Current Date

Search
Close this search box.
Search
Close this search box.

മുസ്ഹഫിന്റെ ചരിത്രത്തിന് ഒരു പുനര്‍വായന

qurn-subhani-book.jpg

ചിന്തോദ്ദീപകമായ മൗലിക രചനകള്‍കൊണ്ടും ധീരമായ ഇടപെടലുകലും നിലപാടുകളും കൊണ്ടും ആഗോളശ്രദ്ധ നേടിയ പണ്ഡിതനാണ് ഡോ. ഇനായത്തുല്ലാ അസദ് സുബ്ഹാനി. ഖുര്‍ആനിക വിജ്ഞാനീയങ്ങളുടെ സംശോധനക്കും പ്രചരണത്തിനുമായി ജീവിതം നീക്കിവെച്ച അദ്ദേഹത്തിന്റെ കൃതികള്‍ പലതും ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്.

ഖുര്‍ആനെ നേര്‍ക്കുനേരെ ആക്രമിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ എതിരാളികള്‍ ഹദീസിനെയും ചരിത്രത്തെയും ഉന്നം വെച്ച് ഒളിയമ്പുകള്‍ എയ്തത് സുവിദിതമാണല്ലോ. ഒടുവില്‍ അവയെ ഇരയാക്കി ഖുര്‍ആനെ വേട്ടയാടാന്‍ ശ്രമിച്ചു. അങ്ങനെ മുസ്‌ലിംകളുടെ അവലംബ കൃതികളില്‍ പലതിനെയും അവര്‍ വിഷമയമാക്കി. ഖുര്‍ആനെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. അതിന്റെ മികച്ച ഉദാഹരണമാണ് നിലവില്‍ പ്രചാരണത്തിലുള്ള ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം. വികലമാക്കപ്പെട്ട ആ ചരിത്രത്തെ വിശകലനം ചെയ്തുകൊണ്ട് രചിക്കപ്പെട്ടതാണ് ബഹ്ജതുല്‍ ജനാന്‍ ഫീ താരീഖി തദ്‌വീനില്‍ ഖുര്‍ആന്‍. ഇതിന്റെ മലയാള പരിഭാഷയാണ് ഈയിടെ പുറത്തിറങ്ങിയ ഖുര്‍ആന്‍ ചരിത്രം മിഥ്യയും യാഥാര്‍ഥ്യവും. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച വിശ്വാസസ്വാതന്ത്ര്യം എന്ന കൃതിക്ക് ശേഷം മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഡോ. സുബ്ഹാനിയുടെ രണ്ടാമത്തെ പുസ്തകം.

പാടിപ്പതിഞ്ഞ ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രത്തിന്റെ വിരസതയല്ല, മറിച്ച് അതിന്റെ ദൗര്‍ബല്യവും പൊരുത്തക്കേടും എതിരാളികള്‍ക്ക് ആയുധമായിത്തീരുന്നു എന്നതാണ് ഈ വിഷയകമായുള്ള പുനരന്വേഷണത്തിന് പ്രേരകം. കേരളത്തിലെ യുക്തിവാദികള്‍ പോലും നമ്മുടെ വൈജ്ഞാനിക പൈതൃകത്തിലെ വരികള്‍ ഉദ്ധരിച്ച് ഖുര്‍ആനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കാറുണ്ടല്ലോ. ഖുര്‍ആനില്‍ കൈകടത്തലുകള്‍ സംഭവിച്ചിട്ടുണ്ടെന്നും കുറെ സൂറത്തുകള്‍ നിലവിലില്ല എന്നുമൊക്കെയുള്ള അത്തരക്കാരുടെ വാദങ്ങളുടെ അടിവേരറുക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമാണ് ഈ കൃതി.

എല്ലിലും കല്ലിലും ഈത്തപ്പനമട്ടലിലുമൊക്കെയാണ് ഖുര്‍ആന്‍ രേഖപ്പെടുത്തിയിരുന്നതെന്നും പ്രവാചകന്റെ കാലത്ത് സൂറത്തുകളും സൂക്തങ്ങളും ക്രമീകരിക്കപ്പെടുകയോ ക്രോഡീകരിക്കപ്പെടുകയോ ചെയ്തിരുന്നില്ലയെന്നും അത് ഛിന്നഭിന്നമായി കിടക്കുകയായിരുന്നുവെന്നുമുള്ള ചരിത്രത്തെ ഗ്രന്ഥകാരന്‍ ചോദ്യം ചെയ്യുന്നു. ഖുര്‍ആന്‍ സൂക്തങ്ങളും ചരിത്രവും അറബി സാഹിത്യവും മുന്‍നിര്‍ത്തി തോലും കടലാസുമായിരുന്നു പൊതുവെ അറബികള്‍ ഉപയോഗിച്ചിരുന്നതെന്നും ഖുര്‍ആന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല എന്ന് അദ്ദേഹം വാദിക്കുന്നു. സാന്ദര്‍ഭികമായി ഏതാനും പേജുകളില്‍ മുഹമ്മദ് നബി നിരക്ഷരനായിരുന്നുവെന്ന വാദം ഖണ്ഡിക്കാനുള്ള ശ്രമവും കാണാം.

സഹാബികളുടെ കൈവശമുണ്ടായിരുന്ന മുസ്വ്ഹഫുകളില്‍ ഭിന്നതകളുണ്ടായിരുന്നുവെന്നും അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ വീക്ഷണത്തില്‍ മുഅവ്വദതൈനി ഖുര്‍ആന്റെ ഭാഗമായിരുന്നില്ലെന്നുമുള്ള രിവായത്തുകളെ വിശകലനം ചെയ്ത് അവയുടെ ദൗര്‍ബല്യം അനാവരണം ചെയ്യുന്നു.

പ്രവാചകന്റെ കാലത്ത് തന്നെ ഖുര്‍ആന്‍ യഥാക്രമം ക്രോഡീകരിക്കപ്പെട്ടിരുന്നുവെന്നും അക്കാലത്ത് തന്നെ മുസ്വ്ഹഫുകള്‍ ഉണ്ടായിരുന്നുവെന്നും സമര്‍ഥിക്കുന്ന ഗ്രന്ഥകാരന്‍ പ്രവാചകന്റെ കാലത്ത് അറബി അക്ഷരങ്ങള്‍ക്ക് പുള്ളിയോ സ്വരചിഹ്നമോ ഉണ്ടായിരുന്നില്ല എന്ന വാദം ബാലിശമാണെന്ന് വിലയിരുത്തുന്നു.
സൈദുബ്‌നു സാബിതി(റ)ലേക്ക് ചേര്‍ത്ത് പറയുന്ന ഖുര്‍ആന്‍ ക്രോഡീകരണ കഥ തീര്‍ത്തും മിഥ്യയാണെന്നും അബൂബക്‌റും(റ) ഉമറും(റ) ഉസ്മാനു(റ)മെല്ലാം പഠിപ്പിക്കുക, പ്രചരിപ്പിക്കുക, ഇസ്‌ലാമിന്റെ സന്ദേശമെത്തിയ പ്രദേശങ്ങളില്‍ പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നിവയാണ് ഖുര്‍ആന്റ കാര്യത്തില്‍ ചെയ്തതെന്നും, ഉസ്മാന്റെ കാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ ഉദയം ചെയ്തുവെന്ന് പറയപ്പെടുന്ന ഭിന്നതകള്‍ ഒരിക്കലും സഹാബികളുടെയോ അവരുടെ ശിഷ്യന്മാരുടെയോ ഖിറാഅത്തുമായി ബന്ധപ്പെട്ടതല്ലെന്നും അവ ശത്രുക്കളുടെ കളികളായിരുന്നുവെന്നും ഗ്രന്ഥകാരന്‍ വിവരിക്കുന്നു.

മുസ്വ്ഹഫിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഓരോ രിവായത്തും ഇഴകീറി വിശകലനം ചെയ്യുന്ന രീതിയാണ് ഈ കൃതിയില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. പുറത്തിറങ്ങി ഒരു മാസത്തിനകം വായനക്കാരുടെ മനം കവര്‍ന്ന  ഈ കൃതിക്കെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. നമ്മുടെ പരമ്പരാഗത ധാരണകളെയും ഉലൂമുല്‍ ഖുര്‍ആന്റെ കൃതികളില്‍ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തെയും അട്ടിമറിക്കുന്ന ഈ കൃതി ഒരാവര്‍ത്തിയെങ്കിലും വായിക്കാന്‍ തികച്ചും യോഗ്യമാണ്. വിയോജിപ്പുകളും തിരുത്തലുകളും പ്രകടിപ്പിക്കാന്‍ അത് അനിവാര്യമാണല്ലോ.

മൊഴിമാറ്റം: അബൂദര്‍റ് എടയൂര്‍
പ്രസാധനം: വിചാരം ബുക്‌സ്, തൃശൂര്‍
വില 160

 

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രത്തിന് ഒരു തിരുത്ത്

Related Articles