കെ.പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഹൈന്ദവം (പ്രസാധനം: മാതൃഭൂമി ബുക്സ് ) കേരളീയ സാംസ്കാരിക പൊതു മണ്ഡലത്തിലേക്ക് രാഷ്ട്രീയാവബോധത്തിൻ്റെ വിപ്ലവാത്മകമായ ഇടപെടലാണ് ഹൈന്ദവം!
ഫാഷിസം വാ പിളർന്ന ഇന്ത്യയിൽ മുസ് ലിംകൾ അനുഭവിക്കുന്ന അരക്ഷിതത്വത്തിൻ്റെ ആഴം അളക്കുന്ന ഈ കൃതി ന്യൂനപക്ഷങ്ങളെ ചേർത്തു നിർത്തി മനുഷ്യ പക്ഷ കൂട്ടായ്മ തീർക്കേണ്ട അടിയന്തിരാവശ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഹൈന്ദവം വെറും കഥാപുസ്തകമല്ല; വർത്തമാന ആകുലതകളുടെ അകം പൊള്ളുന്ന രാഷ്ട്രീയ പുസ്തകമാണ്!
ഹൈന്ദവം എന്നത് ഈ സമാഹാരത്തിലെ ആദ്യ കഥയുടെ പേരാണ്.വാരിയം കുന്നത്ത് വീണ്ടും, കേരളാ മാരത്തൺ, സർവൈലൻസ്, പൂർണ്ണനാരീശ്വരൻ, ശ്വാസം മുട്ട്, പുരുഷച്ഛിദ്രം, പരമ പീഡനം, ചിരിയും കരച്ചിലും എന്നിവയാണ് മറ്റു കഥകൾ.
ഇന്ത്യയിലുടനീളം കത്തിപ്പടർന്ന സി.ഐ.എ – എൻ.ആർ.സി വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈന്ദവം വികസിക്കുന്നത്.
നിരവധി യോഗങ്ങളിൽ പ്രഭാഷണം നടത്തിയെങ്കിലും പൗരത്വ നിഷേധം എന്ന സംഘ് ഫാഷിസത്തിൻ്റെ അജണ്ടയിലടങ്ങിയ ക്രൗര്യം ഹരീന്ദ്രൻ ആദ്യകാലത്ത് അത്ര ഉൾക്കൊണ്ടിരുന്നില്ല. എന്നാൽ നിലമ്പൂരിൽ വെച്ചുണ്ടായ ഒരനുഭവം ഹരീന്ദ്രനെ ആകെ മാറ്റിമറിക്കുന്നു. ഒരു കുട്ടിയുടെ (ഇസ് യാൻ ) നിഷ്കളങ്കമായ ചോദ്യം മാസ്റ്ററുടെ മനസ്സിൽ ഇടിത്തീ പോലെ പതിച്ച നിമിഷത്തിലായിരുന്നു അദ്ദേഹത്തിൽ അഗാധമായ മാറ്റം സംഭവിക്കുന്നത്.
അതോടെ ഹരീന്ദ്രൻ പ്രഭാഷകൻ എന്ന നില വിട്ട് ഒരു പോരാളിയായി മാറുന്നു. സഹസ്രാബ്ധങ്ങളുടെ പഴക്കമുള്ള ഹിന്ദു – മുസ് ലിം സൗഹൃദ പാരമ്പര്യം വീണ്ടെടുക്കാനുള്ള കർമങ്ങളിലേക്ക് അദ്ദേഹം ഉയരുന്നു. ശ്രീ നാരായണ ഗുരുവിൻ്റെയും ശ്രീരാമകൃഷ്ണ പരമഹംസരുടെയും ഹൈന്ദവ മൂല്യങ്ങളിലൂടെ “മത സഹിത മതേതരത്വം” ഉദ്ഘോഷിക്കുകയും മുസ് ലിം സംരക്ഷണം തൻ്റെ പ്രഥമ ബാധ്യതയായി ഹരീന്ദ്രൻ ഏറ്റെടുക്കുകയും ചെയ്യുന്നു.
സൂഫി പറഞ്ഞ കഥ, ജീവിതത്തിൻ്റെ പുസ്തകം, ദൈവത്തിൻ്റെ പുസ്തകം തുടങ്ങിയ ഒട്ടേറെ സർഗാത്മക രചനകളിലൂടെ മലയാളികളുടെ പ്രിയങ്കരനായിത്തീർന്ന കെ.പി രാമനുണ്ണിയുടെ രചനാവൈഭവവും രാഷ്ട്രീയ ജാഗ്രതയും ഈ കഥാ സമാഹാരത്തെ സവിശേഷം അടയാളപ്പെടുത്തുന്നു.
പ്രഫ: എം.കെ സാനുവിൻ്റെ പ്രൗഢമായ അവതാരിക ഹൈന്ദവം കാലാതിവർത്തിയാകുമെന്നതിലേക്ക് വിരൽ ചൂണ്ടുന്നു!
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0