എന്റെ ജ്ഞാനാന്വേഷണങ്ങൾ എന്ന ആത്മകഥയും ഖുർആൻ – സാമ്പത്തിക ശാസ്ത്രം – ഇബാദത്ത് തെരെഞ്ഞെടുത്ത ലേഖനങ്ങൾ എന്നീ രണ്ടു പുതിയ ഗ്രന്ഥങ്ങളുടെ പ്രകാശനത്തിന് സാക്ഷിയാകുവാൻ കഴിഞ്ഞ ദിവസം റബ്ബിന്റെ ഉതവിയുണ്ടായി. ബഹുമാനപ്പെട്ട ഉസ്താദ് എം.വി മുഹമ്മദ് സലീം മൗലവിയുടെ ജന്മനാട്ടിൽ വെച്ച് അദ്ദേഹത്തിന്റെ ആ രണ്ടു ഗ്രന്ഥങ്ങളും പ്രകാശനം നിർവഹിക്കപ്പെടുക എന്നത് തന്നെ അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ മരണാനന്തര ബഹുമതിയായി ഈയുള്ളവൻ കരുതുന്നു. എന്റെ ജ്ഞാനാന്വേഷണങ്ങൾ രണ്ടു വർഷം മുമ്പ് പ്രബോധനം വാരികയിൽ 13 ലക്കങ്ങളിലായി ഖണ്ഡശയായി വായിച്ചതാണ്. മർഹൂം KT അബ്ദുറഹീം സാഹിബ്, മർഹൂം TK അബ്ദുല്ലാ സാഹിബ് എന്നിവരുടേത് പോലെ തന്നെ കാത്തിരുന്ന് വായിച്ച ആത്മകഥാംശമുള്ള പ്രസ്ഥാന ചരിത്രത്തിലെ സുപ്രധാന ഏടുകളായിരുന്നു അരുമ ശിഷ്യൻ ഷാഹീൻ CS തയ്യാറാക്കിയ ഒന്നാമത്തെ ഗ്രന്ഥം. മലപ്പുറം ജില്ലയിലെ സാധാരണ ഗ്രാമമായ മൊറയൂരിൽ ജനിച്ച് ലോകം മുഴുവൻ അറിയപ്പെടുന്ന മഹാമേരുവായി
മാറിയ ഒരു സാധാരണ മനുഷ്യനാണ് സലീം മൗലവി .
സകലകലാ വല്ലഭൻ എന്ന് പലരേയും പലപ്പോഴും ആലങ്കാരികമായി നാം വിശേഷിപ്പിക്കാറുണ്ടെങ്കിലും അക്ഷരാർത്ഥത്തിൽ
അങ്ങനെയൊരാളായിരുന്നു സലീം മൗലവി . ഖുർആൻ വ്യത്യസ്തയിടങ്ങളിൽ പറയുന്ന ആലിം / Scholor നമ്മുടെ നാട്ടിൽ നമ്മുടെ കൺവെട്ടത്ത് ജനിച്ചു വളർന്നു മരിച്ചു എന്നത് നമ്മുടെ സൗഭാഗ്യമായി മനസ്സിലാക്കാം. അദ്ദേഹത്തിന്റെ വിജ്ഞാന യാത്രകളിൽ എപ്പോഴോ കൂടെയുണ്ടാവാൻ റബ്ബ് കുറിപ്പുകാരനും ഭാഗ്യം നല്കിയിട്ടുണ്ട് . അൽഹംദു ലില്ലാഹ് .
ചെറുപ്പത്തിലെ തന്റെ നാട്ടിലെ ഓത്തുപള്ളി ജീവിതം മുതൽ Al കാലത്തെ ഓൺലൈൻ അധ്യാപനം വരെയുള്ള കാലയളവിൽ അദ്ദേഹത്തിന്റെ പഠന – മനനങ്ങളുടെ ചിത്രം ഏകദേശം പൂർണമായി ലഭിക്കുമെങ്കിലും കുപ്രസിദ്ധ 11/9 സംഭവത്തിന്റെയും 2003 ന് ശേഷമുള്ള അൽ ജാമിഅയിലെ സേവനത്തിനുമിടയിൽ ഒന്നോ രണ്ടോ അധ്യായങ്ങളുടെ വിടവ് പുസ്തകത്തിൽ അനുഭവപ്പെടുന്നു എന്നത് സത്യം. ആ വിടവ് പരിഹരിച്ചത് അമീർ P മുജീബുർറഹ്മാൻ സാഹിബ് , VK അലി സാഹിബ്, Dr. അബ്ദുസ്സലാം സാഹിബ്, അബൂ റശാദ് , KM അശ്റഫ് ,Dr. അബ്ദുൽ വാസിഅ് എന്നിവരുടെ അനുസ്മരണങ്ങളിലൂടെയാണ്. അവയും പ്രബോധനം വാരിക ഈയിടെ പ്രസിദ്ധീകരിച്ചവ തന്നെ. അദ്ദേഹത്തിന്റെ ബാല്യ കാല സഖാവായ O അബ്ദുർറഹ്മാൻ സാഹിബിന്റെയും മക്കളുടെയും അനുസ്മരണങ്ങളും ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി.
മൗലവിയുടെ ശാന്തപുരം പഠന കാലം, തുടർന്നുള്ള ഏതാനും വർഷങ്ങളിലെ അധ്യാപനവും ശേഷം അധ്വാനിച്ച് പരിശീലിച്ചെടുത്ത ഹോമിയോ – കളരി – മെക്കാനിക്കൽ – ഐ. ടി അനുഭവങ്ങളും പഴയകാല മുജാഹിദ് – ജമാഅത്ത് സഹകരണ – സംവാദ ചരിത്രങ്ങളും ഖത്വറിലെ പഠന – ഗവേഷണങ്ങളും ഏറെ പ്രസിദ്ധമായ കുവൈത്ത് കരാറും നിരന്തരമായ പരിശീലനത്തിലൂടെ നേടിയ മറ്റു നൈപുണി വികാസങ്ങളും ഖത്വർ , സഊദി തുടങ്ങിയ വിദേശ രാജ്യങ്ങളിലെ പ്രവാസ- പ്രബോധന – സംവാദ പ്രവർത്തനങ്ങളുമെല്ലാം ആവർത്തനങ്ങളില്ലാതെ രേഖപ്പെടുത്താൻ ചങ്ക് ഷാഹീനായി. എങ്കിലും ചിലയിടങ്ങളിലെങ്കിലും ചില ഫയൽസ് മിസ്സായ ഫീൽ മൊത്തത്തിൽ വായിച്ചപ്പോൾ അനുഭപ്പെട്ടു. അദ്ദേഹം പറഞ്ഞ് കൊടുത്തവ പിന്നീട് വായിക്കാനോ കൂട്ടിച്ചേർക്കാനോ രോഗാതുരമായ അവസാന നാളുകളിൽ മൗലവിക്കായില്ല എന്നാണ് എന്റെ അനുമാനം.
ഫഹ്‌മുൽ ഖുർആൻ പോലെയുള്ള സംരംഭങ്ങളിലും അദ്ദേഹം അവ പറയുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. അവയെല്ലാം കണ്ടെത്തി ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്താമായിരുന്നു. സകാത്തിന്റെ വിശാല മേഖലകളും ആധുനിക പ്രവണതകളും മാനദണ്ഡങ്ങളും അതെങ്ങനെ കേവലമൊരാരാധന എന്നതിനേക്കാളുപരി മനുഷ്യപ്പറ്റുള്ള ഒരു സമ്പദ്ഘടനയായി വികസിക്കുന്നു എന്ന നിലയിലുള്ള പ്രായോഗിക പഠനങ്ങളും ഇടപെടലുകളും ഈ ഗ്രന്ഥത്തിലുണ്ട്. അതുപോലെ കാലാകാലങ്ങളിലായി ഉയർന്നു വന്ന മുത്ത്വലാഖ് പോലെയുള്ള ചർച്ചകളുടെ നാൾവഴികളും ഈ പുസ്തകത്തിൽ വായിക്കാം. അതുപോലെ ദയാവധം, അവയവ ദാനം എന്നീ ആധുനിക വൈദ്യ – കർമ്മ – ശാസ്ത്ര വിഷയങ്ങളും
( قضايا طبية معاصرة) ഇമാം ശാഫിഈ, ഇമാം ഗസാലി എന്നിവരെ കുറിച്ച വ്യതിരിക്തമായ മൗലിക വായനകളും തന്റെ ഗുരുവായ ശൈഖ് ഖറദാവിയെ കുറിച്ചുള്ള അനുസ്മരണ സ്വഭാവത്തിലുള്ള ഏറ്റവും പുതിയ കുറിപ്പും ജിഹാദിനെ കുറിച്ചുള്ള വളരെ പണ്ഡിതോചിതമായ ചുരുക്കെഴുത്തും ജുമുഅ ഖുതുബയുടെ ആഴത്തിൽ വേരുകളുള്ള സംസ്കരണ – സാമൂഹിക ദൗത്യങ്ങളെ സംബന്ധിച്ച ഉറക്കെയുള്ള ചില പ്രത്യേക ചിന്തകളുമെല്ലാമടങ്ങുന്ന വിഭവ സമൃദ്ധമായ സദ്യയായാണ് രണ്ടാമത്തെ ഗ്രന്ഥം ഈയുള്ളവന് അനുഭവപ്പെട്ടത്.
രണ്ടു ചെറിയ ഗ്രന്ഥങ്ങളും വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിലോർമ വന്നത് കീറ്റ്സിന്റെ വാചകമായിരുന്നു : Heard melodies are sweet, but those unheard are sweeter ( കേട്ട രാഗങ്ങൾ മധുരം ; കേൾക്കാത്തവ അതിമധുരം). അതെ സലീം മൗലവി പറയാൻ ബാക്കി വെച്ചത് പറഞ്ഞു വെച്ചതിനേക്കാൾ എത്രയോ ഉണ്ടായിരുന്നു. ഒരു പേമാരി ചൊരിഞ്ഞില്ലെങ്കിലും പെയ്തൊഴിഞ്ഞ ആ മഹാ മേഘ വർഷത്തിലെ ചാറ്റൽ മഴയുടെ ചാരുത രണ്ടു ലഘു പുസ്തകങ്ങൾക്കുമുണ്ട്. IPH പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ രണ്ടു പുസ്തകങ്ങളും ഒരുമിച്ച് വാങ്ങുന്നവർക്ക്
300 രൂപക്ക് ലഭിക്കും. ആദ്യ പുസ്തകം 120 പേജും രണ്ടാം പുസ്തകം 176 പേജുമാണുള്ളത്. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാവുന്ന ഈ രണ്ടു കൃതികളും സലീം മൗലവിയെ ഒരിക്കലെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്തവർക്കെല്ലാം ഓർമ്മക്ക് നല്ലതാണ്. ആധുനിക ദൈവശാസ്ത്ര – കർമശാസ്ത്ര വിഷയങ്ങളിൽ താല്പര്യമുള്ള വായനക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിലുള്ള ഈ ഗ്രന്ഥങ്ങൾ ഇസ്ലാമിക പ്രബോധനത്തിന് വഴിവെളിച്ചം നല്കും എന്നതിൽ തർക്കമില്ല .
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW