Current Date

Search
Close this search box.
Search
Close this search box.

ലിബറലിസം ഇസ്‌ലാമിനെ ശത്രുവാക്കുന്നതെങ്ങനെ?

islam-libersm.jpg

സഹിഷ്ണുത, ന്യൂനപക്ഷാവകാശം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളുടെ കേന്ദ്രമായി യൂറോപിനെയാണ് ഇന്ന് ലോകം മിക്കവാറും നോക്കികാണുന്നത്. ഈ ലിബറലിസത്തിന്റെ അപരസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ഇസ്‌ലാമാണ്. അസഹിഷ്ണുതയുടെയും, സ്ത്രീവിരുദ്ധതയുടെയും, ക്രൂരതയുടെയും പ്രതിഛായയാണ് അതിന് ലിബറലിസം കല്‍പിച്ചു നല്‍കിയിട്ടുള്ളത്.

ഇസ്‌ലാമിനെ മറുവശത്ത് പ്രതിഷ്ഠിച്ചതുകൊണ്ടാണ് യൂറോപിന് മികവുറ്റ ജനാധിപത്യമായും സഹിഷ്ണുതയുടെ കേന്ദ്രേമായും, മനുഷ്യസ്‌നേഹികളായും, സ്വവര്‍ഗാനുഭാവികളായും മുഖം സ്വീകരിക്കാന്‍ കഴിഞ്ഞതെന്ന് ഇസ്‌ലാം ഇന്‍ ലിബറലിസം എന്ന പുസ്തകത്തില്‍ ജോസഫ് മസദ് പറയുന്നു.

ഇസ്‌ലാമിന്റെയും ലിബറലിസത്തിന്റെയും ചരിത്രം പറയല്‍ മസദിന്റെ താല്‍പര്യത്തില്‍ പെട്ടതല്ല. ഇസ്‌ലാമിനെ ഏകരൂപമായ ഒരു സ്ഥാപനമായി ലിബറലിസം അവതരിപ്പിച്ച രീതികളെയാണ് അദ്ദേഹം വിശദമായി പരിശോധിക്കുന്നത്. ശീതയുദ്ധകാലത്ത് ഇസ്‌ലാമിനെ അമേരിക്ക ഉപകരണമാക്കുകയും കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫത്‌വകളെ അവര്‍ പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും പിന്തുണക്കുകയും ചെയ്തിരുന്നു. അഥവാ, അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കൊത്ത നല്ല ഇസ്‌ലാമായിരുന്നു അന്നുണ്ടായിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 9ന് ശേഷമുള്ള പതിറ്റാണ്ടുകളില്‍ ഇസ്‌ലാമിന് പൈശാചികവും രാക്ഷസീയവുമായ മുഖം നല്‍കുകയും ഭീകരതക്കെതിരായ യുദ്ധത്തില്‍ പ്രത്യക്ഷ ഇരയാവുകയും ചെയ്തു.

ലിബറലിസത്തെ നിര്‍വചിക്കുന്ന ആശയാവലികളെയും പ്രസ്ഥാനങ്ങളെയും അഞ്ച് അധ്യായങ്ങളിലായി മസദ് പരിശോധിക്കുന്നുണ്ട്. ജനാധിപത്യം, സ്ത്രീ അവകാശങ്ങള്‍, സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍, സൈകോ അനാലിസിസ്, സെമിറ്റിക് എന്നീ ആശയാവലികള്‍ വിശദീകരിച്ചതിന് ശേഷം അദ്ദേഹം സമര്‍ത്ഥിക്കുന്നത് അധികാരത്തിന്റെയും അധീശത്വത്തിന്റെയും ബലത്തിലാണ് ഇത്തരം സങ്കേതങ്ങള്‍ സ്ഥാപിക്കപ്പെട്ടതെന്നും അവ യഥാര്‍ത്ഥമല്ലെന്നുമാണ്.

മനുഷ്യാവകാശ വ്യവഹാരങ്ങളും സമാന്തരമായി ലോകത്തൊട്ടാകെ ഉയര്‍ന്നുവന്ന എന്‍.ജി.ഒ.കളെയും കുറിച്ചാണ് ഈ രചനയിലെ പ്രധാന അധ്യായം. മനുഷ്യാവകാശമെന്നത് സാര്‍വലൗകികമായ ഒന്നല്ലെങ്കിലും അതിനൊരു സാര്‍വത്രിക രൂപമുണ്ട്. ചരിത്രകാരനായ സാമുവല്‍ മോയ്‌നെ ഉദ്ധരിച്ചുകൊണ്ട് 1940കളില്‍ മനുഷ്യാവകാശമെന്നതുകൊണ്ട് സ്വന്തം രാജ്യത്തെ പൗരാവകാശത്തിന്റെ രാഷ്ട്രീയമാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ 1970കളില്‍ അത് ഇതരരാജ്യങ്ങളില്‍ മര്‍ദ്ദിക്കപ്പെടുന്നവരുടെ രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നാണ്.

സ്വവര്‍ഗാനുരാഗികള്‍ക്ക് മതിയായ പിന്തുണ നല്‍കുന്നില്ലെന്ന കാരണത്താല്‍ കെനിയക്കാരെ ബറാക് ഒബാമ ഈയടുത്ത് വിമര്‍ശിച്ചത് അമേരിക്ക മനുഷ്യാവകാശം എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്നതിന് തെളിവാണ്. സ്വവര്‍ഗാവകാശം മനുഷ്യാവകാശമാണ്, മനുഷ്യാവകാശമെന്നാല്‍ സ്വവര്‍ഗാവകാശമാണ് എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രസ്താവിക്കുകയുണ്ടായി. വിദേശരാജ്യങ്ങളെ സഹായിക്കുമ്പോള്‍ ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് ആ രാജ്യം നല്‍കുന്ന പരിഗണന പ്രധാനമായിരിക്കുമെന്നും അവര്‍ പറയുകയുണ്ടായി.

അരികുവല്‍കരിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ പരിഗണിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കി ഭൂരിപക്ഷജനത അനുഭവിക്കുന്ന അവകാശങ്ങളില്‍ നിന്നും കുടിയേറ്റജനതയെ തഴയാനും അവരുടെ ജീവിതങ്ങള്‍ക്ക് വിലക്കുകള്‍ കല്‍പിക്കാനും പാശ്ചാത്യലിബറലിസം അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും സഹായിച്ചിട്ടുണ്ട്.

മുസ്‌ലിം സ്ത്രീകളേക്കാള്‍ തങ്ങളുടെ സ്ത്രീകള്‍ സ്വതന്ത്രരാണെന്ന് പാശ്ചാത്യര്‍ അവകാശപ്പെടുകയും അത് നിരന്തരം ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ സെല്‍ഫ് മേക്കിംഗ് എന്നാണ് മസാദ് വിശേഷിപ്പിക്കുന്നത്. ഇതിലൂടെ കുടിയേറ്റ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഹിജാബ് പോലുള്ള വിഷയങ്ങളിലേക്ക് ഒതുക്കുകയും കുടിയേറ്റ തൊഴിലാളികള്‍ പാശ്ചാത്യ സമ്പദ്‌വ്യവസ്ഥക്ക് നല്‍കുന്ന അധ്വാനസമ്പത്തിന്റെ പെരുമ മറച്ചുവെക്കുകയും ചെയ്യുന്നു.

ഉദാരവത്കൃത ലോകത്തെ ഗുരുതരമായ പ്രതിസന്ധികളാണ് യൂറോപിലേക്കുള്ള കുടിയേറ്റങ്ങളെ വര്‍ധിപ്പിച്ചതും അവിടങ്ങളില്‍ അവര്‍ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചതും. എന്നാല്‍ ധനശാസ്ത്രപരമായ ഇത്തരമൊരു വിഷയത്തെ സാംസ്‌കാരികമായ ഒന്നാക്കി മാറ്റുകയാണ് യൂറോപ് ചെയ്യുന്നത്. കുടിയേറ്റ ജനതയുടെ ഇസ്‌ലാമിക അടയാളങ്ങളെ സംബന്ധിച്ച് ആവലാതികള്‍ പരത്തുകയും ഉദാത്തമായ പാശ്ചാത്യരീതികളിലേക്ക് അവരെ ലയിപ്പിക്കണമെന്നുള്ള ബോധനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

എന്നാല്‍, സ്വന്തം ജനത തങ്ങളുടെ സ്ത്രീകളോട് അനുവര്‍ത്തിക്കുന്ന രീതിയിലും വര്‍ധിച്ചുവരുന്ന ഗാര്‍ഹികപീഢനങ്ങളുടെ കണക്കുകളിലും സാംസ്‌കാരികമായ ഇത്തരം ആവലാതികള്‍ പ്രകടമല്ല. ഇത്തരം ആക്രമങ്ങളെ വ്യക്തിപരമായ ന്യൂനതകളും പ്രശ്‌നങ്ങളുമായി കണ്ട് ന്യൂനീകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ലിബറല്‍ ക്രിസ്ത്യാനിറ്റിയുടെ രൂപഘടനക്ക് അനുസൃതമായി മുസ്‌ലിംകളെ പരിവര്‍ത്തിപ്പിക്കണമെന്ന ചിന്ത കൈയ്യൊഴിച്ച് ഇസ്‌ലാമിക ലോകത്തെ സമൂഹങ്ങളുമായും അവിടുത്തെ സംസ്‌കാരവുമായും സമ്പര്‍ക്കത്തിലാവുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടതെന്നാണ് മസദ് പറയുന്നത്.

ഇസ്‌ലാമിനെ സംബന്ധിച്ചുള്ള വ്യവഹാരങ്ങളിന്മേല്‍ ആധിപത്യമുണ്ടാക്കുന്നതിനും ഇസ്‌ലാമിനെ പൈശാചികമായി അവതരിപ്പിച്ചും സ്വയം ശക്തിപ്രാപിക്കുന്നതിനും പാശ്ചാത്യ ലിബറലിസത്തിന് സാധിച്ചതിന്റെ രാഷ്ട്രീയപരവും, ബൗദ്ധികവും, സാംസ്‌കാരികവുമായ ചരിത്രത്തിന്റെ വിശദീകരണങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് ആഴമേറെയുള്ള ഈ പുസ്തകം. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള അന്താരാഷ്ട്രവിഷയങ്ങളെ അദൃശ്യപ്പെടുത്തുന്ന ലിബറലിസത്തോട് മല്ലിടുന്നവര്‍ക്ക് ഒരുകൂട്ടം വിദ്ഗദമായ വാദഗതികള്‍ സമര്‍പ്പിക്കുന്നുണ്ട് ഇസ്‌ലാം ഇന്‍ ലിബറലിസം എന്ന ഈ പുസ്തകം.

ലോകത്തെങ്ങുമുള്ള ലൈംഗികന്യൂനപക്ഷങ്ങള്‍ ഇസ്രായേലിനെയും അതിന്റെ സംഹാരാത്മകരാഷ്ട്രീയത്തെയും പിന്തുണക്കുന്നവരാണ്. സ്വവര്‍ഗാനുരാഗത്തോടുള്ള ഫലസ്തീന്റെ എതിര്‍പ്പിനെ ചൂണ്ടിക്കാട്ടി ഇസ്രായേല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് നല്‍കുന്ന പിന്തുണയാണ ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇസ്രായേലിന്റെ തന്നെ സ്വവര്‍ഗഭീതിയെയും ഫലസ്തീനില്‍ നിന്നുള്ള സ്വവര്‍ഗാനുരാഗികളെ ഫലസ്തീനികളായതിന്റെ പേരില്‍ ഇസ്രായേല്‍ പീഡിപ്പിക്കുന്നതിന്റെയും യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നു.

തങ്ങള്‍ അനുവര്‍ത്തിക്കുന്ന ലിബറല്‍ നയങ്ങളുടെ മറവില്‍ വംശീയ കൊളോണിയല്‍ അജണ്ടകള്‍ക്ക് ആഗോളപിന്തുണ നേടിയെടുക്കുന്ന ഇസ്രായേലിന്റെ രീതിശാസ്ത്രത്തെ നേരിടാന്‍ ചരിത്രത്തെയും അതിന്റെ സൂക്ഷ്മസന്ദര്‍ഭങ്ങളെയും പരിശോധിച്ചാല്‍ നമുക്കാവുമെന്ന് ഈ പുസ്തകം പറയുന്നു. ഇസ്രായേലിനെതിരായ പ്രതിരോധത്തെ പറ്റിയൊന്നും പറയാതെ ലിബറലിസത്തിന്റെ ഉത്പന്നമായ ഡൈവേഴ്‌സിറ്റിക്ക് വേണ്ടി മാത്രം ശബ്ദിക്കുന്ന ഫലസ്തീനിലെ അല്‍ഖ്വെയ്‌സ് പോലുള്ള വിഭാഗങ്ങളെയും അദ്ദേഹം വിമര്‍ശനവിധേയമാക്കുന്നുണ്ട്.

ലിബറലിസത്തിന്റെ യാഥാര്‍ത്ഥ്യങ്ങളും അതില്‍ അടങ്ങിയിരിക്കുന്ന അപകടങ്ങളെയും സൂക്ഷ്മമായി അനാവരണം ചെയ്യുന്ന  ഈ പുസ്തകം ചുരുക്കത്തില്‍, അവകാശങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കുമായുള്ള പ്രതിലോമപരമായ ലിബറല്‍ മുറവിളികളും അത് നിര്‍മിക്കുന്ന ഇസ്‌ലാമും നിതാന്തമായ യുദ്ധത്തിലേക്കും ഭീകരതയിലേക്കുമാണ് നമ്മെ നയിക്കുന്നതെന്ന ശക്തമായി സമര്‍ത്ഥിക്കുന്നു.

 

മൊഴിമാറ്റം: അനീസ്

Related Articles