Current Date

Search
Close this search box.
Search
Close this search box.

ഖബറുകൾ കഥ പറയട്ടെ….!

ചരിത്രയാഥാർഥ്യങ്ങൾ അപനിർമിച്ച് അവയെ തങ്ങളുൾക്കൊള്ളുന്ന മതത്തിൻ്റെ അടരുകളിലേക്ക് ചേർത്ത് വെക്കാൻ വെമ്പൽ കൊണ്ട്, അതിനായി അഹോരാത്രം തുനിയുന്ന ഒരു അധികാര വർഗത്തിൻ്റെ അട്ടഹാസം രായ്ക്കുരാമാനം കേൾക്കേണ്ടിവരുന്ന പരിതാവസ്ഥയിലാണ് ഓരോ ഇന്ത്യക്കാരനും ജീവിതം മുന്നോട്ട് നീക്കികൊണ്ടിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പേ ആലോചിച്ചും അപഗ്രഥിച്ചും നെയ്തെടുത്ത സ്വപ്നസാക്ഷാത്കാരങ്ങളുടെ ഉച്ചസ്ഥായിയിലെത്താൻ ഇനി അധികദൂരമില്ലെന്ന ആത്മനിർവൃതിയിൽ ദിനങ്ങൾ എണ്ണികൊണ്ടിരിക്കുന്നവരുടെ അധീശത്വവായ്ത്താരികൾ നമ്മുടെ കർണപുടങ്ങളെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. വർത്തമാനകാലത്തിന് പ്രചോദനമേകുന്ന, അപരവത്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു ജനതയുടെ മുന്നോട്ടുപോക്കിന് ആത്മവീര്യം പകരുന്ന ചരിത്ര യാഥാർഥ്യങ്ങളെ അപ്പാടെ മറവിയിലേക്ക് തള്ളിവിടാനുള്ള ബോധപൂർവ ശ്രമങ്ങൾക്ക് വേണ്ടിയുള്ള ചരിത്രത്തിൻ്റെ അപനിർമിതികളെ വസ്തുതകളും യഥാർഥ ചരിത്രങ്ങളും കൊണ്ട് റദ്ദ് ചെയ്യാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇസ് ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച സമീൽ ഇല്ലിക്കലിൻ്റെ ‘ചരിത്രം കാണാതെ പോയ ജീവിതങ്ങൾ, ഖമ്പറുകൾ’ എന്ന പുസ്തകം.

ബ്രിട്ടീഷധിനിവേശ ശക്തികളിൽ നിന്ന് സ്വന്തം നാടും അഭിമാനവും കരഗതമാക്കാൻ ജീവൻ ത്യജിച്ച ഒരുപാട് മഹാരഥന്മാരുണ്ട്. അവരും അവരുടെ ഉറ്റവരുമരുമനുഭവിച്ച കദനകഥക്കളെക്കുറിച്ച് ഒരു പക്ഷേ ഇതിനകം അധികം എഴുതപ്പെടുകയോ, വായിക്കപ്പെടുകയോ ചെയ്തിട്ടില്ല. കാരണം, അവരുടെ മതപശ്ചാത്തലം അതിന് വിഘാതമായിരുന്നു. അത് ചരിത്ര മേഖലയിൽ മാത്രമല്ല, ശാസ്ത്ര മേഖലയിലും കാണുവാൻ സാധിക്കും.പാഠപുസ്തകങ്ങളിലും മറ്റു ചരിത്ര സംബന്ധിയായ പുസ്തകങ്ങളിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ കുറിച്ചും ബ്രിട്ടീഷധിനിവേശത്തെ കുറിച്ചും മലബാർ വിപ്ലവത്തെ കുറിച്ചും മറ്റു തദ്സംബന്ധിയായ വിഷയങ്ങളെക്കുറിച്ചെല്ലാം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അതിലെല്ലാം അപനിർമിക്കലുകളും ബോധപൂർവ തിരസ്ക്കാരങ്ങളും യഥേഷ്ടം ദർശിക്കാനാകും. വസ്തുതകൾ തെളിവുകൾ നിരത്തി അസത്യങ്ങളെയും അർധസത്യങ്ങളെയും റദ്ദ് ചെയ്യാനുള്ള ശ്രമങ്ങളാണ് ഗ്രന്ഥക്കാരൻ്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിലെ പ്രശ്നസ്ഥലിയായ മലബാർ വിപ്ലവം, മാപ്പിള ലഹള, മലബാർ കലാപം ഇങ്ങനെയൊക്കെ വിശേഷിപ്പിക്കുന്നതിൽ പോലും പ്രശ്നങ്ങളുണ്ടെന്ന് സമർഥിക്കുകയാണ് ഗ്രന്ഥക്കാരൻ.

ദേശ-വംശത്തെ പ്രതിസ്ഥാനത്ത് നിർത്തി ചരിത്ര യാഥാർഥ്യങ്ങളിൽ നിന്ന് തിരശ്ചീനമാക്കാൻ തിടുക്കം കൂട്ടി പാഠപുസ്തകങ്ങളിലേക്കും പുതുതലമുറയുടെ ബോധമണ്ഡങ്ങളിലേക്കും അപനിർമിത ‘ചരിത്രങ്ങൾ’ ഇറക്കിക്കൊണ്ടിരിക്കുന്ന പ്രതികൂലാവസ്ഥയിലാണ് ഇത്തരമൊരു വസ്തുതാന്വേഷണ പുസ്തകം പുറത്തിറങ്ങുന്നതെന്നത് തന്നെ പ്രസക്തിയേറുന്നു. 1921ലെ മലബാർ വിപ്ലവത്തിന് ഒരു നൂറ്റാണ്ട് പിന്നിടുകയും, രാജ്യം സ്വതന്ത്രമായിട്ട് 76 വർഷം പൂർത്തിയാകുകയും ചെയ്ത ഈ ഘട്ടത്തിൽ അധിനിവേശ ശക്തികളുടെ മുമ്പിൽ മുട്ടുമടക്കാത്ത ധീരോജ്വലമായ വീരകഥകൾ വായിക്കാനാകുമ്പോൾ വർത്തമാനകാലത്തും വരുംകാലത്തും വർധിതവീര്യത്തോടെ നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവരുടെ മുമ്പിൽ ഒട്ടും പതറാതെ ആത്മാഭിമാനത്തോടെ നിലകൊള്ളാനാകുമെന്ന കാര്യത്തിൽ ഒട്ടും സന്ദേഹമില്ല താനും.ഇതപര്യന്തം വായിച്ചും, കേട്ടും, അറിഞ്ഞും മനസ്സിലാക്കിയ ചരിത്രങ്ങൾക്കപ്പുറത്തെ യാഥാർഥ്യങ്ങളിയാനാവലംബിക്കാവുന്ന കൃതിയാണിത്. 1921-ലെ മലബാർ വിപ്ലവത്തിൽ നിന്ന് ബോധപൂർവം അദൃശ്യമാക്കിയ മാപ്പിള വിപ്ലവകാരികളുടെയും, അവരുടെ സമരാനുഭവങ്ങളെയുമാണ് പുസ്തകം പ്രതിപാദിക്കുന്നത്. വിപ്ലവത്തിൻ്റെ ഭാഗമായി നടമാടിയ ബ്രിട്ടീഷ് കൂട്ടക്കുരുതിയും പൂക്കോട്ടൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കേറ്റ പരാജയവും ആഴത്തിൽ അന്വേഷിക്കുന്ന പഠനം കൂടിയാണിത്. മലബാർ വിപ്ലവത്തെ സംബന്ധിക്കുന്ന അക്കാലത്തെ പത്ര റിപ്പോർട്ടുകളും ഫോട്ടോകളും രേഖകളുമെല്ലാം അനുബന്ധമായി ചേർക്കുമ്പോൾ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിന് കൂടുതൽ ഉപോദ്ബലകമേകുന്നുണ്ടെന്ന് പറയാതെ വയ്യ. ആയതിനാൽ ചരിത്ര വായനകളും ഇന്നൊരു പ്രതിരോധപ്രവർത്തമാണല്ലോ!. 110 പേജ് വരുന്ന പുസ്തകത്തിന് 170 രൂപയാണ് വില.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles