Current Date

Search
Close this search box.
Search
Close this search box.

ഉത്തരാധുനിക കാലത്തെ ഇസ്ലാമിക പ്രസ്ഥാനം

“ഇസ്ലാം ലോകത്തിന് വഴികാട്ടിയാവണമെന്നാണ് നാം ആഗ്രഹിക്കുന്നതെങ്കിൽ, മുസ്ലിംകളിൽനിന്ന് കരുത്തരായ ചിന്തകരും ഗവേഷകരും ദാർശനികരും വളർന്നുവരണം. പാശ്ചാത്യ സംസ്കൃതി ഏതൊന്നിലാണോ കെട്ടിപ്പൊക്കിയിരിക്കുന്നത് ആ അടിത്തറ തകർക്കാൻ പര്യാപ്തമായ വൈജ്ഞാനികവും ധൈഷണികവുമായ കഴിവ് അവർ ആർജിക്കണം. ഖുർആൻ കാണിച്ചുതന്ന വഴികളിലൂടെ സഞ്ചരിച്ചും ലോകത്ത് പ്രചാരത്തിലുള്ള ചിന്താധാരകളുമായി സംവദിച്ചും ഒരു പുതിയ തത്ത്വശാസ്ത്രം അവർ വികസിപ്പിച്ചെടുക്കണം. അത് ശുദ്ധ ഇസ്ലാമിക ചിന്തയുടെ ഉൽപന്നവുമാവണം.” -സയ്യിദ് മൗദൂദി

ഇസ്ലാമിക പ്രസ്ഥാനം ഒരു ചിന്താ പ്രസ്ഥാനവും കൂടിയാണ്. ചിന്ത എന്നത് സ്ഥല-കാല അനുരൂപമാണ്. പാരഡയിം ഷിഫ്റ്റ്കൾക്ക് അഥവാ ദാർശനിക മാറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കും എന്നത് നിസ്തർക്കമായ വസ്തുതയത്രെ. ഇസ്ലാം അഭംഗുരമായൊരു സമഗ്ര ജീവിത പദ്ധതിയാണ്. അതുകൊണ്ടുതന്നെ ഇത്തരം ദാർശനിക മാറ്റങ്ങൾക്ക് അനുസൃതമായി അതിന് നിലനിൽക്കണമെങ്കിൽ നിലവിലെ ദർശനിക പരിസരങ്ങളെ അപഗ്രഥിച്ച് അതിനു ബദലായി ബദൽ ജ്ഞാനോൽപാദനം നടക്കേണ്ടതുണ്ട്. ചരിത്രത്തിൽ അത്തരത്തിലുള്ള ബദൽ ജ്ഞാനോൽപാദനത്തിന് നേതൃത്വം നൽകിയവരാണ് മുജദ്ദിദുകൾ അഥവാ നവോത്ഥാനനായകന്മാർ. ഇമാം ഗസ്സാലി, ഇബ്നു തൈമിയ്യ എന്നിവർ അതാതു കാലഘട്ടങ്ങളിൽ നവീനമായ ഇസ്ലാമിക ചിന്തയുടെ വിചാര വിപ്ലവം നടത്തിയവരാണ്.

ഇമാം ഗസ്സാലിയുടെയും ഇബ്നു തൈമിയ്യയുടെയും വിചാര വിപ്ലവം അരങ്ങേറിയത് ഗ്രീക്ക് തത്വ ശാസ്ത്രത്തിന്റെ കടക്കൽ കത്തി വെച്ചുകൊണ്ടായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ആധുനികതയായിരുന്നു ഇസ്ലാമിനു മുന്നിലെ പ്രധാന വെല്ലുവിളി. ചർച്ചുമായുള്ള സംഘട്ടനത്തിന്റെ പരിണാമം എന്ന നിലയ്ക്കാണ് യൂറോപ്പിൽ ആധുനികത ജന്മമെടുക്കുന്നത്. അതുകൊണ്ടുതന്നെ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായി ഉദയം ചെയ്ത സാമൂഹിക സിദ്ധാന്തങ്ങൾ തീർത്തും നിർമതമായിരുന്നു. അത് മതത്തെ പൂർണ്ണമായും സാമൂഹിക വ്യവഹാരങ്ങളിൽ നിന്നും അകറ്റിനിർത്തി. ഗ്രീക്ക് തത്വ ശാസ്ത്രത്തിന്റെ കടന്നുവരവ് ഒരു ആഗോള പ്രശ്നമായി ഇബ്നു തൈമിയ്യയുടെയും ഇമാം ഗസ്സാലിയുടെയും മുമ്പിൽ ഇല്ലായിരുന്നു.

എന്നാൽ ആധുനികതയുടെ സാമൂഹിക സിദ്ധാന്തങ്ങൾ ഒരു ആഗോള പദ്ധതിയായി വികസിച്ചു രൂപാന്തരപ്പെട്ടിരുന്നു.യൂറോപ്പ്യൻ കൊളോണിയലിസമാണ് ആധുനികതയുടെ അത്തരം ഒരു വ്യാപനത്തിന് നിദാനമായത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും മുസ്ലിം രാഷ്ട്രങ്ങളിലും അവയുടെ കൊളോണിയൽ ദ്രംഷ്ടകൾ പതിഞ്ഞിരുന്നതിനാൽ അത്തരം നാടുകളിൽ ആധുനികതയും വേരോടി. യൂറോപ്യൻ ആധുനികതയുടെ പ്രയോക്താക്കളായി ഒരു കുലീന വർഗ്ഗം മുസ്ലിം നാടുകളിൽ രൂപപ്പെട്ടു. പോസ്റ്റ് കൊളോണിയൽ മുസ്ലിം രാഷ്ട്രങ്ങളുടെ രാഷ്ട്രീയ ജാതകമായി ആധുനികതയുടെ സംഞ്ജകൾ അടിസ്ഥാനമാക്കപ്പെട്ടു. ഇത്തരമൊരു പ്രതിലോമകരമായ സവിശേഷ സന്ദർഭത്തിലാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ കടന്നുവരവ്. ആധുനികത രൂപപ്പെടുത്തിയ സജ്ഞകൾക്ക് മുന്നിൽ പകച്ചുനിന്ന മുസ്ലിം സമുദായത്തെ ആധുനികതയ്ക്ക് ബദലായി പുതുവിജ്ഞാനീയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് പ്രതിരോധിക്കുന്നതിൽ ഇസ്ലാമിക പ്രസ്ഥാനങ്ങൾ വമ്പിച്ച വിജയമാണ് നേടിയത്.

സയ്യിദ് മൗദൂദി സയ്യിദ് ഖുത്തുബ് എന്നിവരാണ് അത്തരം ഒരു വിചാര വിപ്ലവത്തിന് തുടക്കമിട്ടത്. ഉദാരവാദത്തിന്റെ സാമൂഹിക രൂപമായ മതേതരത്വം, മതേതരത്വത്തിന്റെ പ്രായോഗിക വ്യവസ്ഥയായ ലിബറൽ ജനാധിപത്യം, ചർച്ചിന്റെ അഭാവത്തിൽ യൂറോപ്പിൽ ജനങ്ങളുടെ ഐക്യത്തിനായി രൂപം കൊണ്ട ദേശീയത എന്നിവ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രംഗം കയ്യടക്കിയ കാലമായിരുന്നു അത്. മതത്തെ പൂർണ്ണമായും മാറ്റിനിർത്തിയ ഒരു നിർമത നാഗരികതയാണ് ആധുനികത മുന്നോട്ടുവച്ചിരുന്നത് എന്നതുകൊണ്ട് തന്നെ, ഹിംസ അതിൽ അന്തർലീനമായിരുന്നു. ഈ ഘട്ടത്തിൽ ആധുനികതയ്ക്ക് ബദലായി രൂപപ്പെട്ട ഇസ്ലാമിക വിചാര വിപ്ലവം മുസ്ലിം സമുദായത്തിന്റെ രക്ഷ മാത്രമല്ല പ്രസ്തുത ആഗോള സമൂഹത്തിന്റെ രക്ഷയ്ക്കും പാത്രമാകുന്നതായിരുന്നു.

എന്നാൽ ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക രാഷ്ട്രീയ ചിന്തയുടെ വികാസത്തെ ഇസ്ലാമിക സമുദായം എന്ന ഫ്രയിമിലേക്ക് മാത്രം ചുരുക്കുന്ന പ്രവണതയാണ് പൊതുവിൽ കണ്ടുവരുന്നത്. ഇത് മാറ്റപ്പെടേണ്ട ഒരു ചിന്താഗതി തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിൽ ഉയർന്നുവന്ന ഇസ്ലാമിക വിചാര വിപ്ലവത്തെ ദാർശനിക മാറ്റങ്ങൾക്ക് പാത്രമാകുന്ന ആഗോള ചിന്താ വ്യവഹാരത്തിൽ തീർച്ചയായും അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതുണ്ട്. മൗദൂദി-ഖുത്തുബ് ചിന്ത വ്യവഹാരങ്ങളെ നിലവിലെ ഉത്തരാധുനിക(post modern)കാലത്ത് വികസിപ്പിക്കേണ്ടതുണ്ട് എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. ദേശീയത, മതേതരത്വം എന്ന ആധുനികത സഞ്ജകൾക്ക്‌ പിൽക്കാലത്തുണ്ടായ ഭാവമാറ്റത്തെ പുതിയ കാലത്ത് അഭിമുഖീകരിക്കാൻ ഇസ്ലാമിക വൈജ്ഞാനിക മണ്ഡലത്തിന് സാധിക്കേണ്ടതുണ്ട്. ജെൻഡർ,സ്വത്വം, ബഹുസ്വരത തുടങ്ങിയ ഉത്തരാധുനികത വ്യവഹാരങ്ങളെ അപഗ്രഥിച്ച് ഇസ്ലാമിക ചിന്ത വികസിപ്പിക്കേണ്ടത് ഇസ്ലാമിന്റെ മുന്നോട്ടുപോക്കിന് ഒഴിവാക്കാനാവാത്ത ഒരു വൈജ്ഞാനിക ബാധ്യതയാണ്.

ഇത്തരമൊരു വ്യവഹാരത്തിന് തുടക്കമിടുക എന്നതാണ് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ കൂടിയായ സയ്യിദ് സആദത്തുല്ല ഹുസൈനി “മാറുന്ന ലോകവും ഇസ്ലാമിക ചിന്തയും” എന്ന പുസ്തകത്തിലൂടെ നിർവഹിക്കുന്നത്. “സൃഷ്ടിയുടെ അടിമത്വത്തിൽ നിന്നും സൃഷ്ടാവിന്റെ അടിമത്വത്തിലേക്ക്” എന്ന സയ്യിദ് മൗദൂദിയും സയ്യിദ് ഖുതുബും മുന്നോട്ടുവെച്ച ദൈവീക പരമാധികാര രാഷ്ട്രീയ ചിന്തയെ പോസ്റ്റ് കൊളോണിയൽ കാലത്ത് രൂപപ്പെട്ട ഡികൊളോണിൽ വ്യാവഹാരിക പരിസരങ്ങളെ ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ നോക്കിക്കാണുന്നതിനായി ഗ്രന്ഥകാരൻ ഉപയോഗിക്കുന്നു.

വ്യക്തിത്വ വികാസം , ബാലസാഹിത്യം,പേരെന്റിങ്,വിദ്യാഭ്യാസം, മനഃശാസ്ത്രം തുടങ്ങിയ വ്യവഹാരങ്ങളിൽ ഇസ്ലാമിക സാഹിത്യങ്ങളുടെ ലഭ്യതകളെ ഗ്രന്ഥകാരൻ വിമർശന വിധേയമാക്കുന്നുണ്ട്. ഇമ്മാനുവൽ കാന്റ്,ബെർട്രന്റ് റസൽ, സിഗ്മണ്ട് ഫ്രോയിട് തുടങ്ങിയ നിർമത ദാർശനികർ മുന്നോട്ടുവെക്കുന്ന വൈജ്ഞാനിക പരിസരത്തിന് ബദലായുള്ള വൈജ്ഞാനിക മുന്നേറ്റത്തിന്റെ ആവശ്യകതയെ ഗ്രന്ഥകാരൻ വ്യക്തമാക്കുന്നുണ്ട്.മതഭേദമില്ലാതെ സാമൂഹിക നീതിയുടെയും പക്ഷം ചേർന്നു നിൽക്കുന്നവർ ഏവരും,പ്രത്യേകിച്ച് അവരിലെ യുവാക്കൾ വായിച്ചിരിക്കേണ്ടത് തന്നെയാണ് “മാറുന്ന ലോകവും ഇസ്ലാമിക ചിന്തയും” എന്ന എസ് എസ് ഹുസൈനിയുടെ പുസ്തകം.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles