Current Date

Search
Close this search box.
Search
Close this search box.

മാപ്പിളപാര്‍ട്ടികളും അത്ഭുത മനുഷ്യരും

ഇയാഴ്ചയിലെ സഹസഞ്ചാരികളിലൂടെ കണ്ണോടിക്കുമ്പോള്‍ കേരളത്തിലെ മതസംഘടനകളെ കുറിച്ച നിരീക്ഷണങ്ങളും ജീവിതത്തില്‍ വ്യത്യസ്ഥത പുലര്‍ത്തുന്ന അത്ഭുത പ്രതിഭകളും സോഷ്യല്‍ മീഡിയകളുടെയും മൊബൈല്‍ ഫോണുകളുടെയും സ്വാധീനവും കാമ്പസിലെ ഓണചിന്തകളുമെല്ലാം കാണാം.

മാപ്പിളപ്പാര്‍ട്ടികള്‍
കേരളത്തിലെ മുസ്‌ലിം സംഘടനകളെ കുറിച്ചുള്ള ലേഖനങ്ങള്‍ മലയാള ആനുകാലികങ്ങളില്‍ പുതുമയുള്ളതല്ല. ഓരോ സംഘടനയുടെയും നിലവിലെ അവസ്ഥയും കേരളീയ പൊതു മണ്ഡലത്തില്‍ അവയുടെ സ്വാധീനവും അളക്കുകയാണ് ഈ വര്‍ഷത്തെ ഔട്ട്‌ലുക്ക് മലയാളത്തിന്‍െ ഓണപ്പതിപ്പ്. എന്‍. പി. ആഷ്‌ലിയുടെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊരു സാമൂഹ്യ പശ്ചാത്തലം എന്ന ലേഖനത്തിലൂടെയാണ് കേരളത്തിലെ മതസംഘടനകളെ വിചാരണ ചെയ്യുന്നത്.

പാരമ്പര്യവിധേയത്വം കാര്യമായ ദൗര്‍ബല്യമാണെങ്കിലും ജീവിതാനുഭവങ്ങളോടുള്ള സ്വഛന്ദതയും സത്യസന്ധതയും തന്നെയാണ് ഇ.കെ. സുന്നിവിഭാഗത്തെ ഏറ്റവും വലിയ മുസ്‌ലിം വിഭാഗമായി നിലനിര്‍ത്തുന്നത്. ഫ്യൂഡല്‍ പിന്തുണ, ശാസ്ത്രീയ കാഴ്ചപ്പാടിനോടുള്ള വിമുഖത, വിവിധ കാരണങ്ങളാല്‍ കലാ-സാംസ്‌കാരിക വളര്‍ച്ചക്ക് സഹായകമായ അന്തരീക്ഷം എന്നിവയെല്ലാം ഉള്ളപ്പോഴും ഒട്ടും കാണാത്തത് പൗരോഹിത്യത്തിന്റെ ആധിപത്യമാണെന്നും പലപ്പോഴും ചൂഷിത വിഭാഗമായിരുന്നു ഇവരെന്നും ലേഖകന്‍ വിലയിരുത്തുന്നു. എന്നാല്‍ സമസ്തയില്‍ നിന്നും വേര്‍പ്പെട്ട എ.പി. വിഭാഗം ഗള്‍ഫ് പണത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്നതാണ്. രാഷ്ട്രീയ പരമായി ഇടത് ആഭിമുഖ്യവും ഇവര്‍ക്കുണ്ട്.

നവോത്ഥാന അന്തരീക്ഷത്തില്‍ രൂപം കൊണ്ട മുജാഹിദ് പ്രസ്ഥാനം കേരള മുസ്‌ലിംകളില്‍ നിന്ന് മലയാളി മുസ്‌ലിമിലേക്കുള്ള മാറ്റം കാണിക്കുന്നുണ്ട്. ഗള്‍ഫ് പണത്തിന്റെ വരവോടെ സംഘടനക്കകത്ത് സാമ്പത്തിക താല്പര്യം മേല്‍കൈ നേടി. കാഴ്ചപ്പാടിലെ യാന്ത്രികത കലാസാഹിത്യരംഗങ്ങളിലും സംഘടനക്കപ്പുറത്ത് കാര്യങ്ങളെ മനസ്സിലാക്കുന്നതിലും വീഴ്ചവരുത്തിയിട്ടുണ്ടെന്നും ലേഖകന്‍. ഏറ്റവും ചെറിയ മുസ്‌ലിം സംഘടനയായ ജമാഅത്തെ ഇസ്‌ലാമി ഗള്‍ഫ് ഉണ്ടാക്കിയ അച്ചടി, വിദ്യാഭ്യാസ മേഖലകളിലെ വളര്‍ച്ചകളെ കോര്‍പ്പറേറ്റ് മിടുക്കോടെ സ്വന്തം ദൃശ്യതക്ക് ഉപയോഗിക്കാനായത് ജമാഅത്തെ ഇസ്‌ലാമിക്കാണ്. മുസ്‌ലിം മധ്യവര്‍ഗത്തിന്റെ പിന്തുണമാത്രമാണ് ജമാഅത്തിനുള്ളതെന്നും ആശയഘട്ടം പ്രായോഗിക ഘട്ടം എന്നിങ്ങനെ രണ്ട് ഘട്ടം ജമാഅത്തിനുണ്ടെന്നും ലേഖകന്‍ തുടരുന്നുണ്ട്. ഫ്യൂഡല്‍-പ്രവാസി, സമ്പന്ന-ദരിദ്ര, ഗ്രാമീണ-നാഗരിക, മേല്‍ജാതി-കീഴ്ജാതി, സ്ത്രീ-പുരുഷ സ്വത്വങ്ങളെ മുക്കിക്കളയാനും ജമാഅത്തൊഴികെ മുസ്‌ലിം സംഘടനകളുടെ രാഷ്ട്രീയ മുഖമാവാനും ലീഗിന് സാധിച്ചു എന്നതാണ് മറ്റൊരു വിലയിരുത്തല്‍. തുടര്‍ന്ന് കേരള മുസ്‌ലിംകളുടെ സാമുഹികതയും ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുന്നുണ്ട്.

അത്ഭുത മനുഷ്യര്‍
ഇന്ത്യാടുഡെ ഓണം സ്‌പെഷ്യല്‍ പതിപ്പില്‍ അത്ഭുത മനുഷ്യന്‍ എന്ന ഫീച്ചര്‍ കാണാം. അറിവിന്റെ കടലിലെ അത്ഭുതമത്സ്യം എന്ന തലക്കെട്ടോടെ അലി മണിക്ഫാനെ കുറിച്ചാണ് ഓണപ്പതിപ്പ് ചര്‍ച്ച ചെയ്യുന്നത്. അഞ്ച് അത്ഭുത മനുഷ്യരിലുടെ സി.എസ്. സലീല്‍ നടത്തിയ സഞ്ചാരത്തിലാണ് ഓന്നാമതായി മണിക് ഫാനെ പരിചയപ്പെടുത്തുന്നത്. ‘കടലിന്നഗാതകളിലേക്ക് നീന്തിത്തുടിക്കുമ്പോഴും കരയിലെ മണ്ണിലെ തുടിപ്പുകള്‍ മണിക്ഫാന്‍ തൊട്ടറിഞ്ഞിരുന്നു. രാമേശ്വരത്ത് ജോലി ചെയ്യുമ്പോള്‍ ആര്‍ക്കും വേണ്ടാതെ കിടന്ന വള്ളിയൂരിലെ തരിശു ഭൂമിയില്‍ പതിനഞ്ചേക്കര്‍ സ്ഥലം വാങ്ങി. അവിടെ ചെടികള്‍ക്ക് സ്വമേധയാ വളരാന്‍ അവസരമൊരുക്കി. അവയുടെ വേരുകള്‍ അവ സ്വയം ഉറപ്പിച്ചു നില്‍ക്കണമെന്ന സിദ്ധാന്തം. കാലങ്ങള്‍ കൊണ്ട് അവിടെ ചെറുമരങ്ങള്‍ വളര്‍ന്നു. പക്ഷികള്‍ വന്നു. അവയുടെ പരാഗണവഴികളിലൂടെ അവിടം ജൈവവൈവിദ്ധ്യത്തിന്റെ കലവറയായി മാറി.’ ഇതായിരുന്നു മണിക്ഫാന്റെ ഡൂ നത്തിങ് ഫാം. പേരിനും പ്രശസ്തിക്കുമപ്പുറം ജീവിത സമര്‍പ്പണത്തിന്റെ പാഠങ്ങളാണ് ഇതിലൂടെ നല്‍കുന്നത്.

മാസപ്പിറവിയുടെയും അതിനെ തുടര്‍ന്നുള്ള വിവാദങ്ങളിലൂടെയും പശ്ചാത്തലത്തില്‍ മാത്രമാണ് മണിക്ഫാനെ കുറിച്ച് പൊതുവെ ചര്‍ച്ച ചെയ്യപ്പെടാറുള്ളൂ. എന്നാല്‍ അനേക ഗവേഷണവും നിരീക്ഷണവും നടത്തി ഒട്ടനേകം കണ്ടെത്തലുകള്‍ നടത്തി ജീവിതം സ്വയം നന്മക്കായി സമര്‍പ്പിച്ചിരിക്കുന്ന മണിക് ഫാനെ ഇന്നും പലരും അറിയില്ല. മാജിദ് അഴീക്കോട് സംവിധാനം ചെയ്ത കണ്ടു പിടുത്തങ്ങളുടെ കപ്പിത്താന്‍ എന്ന ഡോക്യുമെന്ററി ശ്രദ്ധേയമാണ്. ഈയിടെ അദ്ദേഹം രൂപീകരിച്ച ഹിജ്‌റ കമ്മിറ്റിയില്‍ നിന്നും രാജി വെച്ച വാര്‍ത്തയാണ് കേള്‍ക്കാനായത്. താന്‍ മുന്നോട്ട് വെച്ച് ഏകീകൃത ഹിജ്‌റ കലണ്ടര്‍ എന്ന ആശയത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും സമുദായത്തിനകത്ത് ഏകീകരണം സാധ്യമാവുന്നതിന് മുമ്പേ അമിത വാശിയില്‍ മറ്റൊരു ഭിന്നിപ്പിന് തുടക്കമിടുക എന്നതായിരുന്നു ഹിജ്‌റ കമ്മിറ്റിയില്‍ വന്ന മറ്റു ചിലരുടെ സ്വാധീനഫലമായി ഉണ്ടായത്. ഇതില്‍ വ്യക്തിപരമായ അനിഷ്ടം രേഖപ്പെടുത്തിയ അദ്ദേഹം പൊതു സമൂഹത്തിന്റെ ഒപ്പം തന്നെയാണ് അടുത്തുള്ള പെരുന്നാളുകളിലെല്ലാം പങ്കെടുത്തത്. മുസ്‌ലിം ഐക്യം എന്ന ആശയവുമായി വന്ന താന്‍ ഭിന്നിപ്പിന്റെ ആളാണെന്ന നിലക്ക് ചിത്രീകരിക്കപെടുന്ന പശ്ചാത്തലത്തിലായിരുന്നു രാജി.

ഓഫ്‌ലൈന്‍ ജീവിതം അസാധ്യം
ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഓണപ്പതിപ്പ് മൊബൈലുലകത്തിന്റെ വലിയ ലോകം തുറന്നിടുന്നതാണ്. മൊബൈല്‍ ജീവിതത്തിന്റെ രാഷ്ട്രീയവും സര്‍ഗാത്മകതയും സാമൂഹികയും എല്ലാം വിശകലനം ചെയ്യുന്നു. അതേ സമയം പ്രബോധന വാരിയയുടെ പുതിയലക്കം മലയാള വെബുലകത്തിലെ ഇസ്‌ലാമിക സാന്നിദ്ധ്യവും ഫേസ് ബുക്ക്, വിക്കിപീഡിയ, ബ്ലോഗുകള്‍ എന്നിവയുടെ ക്രിയാത്മകവശങ്ങും അവ സമൂഹത്തില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സ്വാധീനവും ചര്‍ച്ച ചെയ്യുന്നു. ഇനിയൊരു ഓഫ്‌ലൈന്‍ ജീവിതം അസാധ്യമാണ് എന്ന ടൈറ്റിലാണ് പ്രബോധനം ഉള്ളടക്കം പേജിന് നല്‍കിയത്. കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ സോഷ്യല്‍ മീഡിയ വേരുറപ്പിക്കുമ്പോള്‍ എന്ന ഒരു ലേഖനം ഔട്ട്‌ലുക്ക് മലയാളത്തിലും കാണാം.

കാമ്പസോണം
ഓണത്തിന്‍രെ ജാതീതതയും കാ്മ്പസുകളിലെ ഓണാഘോഷവും ചര്‍ച്ചക്ക് വിധേയമാക്കുന്നുണ്ട് സെപ്തംബര്‍ ലക്കം തെളിച്ചം. ‘മതേതരത്വവും മലയാളിത്വവും നിര്‍ണയിക്കുന്ന കാമ്പസ് ഓണങ്ങള്‍’ എന്നാണ് ഹൈദരാബാദ് ഇഫ്‌ലുവിലെ പി.എച്ച്.ഡി റിസര്‍ച്ചര്‍ കെ.ടി. ഹാഫിസ് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. ‘കേരളത്തില്‍ വ്യത്യസ്ത വിധത്തിലും രീതിയിലുമെല്ലാം ആഘോഷിക്കപ്പെടുകയും ആഘോഷിക്കാതിരിക്കുകയുമൊക്കെ ചെയ്ത ഓണം ഒരു പ്രത്യേക രീതിയിലും രൂപത്തിലും രീതിയിലും ആഘോഷിച്ചാല്‍ മാത്രമേ നിങ്ങള്‍ പൂര്‍ണ മലയാളി ആവുകയുള്ളൂ എന്ന ബോധം നാട്ടില്‍ നിലനില്‍ക്കുന്നതിനേക്കാള്‍ അധികം കേരളത്തിന് പറത്ത് കാമ്പസുകളില്‍ നിലനില്‍ക്കുന്നത് എന്ത് കൊണ്ട് എന്ന് അന്വേഷിക്കുമ്പോഴാണ് അവിടങ്ങളില്‍ മലയാളി ബോധങ്ങള്‍ എത്രമാത്രം സവര്‍ണജാതീയത പേറുന്നതാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുക.’ ഈ രീതിയില്‍ ഓണാഘോഷങ്ങളില്‍ നിന്ന് വിട്ട് നില്‍നുള്ള ജനാധിപത്യാവകാശം പോലും അനുവധിച്ചു കൊടുക്കാന്‍ കാമ്പസുകളിലെ പുരോഗമന മലയാളി സവര്‍ണബോധം അനുവദിക്കുന്നില്ലെന്നും ലേഖകന്‍ പരിഭവിക്കുന്നു.

സമുദായം ഓര്‍ക്കേണ്ട സഹായ പദ്ധതികള്‍
ഇതേ തെളിച്ചത്തില്‍ തന്നെ മത ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ഏതെല്ലാം, എവിടുന്നെല്ലാം, എങ്ങിനെയെല്ലാം എന്നതിന്റെ ഒരു ഹെല്‍പ് ലൈന്‍ ലേഖനവും തെളിച്ചം സെപ്തംബര്‍ ലക്കത്തിലുണ്ട്. മതന്യൂന പക്ഷങ്ങളുടെ സാസ്‌കാരിക-വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും മറ്റിതര ചാരിറ്റബിള്‍ ട്രസ്റ്റുകളും നടത്തി വരുന്ന അനേകം ധനസസഹായ പദ്ധതികളും കോച്ചിങ് സ്ഥാപനങ്ങളും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വ്യാപകമാണെങ്കിലും ഇതിനെ കുറിച്ച് അറിവ് പലര്‍ക്കുമില്ല. നാട്ടകം എന്ന കോളത്തിലൂടെ സമുദായം ഓര്‍ക്കേണ്ട സഹായ പദ്ധതികള്‍ എന്ന ലേഖനം മഹല്ലുകള്‍ കേന്ദ്രീകരിച്ച് സമീപകാലത്തുണ്ടായ ചില ശാക്തീകരണ ശ്രമങ്ങള്‍ക്ക കൂടുതല്‍ ശക്തി പകരുമെന്നും ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

Related Articles