Current Date

Search
Close this search box.
Search
Close this search box.

ഒബാമയുടെ അവസാനിക്കാത്ത യുദ്ധങ്ങള്‍

ജോര്‍ജ് ബുഷ്, ഡൊണാള്‍ഡ് ട്രംപ് എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യക്ഷ്യത്തില്‍ ബറാക് ഒബാമക്കു തന്നെയാണ് തിളക്കം കൂടുതലെന്ന് കാണാന്‍ കഴിയും. സൗമ്യമായ പ്രകൃതത്തിനുടമ, ലളിതവും സുന്ദരവുമായ പ്രഭാഷണശൈലി; പ്രതീക്ഷ, സമാധാനം, മാറ്റം, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ സംസാരങ്ങളില്‍ നിന്ന് അതു വ്യക്തമാവും. കറുത്തവര്‍ഗക്കാരുടെ വിജയത്തിന്‍റെ പ്രതീകം, അമേരിക്കന്‍ സ്വപ്നയാഥാര്‍ഥ്യം, അമേരിക്കന്‍ ജനാധിപത്യത്തിന്‍റെ എല്ലാ അനിവാര്യ നന്മകളുടെയും പ്രതിനിധി. എന്നാല്‍ അമേരിക്കന്‍ വിദേശനയം സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കുന്നവരെ സംബന്ധിച്ചിടത്തോളം അതെല്ലാം വെറും ഉപരിപ്ലവ തിളക്കം മാത്രമാണ്.

‘ഒബാമയുടെ അവസാനിക്കാത്ത യുദ്ധങ്ങള്‍’ (Obama’s Unending Wars) എന്ന പുതിയ കൃതിയില്‍ ജെറമി കുസ്മരോവ് ഒബാമയുടെ തിളക്കത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ജനങ്ങളെ സ്വതന്ത്രമായി ജീവിക്കാന്‍ സഹായിക്കുകയും, അവരെ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുകയും, ലോകത്തുടനീളം സമാധാനവും മനുഷ്യാവകാശങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്ന സൈന്യത്തെ കുറിച്ചുള്ള ഒബാമയുടെ വാചാടോപങ്ങളും, അതേസമയം പ്രസിഡന്‍റ് പദവിയില്‍ ഇരിക്കുമ്പോള്‍ (ശേഷവും) ഒബാമ സ്വേച്ഛാധിപതികള്‍ക്കും ബിസിനസ്സ് സ്രാവുകള്‍ക്കും നല്‍കിയ പിന്തുണയും പുസ്തകത്തിലുടനീളം കുസ്മരോവ് താരതമ്യത്തിനു വിധേയമാക്കുന്നുണ്ട്. ഗ്ലെന്‍ ഫോര്‍ഡ് എഴുതിയ അവതാരികയിലെ ആദ്യവരിയില്‍ എല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്, “ഫലപ്രദമായും വഞ്ചനാത്മകമായും പ്രവര്‍ത്തിച്ച ഏറ്റവും വലിയ സാമ്രാജ്യത്വവാദി എന്ന നിലയില്‍ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ചരിത്രത്തില്‍ ബറാക് ഒബാമയുടെ പേര് രേഖപ്പെടുത്തപ്പെടും.”

അമേരിക്കയെ “ഒരു സുസ്ഥിര യുദ്ധോത്സുക രാഷ്ട്രമാക്കി സ്ഥാപനവത്കരിക്കുന്നതില്‍” ഒബാമയുടെ പ്രസിഡന്‍റ് കാലയളവിന് സുപ്രധാന പങ്കുണ്ട്. “ലിബറല്‍, മനുഷ്യാവകാശ” പുറംമോടിയണിഞ്ഞ് “സൈനികവ്യവസായിക സമുച്ചയത്തിനു” വേണ്ടി വളരെ കാര്യക്ഷമമായി സംസാരിച്ച അവരുടെ വക്തവാണ് ഒബാമ.

ഒബാമയുടെ തെരഞ്ഞെടുപ്പ് മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായി ബന്ധപ്പെട്ട അധ്യായം സംഗ്രഹിച്ചു കൊണ്ട് കുസ്മരോവ് എഴുതുന്നു, “തനിക്കു പിന്നില്‍ അണിനിരന്ന പുരോഗമന പക്ഷത്തെ വഞ്ചിക്കുന്നതായിരുന്നു ഒബാമയുടെ പ്രവര്‍ത്തനങ്ങള്‍, ഒബാമ ആരാണെന്ന് മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അടിമത്തത്തിന്‍റെയും വര്‍ണവിവേചനത്തിന്‍റെയും ചരിത്രത്തിന്‍റെ പാപബോധം പേറുന്ന വെളുത്ത ലിബറല്‍ മനസ്സുകളെ തന്‍റെ വ്യക്തിഗത പ്രശസ്തിക്കും കീര്‍ത്തിക്കും വേണ്ടി സമര്‍ഥമായി ഉപയോഗപ്പെടുത്തിയ ബുദ്ധിമാനായ ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ് ഒബാമ. ” തുടര്‍ന്നുള്ള അധ്യായങ്ങളില്‍ ഈ പ്രസ്താവനയ്ക്കു പിന്‍ബലമേകുന്ന വസ്തുതാ വിശദീകരണങ്ങളും, എങ്ങനെയാണ് ഒബാമ തന്‍റെ യുദ്ധങ്ങളെ മറച്ചുവെച്ചതെന്നും തെളിവുസഹിതം സമര്‍ഥിക്കുന്നുണ്ട്.

ഒബാമയുടെ വേരുകള്‍ ചെന്നെത്തുന്ന ആഫ്രിക്ക, ഒബാമയുടെ യുദ്ധോത്സുകതയ്ക്കു നിരന്തരം ഇരയായ ഒരു പ്രദേശമാണ്. “തലക്കുമീതെ മൂളിപ്പറക്കുന്ന ഡ്രോണുകള്‍, ചിതറിക്കിടക്കുന്ന കോംഗലീസ് ജനതയുടെ മൃതശരീരങ്ങള്‍, ആഫ്രിക്കയിലെ രത്‌നവ്യാപാരഭീമനും ഭരണകര്‍ത്താവായി മാറിയ സാമ്രാജ്യത്വവാദിയും വര്‍ണവിവേചന ഭീകരനുമായിരുന്ന സെസില്‍ റോഡസ് (5 ജൂലൈ 1853– 26 മാര്‍ച്ച് 1902) പോലുംവാഴ്ത്തിപ്പോകും വിധമാണ് ആഫ്രിക്കന്‍ ജനതയെ ഒബാമ വഞ്ചിച്ചത്.”

ഡ്രോണ്‍ യുദ്ധങ്ങള്‍ “മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള മുന്‍കരുതല്‍ സൈനിക നടപടി” എന്ന തരത്തില്‍ ന്യായീകരിക്കപ്പെട്ടു, പ്രത്യേകിച്ച് ഭീകരവാദികള്‍ എന്ന് മുദ്രകുത്തപ്പെട്ടവരുടെ നേരെയുള്ള ആക്രമണങ്ങള്‍.

ചര്‍ച്ച പിന്നീട് അഫ്ഗാനിസ്ഥാന്‍, ഇറാഖ് വിഷയങ്ങളിലേക്ക് തിരിയുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങള്‍ ഒബാമ തുടങ്ങിവെച്ചവ അല്ലെങ്കിലും, അത് അവസാനിപ്പിക്കാനോ സൈന്യത്തെ തിരിച്ചുവിളിക്കാനോ ഒബാമ ഒന്നുംതന്നെ ചെയ്തില്ല. ഏഷ്യയുടെ കാര്യത്തില്‍, “സമാധാനന്തരീക്ഷത്തിനു നേരെയുള്ള ഭീഷണികളെ തടുക്കാന്‍” വേണ്ടിയുള്ള ‘ഏഷ്യന്‍ പിവോട്ട്’ എന്ന് വിളിക്കപ്പെടുന്ന സൈനിക പദ്ധതികള്‍ അവതരിപ്പിച്ച ഒബാമ, തന്‍റെ സാമ്രാജ്യത്വ പിന്‍ഗാമികളുടെ പാത തന്നെയാണ് പിന്തുടര്‍ന്നത്. റഷ്യയെ ഒരു ദുഷ്ടവ്യക്തിത്വമായി പുനരവതരിപ്പിക്കുകയും, പുടിനെ വ്യക്തിപരമായി ലക്ഷ്യംവെച്ചു കൊണ്ട് സംശയമുളവാക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. എന്നിരുന്നാലും, സൈനിക വ്യവസായിക സമുച്ചയത്തില്‍ നിന്നും, ജനജീവിതത്തിന്‍റെ ഒട്ടുമിക്ക മേഖലകളിലും അതു ചെലുത്തുന്ന സ്വാധീനത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനു വേണ്ടി സാമ്രാജ്യത്തിന് ഒരു ശത്രുവിനെ മുന്നില്‍ നിര്‍ത്തേണ്ടത്എല്ലായ്പ്പോഴും അത്യാവശ്യമാണ്.

“ഒബാമയുടെ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ഇരട്ടത്താപ്പിന്‍റെയും, കെയ്റോ വിഷന്‍ ലംഘനത്തിന്‍റെയും മികച്ച ഉദാഹരണങ്ങളാണ്” ഈജിപ്തിലെ മുബാറകിനോടും തുനീഷ്യയിലെ ബിന്‍ അലിയോടും അദ്ദേഹം സ്വീകരിച്ച നയനിലപാടുകള്‍. ഒബാമയുടെ മനുഷ്യാവകാശ സംരക്ഷണ പ്രഭാഷണങ്ങളില്‍ ഇസ്രായേല്‍ ഫലസ്തീനികളോട് വെച്ചുപുലര്‍ത്തുന്ന ഹിംസാത്മക അതിക്രമങ്ങളെ കുറിച്ച് പരാമര്‍ശങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാറില്ല.

ലാറ്റിന്‍ അമേരിക്കയിലെ യു.എസിന്‍റെ ഡ്രഗ് വാര്‍ ഒബാമയും തുടര്‍ന്നു. പ്രത്യക്ഷത്തില്‍ മയക്കുമരുന്നു മാഫിയകള്‍ക്കെതിരെയുള്ള യുദ്ധമാണെന്ന് തോന്നുമെങ്കിലും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ യു.എസ് സൈനിക സാന്നിധ്യം നിലനിര്‍ത്താനും, സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങളെയും കൂട്ടായ്മകളെയും ഇല്ലാതാക്കാനും വേണ്ടിയുള്ള ഒരു മറ മാത്രമാണ് ഡ്രഗ് വാറുകള്‍ എന്നു കാണാം. യു.എസും മറ്റു പാശ്ചാത്യ കുത്തകകളും (കനേഡിയന്‍ മൈനിംഗ് കമ്പനികള്‍) ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങളും മറ്റും ചൂഷണം ചെയ്യുമ്പോള്‍, പൗരന്‍മാരുടെ അവകാശങ്ങളെക്കാള്‍ കുത്തകകളുടെ ‘അവകാശങ്ങള്‍’ സംരക്ഷിക്കുകയായിരുന്നു യു.എസ് സൈനികവിഭാഗങ്ങളുടെ ദൗത്യം.

ഉപസംഹാരത്തില്‍ കുസ്മറോവ് എഴുതുന്നു, “സമാധാനദൂതനായി സ്വയം ചമയുമ്പോഴും, മാനുഷിക ഇടപെടല്‍ (സൈനിക അധിനിവേശം) എന്ന മിഥ്യാധാരണ നിലനിര്‍ത്താനും, യുദ്ധവിരുദ്ധ ആക്ടിവിസത്തെ ദുര്‍ബലപ്പെടുത്താനുമുള്ള കഴിവുകൊണ്ട് സൈനിക വ്യവസായിക സമുച്ചയത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് താനെന്ന് ഒബാമ തെളിയിച്ചു കഴിഞ്ഞു.”

വളരെ നല്ല രീതിയില്‍ തെളിവുകളുടെ പിന്‍ബലത്തില്‍ തന്നെ കുസ്മറോവിന് തന്‍റെ ആശയങ്ങള്‍ പ്രകാശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ലളിതവും വായനാസുഖം നല്‍കുന്നതും ഒഴുക്കുള്ളതുമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. പബ്ലിക് റിലേഷന്‍ വിഭാഗം പടച്ചുവിടുന്ന പൊയ്മുഖത്തിനപ്പുറമുള്ള സത്യങ്ങളിലേക്ക് പുസ്തകം നമ്മെ കൊണ്ടുപോകും.

അവലംബം : ഫലസ്തീന്‍ ക്രോണിക്ക്ള്‍
മൊഴിമാറ്റം : ഇര്‍ഷാദ്

Related Articles