Current Date

Search
Close this search box.
Search
Close this search box.

നന്മയുടെ വാതായനങ്ങൾ തുറക്കുമ്പോൾ

മുസ്‌ലിമിന് ചെയ്യാൻ കഴിയുന്ന നന്മയുടെ നിരവധി മേഖലകളുണ്ട്. അഥവാ ജീവിതം മുഴുവൻ നന്മയായി പരിവർത്തിപ്പിക്കാൻ കഴിയുന്നവനാണ് വിശ്വാസി. കേവലം ആരാധനാപരമായ കർമ്മങ്ങളിൽ പരിമിതമായ മതമായി ഇസ്ലാമിനെ മനസ്സിലാക്കിയവർക്ക് ഒരു പക്ഷേ തിരിയാതെ പോവുന്ന ചില വാതിലുകൾ മലർക്കെ തുറന്നു കിടക്കുന്നുണ്ട് ഇസ്ലാമിൽ . തഖ് വയും തൗബയും ദിക്റും പോലെ തന്നെ സ്വർഗത്തിലേക്ക് വഴി നടത്തുന്ന ചില പ്രത്യേക വാതായനങ്ങൾ . അവ പലപ്പോഴും നമ്മുടെ ഖത്വീബുമാർ വിശദമായി ചർച്ച ചെയ്യാൻ കൂട്ടാക്കാത്തവയാണ്.

പ്രഭാഷകരുടെ “കുത്തുവാക്ക് ” പലപ്പോഴും അഭിസംബോധിതർ ചെയ്യാതെ പോവുന്ന വിഷയങ്ങളാണെങ്കിൽ പ്രഭാഷകർക്കും പ്രഭാഷിതർക്കും ഒരുപോലെ ഉപകാരപ്പെടുന്ന പാരന്റിങ്, സേവനം, മിതത്വം, സഹിഷ്ണുത, പൊതുമുതൽ കൈകാര്യം ചെയ്യുന്നതിലെ സൂക്ഷ്മത എന്നീ അതിസൂക്ഷ്മ വിഷയങ്ങൾ പ്രമേയയമാക്കിയ വർത്തമാനങ്ങൾ തറപ്രസംഗങ്ങളിൽ പോയിട്ട് മിമ്പറുകളിൽ പോലും കേൾക്കാനവസരം തുലോം കുറവാണ്. എന്നാൽ അത്തരം ഓരം ചേർക്കപ്പെട്ട ഉപരിസൂചിത വിഷയങ്ങൾക്ക് സാധാരണ ആരാധനാ വിഷയങ്ങൾ പോലെ ഊന്നൽ നൽകുന്ന പ്രഭാഷണ സമാഹാരമാണ് ഈയിടെ വചനം ബുക്സ് പ്രസിദ്ധീകരിച്ച “നന്മയുടെ വാതായനങ്ങൾ” .

ഖത്വീബുമാർ , പ്രഭാഷകർ എന്നിവർക്ക് പെട്ടെന്നുള്ള റഫറൻസായി ഉപയോഗപ്പെടുത്താവുന്ന മലയാളത്തിലെ ഒരു അവലംബം എന്ന നിലയിൽ എന്തുകൊണ്ടും ശ്രദ്ധേയം

അതോടൊപ്പം മുസ്ലിം പാരമ്പര്യ വിഷയങ്ങളായ ആത്മസംസ്കരണം, പ്രാർഥന, നമസ്കാരം എന്നിവയെ മറ്റൊരു ശൈലിയിൽ കൈകാര്യം ചെയ്ത് ശ്രദ്ധേയമായ കഥകൾ, ക്ലാസിക് കവിതകൾ എന്നിവയിലൂടെ ശ്രോതാവിന്റെ മനസ്സിൽ ഇരിപ്പുറപ്പിക്കുന്ന മരുന്നുകളും കൃതിയിൽ ആദ്യന്തം നിറഞ്ഞു നിൽക്കുന്നു. ലോകമാന്യം, പിശാചിന്റെ ചതിക്കുഴികൾ എന്നിവയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഹൃദയാർജകമായി ഉണർത്തി മരണ സ്മരണ പുതുക്കി പരലോകം, സ്വർഗീയാനന്ദം, നരക വിഹ്വലതകൾ എന്നിവയിലൂടെ ഇരുജീവിതത്തിലെയും എല്ലാ തലങ്ങളിലേക്കും പതുക്കെ കടന്നു ചെല്ലാൻ ഗ്രന്ഥകാരനാവുന്നു. വ്യക്തി – കുടുംബ – സാമൂഹിക ജീവിതത്തിന്റെ സാകല്യത്തെ അങ്ങനെ തന്നെ അവയർഹിക്കുന്ന പ്രാധാന്യം നൽകി സത്യസന്ധതയും ആത്മാർത്ഥതയും സ്നേഹവും കാരുണ്യവും വാത്സല്യവുമെല്ലാം ആനുപാതികമായി സമന്വയിപ്പിക്കാൻ പ്രഭാഷകനായ അബ്ദുർറഹ്മാൻ സ്വഹിബ് ശ്രമിക്കുന്നുണ്ട്. ലളിതമായ പ്രഭാഷണ ശൈലിയിലാണെങ്കിലും ഗൗരവവായനക്കാരനേയും പിടിച്ചിരുത്താനുള്ള വകുപ്പ് പലതലവാചകങ്ങളിലും ഉള്ളടക്കങ്ങളിലുമുണ്ട്.

ഖത്വീബുമാർ , പ്രഭാഷകർ എന്നിവർക്ക് പെട്ടെന്നുള്ള റഫറൻസായി ഉപയോഗപ്പെടുത്താവുന്ന മലയാളത്തിലെ ഒരു അവലംബം എന്ന നിലയിൽ എന്തുകൊണ്ടും ശ്രദ്ധേയമാണ് ” നന്മയുടെ വാതായനങ്ങൾ” . 290 രൂപ മുഖവിലയായി നിശ്ചയിച്ചിരിക്കുന്ന ഈ ഗ്രന്ഥം വചനം ബുക്സ് തന്നെയാണ് വിതരണം ചെയ്യുന്നത്.

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles