Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനും ഫെമിനിസ്റ്റ് വ്യാഖ്യാനങ്ങളും; ഒരു വിമര്‍ശന പഠനം

Feminist-edges.jpg

അമേരിക്കയിലെ കുടിയേറ്റ സമൂഹത്തിലാണ് ആഇശ ഹിദായത്തുല്ല വളര്‍ന്നത്. അറ്റ്ലാന്റയിലെ എമറി യൂണിവേഴ്സിറ്റിയിലായിരുന്നു ബിരുദ പഠനം. ഇസ്‌ലാമുമായുള്ള അവരുടെ വിമര്‍ശനാത്മകമായ ഇടപാടുകള്‍ ആരംഭിക്കുന്നത് തന്നെ അവിടെ വെച്ചാണ്. ആ സന്ദര്‍ഭത്തില്‍ തന്നെയാണ് ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളും വായിക്കാന്‍ തുടങ്ങുന്നത്. അവിടെ എം.എസ്.എ (Muslim students’ association) എന്ന ഒരു മുസ്ലിം കൂട്ടായ്മയുടെ നേതൃത്വമേറ്റെടുക്കാന്‍ അവര്‍ക്കവസരം ലഭിച്ചിരുന്നു. അത് ഇസ്‌ലാമിനെക്കുറിച്ചും അധികാരത്തെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചുമെല്ലാം പുനരാലോചിക്കാനും പുതിയ ചോദ്യങ്ങള്‍ രൂപപ്പെടുത്താനും അവരെ സഹായിക്കുകയുണ്ടായി. ലൈലാ അഹ്മദിന്റെ Women and gender in Islam അക്കാലത്താണ് അവര്‍ വായിക്കുന്നത്. ആയിടക്കാണ് ആമിനാ വദൂദിന്റെ Quran and Women എന്ന പുസ്തകം ഓക്സ്ഫോര്‍ഡ് പ്രസിദ്ധീകരിക്കുന്നത്. ആ പുസ്തകങ്ങളെല്ലാം വായിച്ചപ്പോഴാണ് അവര്‍ക്ക് പാരമ്പര്യം, ഖുര്‍ആനിക വ്യാഖ്യാനശാസ്ത്രം, ഇസ്‌ലാമിക ഫെമിനിസ്റ്റ് വായനകള്‍ എന്നിവയിലെല്ലാം താല്‍പര്യം ജനിക്കുന്നതും സൂക്ഷമമായ അര്‍ത്ഥത്തില്‍ പഠിക്കാനാരംഭിക്കുന്നതും. അങ്ങനെയാണ് ഖുര്‍ആനിന്റെ ഫെമിനിസ്റ്റ് വ്യാഖ്യാന രീതികള്‍ എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യാന്‍ അവര്‍ തീരുമാനിക്കുന്നത്.

ഗവേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം അവര്‍ കുറച്ച് കൂടി വ്യത്യസ്തമായി ഇസ്‌ലാമിക ഫെമിനിസ്റ്റ് പാരമ്പര്യത്തെ നോക്കിക്കാണാന്‍ തുടങ്ങുകയുണ്ടായി. അങ്ങനെയാണ് ഈ പുസ്തകത്തിന്റെ രചനയിലേക്ക് കടക്കുന്നത്. ഈ പുസ്തകം അവര്‍ പഠിച്ച ഖുര്‍ആനിന്റെ ഫെമിനിസ്റ്റ് വായനകളോടുള്ള ഒരു വിമര്‍ശനാത്മക ഇടപാടാണ്. അതേസമയം തന്നെ സങ്കീര്‍ണ്ണവും വെല്ലുവിളിയുയര്‍ത്തുന്നതുമായ ഇടപെടലാണിത് എന്നെനിക്ക് നല്ല ബോധ്യമുണ്ട്. കാരണം നീതിയെയും സമത്വത്തെയും മുന്‍നിര്‍ത്തി ഖുര്‍ആനിനെക്കുറിച്ച് നിലനില്‍ക്കുന്ന ചില മൗലികമായ ഫെമിനിസ്റ്റ് ധാരണകളെയും ഞാന്‍ ചോദ്യം ചെയ്യുന്നുണ്ട്. അതേറെ വെല്ലുവിളിയുയര്‍ത്തുന്നതാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. കാരണം എന്റെ ഗുരുക്കന്‍മാരെത്തന്നെയാണ് ഞാന്‍ വിമര്‍ശനത്തിന് വിധേയമാക്കുന്നത്.

എന്ത് കൊണ്ടാണ് ഈ പുസ്തകത്തിന് Feminist edges of the Quran എന്ന തലക്കെട്ട് കൊടുത്തത് എന്നതിനെക്കുറിച്ച് ആഇശ തന്നെ പറയുന്നുണ്ട്: ‘ഒരു കേന്ദ്രത്തെ അടിസ്ഥാനപ്പെടുത്തി ഇസ്‌ലാമിക പാരമ്പര്യത്തെ സ്ഥിരപ്പെടുത്തുകയയും  പുതിയ ജ്ഞാനാന്വേഷണങ്ങളെ തടയുകയും ചെയ്യുന്ന അധികാര പ്രവണതകളെ വെല്ലുവിളിക്കുന്നു എന്നതാണ് Edges  ( അഗ്രം) ന്റെ പ്രത്യേകത. ഖുര്‍ആനിന്റെ ഫെമിനിസ്റ്റ് വായനകളെക്കുറിച്ച എന്റെ സംസാരവും ആലോചനയും സാധ്യമായത് ഈ സങ്കല്‍പ്പത്തെ മുന്‍നിര്‍ത്തി ചിന്തിച്ചപ്പോഴാണ് എന്നാണെനിക്ക് തോന്നുന്നത്. ഈ സങ്കല്‍പ്പത്തെ മുന്‍നിര്‍ത്തിയാണ് ഫെമിനിസ്റ്റ് വായനകള്‍ അധികാരപൂര്‍വ്വമായ ഖുര്‍ആനിക വായനകളെ വെല്ലുവിളിക്കുന്നതും പുതിയ സാധ്യതകളെ മുന്നോട്ട് വെക്കുന്നതും. അധികാര കേന്ദ്രീകൃതമായ കേന്ദ്രത്തെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും അഗ്രത്തെ മുന്‍നിര്‍ത്തിയുള്ള ഇത്തരം ആലോചനകള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതേസമയം തന്നെ ഞാന്‍ വളരെ വിമര്‍ശനാത്മകമായാണ് ് ഈ സമീപനത്തെ നോക്കിക്കാണുന്നത്.

വേറൊരു തലത്തില്‍ കൂടി അവര്‍ ഈ പുസ്തകത്തില്‍ അഗ്രത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അത്പക്ഷേ ഖുര്‍ആനിന്റെ വ്യാഖ്യാന പാരമ്പര്യത്തിന്റെ അഗ്രത്തെക്കുറിച്ച് മാത്രമല്ല, മറിച്ച് ഖുര്‍ആനിന്റെ അഗ്രത്തെക്കുറിച്ച് തന്നെയാണ്. ഈ പുസ്തകത്തില്‍ ഖുര്‍ആനിന്റെ ലോകവീക്ഷണവും ഫെമിനിസത്തിന്റെ നീതിയെക്കുറിച്ച സങ്കല്‍പ്പവും തമ്മിലുള്ള പൊരുത്തക്കേടുകളെക്കുറിച്ച് അവര്‍ സൂചിപ്പിക്കുന്നു. അഥവാ, ഫെമിനിസ്റ്റ് മൂല്യങ്ങളെ മുന്‍നിര്‍ത്തി ഖുര്‍ആനിനെ സമീപിക്കുന്ന രീതിയെയാണ് അവര്‍ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത്.

1990 കള്‍ക്ക് ശേഷം അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ചെയ്ത ഖുര്‍ആനിന്റെ ഫെമിനിസ്റ്റ് വായനകളെയാണ് ആഇശ പരിശോധിക്കുന്നത്. പ്രധാനമായും റിഫാത്ത് ഹസ്സന്‍, അസ്സീസ ഹിബ്റി, ആമിന വദൂദ്, അസ്മ ബര്‍ലാസ് എന്നിവരുടെ പഠനങ്ങളാണ് അവര്‍ അന്വേഷിക്കുന്നത്. പ്രധാനമായും ഇസ്‌ലാമിക് ഗ്രന്ഥങ്ങളെ മുന്‍നിര്‍ത്തി തന്നെയാണ് അവര്‍ ലിംഗനീതിയെക്കുറിച്ച പുതിയ ദൈവശാസ്ത്രപരമായ അന്വേഷണങ്ങള്‍ രൂപപ്പെടുത്തുന്നത്. 1990 കളോട് കൂടിയാണ് അത്തരം പഠനങ്ങള്‍ വരാന്‍ തുടങ്ങുന്നത്.

ഇസ്‌ലാമിക ആധുനികതയുടെ സ്വാധീനവും അവരുടെ പഠനങ്ങളില്‍ കാണാന്‍ സാധിക്കും. ഖുര്‍ആനിന്റെ ബഹുമുഖമായ വായനകളുടെ സാധ്യതകളെയാണ് അവരന്വേഷിക്കുന്നത്. അതോടൊപ്പം തന്നെ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നവരുടെ ചരിത്രപരവും സാമൂഹ്യവുമായ പശ്ചാത്തലങ്ങളെ ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്ന് അവരാവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഖുര്‍ആന്‍ ലിംഗനീതിയെയും സമത്വത്തെയും മുന്നോട്ട് വെക്കുന്നുണ്ടെന്നും എന്നാല്‍ ഇസ്‌ലാമിലെ പുരുഷ മേധാവിത്വപരമായ ദൈവശാസ്ത്രമാണ് അതിന് തടസ്സം നില്‍ക്കുന്നതെന്നും അവര്‍ വാദിക്കുന്നു. നമ്മള്‍ സൂക്ഷമമായി പരിശോധിക്കുകയാണെങ്കില്‍ നൈതികതയിലധിഷ്ഠിതമായ ആശയങ്ങള്‍ ഖുര്‍ആനില്‍ ധാരാളം നമുക്ക് കണ്ടെടുക്കാം എന്നാണ് അവരുടെ പക്ഷം. പാരമ്പര്യത്തോടുള്ള വിമര്‍ശനാത്മകമായ ഇടപാടുകളിലൂടെ പാരമ്പര്യത്തിനകത്ത് തന്നെ അവര്‍ തങ്ങളുടെ സ്ഥാനത്തെ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ സമത്വത്തെയും നീതിയെയും സമകാലികമായ ഫെമിനിസ്റ്റ് ധാരണകളെ മുന്‍നിര്‍ത്തിയാണ് അവര്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് എന്നും അത് പ്രശ്‌നകരമാണെന്നുമാണ് ആഇശയുടെ പക്ഷം. ഈ പുസ്തകത്തിലുടനീളം ഇസ്‌ലാമിക ഫൈമിനിസ്റ്റ് പാരമ്പര്യത്തോട് അവരുന്നയിക്കുന്ന വിമര്‍ശനം അത് തന്നെയാണ്.

Related Articles