Current Date

Search
Close this search box.
Search
Close this search box.

നല്ല രണ്ട് പുസ്തകങ്ങൾ

മനുഷ്യബന്ധങ്ങൾ ഊഷ്മളമാക്കാനും കാലൂഷ്യങ്ങൾ ഇല്ലാതാക്കാനും കലഹത്തിനോ കലാപത്തിനോ നിമിത്തമായേക്കാവുന്ന വിചാര – വികാരങ്ങളെയും സംസാരങ്ങളെയും നിയന്ത്രിക്കാനും വ്രതാനുഷ്ഠാനം നമ്മെ പ്രാപ്തരാക്കേണ്ടതുണ്ട്. പരിശുദ്ധ റമളാനിലെ വ്രതമനുഷ്ഠിച്ചു കൊണ്ടാണ് ഈ ചെറുകുറിപ്പ് എഴുതുന്നത്. സ്വാമി ലക്ഷ്മി ശങ്കരാചാര്യരുടെ രണ്ടു ചെറു പുസ്തകങ്ങളാണ് ഇങ്ങനെ എഴുതാൻ പ്രേരണയേകിയത്. എന്റെ പിതാവ് (വി.സി അഹ്മദ് കുട്ടി) പലവിധ തത്വോപദേശങ്ങൾ നൽകവേ, ഒരിക്കൽ പറഞ്ഞു:” ഈച്ചയെ പോലെയാകരുത്; തേനീച്ചയെ പോലെയാകണം, ഈച്ച സകല മാലിന്യങ്ങളിലും ചെന്ന് വീഴും. പലപ്പോഴും രോഗ ഹേതുകങ്ങളായി മാറും. എന്നാൽ തേനീച്ച നാഴികകളോളം സഞ്ചരിച്ച് ഔഷധ മൂല്യമുള്ള മധു ശേഖരിച്ച് നമുക്ക് നൽകുന്നു..”

പതിമൂന്ന് നൂറ്റാണ്ടിലേറെയായി ഇടകലർന്ന് ജീവിക്കുന്നവരാണ് ഹിന്ദുക്കളും മുസ്ലീങ്ങളും. എന്റെ പിതാവ് അമുസ്ലിം സ്ത്രീയുടെ മുല കുടിച്ചിട്ടുണ്ട്. ഈ മുലകുടി ബന്ധം വഴി ആ അമ്മയുടെ മക്കൾ ( ആണും പെണ്ണും ) എന്റെ പിതാവിന് സഹോദര തുല്യരാണ്.ആ അമ്മയുടെ പുത്രിയെ വിവാഹം കഴിക്കാൻ പാടില്ല. ഒരുകാലത്ത് ഇപ്പുറത്തെ അമ്മയും അപ്പുറത്തെ ഉമ്മയും തമ്മിലുള്ള ബന്ധം അങ്ങനെയുള്ള നല്ല ഒന്നായിരുന്നു.അന്ന് വീട് പണിയുന്നതിനു മുന്നേ കൂറ്റൻ ചുറ്റുമതിലുകൾ പണിയാനുള്ള വ്യഗ്രത വളരെ കുറവായിരുന്നു. മരക്കമ്പുകൾ കൊണ്ടുള്ള കൊച്ചുവേലികളായിരുന്നു ഏറെക്കുറെയും. കുറ്റ്യാടി ഖാദിയായിരുന്ന കെ മൊയ്തു മൗലവി ചീരൂ എന്ന സ്ത്രീ തന്റെ സഹോദരിയാണെന്നും അവരുടെ അമ്മയുടെ മുലപ്പാൽ താൻ കുടിച്ചിട്ടുണ്ടെന്നും ഒരു സമ്മേളനത്തിൽ പറഞ്ഞപ്പോൾ സദസ്സിൽ സന്നിഹിതനായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ വലിയ വിസ്മയത്തോടെയായിരുന്നു മൊയ്തു മൗലവിയുടെ വർത്തമാനം കേട്ടത്.”ഇത് ഞാൻ എല്ലായിടത്തും പറഞ്ഞുപരത്തു”മെന്ന് കൃഷ്ണയ്യർ സന്തോഷപൂർവം പറഞ്ഞു. ഇങ്ങനെ ഒത്തിരി നല്ല വർത്തമാനങ്ങൾ കേരളത്തിലെ ഗ്രാമങ്ങൾക്ക് പറയാനുണ്ട്. സുകുമാർ കക്കാട് എന്ന പ്രശസ്ത സാഹിത്യകാരൻ ഒരു ഉമ്മയുടെ അമ്മിഞ്ഞ നുകർന്നാണ് വളർന്നത്. പിന്നീട് വളർന്നു ജോലി കിട്ടിയപ്പോൾ ആദ്യ ശമ്പളം ആ ഉമ്മക്കാണ് അയച്ചു കൊടുത്തത് എന്ന് അദ്ദേഹം എഴുതിയത് പലർക്കും അറിവുള്ളതാണ്.ഇത്തരം മധുരിക്കുന്ന ഭൂതകാലസ്മരണകൾ അയവിറക്കാനും, അതൊരു നല്ല പ്രചോദനമാക്കാനും നാം ശ്രമിക്കണം.

ഇത്രയും ആമുഖമായി കുറിച്ചത് സ്വാമി ലക്ഷ്മി ശങ്കരാചാര്യയുടെ ഇസ്ലാം ഭീകരതയല്ല, ജീവിതകല ഖുർആനിൽ എന്നീ രണ്ട് കൃതികൾ വായിച്ചപ്പോഴുള്ള സന്തോഷം കൊണ്ടാണ്.

യു.പിയിലെ കാൺപൂർ സ്വദേശിയാണ് സ്വാമി ലക്ഷ്മി ശങ്കരാചാര്യ. മാതാപിതാക്കളായ സീതാറാം തൃപാഠിയും കൗസല്യദേവിയും അധ്യാപകരായിരുന്നു. കാൺപൂരിലും അലഹബാദിലുമായി വിദ്യാഭ്യാസം നേടിയ ശേഷം കോൺട്രാക്ടറായി ജോലി ആരംഭിച്ചു.അധികം താമസിയാതെ ആധ്യാത്മികതയിലേക്ക് തിരിഞ്ഞു. ജനസംഘം നേതാവായിരുന്ന പ്രൊഫ: ബൽരാജ് മധോക്കിന്റെ ‘വർഗീയ കലാപങ്ങളുടെ കാരണങ്ങൾ’ എന്ന ശീർഷകത്തിൽ ദൈനിക്ജാഗരൺ എന്ന ദിനപത്രത്തിൽ വന്ന ലേഖനങ്ങൾ ഉൾപ്പെടെ ചിലത് വായിച്ച സ്വാമി ഹിന്ദു-മുസ്ലിം രാജാക്കന്മാർക്കിടയിൽ നടന്ന യുദ്ധങ്ങൾക്കും കൊലക്കും ഇന്നും അരങ്ങേറിക്കോണ്ടിരിക്കുന്ന പലവിധ ഭീകര പ്രവർത്തനങ്ങൾക്കും ഹേതു ഇസ്ലാമാണെന്ന ധാരണയ്ക്ക് വശംവദനായി.ഇസ്ലാമിക ചരിത്രത്തെയും ഇന്നത്തെ സംഭവ വികാസങ്ങളെയും കോർത്തിണക്കി ഇസ്ലാമിക ഭീകരവാദത്തിന്റെ ചരിത്രം എന്ന ഹിന്ദി കൃതി രചിച്ചു.The History of Islamic Terrorism എന്നപേരിൽ പ്രസ്തുത കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ പിന്നീട് ബോംബെയിൽ പ്രസിദ്ധീകരിച്ചു. പിന്നീട് മുസ്ലിം പണ്ഡിതരുമായി ബന്ധപ്പെടാൻ ഇടയാക്കുകയും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത ഖുർആൻ സൂക്തങ്ങളുടെ കേവല പരിഭാഷ മാത്രം പഠിച്ചാൽ പോരെന്നും, ഖുർആനോടൊപ്പം പ്രവാചക ജീവിതവും പഠനവിധേയമാക്കിയിരുന്നെങ്കിൽ ചിന്താ കുഴപ്പത്തിലകപ്പെടുമായിരുന്നില്ലെന്നും അവർ ഓർമ്മിപ്പിച്ചു. തുടർന്ന് സ്വാമിജി പറയുന്നത് കാണുക: “മുസ്ലിം പണ്ഡിതരുടെ നിർദ്ദേശാനുസാരം പ്രവാചകന്‍ മുഹമ്മദിന്റെ ജീവചരിത്രം വായിച്ചു. അനന്തരം ശുദ്ധ മനസ്സോടെ ഖുർആൻ ആദ്യന്തം വായിച്ചു.അപ്പോഴെനിക്ക് ഖുർആനിക സൂക്തങ്ങളുടെ ശരിയായ അർത്ഥവും ആശയവും ഗ്രഹിക്കാനായി.സത്യം വ്യക്തമായപ്പോൾ എനിക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയിൽ അതിയായ ഖേദം തോന്നി.ബുദ്ധിഭ്രമം സംഭവിച്ചതാണല്ലോ ഇസ്ലാമിക ഭീകരവാദത്തിന്റെ ചരിത്രം എഴുതാൻ കാരണം. അല്ലാഹുവിനോടും പ്രവാചകനോടും മുസ്ലിം സമൂഹത്തോടും പരസ്യമായി മാപ്പ് അപേക്ഷിക്കുന്നതോടൊപ്പം അജ്ഞതകാരണം എഴുതുകയും പറയുകയും ചെയ്തതൊക്കെയും ഞാൻ തിരിച്ചെടുക്കുന്നു. ഇസ്ലാമിക ഭീകരവാദത്തിന്റെ ചരിത്രം എന്ന പുസ്തകത്തിൽ ഞാൻ എഴുതിയതൊക്കെ ശൂന്യമായി കരുതണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു” ( ഇസ്ലാം ആതംഗ് ? യാ ആദർശ് ? എന്ന കൃതിയുടെ മലയാള പരിഭാഷയിലെ പ്രഥമ അധ്യായം – pg:11-12 ) ഈ കൃതിയുടെ ആമുഖക്കുറിപ്പ് വളരെയേറെ ഹൃദയസ്പൃക്കാണ്. എഴുപതോളം പേജുകളിൽ അഞ്ച് അധ്യായങ്ങളിലായി സ്വാമിജി എഴുതിയത് മനസ്സിരുത്തി പഠന സ്വഭാവത്തിൽ വായിക്കേണ്ടത് തന്നെയാണ്.

സ്വാമിജി രണ്ടാമത് ഇറക്കിയ കൃതിയാണ് “ജീവിതകല ഖുർആനിൽ”എന്നത്. അറുപത്തിമൂന്ന് താളുകളിൽ ആമുഖക്കുറിപ്പ് ഉൾപ്പെടെ പതിനെട്ട് കൊച്ചുകൊച്ചു അധ്യായങ്ങളാണ് ഈ കൃതിയിൽ ഉള്ളത്. കാര്യമാത്രപ്രസക്തവും സുവ്യക്തവുമായ ശൈലിയിൽ ഖുർആനികമായ ജീവിതകല (Art of living )ഗ്രന്ഥകാരൻ അവതരിപ്പിച്ചിട്ടുണ്ട്. ആമുഖക്കുറിപ്പിൽ സ്വാമിജി പറഞ്ഞത് കാണുക : “ഈയിടെ ഒരു സുഹൃത്ത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം ഗ്ലാഡ്സ്റ്റൺ (1809-1898) ബ്രിട്ടീഷ് പാർലമെന്റിൽ ഖുർആനെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്റർനെറ്റിൽ എനിക്ക് കാണിച്ചു തന്നു. “So long as There is this book there will be no Peace in the world”(ഈ ഗ്രന്ഥം അവശേഷിക്കുന്ന കാലത്തോളം ലോകത്ത് ശാന്തിസ്ഥാപിതമാവുകയല്ല) എന്നതായിരുന്നു ആ പ്രസ്താവന. പ്രസ്താവന വായിച്ചപ്പോൾ എനിക്ക് തോന്നിയത് തെറ്റ് അദ്ദേഹത്തിന്റെതല്ല്, ഖുർആനിന്റെ വിവർത്തനത്തിൽ സംഭവിച്ചത് ആയിരിക്കാം എന്നാണ്. കാരണം, ഇംഗ്ലീഷ് സഹിതം എല്ലാ ഭാഷകളിലും ഖുർആൻ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പലതിലും ആശയസ്ഫുടത വരുത്തക വിധം വിശദീകരണം നൽകപ്പെട്ടിട്ടില്ല.അതിനാൽ ഖുർആൻ സൂക്തങ്ങളുടെ അർത്ഥം വായിച്ച മുസ്ലിങ്ങളല്ലാത്തവർക്ക് അതിൽ നിന്നും ഉരുത്തിരിയുന്ന ആശയം ഗ്രഹിക്കാനായില്ല. ഇതിനുപുറമേ ചില മുസ്ലീങ്ങൾ തന്നെ ചില സൂക്തങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും ആ വ്യാഖ്യാനത്തിന് അനുസൃതമായി അബദ്ധം പ്രവർത്തിക്കുകയും ചെയ്തു. തത്ഫലമായി വിപരീതമായ (Negative) ചില കാര്യങ്ങൾ സംഭവിച്ചു എന്നാൽ ഖുർആൻ അത്തരമൊരു വിഷയവുമില്ല…..
ചിലർ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഖുർആനിക സൂക്തങ്ങളുടെ ശരിയായ ആശയത്തെ വളച്ചൊടിക്കുകയും അർത്ഥത്തിൽ കൃത്രിമം കാണിക്കുകയും ചെയ്യുന്നു. അതിനാൽ വിശുദ്ധ സൂക്തങ്ങളെ കുറിച്ച് തെറ്റിദ്ധാരണകൾ വ്യാപിക്കാഞ്ഞത് കാരണമായി. സത്യം, അഹിംസ,ശാന്തി മാനവികത എന്നിവയുടെ സംരക്ഷണത്തിനായി അവതീർണമായ യുദ്ധസംബന്ധമായ സൂക്തങ്ങളെ സ്വാർത്ഥ താല്പര്യങ്ങൾക്കും മുസ്ലിങ്ങളെ പ്രകോപിതരാക്കാനുമായി വളച്ചൊടിക്കുന്നവർ ഖുർആനിൽ പ്രതിപാദിച്ച പരലോകത്തെയും വിചാരണ നാളിനെയും ഓർക്കുന്നത് നന്നായിരിക്കും… ”

പ്രസക്തമായ കുറെ വസ്തുതകൾ ഉണർത്തിയ ശേഷം സമാപന വേളയിൽ സ്വാമിജി പറഞ്ഞ് ചിന്തനീയമായ വാക്കുകൾ യഥാർത്ഥമായി ഉദ്ധരിക്കാതെ വയ്യ.

“ഇന്ന് ഇസ്ലാം അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന. എന്നാൽ ഈ തെറ്റിദ്ധാരണ സൃഷ്ടിച്ചതിന്റെ കുറ്റം കേവലം മീഡിയയുടെയോ അമുസ്ലിങ്ങളുടെയോ മേൽ ആരോപിക്കുന്നത് ശരിയായ സമീപനമല്ല. യഥാർത്ഥത്തിൽ ഇസ്ലാമിനെ രചനാത്മകമായി ജനസമക്ഷം സമർപ്പിക്കേണ്ട ഉത്തരവാദിത്വം മുസ്ലീങ്ങളുടേതായിരുന്നു. അവർ ആ ദൗത്യം യഥാവിധി നിറവേറ്റിയില്ല. തെറ്റിദ്ധാരണകൾ സൃഷ്ടിക്കപ്പെടുന്ന ഉറവിടങ്ങൾ കണ്ടെത്തി യഥാർത്ഥ ഇസ്ലാമിലൂടെ തന്നെ അതിനെ തിരസ്കരിക്കുക എന്ന ഉത്തരവാദിത്വവും മുസ്ലീങ്ങളുടേതായിരുന്നു. എന്നാൽ മുസ്ലിങ്ങൾ യഥാവിധി ഈ ദൗത്യം നിർവഹിക്കാത്തതിനാൽ സത്യത്തിന്റെയും ശാന്തിയുടെയും അഹിംസയുടെയും രക്ഷക്കായി ഖുർആനിക സത്യങ്ങൾ ജനസമക്ഷം സമർപ്പിക്കാൻ ദൈവികമായ ഉൾപ്രേരണയോടെ ഞാൻ ഈ ഗ്രന്ഥം എഴുതാൻ ആരംഭിച്ചു… ”
ഒറ്റ ഇരുപ്പിൽ ഈ രണ്ടു പുസ്തകങ്ങളും വായിച്ചു എന്ന് മാത്രമല്ല, ആവർത്തിച്ച് വായിക്കുകയും ചെയ്തു. ഈ വിവർത്തന കൃതികൾ കോഴിക്കോടെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ആണ് കൈരളിക്ക് സമർപ്പിച്ചിട്ടുള്ളത്.

അന്തമാനിലെ പി.കെ. മുഹമ്മദലിയാണ് രണ്ട് കൃതികളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles