Current Date

Search
Close this search box.
Search
Close this search box.

ഒരു ഫലസ്തീനിയുടെ ഓര്‍മക്കുറിപ്പുകള്‍

looking-for-pal.jpg

എഡ്വേര്‍ഡ് സെയ്ദിനെ ഓര്‍ക്കാതെ  നജ്‌ല സയ്ദിന്റെ Looking for palastine: growing up confused in an arab american family എന്ന പുസ്തകം വായിക്കുക അസാധ്യമാണ്. എഡ്വേര്‍ഡ് സെയ്ദിന്റെ മകളായത് കൊണ്ടാണ് നമ്മില്‍ പലരും നജ്‌ല സയ്ദിനെ വായിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറോടെ കൂടി എഡ്വേര്‍ഡ് സെയ്ദിനെ നമുക്ക് നഷ്ടമായിട്ട് 10 വര്‍ഷം പൂര്‍ത്തിയായി. പോസ്റ്റ് കൊളോണിയന്‍ ലിറ്റററി ക്രിട്ടിക്കുകളെയും ആന്ത്രോപ്പോളജിസ്റ്റുകളെയും സോഷ്യളജിസ്റ്റുകളെയുമെല്ലാം സെയ്ദ് ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പലസ്തീനെ കുറിച്ച് ഏറെ വൈകാരികമായി എഴുതകയും ടി.വി ഷോകളില്‍ പങ്കെടുക്കുകയും ഒരുപാട് പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. നജ്‌ല സയ്ദ് ഈ പുസ്തകത്തില്‍ പറയുന്നത് ഒരു പിതാവായ എഡ്വേര്‍ഡ് സെയ്ദിനെ കുറിച്ചാണ്. A larger than life father എന്നാണ് നജ്‌ല തന്റെ പിതാവിനെ വിശേഷിപ്പിക്കുന്നത്.

‘ഓറിയന്റലിസ’ത്തിനുശേഷം എഴുതപ്പെട്ട The world, the text, and the critic എന്ന പുസ്തകത്തില്‍  എഡ്വേര്‍ഡ് സെയ്ദ് പറയുന്നത് ഫിലിയേഷനുമായും അഫിലിയേഷനുമായുള്ള ഒരു നിരൂപകന്റെ (critic) ബന്ധത്തെ കുറിച്ചാണ്. ഫിലിയേഷന്‍ എന്നത് ജനങ്ങളുമായുള്ള പ്രകൃതിപരമായ, ബയോളജിക്കലായ ബന്ധമാണ്. നമ്മുടെ ഫാമിലിയുമായി നമുക്കുള്ളത് ഈ ബന്ധമാണ്. വൈകാരികമായ ബന്ധമാണത്. എന്നാല്‍ അഫിലയേറ്റീവായ ബന്ധം എന്നത് നാം നേടിയെടുക്കുന്നതാണ്. ജനനം വഴി ലഭിക്കുന്നതല്ല. രാഷ്ട്രീയ, സാംസ്‌കാരിക ബന്ധങ്ങള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്. ഇവ രണ്ടും തമ്മിലുളള വ്യത്യാസത്തെ അന്വേഷിക്കുകയും തിരിച്ചറിയുകയും ചെയ്യുക എന്നതാണ് ഒരു ക്രിട്ടിക്ക് അനിവാര്യമായും ചെയ്യേണ്ടത്. സ്വന്തത്തെക്കുറിച്ചും ഈ ലോകത്തെ കുറിച്ചുമുള്ള തീര്‍ത്തും പാരമ്പര്യ ചിന്തയെ വെല്ലുവിളിക്കുകയാണ് ഈ പുസ്തകത്തിലൂടെ സെയ്ദ് ചെയ്തത്.
    
നജ്‌ല സയ്ദിന്റെ ഈ  പുസ്തകത്തിന് ഒരു നോവലിന്റെ വിവരണ ശൈലിയാണുള്ളത്. ഫിലിയേഷനും അഫിലിയേഷനും തമ്മിലുള്ള വിടവിനെക്കുറിച്ചാണ് അവരെഴുതുന്നത്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചാണ് പുസ്തകത്തിന്റെ പകുതിയോളും ഭാഗങ്ങളില്‍ അവര്‍ പറയുന്നത്. വ്യത്യസ്തങ്ങളായ സ്വത്വങ്ങളില്‍ പെട്ട് താനാരാണ് എന്ന് സ്വന്തമായി നിര്‍വചിക്കാന്‍ കഴിയാത്ത നിഷ്‌കളങ്കയായ നജ്‌ല സെയ്ദിനെയാണ് നാമിവിടെ കാണുന്നത്. എന്നാല്‍ ഈ നിഷ്‌കളങ്കത തീര്‍ത്തും ഉദ്ദേശ്യപൂര്‍വ്വമായിരുന്നുവെന്ന് പിന്നീട് നമുക്ക് മനസ്സിലാകും. പുസ്തകത്തിലുടനീളം അവര്‍ എഡ്വേര്‍ഡ് സെയ്ദിനെ ഡാഡി എന്നു വിളിക്കുന്നത് അതുകൊണ്ടാണ്. നജ്‌ലയുടെ നിഷ്‌കളങ്കതയെ സൂക്ഷമമായി പരിശോധിക്കുകയാണെങ്കില്‍ നമുക്കൊരു കാര്യം ബോധ്യപ്പെടും. അവര്‍ എഡ്വേര്‍ഡ് സെയ്ദിനെ ‘ഡാഡി’ എന്ന് വിളിക്കുന്നത് ഒരു ബുദ്ധിജീവിയായി അദ്ദേഹത്തെ അംഗീകരിക്കാനല്ല. മറിച്ച് താനാരാണെന്ന് നിര്‍വചിക്കാന്‍ കഴിയാത്ത വിധം ആശയക്കുഴപ്പത്തിലായ ഒരു മകളുടെ പിതാവെന്ന നിലയില്‍ അദ്ദേഹത്തെ മനസ്സിലാക്കാനാണ്.
    
എഡ്വേര്‍ഡ് സെയ്ദിനെ ഡാഡി എന്ന് വിളിക്കുന്നതിലൂടെ നജ്‌ല ചെയ്യുന്നത് അദ്ദേഹത്തെ ഒരു കുടുംബ നാഥനായും പിതാവായും കാണുക എന്നതാണ്. ഒരു അക്കാദമീഷ്യനായ എഡ്വേര്‍ഡ് സെയ്ദിനെ നമുക്ക് പുസ്തകത്തില്‍ കാണാന്‍ കഴിയില്ല. ജോലി ചെയ്യുകയും കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഗൃഹനാഥനെയാണ് നജ്‌ല തന്റെ പിതാവില്‍ കാണുന്നത്. അവരെഴുതുന്നു:  ‘നന്നായി വായിക്കുകയും പഠിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചടത്തോളം എഡ്വേര്‍ഡ് സെയ്ദ് പോസ്റ്റ്-കൊളോണിയല്‍ പഠനങ്ങളുടെ പിതാവാണ്. ചിലരെ സംബന്ധിച്ചടത്തോളം അദ്ദേഹം ഫലസ്തീന്‍ അവകാശ പോരാട്ടങ്ങളുടെ ഒരു സിംബലാണ്. എന്നാല്‍ എനിക്കദ്ദേഹം എന്റെ സ്വന്തം ഡാഡിയാണ്. അവര്‍ തുടരുന്നു. ‘ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും എനിക്ക് ഡാഡി സമ്മാനങ്ങള്‍ കൊണ്ടുവരും. ഞാന്‍ കരയുമ്പോള്‍ എന്റെ ഡാഡി എന്നെ കെട്ടിപ്പിടിച്ച് ആശ്വാസിപ്പിക്കും.’
    
സഹോദരന്‍ വാദിയെപ്പോലെ എഡ്വേര്‍ഡ് സെയ്ദിന്റെ ഇന്റലക്ചല്‍ കരിയര്‍ ഏറെയെന്നും നജ്‌ലയെ സ്വധീനിച്ചിട്ടില്ല. നോം ചോംസ്‌കിയെ പോലുള്ള ബുദ്ധിജീവികളെ വീട്ടില്‍ കാണുമ്പോള്‍ അവര്‍ക്ക് അത്ഭുതമായിരുന്നു. തന്റെ പിതാവിനോടുള്ള ആളുകളുടെ അടുപ്പവും സ്‌നേഹവും നജ്‌ലയെ ഏറെ സന്തോഷിപ്പിച്ചിരുന്നു.
    
തന്റെ ആദ്യകാല സ്‌കൂള്‍ ജീവിതങ്ങള്‍ നജ്‌ലയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. അതീവ സങ്കീര്‍ണ്ണമായ മാനസിക പ്രശ്‌നങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് താങ്ങാന്‍ കഴിയാത്ത ചോദ്യങ്ങളും ആക്ഷേപങ്ങളുമായിരുന്നു അവര്‍ നേരിട്ടത്. വംശീയമായ ചോദ്യങ്ങളായിരുന്നു അവ. പിതാവ് ഒരു ഫലസ്തീനിയാണെന്നും തങ്ങളുടെ കുടുംബം എപിസ്‌കോപാലിയന്‍ സംസ്‌കാരം പിന്തുടരാത്തവരാണെന്ന നജ്‌ലയുടെ മറുപടിയൊന്നും അവരെ തൃപ്തരാക്കിയില്ല. നജ്‌ല എഴുതുന്നു: ‘എനിക്ക് മിഡില്‍ ഈൗസ്റ്റിലെ അന്നത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ കുറിച്ചൊന്നും ധാരണയുണ്ടായിരുന്നില്ല. മുസ്‌ലിംകള്‍ ആരാണെന്നുപോലും എനിക്കറിയില്ലായിരുന്നു. ഞാന്‍ ഒരു മുസ്‌ലിമിനെപോലും പരിചയപ്പെട്ടിരുന്നില്ല. സ്‌കൂളില്‍ ചേരുന്നതിന് മുമ്പ് എനിക്ക് കുറച്ച് ജൂത സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാല്‍ സയണിസം എന്താണെന്ന് എനിക്കറിയല്ലായിരുന്നു.’
 

ഫലസ്തീനിലെയും ലബനാനിലെയും ഇസ്രായേല്‍ അധിനിവേശക്കാലത്ത് ഞാന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് നജ്‌ല എഴുതുന്നുണ്ട്. തന്റെ അറബ് ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്ന വെളുത്ത നിറമുള്ള സഹപാഠികളെ കളിയാക്കികൊണ്ട് അവര്‍ പറയുന്നു: ‘ആര്‍ ആരോടാണ് ഏറ്റുമുട്ടുന്നതെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ബോംബിന്റെയും വെടിയൊച്ചയുടെയും ശബ്ദം ഞാന്‍ കേട്ടിട്ടുണ്ട് എന്നു മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. ഷെല്ലാക്രമണമുണ്ടായപ്പോള്‍ എങ്ങനെയാണ് ഞങ്ങള്‍ സുരക്ഷിതമായ ഒരു സ്ഥലത്ത് ആഴ്ചകളോളം കഴിച്ചുകൂട്ടിയതെന്ന് എനിക്ക് പറയാന്‍ കഴിയും. ഇരുട്ടെന്താണെന്ന് തിരിച്ചറിഞ്ഞ ആ ദിനങ്ങളെകുറിച്ച് എനിക്ക് വിവരിക്കാന്‍ കഴിയും. ഏതൊരു യുദ്ധവും ഭീകരമായ അക്രമമാണെന്ന് മനസ്സിലാക്കാന്‍ എന്റെ അനുഭവങ്ങള്‍ തന്നെ ധാരാളമുണ്ടായിരുന്നു. നിങ്ങളിപ്പോള്‍ ഇത്രയും മനസ്സിലാക്കിയാല്‍ മതി.’
     
തന്റെ കുടുംബവുമൊന്നിച്ചുള്ള ഒരു ഫലസ്തീന്‍ യാത്രയില്‍ വെച്ച് കാണാനിടയായ സമപ്രായക്കാരായ കുട്ടികളെക്കുറിച്ച് നജ്‌ല എഴുതുന്നു: ‘അവരെന്നെ പോലെ  ഈ ചരിത്രത്തിലേക്ക് പിറന്നുവീണവരാണ്. എന്നെപ്പോലെ തന്നെ ഫലസ്തീനെകുറിച്ച് അവര്‍ക്ക് യാതൊരു ഓര്‍മകളുമില്ല. എന്നാല്‍ എന്നെക്കാള്‍ അധിനിവേശത്തിന്റെ ഭീകരത ദിനേനയെന്നോണം അനുഭവിക്കുന്നത് ഈ പിഞ്ചുപൈതങ്ങളാണ്.’
    
ഫലസ്തീനിനെ ഈ പുസ്തകത്തിലൂടനീളം നമുക്ക് കാണാന്‍ കഴിയും. തന്റെ അറബ് – അമേരിക്കന്‍ -ലബനീസ് സ്വത്വത്തെ കൃത്യമായി തിരിച്ചറിയുന്നതോടൊപ്പം ഫലസ്തീനു വേണ്ടി എഴുതുകയും ധാരാളം പ്രഭാഷണങ്ങള്‍ നടത്തുകയും ഇസ്രായേലീ പട്ടാളത്തിന് നേരെ കല്ലെറിയുകയും ചെയ്ത തന്റെ ഡാഡിയെയും നജ്‌ല കണ്ടെത്തുന്നുണ്ട്.
    
ഗസ്സയിലേക്ക് തന്റെ കുടുംബവുമൊന്നിച്ച് നടത്തിയ ഒരു യാത്രയെക്കുറിച്ച് നജ്‌ല പറയുന്നുണ്ട്. അന്നാണ് ഇസ്രായേലിന്റെ കൊളോണിയല്‍ അധിനിവേശത്തെ അവര്‍ നേരിട്ടുകാണുന്നത്. നജ്‌ല എഴുതുന്നു: ‘ഫലസ്തീനികള്‍ക്കുള്ള യാത്ര എന്റെ മാനസിക സംഘര്‍ഷത്തെ അധികരിപ്പിച്ചു. മുഴുവന്‍ ഫലസ്തീനികള്‍ക്കും വേണ്ടി ജീവിക്കുകയും പ്രയാസങ്ങള്‍ നേരിടുകയും ചെയ്യണമെന്ന് ഞാനതിയായി ആഗ്രഹിച്ചു.’
    
നജ്‌ലയെ സംബന്ധിച്ചടത്തോളം ഫലസ്തീന്‍ എന്നത് ഉണങ്ങാത്ത ഒരു നോവാണ്. അവര്‍ ചോദിക്കുന്നു: ‘എന്തുകൊണ്ട് ഞാനിവിടെ ജീവിച്ചില്ല. എനിക്കാവശ്യമുള്ളപ്പോള്‍ ഒരു ജൂതയായി ജീവിക്കാന്‍ എനിക്കെന്തുകൊണ്ടാണ് കഴിഞ്ഞത്? ലോകത്തിലെ ഏറ്റവും മികച്ച സ്‌കൂളുകളില്‍ പഠിക്കാന്‍ എനിക്കെങ്ങനെയാണ് സാധിച്ചത്?
    
എഡ്വേര്‍ഡ് സെയ്ദിനെ വായിക്കുകയും നേരിട്ട് കണ്ടിട്ടില്ലെങ്കിലും പിതാവിനു തുല്യം സ്‌നേഹിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചടത്തോളം ഈ പുസ്തകത്തിലെ ഏറ്റുവം ഹൃദയഭേദകമായ രംഗം സെയ്ദിന്റെ മരണത്തെ കുറിച്ച നജ്‌ലയുടെ വിവരണം തന്നെയാണ്:  ‘2000 ത്തോളം ആളുകളാണ് ഡാഡിയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തത്. സൂസന്‍ സോണ്‍ടാഗ് കരയുകയായിരുന്നു. ആളുകളെല്ലാം അവരെയും നോംചോംസ്‌കിയെയും നോക്കി നിന്നു. അല്‍ ജസീറയാണ് ശവസംസ്‌കാര ചടങ്ങുകള്‍ ബ്രോഡ്കാസ്റ്റ് ചെയ്തത്. എന്റെ ഡാഡിയെ മിസ്സ് ചെയ്യുന്നുവെന്ന് ഞാനെപ്പോള്‍ പറയുമ്പോഴും ആളുകള്‍ പറയും. ‘ഓ,  ഞങ്ങളും മിസ്സ് ചെയ്യുന്നുണ്ട്. പിന്നെ അവരുടെ ജീവിതത്തെ ഡാഡി സ്വാധീനിച്ചതിനെ കുറിച്ച് പറയാന്‍ തുടങ്ങും. എന്റെ ഡാഡിയെ എനിക്ക് സ്വന്തമാക്കാന്‍ കഴിയില്ലെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അവ.’
    
നജ്‌ല സയ്ദിന്റെ ഈ പുസ്തകം ഒറ്റവാക്കില്‍ പറഞ്ഞാല്‍ തന്റെ ഐഡന്റിയെകുറിച്ച അന്വേഷണമാണ്. ‘പൊതുവായുള്ളത്’ എന്ന് പറയപ്പെടുന്ന, അറിവിനെയും അധികാരത്തെയും ഡിഫൈന്‍ ചെയ്യുന്ന, സെക്കുലര്‍ മോഡേണിറ്റിക്ക് കൂടെ കൂട്ടാന്‍ കഴിയാത്ത കുടിയേറ്റ ജീവിതങ്ങള്‍ അനുഭവിക്കുന്ന തീക്ഷണമായ ഐഡന്റിറ്റി ക്രൈസിസിനെ കുറിച്ചാണ് നജ്‌ല തന്റെ ജീവിതാനുഭവങ്ങളിലൂടെ പറഞ്ഞ് വെക്കുന്നത്. അതിനാല്‍ തന്നെ ഇത് അപരന്റെ പുസ്തകമാണ്.  അപരന്റെ സംഗീതമാണ്. അപരനോടുള്ള ഐക്യദാര്‍ഢ്യമാണ്.

Related Articles