Current Date

Search
Close this search box.
Search
Close this search box.

ടിപ്പുവിന്റെ ശരിയായ ചരിത്രം

tippu.jpg

മൈസൂര്‍ സിംഹം എന്നറിയപ്പെട്ട ഫതഹ് അലിഖാന്‍ ടിപ്പു സുല്‍ത്താന്റെ ചരിത്രം അനാവരണം ചെയ്യുന്ന അനവധി കൃതികള്‍ വിവിധ ഭാഷകളിലായി വിരചിതമായിട്ടുണ്ട്. അവയില്‍ മിക്കതും അമുസ്‌ലിംകളാണ് രചിച്ചിട്ടുള്ളത്. വിശേഷിച്ചും പാശ്ചാത്യചരിത്രകാരന്‍മാരും ഓറിയന്റലിസ്‌ററുകളും. ടിപ്പു ഏറെ തെറ്റിദ്ധരിക്കപ്പെടാനുള്ള പ്രധാന കാരണവും അതുതന്നെ. ടിപ്പുവിന്റെ വിരോധികളായ ഇംഗ്ലീഷുകാര്‍ ഉരുട്ടിവെച്ച നുണകള്‍ അതേപടി വേവിച്ചെടുക്കുകയാണ് സവര്‍ണഫാഷിസത്തിന്റെ അടുക്കളപ്പണിക്കാര്‍.

എന്നാല്‍, ടിപ്പുവിനെകുറിച്ച വ്യാജപ്രചാരണങ്ങളുടെ യാഥാര്‍ഥ്യം തുറന്നുകാണിക്കുകയും, ഇസ്‌ലാമിക പ്രബോധനകന്‍ എന്ന നിലയിലും ഒരു ഇസ്‌ലാമിക സാമൂഹ്യ സംവിധാനം കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ച വ്യക്തി എന്ന നിലക്കും അദ്ദേഹത്തിന്റെ മതകീയ മുഖം സവിശേഷമായി സവിസ്തരം പ്രതിപാദിക്കുകയും ചെയ്യുന്ന ഒരു മികച്ച കൃതിയാണ് മുഹമ്മദ് ഇല്‍യാസ് നദ്‌വി (ബട്കല്‍, കര്‍ണാടക) രചിച്ച ടിപ്പുസുല്‍ത്താന്‍ ശഹീദ്. ഉര്‍ദു ഭാഷയിലാണ് കൃതി രചിക്കപ്പെട്ടിട്ടുള്ളത്. പ്രസിദ്ധ പണ്ഡിതന്‍ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ നിര്‍ദ്ദേശപ്രകാരം, അദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തിലാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത് എന്നത് ഈ ഗ്രന്ഥത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. അലി മിയാന്‍ തന്നെയാണ് മൂലഗ്രന്ഥത്തിന് അവതാരിക എഴുതിയിട്ടുള്ളത്. മലയാള പരിഭാഷക്ക് അവതാരിക എഴുതിയിരിക്കുന്നത് അബ്ദുസ്സമദ് സമദാനിയാണ്.

ഇന്ത്യയിലെയും ഇസ്‌ലാമിക ലോകത്തെയും മതരാഷ്ട്രീയ സാഹചര്യം, മൈസൂരിന്റെ ചരിത്രപരമായ സ്ഥാനം, ടിപ്പുവിന്റെ കുടുംബം, ഹൈദറലി: ജനനം മുതല്‍ സൈനിക പദവി വരെ, ഖുദാദാദ് സല്‍ത്തനത്തിന്റെ രൂപീകരണം മുതല്‍ ഹൈദറലിയുടെ ചരമം വരെ, ഹൈദറലിയുടെ വ്യക്തിത്വം; സവിശേഷ ഗുണങ്ങളും പ്രത്യേകതകളും, ടിപ്പു സുല്‍ത്താന്‍ ജനനം മുതല്‍ കിരീട ധാരണം വരെ, ആഭ്യന്തര കാര്യങ്ങളിലെ ശ്രദ്ധയും ഉസ്മാനിയാ ഖിലാഫത്തിനുള്ള നിവേദനവും, ടിപ്പു പ്രബോധനകന്‍ എന്ന നിലയില്‍, ടിപ്പു പണ്ഡിതനും വിജ്ഞാന സംരക്ഷകനും എന്ന നിലയില്‍, നൈസര്‍ഗിക ഗുണങ്ങള്‍ തുടങ്ങി 25 അധ്യായങ്ങളാണ് ഈ കൃതിയില്‍ ഉള്ളത്. ടിപ്പു സുല്‍ത്താന്റെ ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ വഴികാട്ടിയാണ് ഈ കൃതി എന്നതില്‍ സംശയമില്ല.

മലയാള പരിഭാഷ: എ.കെ അബ്ദുല്‍ മജീദ്
വില : 120
പ്രസാധനം : മുഫക്കിറുല്‍ ഇസ്‌ലാം ഫൗണ്ടേഷന്‍
ബിംബിനോ മാര്‍ക്കറ്റ്, കോര്‍ട്ട് റോഡ്, കോഴിക്കോട് 1

Related Articles