Current Date

Search
Close this search box.
Search
Close this search box.

കാലോചിത പഠനങ്ങൾക്ക് വഴിതുറക്കുന്ന അന്വേഷണങ്ങൾ

ജ്ഞാനകുതുകിയായ മനുഷ്യൻ്റെ ഓരോ വായനകളും പുതിയ വായനകളിലേക്കും പഠനങ്ങളിലേക്കും ചിന്തകളിലേക്കുമുള്ള വാതായനങ്ങൾ മലർക്കെ തുറന്നിടുകയാണ്. ആ വായനകളൊക്കെയും ബോധമണ്ഡലങ്ങളിൽ പുതിയ ആലോചനകൾക്ക് നാന്ദി കുറിക്കും. ആധുനിക കാലത്ത് നിത്യേന ചർച്ച ചെയ്‌തുകൊണ്ടിരിക്കുന്ന, അല്ലെങ്കിൽ പ്രശ്നവത്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് സെക്കുലറിസം. എന്നാൽ ആ സെക്കുലറാനന്തര ചിന്തയുടെ വിവിധ തലങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങളൊന്നും ഇതപര്യന്തം മലയാളിക്ക് / കൈരളിക്ക് മുന്നിൽ പ്രകാശിതമായിട്ടുണ്ടായിരുന്നില്ല. ആ ഒരു വിടവ് നികത്തികൊണ്ട് അധികാരലോകത്ത് മതവും മതേതരത്വവും പ്രവർത്തിക്കുന്നതിൻ്റെ രീതികളെക്കുറിച്ചുള്ള അന്വേഷണമായി മതേതരാനന്തര ചിന്തകളെ തിരിച്ചറിയുന്ന, പൊതുമണ്ഡലങ്ങളിൽ ഇസ് ലാമിനെ അപരമാക്കുന്നത് അന്വേഷിക്കുന്ന പുതിയ വിമർശനസിദ്ധാന്തങ്ങളെയും പരിചയപ്പെടുത്തുന്ന പുസ്തകമാണ് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ഡോ.കെ.അഷ്റഫിൻ്റെ ‘പോസ്റ്റ് സെക്കുലറിസം ‘.

ജ്ഞാന്വേഷണ പാതയിലൂടെ നിരന്തരം ചലിച്ചുകൊണ്ടിരിക്കാൻ തക്ക വിധത്തിലുള്ള പഠനമേഖലകളെപ്പറ്റി പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ടെന്നാണ് ഉപര്യുക്ത കൃതിയെ വേറിട്ട് നിർത്തുന്നത്.നിലവിലെ സാഹചര്യത്തിൽ യുഗശില്പികളായ യുവാക്കൾ ഇത്തരം പഠനമേഖലകളിൽ വ്യാപൃതരാകുന്നുവെന്നത് തന്നെ ശുഭോദർക്കമാണ്.സെക്കുലറിസം എന്ന സംവർഗത്തെ നിലവിലുള്ള ലോകസാഹചര്യത്തിൽ നിന്നും അതിൻ്റ കഴിഞ്ഞകാല അവസ്ഥാവിശേഷങ്ങളിലേക്ക് ഗ്രന്ഥക്കാരൻ കടന്ന്ചെല്ലുന്നുണ്ട്. ലോകവ്യാപകമായി നടന്ന് കൊണ്ടിരിക്കുന്ന പോസ്റ്റ് സെക്കുലർ പഠനങ്ങൾ സാമൂഹ്യപഠനങ്ങളിൽ നടത്തിയ പൊളിച്ചെഴുത്തുകളെ കേരളീയ സാഹചര്യത്തിലും ഇന്ത്യനവസ്ഥയിലും വായിക്കാനുള്ള ശ്രമവും പുസ്തകത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. സെക്കുലറിസത്തെയും പോസ്റ്റ് സെക്കുലറിസത്തെയും നിർവചിച്ചും പോസ്റ്റ് സെക്കുലർ പOനത്തിൻ്റെ രീതിശാസ്ത്രത്തെ വ്യക്തമാക്കിയും മതം, അധികാരം തുടങ്ങിയവയുമുള്ള സെക്കുലർ, പോസ്റ്റ് സെക്കുലർ ബന്ധങ്ങളെയും പ്രശ്നങ്ങളെയും സംബന്ധിച്ചാണ് ആദ്യ അധ്യായം ആരംഭിക്കുന്നത്. മതവും മതേതരത്വവും തമ്മിലെ അധികാരബന്ധത്തിൻ്റെ ചരിത്രവും വർത്തമാനവും ഏറെ ആഴത്തിൽ പഠിച്ച ചിന്തകരായ ചാൾസ് ടെയ്ലറുടെ മത / മതേതര സമീപനങ്ങളും തലാൽ അസദിൻ്റെ മത / മതേതര സമീപനങ്ങളുടെ ചില രീതിശാസ്ത്രങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ജാതി, മതം, ലിംഗം ഇവയുടെ ഭാഷാ-വ്യവഹാര ലോകബോധത്തിൽ നടന്ന പുതുവായനകളെ വിഷയസംബന്ധിയായ സംവാദത്തെ ഇന്ത്യൻ സാഹചര്യത്തിൽ പുതുക്കിപ്പണിതതിനെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. യൂറോ-അമേരിക്കൻ പോസ്റ്റ് സെക്കുലർ പഠനങ്ങളിലെ ചില പ്രവണതകൾ പരിചയപ്പെടുത്താനുള്ള ശ്രമം പുസ്തകത്തിലൂടെ രചയിതാവ് നടത്തിയിട്ടുണ്ട്.ഡികൊളോണിയൽ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ചിന്തകരായ വാൾട്ടർ മിനോലോയും ആ നിബൽ കുയാനോ വിൻ്റെയും സമീപനവും സുവിദിതമാക്കുന്നുണ്ട്. മതേതരവ്യവഹാരങ്ങളിൽ ഇസ് ലാം എങ്ങനെ ഒരനുബന്ധമായി മാറി പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്നതും മതേതര വ്യവഹാരങ്ങളുടെ ആധിപത്യരൂപങ്ങൾക്ക് അതിൽ എത്രമാത്രം പങ്കുണ്ടെന്നതും ചർച്ചചെയ്യേണ്ടതിൻ്റെ ആവശ്യക്തയെപ്പറ്റിയും ഇത്തരം പഠനങ്ങളിൽ മുഴുകിയ ചിന്തകരുടെ വീക്ഷണകോണുകളെ മുൻനിർത്തി പുസ്തകത്തിലൂടെ വിശകലന വിധേയമാക്കുന്നു.

രായ്ക്കുരാമാനം കേൾക്കാറുള്ള ഇസങ്ങളെപ്പറ്റി അതിൻ്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് അന്വേഷണം നടത്താൻ ജ്ഞാനതൽപരർ ശ്രമിക്കാറുണ്ട്.ഒരു വിമർശനസിദ്ധാന്തമെന്ന നിലയിൽ പോസ്റ്റ് സെക്കുലറിസത്തിൻ്റെ വിവിധ ഭാവതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും തദ്ഫലമെന്നോണം അതിൻ്റെ വ്യത്യസ്തതലങ്ങളിലേക്ക് നമ്മുടെ ചിന്തകളെ കൊണ്ടെത്തിച്ച് അനുവാചകർക്കുള്ളിൽ നിന്ന് തന്നെ ജ്ഞാനോൽപാദനം സാധ്യമാക്കുന്ന തരത്തിലേക്കുള്ള പ്രവേശികയായി പുസ്തകം മാറുമെന്ന് തീർച്ച.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles