Current Date

Search
Close this search box.
Search
Close this search box.

പാകിസ്ഥാനി കണ്ട ദല്‍ഹി

delhi-by-heart.jpg

മറ്റൊരു വിദേശ സാഹിത്യകാരന്‍ കൂടി ദല്‍ഹിയുടെ കിളിവാതിലിലൂടെ ഇന്ത്യാ ചരിത്രത്തെ നോക്കിക്കാണുന്നു. മറ്റ് ദക്ഷിണേഷ്യന്‍ നഗരങ്ങളെ പോലെ ദല്‍ഹി വെറുമൊരു നഗരമല്ല. രാജവംശങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഉഥാന-പതനങ്ങള്‍ കണ്ട സമ്പന്ന ഭൂമികയാണ്. പാകിസ്താനി സഞ്ചാരസാഹിത്യകാരനായ റസാ റൂമിയുടെ ‘Delhi by Heart’ എന്ന ഗ്രന്ഥം പുരാതന കാലം മുതല്‍ ആധുനിക കാലം വരെയുള്ള ദല്‍ഹിയുടെ സഞ്ചാരപഥങ്ങളെ നോക്കിക്കാണുന്നു. ആഗോള മാനമുള്ള ഒരു മെട്രോപോളിറ്റന്‍ നഗരം.

ഒരു സഞ്ചാരിയുടെ അടയാളപ്പെടുത്തലുകളായി ഈ പുസ്‌കതത്തില്‍ നിറയുന്നത് എഴുത്തുകാരന്‍ പലപ്പോഴായി നഗരം  സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച സുഹൃദ്‌വലയത്തിന്റെയും പരിചയക്കാരുടെയും അപരിതരുടെയും അനുഭവങ്ങള്‍ കൂടിയാണ്. മറ്റൊരു ചരിത്രനഗരമായ ലാഹോറിന്റെ സന്തതിയായ എഴുത്തുകാരന് ദല്‍ഹി നല്‍കുന്നത് ഗൃഹാതുരത്വമാണ്. സൂഫിസവും മുഗള്‍ ഭരണവും മുസ്‌ലിം സംസ്‌കാരവും സാഹിത്യ സൃഷ്ടികളുമെല്ലാം റസാ റൂമിയുടെ എഴുത്തുകളില്‍ നിറയുന്നു. ദല്‍ഹിയുടെ മണ്ണില്‍ മയങ്ങുന്ന ഇരുപത്തിരണ്ട് സൂഫികള്‍ നഗരത്തെ ‘കൊച്ചു മക്ക’ എന്ന വിശേഷണത്തിന് അര്‍ഹമാക്കുന്നു. സൂഫിസത്തിന്റെ കാര്യത്തില്‍ ‘കൊച്ചു മദീന’ എന്നറിയപ്പെടുന്ന അജ്മീര്‍ മാത്രമാണ് ദല്‍ഹിക്ക് മുന്നിലുള്ളതെന്ന് ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ജീവചരിത്രകാരന്മാര്‍ പറയുന്നു. ഒരു ജനാധിപത്യ രാജ്യത്തിന്റെ രാജധാനിയായി ലോകത്ത് അറിയപ്പെടുമ്പോഴും ഇന്നും സാധാരണക്കാരന്റെ നഗരമാണ് ദല്‍ഹി.

ഈ ഗ്രന്ഥം വായിക്കുമ്പോള്‍ ദല്‍ഹി നിവാസികള്‍ പോലും ദല്‍ഹിയുടെ പല വശങ്ങളും തങ്ങള്‍ കണ്ടിട്ടില്ലെന്ന കുറ്റബോധത്തില്‍ അകപ്പെട്ടുപോകും. ഗോറിയുടെ കാലം മുതല്‍ ബ്രിട്ടീഷ് കാലം വരെയുള്ള ദല്‍ഹിയുടെ നീണ്ട ചരിത്രം വളരെ സരസമായും എന്നാല്‍ വായനാ സുഖമുള്ള രീതിയിലുമാണ് എഴുത്തുകാരന്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരു സഞ്ചാരസാഹിത്യമാണെങ്കിലും തന്റേതായ ചരിത്രവാനകളും എഴുത്തുകാരന്‍ ഈ ഗ്രന്ഥത്തിലൂടെ പങ്കുവെക്കുന്നു. ദല്‍ഹിയുടെ മതേതര സ്വഭാവത്തെ കുറിച്ചും സാംസ്‌കാരിക പൈതൃകത്തെ കുറിച്ചും വാസ്തുകലാ നിര്‍മിതികളെ കുറിച്ചും റസാ റൂമി ആവോളം പുകഴ്ത്തുന്നുണ്ട്. നൂറ്റാണ്ടുകളായി തിരക്കൊഴിയാത്ത ദല്‍ഹി നഗരത്തിന്റെ സ്വഭാവത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് ആ വ്യഗ്രത.

ദല്‍ഹിയില്‍ വളര്‍ന്നു വരുന്ന യുവതലമുറ പുതിയ സംസ്‌കാരത്തിനാണ് ദല്‍ഹിയില്‍ നാന്ദി കുറിക്കുന്നതെന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. ജെ.എന്‍.യുവിലെയും ജാമിഅ മില്ലിയയിലെയും വിദ്യാര്‍ഥികളുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകളും വര്‍ത്തമാനങ്ങളും ഒരു പാകിസ്ഥാനിക്ക് ഇന്ത്യന്‍ യുവതയോടുള്ള മതിപ്പ് വ്യക്തമാക്കുന്നു. ദല്‍ഹിയുടെ വൈവിധ്യം ദല്‍ഹിയുടെ മനോഹാരിതയാണ്. റോഡിന്റെ വശങ്ങളില്‍ കാണുന്ന കിദ്‌വായ് നഗര്‍, ഹസ്‌റത്ത് നിസാമുദ്ദീന്‍, ജൈന്‍ മന്ദിര്‍, ഓഖ്‌ല, ജാമിഅ, സാകേത് എന്നിങ്ങനെയുള്ള ബോര്‍ഡുകള്‍ മതി അത് വ്യക്തമാകാന്‍. ബഹായ് ക്ഷേത്രത്തിന്റെ താമര ഇതളുകള്‍ പോലെയാണ് ദല്‍ഹിയുടെ വൈവിധ്യങ്ങള്‍. അതെല്ലാം ചേര്‍ന്നതാണ് ദല്‍ഹി എന്നു ഗ്രന്ഥകാരന്‍. നിങ്ങളുടെ ഹിന്ദു ഇന്ത്യയും ഞങ്ങളുടെ മുസ്‌ലിം പാകിസ്താനും എന്ന രീതിയിലല്ല എഴുത്തുകാരന്‍ ഈ ഗ്രന്ഥം മുന്നോട്ടു കൊണ്ടുപോകുന്നത്. ദല്‍ഹി എല്ലാവരുടേതുമാണ് എന്ന് അദ്ദേഹം പറയുന്നു. ദല്‍ഹി യഥാര്‍ത്ഥത്തില്‍ മതേതര ഇന്ത്യയുടെ നാഗരിക മാതൃകയാണ്. ജുമാ മസ്ജിദും സാക്രഡ് ഹാര്‍ട്ട് കത്തീഡ്രലും ഗുരുദ്വാരയും ജൈന്‍ മന്ദിറുമൊക്കെ ദല്‍ഹിയില്‍ ഒരുപോലെ തലയുയര്‍ത്തി നില്‍ക്കുന്നതും അതാണ്.

വിവ: അനസ് പടന്ന

Related Articles