Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ: ഇസ്‌ലാമിലും ജൂത- ക്രൈസ്തവ പാരമ്പര്യങ്ങളിലും ( 4 – 7 )

വിവാഹമോചനം സംബന്ധിച്ച നിലപാടുകളിൽ മൂന്ന് മതങ്ങളിലും കാതലായ വ്യത്യാസങ്ങളുണ്ട്. ക്രിസ്തുമതം വിവാഹമോചനത്തെ പൂർണ്ണമായും വെറുക്കുന്നു. വിവാഹം വേർപിരിക്കാനാവാത്തതാണെന്ന് പുതിയ നിയമം ഉറപ്പിച്ചുപറയുന്നു. “ദാമ്പത്യത്തിലെ അവിശ്വസ്തത കാരണമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്ന ഏതൊരാളും അവളെ വ്യഭിചാരത്തിലേക്ക് തള്ളിവിടുന്നു. വിവാഹമോചിതയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു” (മത്തായി 5:32) എന്ന് യേശു പറഞ്ഞതായി പറയപ്പെടുന്നു. ഈ കാഴ്ചപ്പാട് വാസ്തവത്തോട് യോചിച്ചതല്ലെന്ന കാര്യത്തിൽ സംശയമില്ല. കാരണം, ഇത് ധാർമ്മികമായി പരിപൂർണ്ണത നേടിയ സമൂഹത്തിൽ മാത്രം സാധ്യമാകുന്ന ഒന്നാണ്. നാം ഇതുവരെ ആ പരിപൂർണ്ണത നേടിയിട്ടില്ല. തങ്ങളുടെ ദാമ്പത്യ ജീവിതം മാറ്റത്തിരുത്തലുകൾക്ക് അതീതമാണെന്ന് ദമ്പതികൾ തിരിച്ചറിയുമ്പോൾ, വിവാഹമോചന നിരോധനം അവർക്ക് ഒരു ഗുണവും ചെയ്യുന്നില്ല. ഇണചേരാത്ത ദമ്പതികളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒരുമിച്ച് നിൽക്കാൻ നിർബന്ധിക്കുന്നത് ഫലപ്രദമോ ന്യായമോ അല്ല.

മറുവശത്ത്, യഹൂദമതം ഒരു കാരണവുമില്ലാതെ തന്നെ വിവാഹമോചനം അനുവദിക്കുന്നു. പഴയ നിയമം അനുസരിച്ച് ഭർത്താവിന് ഭാര്യയെ ഇഷ്ടമല്ലെങ്കിൽ അവളെ ഉപേക്ഷിക്കാനുള്ള അവകാശം നൽകുന്നു:
“ഒരു പുരുഷൻ തന്റെ ഭാര്യയുടെ അശ്ലീലമായ ഏതെങ്കിലും സ്വഭാവം കാരണം തന്റെ ഭാര്യയോട് ഇഷ്ടമില്ലാതായി, അവൾക്ക് വിവാഹമോചന സർട്ടിഫിക്കറ്റ് എഴുതി നൽകി, അവളെ വീട്ടിൽ നിന്ന് പറഞ്ഞയക്കുകയും ചെയ്താൽ, അവൾ രണ്ടാമതൊരാളുടെ ഭാര്യയായി. അവളുടെ രണ്ടാം ഭർത്താവ് അവളെ ഇഷ്ടമല്ലാതായി, വിവാഹമോചന സർട്ടിഫിക്കറ്റ് എഴുതി, അത് അവൾക്ക് നൽകി അവന്റെ വീട്ടിൽ നിന്ന് പറഞ്ഞയക്കുന്നു, അല്ലെങ്കിൽ അവൻ മരിച്ചു, എന്നാൽ അവളെ വിവാഹമോചനം ചെയ്ത ആദ്യ ഭർത്താവിന് അവളെ വിവാഹം കഴിക്കാൻ അനുവാദമില്ല (ആവർത്തനം 24:1-4).

വിവാഹമോചനം സംബന്ധിച്ച നിലപാടുകളിൽ മൂന്ന് മതങ്ങളിലും കാതലായ വ്യത്യാസങ്ങളുണ്ട്. ക്രിസ്തുമതം വിവാഹമോചനത്തെ പൂർണ്ണമായും വെറുക്കുന്നു.

ഇവിടെ പരാമർശിച്ചിരിക്കുന്ന “അനിഷ്‌ടത”, “അനാചാരം”, “അപമര്യാദ” എന്നീ പദങ്ങളുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള അഭിപ്രായന്തരം കാരണം ഇവ യഹൂദ പണ്ഡിതന്മാർക്കിടയിൽ കാര്യമായ ചില സംവാദങ്ങൾക്ക് വഴിതുറന്നു. താൽമൂദ് അവരുടെ വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു:

“ഒരു പുരുഷൻ തന്റെ ഭാര്യയുടെ അവിഹിതം കണ്ടെത്തിയില്ലെങ്കിൽ വിവാഹമോചനം ചെയ്യരുതെന്ന് ഷമ്മായി ധാര പറയുന്നു. അതേസമയം അവൾ തനിക്കുണ്ടാക്കുന്ന ഒരു വിഭവം കേടുവരുത്തിയാൽ അവളെ വിവാഹമോചനം ചെയ്യാമെന്ന് ഹില്ലെൽ ധാര പറയുന്നു. അവളെക്കാൾ സുന്ദരിയായ മറ്റൊരു സ്ത്രീയെ കണ്ടെത്തിയാലും വിവാഹ മോചനം പറ്റുമെന്ന് റബ്ബി അകിബ പറയുന്നു” (ഗിറ്റിൻ 90 എ-ബി).

പുതിയ നിയമം ഷമ്മായികളുടെ അഭിപ്രായത്തെ പിന്തുടരുന്നു, യഹൂദ നിയമം ഹില്ലെലൈറ്റുകളുടെയും ആർ. അക്കിബയുടെയും അഭിപ്രായമാണ് പിന്തുടരുന്നത്.(Epstein, op. cit., p. 196.) ഹില്ലെലൈറ്റുകളുടെ വീക്ഷണമാണ് അവിടെ നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ, ഒരു കാരണവുമില്ലാതെ ഭാര്യയെ വിവാഹമോചനം ചെയ്യാനുള്ള സ്വാതന്ത്ര്യം ഭർത്താവിന് നൽകുന്നത് യഹൂദ നിയമത്തിന്റെ അനിഷേധ്യമായ പാരമ്പര്യത്തിന്റെ ഭാഗമായി മാറി. പഴയ നിയമം ഭർത്താവിന് തന്റെ “ഇഷ്ടമല്ലാത്ത” ഭാര്യയെ വിവാഹമോചനം ചെയ്യാം. ഒരു “മോശം ഭാര്യ”യെ വിവാഹമോചനം ചെയ്യുന്നത് ഒരു ബാധ്യതയായി കണക്കാക്കുകയും ചെയ്യുന്നു:

“ദുഷ്ടയായ ഭാര്യയാണ് ഇടിഞ്ഞ മനസ്സിനും മ്ലാനമുഖത്തിനും വ്രണിതഹൃദയത്തിനും കാരണം. ഭര്‍ത്താവിനെ പ്രീതിപ്പെടുത്താത്ത ഭാര്യ ഭര്‍ത്താവിന്റെ കൈകള്‍ക്കു തളര്‍ച്ചയും കാലുകള്‍ക്ക് ദൗര്‍ബല്യവും വരുത്തുന്നു. ഒരു സ്ത്രീയാണ് പാപം തുടങ്ങിവച്ചത്; അവള്‍ നിമിത്തം നാമെല്ലാവരും മരിക്കുന്നു. വെള്ളം ചോര്‍ന്നുപോകാന്‍ അനുവദിക്കരുത്; ദുഷ്ടയായ സ്ത്രീയെ ഏറെ പറയാന്‍ അനുവദിക്കരുത്. അവള്‍ നിന്റെ വരുതിയില്‍ നില്‍ക്കുന്നില്ലെങ്കില്‍ ബന്ധം വിടര്‍ത്തുക” (സഭാപ്രസംഗി 23:26)

വിവാഹമോചനം ചെയ്യാൻ ഭർത്താക്കന്മാർ നിർബന്ധിതരാകുന്ന ഭാര്യമാരുടെ ചില പ്രത്യേക പ്രവർത്തനങ്ങൾ തൽമുദ് രേഖപ്പെടുത്തിയിട്ടുണ്ട്: “അവൾ തെരുവിൽ നിന്ന് ഭക്ഷണം കഴിക്കുക, തെരുവിൽ അത്യാഗ്രഹത്തോടെ മദ്യപിക്കുക, തെരുവിൽ നിന്ന് മുലകുടിക്കുക എന്നീ സാഹചര്യങ്ങളിലും അവൾ ബന്ധം പേർപിരിഞ്ഞ് പോകണമെന്ന് റബ്ബി മെയർ പറയുന്നു (Git. 89a). തൽമൂദ് ഒരു വന്ധ്യയായ ഭാര്യയെ (പത്ത് വർഷത്തിനുള്ളിൽ കുട്ടികളില്ലാത്ത) വിവാഹമോചനം ചെയ്യണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്: “ഞങ്ങളുടെ റബ്ബികൾ പഠിപ്പിച്ചു: ഒരു പുരുഷൻ ഒരു ഭാര്യയോടൊപ്പം പത്ത് വർഷം താമസിച്ചു, അവൾക്ക് കുട്ടികളുണ്ടായില്ല, അവൻ അവളെ വിവാഹമോചനം ചെയ്യും” (Yeb. 64 എ).

വിവാഹമോചനവുമായി ബന്ധപ്പെട്ട് ക്രിസ്തുമതത്തിനും യഹൂദമതത്തിനും ഇടയിലുള്ള മധ്യനിലയാണ് ഇസ്ലാം സ്വീകരിക്കുന്നത്. ഇസ്‌ലാമിൽ വിവാഹം ഒരു വിശുദ്ധ ബന്ധമാണ്. ശക്തമായ കാരണങ്ങളില്ലാതെ അത് തകർക്കാൻ പാടില്ല.

നേരെമറിച്ച്, യഹൂദ നിയമപ്രകാരം ഭാര്യമാരുടെ പക്ഷത്ത് നിന്ന് വിവാഹമോചനം കഴിയില്ല. എന്നിരുന്നാലും, കോടതി മുമ്പാകെ തക്കതായ കാരണം കാണിച്ചു കൊണ്ട് വിവാഹ മോചനത്തിനുള്ള അവകാശം ആവശ്യപ്പെടണം. ഭാര്യയുടെ പക്ഷത്ത് നിന്ന് വിവാഹമോചനം അവകാശപ്പെടാൻ വളരെ തുച്ഛമായ കാരണങ്ങൾ മാത്രമാണുള്ളത്. ശാരീരിക വൈകല്യങ്ങൾ/ത്വക്ക് രോഗം ഉള്ള ഭർത്താവ്, ദാമ്പത്യ ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്ത ഭർത്താവ് മുതലായവ ഈ കാരണങ്ങളിൽ പെടുന്നു. വിവാഹമോചനത്തിനുള്ള ഭാര്യയുടെ അവകാശവാദത്തെ കോടതി പിന്തുണച്ചേക്കാം, പക്ഷേ അത് കൊണ്ട് വിവാഹബന്ധം വേർപെടുത്താൻ കഴിയില്ല. ഭാര്യക്ക് വിവാഹമോചന ദൃവ്യം നൽകി വിവാഹബന്ധം വേർപെടുത്താൻ ഭർത്താവിന് മാത്രമേ കഴിയൂ. വിവാഹമോചനത്തിന് ആവശ്യമായ ദൃവ്യം ഭാര്യയെ ഏൽപ്പിക്കാൻ കോടതിക്ക് അവനെ തല്ലാനും പിഴ ചുമത്താനും തടവിലാക്കാനും പുറത്താക്കാനും കഴിയും. എന്നിരുന്നാലും, ഭർത്താവ് ശാഠ്യക്കാരനാണെങ്കിൽ, അയാൾക്ക് ഭാര്യയെ വിവാഹമോചനത്തിന് വിസമ്മതിക്കുകയും അവളെ അനിശ്ചിതകാലത്തേക്ക് ബന്ധിയാക്കി നിർത്തുകയും ചെയ്യാം. അതിലും മോശമായ കാര്യം, അവൾക്ക് വിവാഹമോചനം നൽകാതെ അവളെ ഒഴിവാക്കാം. ഇത് അവളെ വിവാഹിതയെന്നോ വിവാഹമോചിതയെന്നോ പറയാനാവാത്ത ഒരു അവസ്ഥയിലെക്ക് കൊണ്ടെത്തിക്കുന്നു. അതേസമയം അയാൾക്ക് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാം, ഏതെങ്കിലും സ്ത്രീയോടൊപ്പം ജീവിക്കാം, അവളിൽ നിന്ന് സന്താനോൽപാദനം നടത്താം. ( ജൂത നിയമപ്രകാരം ഈ കുട്ടികൾക്ക് സാധുത ലഭിക്കുന്നു). മറുവശത്ത്, ഉപേക്ഷിക്കപ്പെട്ട ഭാര്യക്ക് മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ കഴിയില്ല, കാരണം അവൾ ഇപ്പോഴും നിയമപരമായി വിവാഹിതയാണ്. അപ്പോളവൾ വ്യഭിചാരിണിയായി കണക്കാക്കപ്പെടും. ഈ ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികൾ പത്ത് തലമുറകൾ വരെ നിയമവിരുദ്ധമായിരിക്കും. ഈ രൂപത്തിലുളള സ്ത്രീയെ അഗുന (ചങ്ങലയിൽ ബന്ധിച്ച സ്ത്രീ) എന്ന് വിളിക്കപ്പെടുന്നു.(Swidler, op. cit., pp. 162-163.) ഇന്ന് അമേരിക്കൻ ഐക്യനാടുകളിൽ ഏകദേശം 1000 മുതൽ 1500 വരെ അഗുനോട്ട് (അഗുന എന്നതിന്റെ ബഹുവചനം) ഉണ്ട്. ഇസ്രായേലിൽ അവരുടെ എണ്ണം 16000 വരെ ഉയരും. ഒരു ജൂതന് വിവാഹമോചനത്തിന്റെ പേരിൽ കുടുങ്ങിപ്പോയ ഭാര്യമാരിൽ നിന്ന് ആയിരക്കണക്കിന് ഡോളർ തട്ടിയെടുക്കാം.(The Toronto Star, Apr. 8, 1995.)

വിവാഹമോചനവുമായി ബന്ധപ്പെട്ട് ക്രിസ്തുമതത്തിനും യഹൂദമതത്തിനും ഇടയിലുള്ള മധ്യനിലയാണ് ഇസ്ലാം സ്വീകരിക്കുന്നത്. ഇസ്‌ലാമിൽ വിവാഹം ഒരു വിശുദ്ധ ബന്ധമാണ്. ശക്തമായ കാരണങ്ങളില്ലാതെ അത് തകർക്കാൻ പാടില്ല. തങ്ങളുടെ വിവാഹബന്ധം അപകടത്തിലാകുമ്പോഴെല്ലാം സാധ്യമായ സർവ്വ പ്രതിവിധികളും പിന്തുടരാൻ ദമ്പതികളോട് നിർദ്ദേശിക്കുന്നു. മറ്റൊരു മാർഗവുമില്ലാതെ വരുമ്പോൾ മാത്രമാണ് വിവാഹ മോചനം തേടേണ്ടത്. ചുരുക്കത്തിൽ, ഇസ്ലാം വിവാഹമോചനത്തെ അംഗീകരിക്കുന്നു. എങ്കിലും എല്ലാ വിധത്തിലും അതിനെ നിരുത്സാഹപ്പെടുത്തുന്നു.

തങ്ങളുടെ വിവാഹബന്ധം അവസാനിപ്പിക്കാനുള്ള രണ്ട് പങ്കാളികളുടെയും അവകാശം ഇസ്‌ലാം അംഗീകരിക്കുന്നു. ഇസ്‌ലാം ഭർത്താവിന് തലാഖ് (വിവാഹമോചനം) നൽകാനുള്ള അവകാശം നൽകുന്നു. യഹൂദമതത്തിൽ നിന്ന് വ്യത്യസ്തമായി, ഖുൽഅ് എന്നറിയപ്പെടുന്ന വിവാഹബന്ധം വേർപെടുത്താനുള്ള അവകാശം ഇസ്‌ലാം ഭാര്യക്ക് നൽകുന്നുണ്ട്.(Sabiq, op. cit., pp. 318-329. See also Muhammad al Ghazali, Qadaya al Mar’aa bin al Taqaleed al Rakida wal Wafida (Cairo: Dar al Shorooq, 4th edition, 1992) pp. 178-180) ഭർത്താവ് ഭാര്യയെ വിവാഹമോചനം ചെയ്തുകൊണ്ട് വിവാഹബന്ധം വേർപെടുത്തിയാൽ, അയാൾ അവൾക്ക് നൽകിയ വിവാഹസമ്മാനം വീണ്ടെടുക്കാൻ കഴിയില്ല. വിവാഹമോചിതരായ ഭർത്താക്കന്മാർ എത്ര വിലയേറിയതാണെങ്കിലും അവരുടെ വിവാഹ സമ്മാനങ്ങൾ തിരികെ വാങ്ങുന്നതിൽ നിന്ന് ഖുർആൻ വ്യക്തമായി വിലക്കുന്നു:

“നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്ന് ഒന്നും തന്നെ തിരിച്ചുവാങ്ങരുത്. കള്ളം കെട്ടിച്ചമച്ചും പ്രകടമായ തെറ്റു ചെയ്തും നിങ്ങളത് തിരിച്ചെടുക്കുകയോ?” (4:20)

ഭാര്യ വിവാഹം അവസാനിപ്പിക്കാൻ മുതിരുന്ന സാഹചര്യത്തിൽ, വിവാഹ സമ്മാനം ഭർത്താവിന് തിരികെ നൽകാം. ഈ കേസിൽ വിവാഹ സമ്മാനങ്ങൾ തിരികെ നൽകുന്നത് ഭാര്യ വേർപിരിയാൻ തീരുമാനിക്കുമ്പോൾ അവളെ നിലനിർത്താൻ താൽപ്പര്യമുള്ള ഭർത്താവിനെ സംബന്ധിച്ച് ന്യായമായ നഷ്ടപരിഹാരമാണ്. വിവാഹബന്ധം വേർപെടുത്താൻ തീരുമാനിക്കുന്ന ഭാര്യയുടെ കാര്യത്തിലല്ലാതെ ഭാര്യമാർക്ക് നൽകിയ സമ്മാനങ്ങളൊന്നും തിരികെ വാങ്ങരുതെന്ന് ഖുർആൻ മുസ്‌ലിം പുരുഷന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

“വിവാഹമോചനം രണ്ടു തവണയാകുന്നു. പിന്നെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുകയോ നല്ല നിലയില്‍ ഒഴിവാക്കുകയോ വേണം. നേരത്തെ നിങ്ങള്‍ ഭാര്യമാര്‍ക്ക് നല്‍കിയിരുന്നതില്‍ നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ പാടില്ല; ഇരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാന്‍ കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കിലല്ലാതെ. അവരിരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുകയില്ലെന്ന് നിങ്ങള്‍ പേടിക്കുന്നുവെങ്കില്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും നല്‍കി വിവാഹമോചനം നേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളാണിവ. നിങ്ങളവ ലംഘിക്കരുത്.” (2:229)

ഒരു സ്ത്രീ തന്റെ വിവാഹം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് നബിയുടെ അടുക്കൽ വന്നു, തന്റെ ഭർത്താവിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും തനിക്ക് പരാതികളൊന്നുമില്ലെന്ന് അവൾ പ്രവാചകനോട് പറഞ്ഞു. അവനോടൊപ്പം ജീവിക്കാൻ മാത്രം അവൾ അവനെ സത്യസന്ധമായി ഇഷ്ടപ്പെട്ടില്ല എന്നതാണ് അവളുടെ കാരണം. പ്രവാചകൻ അവളോട് ചോദിച്ചു: “അവന്റെ തോട്ടം (അവൻ അവൾക്ക് വിവാഹ സമ്മാനമായി നൽകിയത്) നീ അവന് തിരികെ നൽകുമോ?” അവൾ പറഞ്ഞു: “അതെ”. അപ്പോൾ പ്രവാചകൻ ആ മനുഷ്യനോട് അവന്റെ തോട്ടം തിരിച്ചുവാങ്ങാനും വിവാഹമോചനം സ്വീകരിക്കാനും നിർദ്ദേശിച്ചു (ബുഖാരി)

ചുരുക്കത്തിൽ, ഇസ്‌ലാം മുസ്‌ലിം സ്ത്രീക്ക് തുല്യതയില്ലാത്ത ചില അവകാശങ്ങൾ നൽകിയിട്ടുണ്ട്. അവൾക്ക് ഖുൽഇലൂടെ വിവാഹം അവസാനിപ്പിക്കാനും വിവാഹമോചനത്തിന് കേസെടുക്കാനും കഴിയും. ഒരു മുസ്ലീം ഭാര്യ ഒരിക്കലും വിമുഖനായ ഒരു ഭർത്താവിനാൽ ചങ്ങലയടക്കപ്പെട്ട അവസ്ഥയിൽ കഴിയേണ്ടി വരുന്നില്ല. ഏഴാം നൂറ്റാണ്ടിലെ ആദ്യകാല ഇസ്ലാമിക സമൂഹങ്ങളിൽ ജീവിച്ചിരുന്ന യഹൂദ സ്ത്രീകൾ തങ്ങളുടെ യഹൂദ ഭർത്താക്കന്മാരിൽ നിന്ന് മുസ്‌ലിം കോടതികളിൽ വിവാഹമോചനമാവശ്യപ്പെട്ടു വരാറുണ്ടായിരുന്നു. അവരെ ഇതിന് പ്രേരിപ്പിച്ചത് മുസ്‌ലിംസ്ത്രീകളുടെ അവകാശങ്ങളാണ്. റബ്ബികൾ ഈ സംവിധാനം അസാധുവായി പ്രഖ്യാപിച്ചു. മുസ്‌ലിം കോടതികളിലൂടെ ഈ അവകാശം നേടിയെടുക്കാനുള്ള ശ്രമത്തെ ചെറുക്കാൻ റബ്ബികൾ ജൂത സ്ത്രീകൾക്ക് പുതിയ അവകാശങ്ങളും പ്രത്യേകാവകാശങ്ങളും നൽകി. ക്രിസ്ത്യൻ രാജ്യങ്ങളിൽ താമസിക്കുന്ന യഹൂദ സ്ത്രീകൾക്ക് സമാനമായ ആനുകൂല്യങ്ങൾ ലഭ്യമായിരുന്നില്ല. കാരണം റോമൻ വിവാഹമോചന നിയമം ജൂത നിയമത്തേക്കാൾ ആകർഷകമായിരുന്നില്ല.(David W. Amram, The Jewish Law of Divorce According to Bible and Talmud ( Philadelphia: Edward Stern & CO., Inc., 1896) pp. 125-126.)

ഇസ്ലാം വിവാഹമോചനത്തെ നിരുത്സാഹപ്പെടുത്തുന്നതെങ്ങനെയെന്ന് പരിശാേധിക്കാം. നബി തങ്ങൾ പറഞ്ഞു:
“അനുവദനീയമായ പ്രവൃത്തികളിൽ വെച്ച് ദൈവത്തിന് ഏറ്റവും വെറുപ്പുളവാക്കുന്നതാണ് വിവാഹമോചനം” (അബു ദാവൂദ്).

ഒരു മുസ്ലീം പുരുഷൻ തന്റെ ഭാര്യയെ ഇഷ്ടപ്പെടാത്തതിനാൽ അവളെ വിവാഹമോചനം ചെയ്യാൻ പാടില്ല. അനിഷ്ടം തോന്നുന്ന സന്ദർഭങ്ങളിൽ പോലും ഭാര്യമാരോട് ദയ കാണിക്കാൻ ഖുർആൻ മുസ്ലീം പുരുഷന്മാരോട് നിർദ്ദേശിക്കുന്നു:
“അവരോട് മാന്യമായി സഹവസിക്കുക. അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില്‍ അറിയുക: നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവാം” (4:19)

മുഹമ്മദ് നബിയും സമാനമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:
“സത്യവിശ്വാസിയായ ഒരു പുരുഷൻ വിശ്വാസിയായ സ്ത്രീയെ വെറുക്കാൻ പാടില്ല. അവളുടെ ഒരു സ്വഭാവം അയാൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊരു സ്വഭാവത്തിൽ അവൻ സന്തുഷ്ടനാകും” (മുസ്ലിം).

ഇസ്‌ലാം മുസ്‌ലിം സ്ത്രീക്ക് തുല്യതയില്ലാത്ത ചില അവകാശങ്ങൾ നൽകിയിട്ടുണ്ട്. അവൾക്ക് ഖുൽഇലൂടെ വിവാഹം അവസാനിപ്പിക്കാനും വിവാഹമോചനത്തിന് കേസെടുക്കാനും കഴിയും. ഒരു മുസ്ലീം ഭാര്യ ഒരിക്കലും വിമുഖനായ ഒരു ഭർത്താവിനാൽ ചങ്ങലയടക്കപ്പെട്ട അവസ്ഥയിൽ കഴിയേണ്ടി വരുന്നില്ല.

ഭാര്യമാരോട് നന്നായി പെരുമാറുന്നവരാണ് ഏറ്റവും നല്ല മുസ്‌ലിംകളെന്നും പ്രവാചകൻ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
“ഏറ്റവും തികഞ്ഞ വിശ്വാസം പ്രകടിപ്പിക്കുന്ന വിശ്വാസികൾ ഏറ്റവും നല്ല സ്വഭാവം ഉള്ളവരാണ്, നിങ്ങളിൽ ഏറ്റവും മികച്ചത് അവരുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായിരിക്കും” (തിർമിദി).

ഇസ്‌ലാം ഒരു പ്രായോഗിക മതമാണ്. ഒരു ദാമ്പത്യം തകർച്ചയുടെ വക്കിലെത്തുന്ന സാഹചര്യങ്ങളുണ്ടെന്ന് അത് തിരിച്ചറിയുന്നു. അത്തരം സന്ദർഭങ്ങളിൽ, ദയയോടെയുള്ള ഉപദേശവും ആത്മനിയന്ത്രണവും ഒരു പ്രായോഗികമായ പരിഹാരമാകണമെന്നില്ല. അതിനാൽ, ഈ കേസുകളിൽ നാം എന്തുചെയ്യണം? ഇവിടെ ഖുർആൻ വിശദമായി നാല് തരം ഉപദേശങ്ങൾ നൽകുന്നു.

“ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരെ ഗുണദോഷിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അടിക്കുകയും ചെയ്യുക. അങ്ങനെ അവര്‍ നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങള്‍ അവര്‍ക്കെതിരായ നടപടികളൊന്നുമെടുക്കരുത്. അത്യുന്നതനും മഹാനുമാണ് അല്ലാഹു; തീര്‍ച്ച.
ദമ്പതികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അവന്റെ ആള്‍ക്കാരില്‍നിന്ന് ഒരു മധ്യസ്ഥനെ നിയോഗിക്കുക. അവളുടെ ആള്‍ക്കാരില്‍നിന്നൊരാളെയും. ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്.” (4:34-35)

ആദ്യത്തെ മൂന്ന് മാർഗങ്ങളാണ് ആദ്യം ശ്രമിക്കേണ്ടത്. പരാജയപ്പെട്ടാൽ ബന്ധപ്പെട്ട കുടുംബങ്ങളുടെ സഹായം തേടണം. മേൽപ്പറഞ്ഞ വാക്യങ്ങളുടെ വെളിച്ചത്തിൽ, ധിക്കാരിയായ ഭാര്യയെ അടിക്കുന്നത് താൽക്കാലിക നടപടിയാണ്. അത് ഭാര്യയുടെ തെറ്റിന് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ അത്യന്താപേക്ഷിതമായ സന്ദർഭങ്ങളിൽ മൂന്നാമതായി അവലംബിക്കുന്നു. അങ്ങനെയാണെങ്കിൽ, ഇവിടെ വ്യക്തമായി സൂചിപ്പിച്ചതുപോലെ, ഭാര്യയെ പ്രയാസപ്പെടുത്തുന്നത് തുടരാൻ ഭർത്താവിനെ യാതൊരു വിധേനയും അനുവദിക്കില്ല. അത് സാധ്യമല്ലെങ്കിൽ, ഭർത്താവിന് കുടുംബത്തിന്റെ സഹായത്തോടെയുള്ള അനുരഞ്ജനത്തിന്റെ അന്തിമ വഴികൾ അന്വേഷിക്കേണ്ടതുണ്ട്.

ഭാര്യയുടെ പ്രത്യക്ഷമായ അശ്ലീലം പോലെയുള്ള വളരെയധികം നീചമായ കേസുകളിലല്ലാതെ ഈ നടപടികളിലേക്ക് അവർ മുതിരരുതെന്ന് മുഹമ്മദ് നബി മുസ്‌ലിംകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ കേസുകളിൽ പോലും ശിക്ഷ വളരെ ചെറുതായിരിക്കണം. അവളെ പ്രകോപിപ്പിക്കാൻ ഭർത്താവിന് അനുവാദമില്ല:
“അവർ പരസ്യമായ അശ്ലീലതയിൽ കുറ്റക്കാരാണെങ്കിൽ നിങ്ങൾക്ക് കിടപ്പറയിൽ അവരെ വെടിയാം, നേരിയ ശിക്ഷ നൽകുകയും ചെയ്യാം. അവർ നിങ്ങളോട് അനുസരണയുള്ളവരാണെങ്കിൽ, അവർക്ക് പ്രയാസമാകുന്ന ഒരു മാർഗവും തേടരുത്”(തിർമിദി)

കൂടാതെ, പ്രവചകൻ അകാരണമായ മർദനത്തെ അപലപിച്ചിട്ടുണ്ട്. ചില സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർ തങ്ങളെ മർദിച്ചതായി നബിയോട് പരാതിപ്പെട്ടു. അത് കേട്ടപ്പോൾ പ്രവാചകൻ ഇപ്രകാരം പറഞ്ഞു:
“അങ്ങനെ ചെയ്യുന്നവർ (ഭാര്യയെ അടിക്കുന്നവർ) നിങ്ങളിൽ ഉത്തമരല്ല” (അബൂദാവൂദ്).

മറ്റൊരു പ്രവാചകവചനവും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.
“നിങ്ങളിൽ ഏറ്റവും ഉത്തമൻ തന്റെ കുടുംബത്തോട് ഏറ്റവും നല്ലവനാണ്. നിങ്ങളിൽ നിന്ന് കുടുംബത്തോട് ഏറ്റവും അടുത്തവൻ ഞാനാണ്.”(തിർമിദി).

ഫാത്തിമ ബിൻത് ഖായിസ് എന്നു പേരുള്ള സ്ത്രീയോട് സ്ത്രീകളെ തല്ലുന്നവനാണെന്ന് നാട്ടുകാർക്കിടയിൽ അറിയപ്പെട്ട ഒരു വ്യക്തിയെ വിവാഹം ചെയ്യരുതെന്ന് നബി തങ്ങൾ നിർദേശിച്ചിരുന്നു.
“ഞാൻ പ്രവാചകന്റെ അടുത്ത് ചെന്ന് പറഞ്ഞു: അബുൽ ജഹ്മും മുആവിയയും എന്നെ വിവാഹാന്വേഷണം നടത്തിയിരുന്നു. പ്രവാചകൻ (ഉപദേശപ്രകാരം) പറഞ്ഞു: മുആവിയയെ സംബന്ധിച്ചിടത്തോളം അവൻ വളരെ ദരിദ്രനാണ്, അബുൽ ജഹ്മിന് സ്ത്രീകളെ തല്ലുന്ന പതിവുണ്ട്” (മുസ്ലീം).

അച്ചടക്കത്തിന് വേണ്ടി ഭാര്യയെ തല്ലുന്നത് തൽമൂദ് അംഗീകരിക്കുന്നുണ്ട്.(Epstein, op. cit., p. 219.)
പരസ്യമായ അശ്ലീലത പോലെ അങ്ങേയറ്റം നീചമായ കേസുകളിൽ മാത്രമല്ല, വീട്ടുജോലി ചെയ്യാൻ വിസമ്മതിച്ചാലും ഭാര്യയെ തല്ലാൻ അയാൾക്ക് അനുവാദമുണ്ട്. അവിടെ ശിക്ഷ ലളിതമാകണമെന്ന ചട്ടവുമില്ല. ചാട്ടവാറടിയും പട്ടിണിക്കിടലും അവർക്ക് അനുവദനീയമാണ്.(Ibid, pp 156-157.)

ഭർത്താവിന്റെ മോശം പെരുമാറ്റം കാരണം ദാമ്പത്യം തകരുന്ന സ്ത്രീക്ക് ഖുർആൻ ഇനിപ്പറയുന്ന ഉപദേശം നൽകുന്നു:
“ഏതെങ്കിലും സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെട്ടാല്‍ അവരന്യോന്യം ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ കുറ്റമില്ല. എന്നല്ല; ഒത്തുതീര്‍പ്പാണ് ഉത്തമം.” (4:128).

ഈ സാഹചര്യത്തിൽ, ഭാര്യ തന്റെ ഭർത്താവുമായി (കുടുംബ സഹായത്തോടുകൂടിയോ അല്ലാതെയോ) അനുരഞ്ജനം തേടാൻ ഉപദേശിക്കുന്നു. ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുക, അടിക്കുക എന്ന രണ്ട് മാർഗങ്ങൾ അവലംബിക്കാൻ ഖുർആൻ ഭാര്യയെ ഉപദേശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനകം മോശമായി പെരുമാറുന്ന ഭർത്താവിന്റെ അക്രമാസക്തമായ ശാരീരിക പ്രതികരണത്തിൽ നിന്ന് ഭാര്യയെ സംരക്ഷിക്കുന്നതായിരിക്കാം ഈ അസമത്വത്തിന്റെ കാരണം. അത്തരം അക്രമാസക്തമായ ശാരീരിക പ്രതികരണം ഭാര്യയ്ക്കും ദാമ്പത്യത്തിനും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഭാര്യക്ക് വേണ്ടി ഭർത്താവിനെതിരെ കോടതിക്ക് ഈ നടപടികൾ പ്രയോഗിക്കാമെന്ന് ചില മുസ്‌ലിം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. കോടതി ആദ്യം വിമത ഭർത്താവിനെ ഉപദേശിക്കുന്നു. പിന്നീട് ഭാര്യയുടെ കിടക്ക വിലക്കുന്നു. ഒടുവിൽ പ്രതീകാത്മക മർദനം നടത്തുന്നു.Muhammad (Abu Zahra, Usbu al Fiqh al Islami (Cairo: al Majlis al A’la li Ri’ayat al Funun, 1963) p. 66.)

ചുരുക്കത്തിൽ, മുസ്ലീം ദമ്പതികൾക്കിടയിലെ പ്രശ്‌നങ്ങളിലും പിരിമുറുക്കങ്ങളിലും തങ്ങളുടെ ദാമ്പത്യം സംരക്ഷിക്കാൻ ഇസ്‌ലാം വളരെ പ്രായോഗികമായ വഴികൾ മുന്നോട്ടു വെക്കുന്നു. ഇണകളിലൊരാൾ വൈവാഹിക ബന്ധം അപകടത്തിലാക്കും വിധം പെരുമാറുമ്പോൾ പവിത്രമായ ബന്ധം സംരക്ഷിക്കാൻ സാധ്യമായതും ഫലപ്രദവുമായ വഴികൾ സ്വീകരിക്കാൻ ഖുർആൻ അവരുടെ പങ്കാളിയെ ഉപദേശിക്കുന്നു. എല്ലാ നടപടികളും പരാജയപ്പെട്ടാൽ, പങ്കാളികളെ സമാധാനപരമായും സൗഹാർദ്ദപരമായും വേർപെടുത്താൻ ഇസ്‌ലാം അനുവദിക്കുന്നു.
(തുടരും)

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

Related Articles