Current Date

Search
Close this search box.
Search
Close this search box.

പ്രവാചക കഥകള്‍ കുട്ടികള്‍ക്ക്

prophet.jpg

പ്രവാചകന്‍മാരുടെ ചരിത്രം പ്രതിപാദിക്കുന്ന കൃതികള്‍ മലയാളത്തില്‍ ഏറെയൊന്നുമില്ല. വിശേഷിച്ചും കെട്ടുകഥകളില്‍ നിന്നും അതിശയോക്തികളില്‍ നിന്നും മുക്തമായവ. അഹ്മദ് ബഹ്ജതിന്റെ ‘പ്രവാചകന്‍മാര്‍’ ആണ് ഈ വിഷയകമായി ഏറെ പ്രചാരത്തിലുള്ള ഒന്ന്. അപ്രകാരം തന്നെ സരളമായ ഭാഷയില്‍ വിവിധ പ്രവാചകന്‍മാരുടെ കഥകള്‍ വിവരിക്കുന്ന കൃതിയാണ് മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ ‘ഖസ്വസ്വുന്നബിയ്യീന്‍’. ലഘുവായ അഞ്ച് ഭാഗങ്ങളാണ് ഈ കൃതിക്കുള്ളത്. ഭാഗം ഒന്ന് (ഇബ്‌റാഹീം, യൂസുഫ്), ഭാഗം രണ്ട് (നൂഹ്, ഹൂദ്, സ്വാലിഹ്), ഭാഗം മൂന്ന് (മൂസാ), ഭാഗം നാല് (ശുഐബ്, ദാവൂദ്, സുലൈമാന്‍, അയ്യൂബ്, യൂനുസ്, സകരിയ്യ, ഈസാ), ഭാഗം അഞ്ച് (മുഹമ്മദ്) എന്നിങ്ങനെയാണ് ഈ കൃതി അദ്ദേഹം ക്രമീകരിച്ചിരിക്കുന്നത്. പ്രവാചകന്‍മാരുടെ കഥകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇതിന്റെ മലയാള പരിഭാഷയില്‍ മുഹമ്മദ് നബിയുടെ ചരിത്രം ഉള്‍പ്പെടുത്തിയിട്ടില്ല.

 

തന്റെ സഹോദരപുത്രനെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം ഈ കൃതിയുടെ രചന ആരംഭിച്ചത്. ഇതിന്റെ ഒന്നാം ഭാഗത്തിന്റെ ആമുഖത്തില്‍ സഹോദരപുത്രനെ വ്യക്തമായും മുസ്‌ലിം സമൂഹത്തിലെ ഓരോ അംഗത്തെയും വ്യംഗ്യമായും അഭിസംബോധന ചെയ്ത് അദ്ദേഹം പറയുന്നു: ‘പ്രിയപ്പെട്ട സഹോദര പുത്രാ, കഥകളോട് നിനക്ക് വലിയ താല്‍പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിന്റെ പ്രായത്തിലുള്ള എല്ലാ കുട്ടികളുടെയും അവസ്ഥ ഇതുതന്നെയാണ്. നീ കഥകള്‍ വളരെ താല്‍പര്യത്തോടെ വായിക്കുകയും കേള്‍ക്കുകയും ചെയ്യാറുണ്ടല്ലോ. പക്ഷേ, പൂച്ചയുടെയും പട്ടിയുടെയും സിംഹത്തിന്റെയും ചെന്നായയുടെയും കുരങ്ങന്റെയും കഥകള്‍ മാത്രമാണ് നീ വായിക്കുന്നത് എന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ ലഭിക്കുന്നത് അതുമാത്രമായതുകൊണ്ടായിരിക്കാം ഈ അവസ്ഥ. നീ പഠനം ആരംഭിച്ചിരിക്കുകയാണല്ലോ. അതിനാല്‍ നിന്റെ പ്രായത്തിനും അഭിരുചിക്കും ഇണങ്ങുന്ന ശൈലിയില്‍ നിനക്കും സമപ്രായക്കാര്‍ക്കും പ്രവാചകന്‍മാരുടെ കഥകള്‍ എഴുതിത്തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു……’
ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെതന്നെ കുട്ടികള്‍ക്ക് ഇണങ്ങുന്ന ശൈലിയില്‍ അവരുടെ മനസിനോട് സംവദിക്കുന്ന രീതിയിലാണ് ഈ കൃതി തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അബുല്‍ ഹസന്‍ അലി നദ്‌വിയുടെ ആദ്യകാല രചനകളിലൊന്നാണിത്. ഇതിന്റെ രണ്ടാം വാള്യത്തില്‍ ഡോ. അഹ്മദ് ശിര്‍ബാസ്വി (അസ്ഹര്‍, കൈറോ)യുടെയും മൂന്നാം വാള്യത്തില്‍ സയ്യിദ് ഖുതുബിന്റെയും അവതാരികകള്‍ കാണാം. സയ്യിദ് ഖുതുബ് എഴുതുന്നു: ‘….. ഈ കൃതി പ്രസിദ്ധീകരിക്കുക വഴി ഇസ്‌ലാമിക പ്രബോധന മേഖലക്ക് അദ്ദേഹവും (അലിമിയാന്‍) സുഹൃത്തുക്കളും മഹത്തായ സംഭാവനയാര്‍ണര്‍പ്പിക്കുന്നത്. പ്രധാനമായും കുഞ്ഞുങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണീ രചന. കഥകള്‍ ബാലമനസ്സുകളെ ഹഠാദാകര്‍ഷിക്കുന്നു. ഈ സമാഹാരത്തിലെ കഥകളോരോന്നും ഇളം മനസ്സുകളില്‍ വിശ്വാസത്തിന്റെ ഒളി പകരാന്‍ കഴിയും വിധമുള്ളതാണ്. മുതിര്‍ന്നവര്‍ക്കും ഈ കൃതി പ്രയോജനപ്പെടും. ….. ഞാന്‍ അനേകം കഥകള്‍ വായിച്ചിട്ടുണ്ട്. ദീനീ കഥകള്‍ എന്ന പേരില്‍ ഖുര്‍ആനെ അവലംബമാക്കി പ്രസിദ്ധീകരിക്കുന്ന ഒരു ഗ്രന്ഥത്തിന്റെ രചനയില്‍ ഞാന്‍ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ, ഞാന്‍ തുറന്നു പറയട്ടെ, ഈ കൃതി അത്തരം രചനകളെ കവച്ചുവെക്കുന്നുണ്ട്. ചരിത്ര സംഭവങ്ങളെ ചിത്രീകരിച്ചും സംഭവങ്ങളെ വിശദീകരിച്ചും മഹിതമായ സന്ദേശങ്ങള്‍ വിളംബരം ചെയ്തും രചിക്കപ്പെട്ട ഈ കൃതി കുരുന്നുകളുടെയും മുതിര്‍ന്നവരുടെയും മനസ്സുകളില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.’
ചരിത്ര കൃതി എന്നതോടൊപ്പം തന്നെ അറബി ഭാഷ പഠിച്ചു തുടങ്ങുന്നവര്‍ക്ക് വളരെ പ്രയോജനപ്രദമാണിത്. പരമാവധി ലളിതമായ ഭാഷ ഉപയോഗിച്ചതോടൊപ്പം സ്വരഭേദങ്ങള്‍ അടയാളപ്പെടുത്തിയതും ഇതിന്റെ വായന സുഗമമാക്കുന്നു. അതേസമയം അറബിയില്‍ ലഭിക്കുന്ന വായനാസുഖം മലയാളത്തില്‍ കിട്ടുന്നില്ല. അതിനാല്‍ അറബി അറിയുന്നവര്‍ മൂലകൃതി തന്നെ ആശ്രയിക്കുന്നതായിരിക്കും നല്ലത്. 181 പേജുള്ള പുസ്തകത്തിന് 60 രൂപയാണ് വില.

വിവര്‍ത്തനം: ടി.കെ ആറ്റക്കോയ തങ്ങള്‍
പ്രസാധനം: മുഫക്കിറുല്‍ ഇസ്‌ലാം ഫൗണ്ടേഷന്‍
ബിംബിനോ മാര്‍ക്കറ്റ്, കോര്‍ട്ട് റോഡ്, കോഴിക്കോട് 1

Related Articles