Current Date

Search
Close this search box.
Search
Close this search box.

സംഘ് ഭീകരത തുറന്നു കാട്ടുന്ന കൃതി

Fashisavum-Sanghparivarum.jpg

നാം മനസ്സിലാക്കുന്ന എല്ലാ ഭീകരതകള്‍ക്കും അപ്പുറത്താണ് സഘ് പരിവാര്‍ഫാഷിസം എന്ന വസ്തുത നമ്മെ കൃത്യമായി ബോധ്യപ്പെടുത്തുന്നു ഡോ: എം.കെ. മുനീറിന്റെ ‘ഫാഷിസവും സംഘ് പരിവാറും’ എന്ന ഗ്രന്ഥം.

ഒരു ലക്ഷത്തോളം ശാഖകളുമായി ഇന്ത്യന്‍ ഗ്രാമാന്തരങ്ങളില്‍ പോലും വേരുകളാഴ്ത്തിയ സംഘി ഭീകരതയുടെ നേര്‍ ചിത്രം ഇതില്‍ നിന്ന് വായിച്ചെടുക്കാന്‍ സഹായിക്കുന്ന കൃതിയാണ് ഡോ. എം.കെ മുനീറിന്റെ ഫാഷിസവും സംഘ്പരിവാറും. വിദ്യാഭാരതി പോലുള്ള സ്വതന്ത്രവിദ്യാഭ്യാസ സ്ഥാപനങ്ങളും കരിക്കുലങ്ങളും വഴി കൂര്‍മ്മ ബുദ്ധിയോടും തികഞ്ഞ ആസൂത്രണത്തോടും കൂടിയാണ് സംഘ് ഫാഷിസം നാട്ടില്‍ വിഷപ്പല്ലുകളാഴ്ത്തുന്നതെന്ന് വിവിധ റഫറന്‍സുകളോടുകൂടി ഈ ഗ്രന്ഥം സമര്‍ത്ഥിക്കുന്നു.

ബുദ്ധിജീവികളിലും പോലീസ് ഉദ്യോഗസ്ഥരിലും ജഡ്ജിമാരിലും മാധ്യമ ഡസ്‌കുകളിലും വനിതകളില്‍ മുതല്‍ ആദിവാസികളില്‍ വരെയും ഫാഷിസം സമര്‍ത്ഥമായി വേരുറപ്പിക്കുന്ന രീതികള്‍ ഇതില്‍ നിന്ന് വായിച്ചെടുക്കാം. RSS, VHP, ശിവസേന, ഹിന്ദുമഹാസഭ, ശ്രീരാമസേന, ഹനുമാന്‍സേന, അഭിനവ ഭാരത് തുടങ്ങിയ സംഘ് പരിവാറിന്റെ സംഘടിത സായുധ കാക്കി പ്രസ്ഥാനങ്ങളെ കുറിച്ച ഞെട്ടിക്കുന്ന സ്ഥിതിവിവരങ്ങള്‍ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ അവര്‍ നടത്തിയ വര്‍ഗീയ കലാപങ്ങളുടെയും വംശഹത്യകളുടെയും അമ്പരപ്പിക്കുന്ന പട്ടികയുണ്ട്.

പരിശുദ്ധ റമദാന്‍ മാസത്തില്‍ പോലും വടക്കേന്ത്യയിലെ മുസ്‌ലിം ഗ്രാമങ്ങള്‍ വളഞ്ഞ് ചെറുപ്പക്കാരെ തെരഞ്ഞുപിടിച്ച് നിര്‍ദ്ദയം വെടിവെച്ചുകൊന്ന, വര്‍ഗീയവത്കരിക്കപ്പെട്ട പട്ടാളത്തിന്റെയും പോലീസിന്റെയും, പി.എ.സി പോലുള്ള കൊടുംഭീകര വിംഗുകളുടെയും രക്തമുറക്കുന്ന ചെയ്തികള്‍ പുസ്തകം അക്കമിട്ടു നിരത്തുന്നു. ‘പൗരാണിക ഇന്ത്യ’യെകുറിച്ച സംഘിചിന്തകരുടെ മിത്തും അത് ‘തകര്‍ത്ത’ ‘കുടിയേറ്റക്കാരായ’ മുസ്‌ലിംകളാദി ജനവിഭാഗങ്ങളെകുറിച്ച തീര്‍ത്തും യാഥാര്‍ത്ഥ്യ വിരുദ്ധമായ വാദഗതികളും ഈ പുസ്തകം ജാഗ്രത്തോടെ നമുക്ക് പകര്‍ന്നു തരുന്നു.

ആദ്യം മുസ്‌ലിംകള്‍, പിന്നെ െ്രെകസ്തവര്‍, പിന്നെ കമ്യൂണിസ്റ്റുകള്‍ എന്ന തത്വാധിഷ്ഠിത വംശീയ ഉന്മൂലനങ്ങളെ കുറിച്ച തെളിവുകള്‍ ഇതില്‍ വായിക്കാം. ഒ. അബ്ദു റഹ്മാന്റെ അനുബന്ധവും അക്ബര്‍ കക്കട്ടില്‍, ശത്രുഘ്‌നന്‍ എന്നിവരുടെ കുറിപ്പുകളും ഈ കൃതിക്ക് മാറ്റ് കൂട്ടുന്നു. 1998ല്‍ സി.അച്യുതമേനോന്‍ പുരസ്‌കാരം നേടിയ ഈ കൃതിയുടെ പ്രസാധകര്‍ ഒലിവ് പബ്ലിക്കേഷന്‍സ് (കോഴിക്കോട്) ആണ്.

Related Articles