര്‍മിച്ചതാണ് ക്ഷേത്രമെന്നാണ് സങ്കല്‍പം. ക്ഷേത്രം മുസ്‌ലിം തുര്‍ക്കികളുടെ കീഴിലായതോടെ, കൊട്ടാരം സ്ത്രീകളുടെ ലൈംഗിക അന്തപ്പുരയായി മാറിയെന്നാണ് പൗരസ്ത്യ ആഖ്യാനം. ഈ ആഖ്യാനത്തിന്റെ മറുവശം അന്വേഷിക്കുകയാണ് റൂകിസെന്‍. തുര്‍ക്കി ഒട്ടോമന്‍ കാലത്തെ മുഴുവന്‍ ചരിത്ര സ്രോതസുകള്‍ പരിശോധിച്ചിട്ടും ക്ഷേത്രം അങ്ങനെയായി മാറിയതിന്റെ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അക്രോപോളിസ് സന്ദര്‍ശിക്കാത്ത രണ്ട് യൂറോപ്പ്യന്‍ യാത്രികരുടെ ഭാവനാ സൃഷ്ടിയാണുപോലും അന്തപ്പുര കഥ. തുര്‍ക്കികളെ അപരിഷ്‌കൃതരാക്കുന്നതിന്റെ ഭാഗമായുള്ളതാണ് പൗരസ്ത്യ പഠനത്തിന്റെ ഇത്തരം ആഖ്യാനങ്ങള്‍.
നാസ്തികതയുടെ വംശീയതയോടുള്ള പ്രണയം
നാസ്തികതയില്‍ വംശീയതയുടെ ബീജങ്ങള്‍ ഉള്‍ചേര്‍ന്നിട്ടുണ്ടെന്ന് നാസ്തികയുടെ ചരിത്രം പരിശോധിച്ചാലറിയാം. ‘ദൈവം മരിച്ചു’വെന്ന് പ്രഖ്യാപിച്ച ഫ്രെഡറിക് നീഷ്‌ചെയാണ് ‘അതീത മനുഷ്യന്‍'(സൂപ്പര്‍മാന്‍) സങ്കല്‍പ്പം മുന്നോട്ടുവെച്ചത്. പ്രസ്തുത സങ്കല്‍പ്പമാണ് നാസിസത്തിന്റെ ശില്‍പ്പിയായ അഡോള്‍ഫ് ഹിറ്റ്‌ലറിന് പ്രചോദനം നല്‍കിയത്. ജോസഫ് സ്റ്റാലിന്റെ സോവിയറ്റ് യൂനിയന്‍ ഭരണം സമഗ്രാധിപത്യത്തിലേക്ക് വഴിമാറിയത് ലോകം കണ്ടതാണല്ലോ. ഇപ്പറഞ്ഞവര്‍ നാസ്തികയെ ആശയമായി സ്വീകരിച്ചവരല്ലെങ്കിലും, നിരീശ്വരത്വമായിരുന്നു അവരുടെ വിശ്വാസംം. നവനാസ്തികതയുടെ ആചാര്യന്മായ റിച്ചാര്‍ഡ് ഡോകിന്‍സ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, ഡാനിയല്‍ ഡെന്നറ്റ്, സാം ഹാരിസ് എന്നിവര്‍ മുസ്‌ലിംവിരുദ്ധ വംശീയതയെ വാരിപ്പുണര്‍ന്നവരാണ്. ‘സ്വതന്ത്ര ചിന്തകരെ’ന്ന് അവകാശപ്പെടുന്ന രവിചന്ദ്രനും വംശീയമായാണ് കാര്യങ്ങളെ നോക്കികാണുന്നത്. സംവരണം, പൗരത്വനിയമം, മുസ്‌ലിം തുടങ്ങിയ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ അക്കാര്യമാണ് ബോധ്യപ്പെടുത്തുന്നത്. അവസാനമായി, വംശീയതയെ അടിത്തറയായി സ്വീകരിച്ച സംഘ്ഫാഷിസത്തെ പുണരുന്നതിലേക്കും രവിചന്ദ്രന്‍ എത്തിയിരിക്കുന്നു. ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെക്ക് ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ് രവിചന്ദ്രന്‍. കേരളത്തിലെ നാസ്തികതയുടെ സംഘ്ഫാഷിസത്തോടുള്ള അനുരാഗം അന്വേഷിക്കുന്ന ലേഖനമാണ് ‘രിസാല'(32: 10) യില്‍ വന്ന ടി.കെ മൊയ്തു വേളത്തിന്റെ ‘നാസ്തിക ദൈവം ഫാഷിസ്റ്റായി മാറുന്ന ദൈവം’ എന്ന ലേഖനം.
കാല്‍പ്പന്തുകളിയും പ്രവചനങ്ങളും
2022 ലോകകപ്പിന് ലോകം സാക്ഷിയാവാന്‍ പോവുകയാണ്. 20ന് നടക്കുന്ന ഖത്തര്‍-ഇക്വഡോര്‍ മത്സരത്തോടെ കളിസൗന്ദര്യം ആസ്വദിച്ചുതുടങ്ങാം. അത്തറിന്റെ മണമുള്ള ഖത്തറിലാണ് ലോകകപ്പ്. ഒത്തിരി വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് ഖത്തര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ഒരു കുഞ്ഞുരാഷ്ട്രം ലോകകപ്പിന് വേദിയൊരുക്കാന്‍ മുന്നോട്ടുവന്നതിനെ അഭിനന്ദിക്കാം. കപ്പ് ആരുയര്‍ത്തുമെന്നതിനെക്കുറിച്ച് പ്രവചനങ്ങള്‍ നടക്കുന്നുണ്ട്. ‘മലയാള മനോരമ കിക്കോഫ് 2022 വേള്‍ഡ് കപ്പ് സ്‌പെഷ്യ’ലില്‍ കഥാകൃത്ത് എന്‍.എസ് മാധവന്റെ പ്രവചനമുണ്ട്. 2014ല്‍ ‘മാതൃഭൂമി സ്‌പോട്‌സ് മാസിക’യിലും 2018ല്‍ ‘മനോരമ കിക്കോഫി’ലും എന്‍.എസ് പ്രവചനം നടത്തിയിരുന്നു. അച്ചട്ടംപോലെ അത് പുലര്‍ന്നു. ജര്‍മനിയും ഫ്രാന്‍സും യഥാക്രമം കപ്പുയര്‍ത്തി. ഇക്കുറി ഫൈനലില്‍ ബ്രസീലും ജര്‍മനിയും മല്‍സരിക്കുമെന്നാണ് എന്‍.എസിന്റ പ്രവചനം: ‘ബ്രസീലിന് ഇതൊരു പ്രതികാരക്കളിയാണ്. 2014ലെ ലോകകപ്പില്‍ ജര്‍മനിയോട് 1-7നു നാണംകെട്ടു തോറ്റ ബ്രസീല്‍ ആ ഞെട്ടലില്‍നിന്ന് ഉണരാന്‍ വര്‍ഷങ്ങളെടുത്തു. മഞ്ഞക്കുപ്പായക്കാരെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസ്സില്‍ കുളിരുചൊരിഞ്ഞ് ബ്രസീലിന്റെ മഞ്ഞപ്പട ലോകകപ്പ് ജേതാക്കളാകും’. 2014, 2018 ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച, ലണ്ടന്‍ ആസ്ഥാനമായുള്ള സ്റ്റോക് ബ്രോക്കറിന്റെ പ്രവചനമനുസരിച്ച് ഇപ്രാവശ്യം അര്‍ജന്റീനയാണ് കപ്പുയര്‍ത്തുക. ധാരാളം പ്രവചനങ്ങള്‍ വേറെയുമുണ്ട്. അപ്പോള്‍, ഏത് പ്രവചനമാണ് വിശ്വസനീയം? ഏത് ടീമും കപ്പുയര്‍ത്താമെന്നതാണ് സത്യം. കളിമികവ്, ഫിറ്റ്‌നെസ്, ഫോം എന്നിവയില്‍ ഏത് ടീമാണോ മുന്നേറുന്നത് അവര്‍ കപ്പുയര്‍ത്തും. പ്രവചനങ്ങളും കളികളും നന്നായി നടക്കട്ടെ.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp