Current Date

Search
Close this search box.
Search
Close this search box.

‘വേഗത്തിലോടുന്ന കാലം’

നിമിഷങ്ങൾക്കുള്ളിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ടെക്നോളജി യുഗത്തിലാണ് മനുഷ്യൻ വിഹരിച്ചുകൊണ്ടിരിക്കുന്നത്. ദൈനംദിന ജീവിതത്തിൽ മാറ്റിനിർത്താൻ സാധിക്കാത്തവിധം ടെക്നോളജി വേരുറപ്പിച്ചിരിക്കുന്നു. സാങ്കേതിക വിദ്യ അഭ്യസിക്കുന്നതിന് പകരം അതിൽ നിന്നും അകന്ന് നിൽക്കുന്നത് തലമുറ സംഘട്ടനത്തിന് കാരണമായിതീരും. ആധുനിക സാങ്കേതിക വിദ്യകളുടെ വികാസവും അതിലൂടെ സ്വാഭാവികമായി സംഭവിക്കുന്ന മനുഷ്യകുലത്തിൻ്റെ മാറ്റവും ചർച്ച ചെയ്യുന്ന പഠനാർഹമായ കൃതിയാണ് മെഹദ് മഖ്ബൂൽ രചിച്ച് കൂര ബുക്സ് പ്രസിദ്ധീകരിച്ച ‘വേഗത്തിലോടുന്ന കാലം’.

‘ആൽഫാ ജനറേഷൻ’ എന്നാണ് പുതിയ തലമുറ അറിയപ്പെടുന്നത്. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന, കൂട്ടുകാരോടൊപ്പം ഓൺലൈൻ കളികളിൽ ഏർപ്പെടുന്ന, ഒരുപാട് പ്രത്യേകതകളുള്ള ഈ തലമുറയെ വളർത്തുകയല്ല മറിച്ച് അവരോടൊപ്പം വളരേണ്ട കാലമാണിതെന്ന് രചയിതാവ് ഓർമ്മപ്പെടുത്തുന്നു. 1901 മുതൽ 2024 വരെയുള്ള തലമുറകളുടെ പ്രത്യേകതകളും മാറ്റങ്ങളും വിവരിക്കുന്നതോടൊപ്പം 2025 മുതൽ 2039 വരെയുള്ള ജനറേഷൻ ‘ബീറ്റ’  തലമുറയെയും പുസ്തകത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. 1980 മുതൽ 1995 വരെയുള്ള കാലഘട്ടത്തിനിടയിൽ ജനിച്ച, പുതിയ തലമുറയുടെ രക്ഷിതാക്കളായ ജനറേഷൻ മില്ലേനിയൽസിനെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് കൃതിയിൽ.

ഈ കാലഘട്ടത്തിൽ നൈപുണ്യ വികാസം (skill development) വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധയും  പ്രാധാന്യവും നൽകണം. ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യുന്നവരിൽ നിന്നും അത് നിർമ്മിക്കുന്നവരാകുവാൻ സാധിക്കണം.  സമയത്തെ സൂക്ഷ്മതയോടെ ഉപയോഗപ്പെടുത്തുകയും സ്ക്രീൻ ടൈം ബോധപൂർവ്വം നിയന്ത്രിക്കാൻ പുതിയ തലമുറക്ക് സാധിക്കുകയും വേണം.

ഡിജിറ്റൽ മലിനീകരണത്തിൻ്റെ (digital pollution) അന്തരീക്ഷത്തിലാണ് മനുഷ്യൻ എത്തിനിൽക്കുന്നത്. ചുറ്റുമുള്ള യാഥാർഥ്യങ്ങളിലേക്ക് മനുഷ്യൻ്റെ ശ്രദ്ധയും പരിഗണനയും ഇല്ല എന്നതാണ് ഇതിൻ്റെ ആശയം. ഓൺലൈൻ സംസ്കാരം മനുഷ്യ മനസ്സിനെ ഹാക്ക് ചെയ്തിരിക്കുന്നു.  ഓൺലൈൻ ജീവിതം നയിക്കുന്നവർക്ക് ഉറക്കമില്ലായ്മ, ടെൻഷൻ, തീരുമാനം എടുക്കാൻ കഴിയാത്ത പ്രയാസങ്ങൾ എന്നിവ നേരിട്ടുകൊണ്ടിരിക്കുന്നു. അനേകം സാധ്യതകളുടെ കാലമാണിതെങ്കിലും ടെക്നോളജി നമ്മെ നിയന്ത്രിക്കരുതെന്നും നമ്മുടെ സമയത്തിനനുസരിച്ച് അതിനെ ഉപയോഗപ്പെടുത്തണമെന്നും രചയിതാവ് അടിവരയിടുന്നു.

കാലം വേഗത്തിലാണ് സഞ്ചരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (artificial intelligence) ലോകമാണിത്. സങ്കൽപ്പങ്ങളെക്കാൾ അത്ഭുതങ്ങൾ നിറഞ്ഞതാണ് എ.ഐ ലോകം. വിവരങ്ങൾ വിശകലനം ചെയ്ത് പുതിയതൊന്ന് നിർമ്മിക്കാൻ കഴിയുന്ന എ.ഐ, മനുഷ്യൻ്റെ തൊഴിലവസരങ്ങളിൽ പുതിയ മേഖലകൾ തുറക്കുകയാണ്. തെറ്റായ രീതിയിൽ അതിനെ ഉപയോഗപ്പെടുത്തുന്നത് മനുഷ്യരാശിക്ക് തന്നെ അപകടമാവും.   പുതിയ മാറ്റങ്ങളോടും തലമുറയോടും പുറം തിരിഞ്ഞിരിക്കാതെ ക്രിയാത്മകമായ ഡിജിറ്റൽ സമീപനം സ്വീകരിക്കണമെന്ന് എഴുത്തുകാരൻ നിർദേശിക്കുന്നു. ഇൻ്റർനെറ്റിൻ്റെ ഈ കാലം കഴിഞ്ഞ് മെറ്റവേഴ്‌സിൻ്റെ (ത്രീഡി ഓൺലൈൻ എൻവിറോൺമെൻ്റ്) കാലം പ്രതീക്ഷിച്ചിരിക്കുന്ന തലമുറയെ   ടെക്നോളജിയുടെ അനന്തസാധ്യതകൾ പരിചയപ്പെടുത്തി  ക്രിയാത്മകമായി ഉപയോഗിക്കാൻ പരിശീലനം നൽകണം. 

കുട്ടികൾ എന്തു ചെയ്യുന്നു എന്ന് നിരീക്ഷിച്ച് ഏത് നേരവും തലക്കുമീതെ ഹെലികോപ്റ്റർ പോലെ വട്ടമിട്ട് പറക്കുന്ന, ഹെലികോപ്റ്റർ പാരെൻ്റിങ് രീതിയിൽ നിന്നും സൗഹൃദ പാരെൻ്റിങ് അന്തരീക്ഷത്തിലേക്ക് രക്ഷിതാക്കൾ മാറിയിരിക്കുന്നു. ഈ കാലഘട്ടത്തെ നയിക്കാനും ആരോഗ്യകരമായൊരു ടെക്നോളജി അന്തരീക്ഷം ആസൂത്രണം ചെയ്യാനും പുതിയ തലമുറയുടെ ആവശ്യങ്ങളും രീതികളും വിശകലനം ചെയ്യേണ്ടതുണ്ട്.  പുതിയ തലമുറയുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കാനും അതിനൂതന സാങ്കേതികവിദ്യകൾ പഠിക്കാനും കൈകാര്യം ചെയ്യാനും താൽപര്യം ജനിപ്പിക്കുന്ന പുസ്തകമാണിത്.  അധ്യാപകരും രക്ഷിതാക്കളും നേതാക്കൻമാരും വായിച്ചിരിക്കേണ്ട ഈ പുസ്തകം തലമുറയുടെ വേലിയേറ്റങ്ങളെ ലളിതമായി വിവരിക്കുന്നു.

Related Articles