Current Date

Search
Close this search box.
Search
Close this search box.

ജീവിതം അര്‍ഥപൂര്‍ണമാക്കാന്‍

life.jpg

ഇഹലോകത്ത് നമുക്ക് നല്‍കപ്പെട്ട പരിമിതമായ സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ നമ്മുടെ ജീവിതത്തിലും പെരുമാറ്റത്തിലും ഇടപെടലുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇസ്‌ലാമികാടിത്തറയില്‍ വിവരിക്കുന്ന കൃതികളുടെ വിടവ് നികത്താന്‍ കുറച്ചൊക്കെ പര്യാപ്തമായ ഒന്നാണ് ‘ജീവിതം ആസ്വദിക്കൂ…’ എന്ന ഗ്രന്ഥം. ‘ഇംസ്തംതിഅ് ബി ഹയാത്തിക’ എന്ന അറബി ഗ്രന്ഥത്തിന്റെ പരിഭാഷയാണിത്. മാതൃകാപുരുഷന്‍മാരായ പ്രവാചകപ്രഭുവിന്റെയും അനുചരന്മാരുടെയും ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ചരിത്ര ശകലങ്ങള്‍ കോര്‍ത്തിണക്കിയ ഈ ഗ്രന്ഥം ഏതൊരു വായനക്കാരനെയും ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.

ധാരാളം പണം സമ്പാദിച്ച് സുഖിച്ച് ജീവിക്കുക എന്നതല്ല ‘ജീവിതം ആസ്വദിക്കൂ’ എന്നതിലൂടെ ഉദ്ദേശിക്കപ്പെടുന്നത്. മറിച്ച് സ്വന്തം ശേഷികളും കഴിവുകളും തിരിച്ചറിഞ്ഞ് അവയെ വളര്‍ത്താനും വാടിയ മുഖത്ത് പുഞ്ചിരി വിടര്‍ത്താനും വിഷാദം പ്രസാദമാക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും വിക്ഷോഭം വിവേകമാക്കാനും വിശ്വാസത്തെ ആയുധമാക്കാനും അല്ലാഹു ആദരിച്ച സൃഷ്ടി എന്ന നിലക്ക് ഉല്‍കൃഷ്ടനായ മനുഷ്യനാകാനും ഉത്തരവാദിത്തങ്ങളും ദൗത്യങ്ങളും പൂര്‍ണരൂപത്തില്‍ നിര്‍വഹിക്കാന്‍ ശ്രമിക്കാനും ആവശ്യപ്പെടുകയാണ് ഗ്രന്ഥകാരന്‍ ഈ കൃതിയില്‍ ചെയ്യുന്നത്.  
പ്രമുഖ പണ്ഡിതനും അറിയപ്പെടുന്ന മാനവ വിഭവശേഷി പരിശീലകനുമായ ഡോ. മുഹമ്മദ് അല്‍ അരീഫിയാണ് ഇതിന്റെ രചയിതാവ്. സുഊദി അറേബ്യയിലും പുറത്തുമുള്ള വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസമിതി അംഗമാണ്.  അര്‍റിസാല, ദുബൈ ടെലിവിഷന്‍, ഖത്തര്‍ ടെലിവിഷന്‍, ഇഖ്‌റഅ് എന്നീ ചാനലുകളില്‍ സ്ഥിരം പരിപാടികള്‍ അവതരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ പല കൃതികളുടെയും ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട് എന്നത് തന്നെ അവയുടെ ആകര്‍ഷണീയത വിളിച്ചോതുന്നു. ‘ജീവിതം ആസ്വദിക്കൂ’ എന്ന കൃതി ഇരുപത് വര്‍ഷത്തെ പഠന നീരീക്ഷണങ്ങളുടെ ഫലമായി രൂപപ്പെട്ടതാണെന്ന് അരീഫി അവകാശപ്പെടുന്നു.

അദ്ദേഹം എഴുതുന്നു: ‘….. ജീവിതം കയ്പും മധുരവും കൂടിച്ചേര്‍ന്നതാണ്. നമുക്കതില്‍ തര്‍ക്കമില്ല. എന്നിട്ടും നാമെന്തിനാണ് പലപ്പോഴും ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കുന്നത്? അങ്ങനെ അല്‍പനേരത്തെ ആധിക്കുപകരം നാം ദിവസങ്ങളോളം സങ്കടപ്പെട്ടു കഴിയുന്നു. വേണ്ടാത്ത കാര്യങ്ങളില്‍ നാം മണിക്കൂറുകളോളം ദുഃഖിച്ചിരിക്കുന്നു. എന്തുകൊണ്ടാണത്? സങ്കടങ്ങളും സന്താപങ്ങളും നമ്മുടെ സമ്മതം ചോദിക്കാതെ, നമ്മുടെ മനസ്സില്‍ ചേക്കേറുകയാണ്. മനസ്സില്‍ ആധിയുടെ ഓരോ വാതില്‍ തുറക്കുമ്പോഴും അത് കൊട്ടിയടക്കാന്‍ ആയിരം വഴികളുണ്ട് എന്നറിയുക. ഇതാണ് നാം മനസ്സിലാക്കാന്‍ പോകുന്നത്.  മറ്റൊരു കാര്യം ശ്രദ്ധിക്കുക; ജനങ്ങള്‍ക്ക് പ്രിയങ്കരരായ എത്ര പേരുണ്ട്? അവരെ കാണേണ്ട താമസം, ആളുകള്‍ സന്തോഷിക്കുകയും അവരോടൊപ്പം ഒന്നിരിക്കാന്‍ കൊതിക്കുകയും ചെയ്യുന്നു. അത്തരക്കാരില്‍ ഒരാളാകാന്‍ നാം എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? നാമെന്താണ് എപ്പോഴും മറ്റുള്ളവരില്‍ ആകൃഷ്ടരാവാന്‍ മാത്രം ശ്രദ്ധിക്കുന്നത്? ഒരിക്കലും മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ മിനക്കെടുന്നില്ല? അതിനെന്തുവേണമെന്നാണ് അറിയാന്‍ പോകുന്നത്……. ജീവിതം ആനന്ദകരമാക്കിത്തീര്‍ക്കുന്ന വഴികള്‍ നമുക്കു പഠിക്കാം. ആളുകളെ ആകര്‍ഷിക്കുന്ന ശൈലികള്‍. അവരെ സ്വാധീനിക്കുന്നതെങ്ങനെ?, അവരുടെ പിഴവുകള്‍ സഹിക്കുകയും അരോചകമായി പെരുമാറുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നൊക്കെ നമുക്ക് നോക്കാം.’
ഏതൊരാള്‍ക്കും സുഗ്രാഹ്യമായ ചെറിയ ചെറിയ ഉദാഹരണങ്ങളിലൂടെ, നമ്മുടെ ചെറിയ അശ്രദ്ധ കൊണ്ട് മാത്രം സംഭവിക്കുന്ന പാളിച്ചകളെയും ന്യൂനതകളെയും പെരുമാറ്റ വൈകല്യങ്ങളെയും വായനക്കാരെ ബോധ്യപ്പെടുത്തുന്ന ഈ രചന കുടുംബത്തിലും സമൂഹത്തിലും ഇടപെടുമ്പോള്‍ ഏറെ പ്രയോജനപ്രദമാണ്. അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രതിദിനം ജീവിതം നവീകരണത്തിന് വിധേയമാക്കുന്നവര്‍ക്ക് മാത്രമേ പുരോഗതി കൈവരിക്കാനാവൂ എന്ന് സമര്‍ത്ഥിക്കുന്ന ഈ കൃതിയില്‍ ഓരോ അധ്യായത്തിന്റെയും അവസാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചെറുകുറിപ്പുകള്‍ പോലും അനവദ്യസുന്ദരങ്ങളാണ്.

മലയാള വിവര്‍ത്തനം: അബ്ദുര്‍റഹ്മാന്‍ ആദൃശ്ശേരി
പ്രസാധനം: അറേബ്യന്‍ ബുക് ഹൗസ്, കോട്ടക്കല്‍
പേജ്: 470, വില: 290.00

Related Articles