Current Date

Search
Close this search box.
Search
Close this search box.

സമകാലയാഥാർഥ്യങ്ങളുടെ തുറന്നെഴുത്ത്

സമകാലിക ജീവിതാവസ്ഥകളും സാഹചര്യങ്ങളും അത്യന്തം കലുഷിതമാണ്. ജീവിതത്തിൻ്റെ സമസ്ത തലങ്ങളെയും അന്യായങ്ങൾ ആമൂലാഗ്രം ആപതിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിപ്പെട്ടിട്ടുണ്ടെന്ന് പറയുന്നതാവും ശരി. സാങ്കേതികവും രാഷ്ട്രീയപരവുമായിട്ടുള്ള എല്ലാ മേഖലകളിലും അസത്യങ്ങളും അനീതിയും അസമത്വവും അപ്രമാദിത്വം പുലർത്തുന്ന വിധത്തിലേക്കാണ് ലോകമെത്തിപ്പെട്ടിട്ടുള്ളത്. ആ തിക്തയാഥാർഥ്യങ്ങളുടെ ഉള്ളറകളെ ഗഹനമായി പരിശോധിക്കുകയാണ് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ ഡോ.താജ് ആലുവയുടെ ‘അസമത്വങ്ങളുടെ ആൽഗരിതം’ എന്ന പുസ്തകം.

സമകാലിക സാഹചര്യത്തിൽ ഏറെ ചർച്ചചെയ്യുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സാധ്യതകളെയും പരിമിതികളെയും അനാവരണം ചെയ്തുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത് തന്നെ. കാര്യങ്ങൾ ദ്രുതഗതിയിൽ സാധ്യമാക്കാനും, മനുഷ്യവിഭവങ്ങളുടെ അസാന്നിധ്യത്തിൽ തന്നെ സ്ഥാപനത്തിൻ്റെ ഉദ്ദിഷ്ട ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും അതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കിയെടുക്കാനുമെല്ലാം സാധിക്കുമ്പോൾ മറുവശത്ത് തൊഴിൽ നഷ്ടവും മറ്റും ഉടലെടുക്കുന്ന ദുരവസ്ഥ സംജാതമാവുമെന്നതാണ് . ഇത്തരമൊരു പ്രതിസന്ധിയിൽ നിന്ന് രക്ഷ നേടാനുള്ള മാർഗവും ഗ്രന്ഥകർത്താവ് സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ രഹസ്യഡേറ്റകളെല്ലാം ലോകത്തെവിടെ നിന്നും ചോർത്താനുള്ള സംവിധാനത്തെക്കുറിച്ചും സ്പഷ്ടമായി പ്രതിപാദിക്കുന്നുണ്ട്. ഡേറ്റകൾ ചോർത്തുന്ന സാങ്കേതിക മാർഗങ്ങളേതെല്ലാമെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഇന്ന് നമ്മുടെ നിത്യജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ സ്ഥാപിത താൽപര്യങ്ങളും അതുകൊണ്ട് അതിൻ്റെ ഗുണഭോക്താക്കളെന്ന് സ്വയം അനുമാനിക്കുന്ന നമുക്കുണ്ടായേക്കാവുന്ന നഷ്ടങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ഭാവിയും പുസ്തകം വിശകലനവിധേയമാക്കുന്നുണ്ട്.

രാഷ്ട്രീയതലത്തെ അരാഷ്ട്രീയമാക്കിയ ഡീപ്ഫേക്ക് എന്ന് വിളിക്കുന്ന വ്യാജനിർമിതികളുടെ വളർച്ചയെയും കൃതി അനാവരണം ചെയ്യുന്നുണ്ട്. സാങ്കേതികവിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുമ്പോൾ ഗുണങ്ങളോടൊപ്പം ദോഷങ്ങളും സ്വാഭാവികമാണ്. ഏതൊക്കെ തരത്തിലുള്ള പ്രശ്നങ്ങളും എന്തെല്ലാം ദുരുപയോഗങ്ങളാണ് അതുമുഖേന ഉണ്ടാകുന്നതെന്നും ഗ്രന്ഥക്കാരൻ സവിസ്തരം വ്യക്തമാക്കുന്നുണ്ട്. ജനാധിപത്യത്തിൻ്റെ അന്തസത്തയുടെ അടിവേരറുക്കും വിധത്തിലേക്ക് സമകാലിക രാഷ്ട്രീയാവസ്ഥകൾ എത്തിപ്പെട്ടിട്ടുണ്ടെന്നും ഇന്നത്തെ ഇന്ത്യനവസ്ഥയിലേക്കെത്തിപ്പെടാനുള്ള തെരഞ്ഞെടുപ്പുകളിൽ ഡീപ്ഫേക്കിൻ്റെ സ്വാധീനവും ചൂണ്ടിക്കാട്ടുന്നുണ്ട് ഗ്രന്ഥക്കാരൻ.

ലോകത്ത് തന്നെ വലിയൊരളവിൽ കോളിളക്കം സൃഷ്ടിച്ച ഇസ്രയേലിൻ്റെ പെഗസസ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ജേണലിസ്റ്റുകളുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺ ചോർത്തിയതടക്കമുള്ള നെറികേടുകളെ ആഴത്തിൽ ഇഴകീറി പരിശോധിക്കുന്നുണ്ട്. നമ്മുടെ സുരക്ഷ എത്രത്തോളം അവതാളത്തിലാണെന്നും നമ്മുടെ രഹസ്യങ്ങളെല്ലാം എവിടെയെല്ലാം പരസ്യമാക്കുന്നുണ്ടെന്നുമുള്ള അജ്ഞത വരിഞ്ഞ്മുറുക്കിയിടത്തേക്കാണ് ആ കുടിലനീക്കം കൊണ്ടെത്തിച്ചതെന്ന്‌ പറഞ്ഞ് വെക്കുന്നു.

ഭരണകൂടത്തിൻ്റെ വാഴ്ത്തുപാട്ടുക്കാരും ഭരണാധികാരികൾക്ക് ഓശാന പാടുന്നവരുമായ പത്ര-ദൃശ്യ മാധ്യമങ്ങൾ ഏതെല്ലാമെന്നും, ഭരണകൂടത്തിൻ്റെ അരുതായ്മകളെ മറച്ചുവെക്കാൻ ഏതെല്ലാം കുതന്ത്രങ്ങളാണ് അവ മെനഞ്ഞുകൊണ്ടിരിക്കുന്നതെന്നും സുവ്യക്തമാക്കി തരുന്നുണ്ട് പുസ്തകത്തിലൂടെ. സോഷ്യൽ മീഡിയ ഉപയോഗത്തിൻ്റെ ആത്യന്തികഫലത്തെയും കൃതി തുറന്ന് കാട്ടുന്നു.പ്രത്യക്ഷത്തിൽ ഏറെ ഉപകാരപ്രദമെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ഘടനകളും വിശിഷ്യാ, ഉപദ്രവകരമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്ന ഹിഡൻ അജണ്ടകളുമാണ് സോഷ്യൽ മീഡിയക്ക് പിന്നിലുള്ളതെന്ന് ഗ്രന്ഥക്കാരൻ വിവക്ഷിക്കുന്നുണ്ട്. ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമങ്ങളെ അധീശത്വവർഗത്തിൻ്റെ റാൻമൂളികളാക്കുന്ന തരത്തിലേക്ക് നിഷ്ക്രിയരാക്കി മാറ്റുന്ന സമകാലിക ഇന്ത്യനവസ്ഥകളെയും, അനീതിയുടെയും വർണവിവേചനത്തിൻ്റെയും വിളനിലമായിട്ടുള്ള അമേരിക്കയുടെ നരനായാട്ടുകളെയും പുസ്തകം തുറന്ന്കാണിക്കുന്നുണ്ട്. വംശവെറിയുടെ കൂത്തരങ്ങായി മാറിയ കളിനിലങ്ങളിലെ വിവേചന ഭീകരതയുടെ വ്യാപ്തിയും തെളിവുകൾ നിരത്തി പരിശോധിക്കുന്നുണ്ട്. ഇസ്രായേലി ഭരണകൂടത്തിൻ്റെ വംശവെറിയുടെ ആഴം ദക്ഷിണാഫ്രിക്കൻ വംശീയതയുടെ ചരിത്രത്തിലേക്ക് കയറിച്ചെല്ലേണ്ട വിധം ദുഷ്കരമായിട്ടുണ്ടെന്നും ഗ്രന്ഥക്കാരൻ അവകാശപ്പെടുന്നു.

പ്രസാധകർ അവകാശപ്പെടുന്നതുപോലെ ഡിജിറ്റൽ യുഗത്തിൽ നിലനിൽക്കുന്ന ഭീതികളുടെയും സംഭ്രമങ്ങളുടെയും അനിവാര്യതകളുടെയും അന്വേഷണങ്ങളുടെ തുറസ്സിലേക്ക് ഗ്രന്ഥ ക്കാരൻ ധൈര്യപൂർവം കടന്നുച്ചെല്ലുന്നുണ്ട്. ആയതിനാൽ, നിലനിൽക്കുന്ന കാലത്തിൻ്റെ യാഥാർഥ്യങ്ങൾ അറിയുവാനാഗ്രഹിക്കുന്നവർക്ക് കാഴ്ചയിൽ ചെറുതും ആശയങ്ങൾക്കൊണ്ടും ഉള്ളടക്കങ്ങൾക്കൊണ്ടും വലുതുമായ ഈ പുസ്തകം വായിക്കേണ്ടതും ഒരു അനിവാര്യതയാണെന്നത് തീർച്ച.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles