നാല് ഇമാമുമാരായ ഇമാം അബൂഹനീഫ, മാലിക് ഇബ്നു അനസ്, ഇമാം ശാഫി, ഇമാം അഹ്‌മദ് ഇബ്നു ഹൻബൽ എന്നിവരെ ഈ നാല് മഹത്തായ പാരമ്പര്യങ്ങളുടെ സ്ഥാപകരായി കണക്കാക്കുന്നുണ്ടെങ്കിലും, നവീകരണം ഒഴിവാക്കുന്നതിനുള്ള കാതലായ മാർഗങ്ങൾ രൂപപ്പെടുത്തി എന്നതൊഴിച്ചാൽ അവരുടെ പാരമ്പര്യങ്ങൾ പൂർണ്ണമായി ചിട്ടപ്പെടുത്തിയത് പിൽക്കാല തലമുറയിലെ അതത് ശ്രേണിയിൽ വരുന്ന പണ്ഡിതന്മാരാണ്. സുന്നി പണ്ഡിതന്മാർ ഈ നാല് ഇമാമുമാരുടെ വൈദഗ്ധ്യം അതിവേഗം തിരിച്ചറിഞ്ഞു. ഇസ്ലാമിന്റെ മൂന്നാം നൂറ്റാണ്ടിനുശേഷം ഒരു പണ്ഡിതനും മറ്റൊരു സമീപനത്തിലേക്ക് പോയിട്ടില്ലെന്ന് നമുക്ക് കാണാം. ഇമാം ബുഖാരിയും മുസ്ലിമും ഉൾപ്പെടെയുള്ള മഹത്തുക്കളായ ഹദീസ് വിദഗ്ധരെല്ലാം ഏതെങ്കിലുമൊരു മദ്ഹബിന്റെ, പ്രത്യേകിച്ചും ഇമാം ശാഫിയുടെ അടിയുറച്ച അനുയായികളായിരുന്നു. എന്നാൽ ഓരോ മദ്ഹബിലുമുള്ള പ്രമുഖ പണ്ഡിതന്മാർ അവരുടെ മദ്ഹബിനെ മെച്ചപ്പെടുത്തുകയും പരിഷ്‌കരിക്കുകയും ചെയ്തിട്ടുമുണ്ട്. ചില ചരിത്രപരമായ സാഹചര്യങ്ങളിൽ അത് അത്യാവശ്യമായി വരികയും ചെയ്തു. ഉദാഹരണത്തിന്, കൂഫയിലെയും ബസ്വറയിലെയും ആദ്യകാല ഫിഖ്ഹീ പാരമ്പര്യത്തിൽ നിന്നുള്ള ഹനഫീ ധാരയിലെ പണ്ഡിതന്മാർ ഇറാഖിൽ പ്രചാരത്തിലുണ്ടായിരുന്ന ചില ഹദീസുകളെ കുറിച്ച് ജാഗ്രത പുലർത്തിയിരുന്നു. അവിടങ്ങളിൽ രൂഢമൂലമായിരുന്ന വിഭാഗീയതയുടെ സ്വാധീനം വ്യാജമായ തെളിവുകൾ കെട്ടിച്ചമക്കുന്നതിലേക്ക് നയിച്ചു എന്നതായിരുന്നു കാരണം. എന്നാൽ പിന്നീട് ബുഖാരി, മുസ്ലിം ഉൾപ്പെടെയുള്ള വിശ്വാസയോഗ്യമായ ഹദീസ് ശേഖരങ്ങൾ ലഭ്യമായപ്പോൾ, ഹനഫീ ധാരയിലെ ശേഷക്കാരായ പണ്ഡിത തലമുറകൾ തങ്ങളുടെ മദ്ഹബിനെ പരിഷ്‌ക്കരിക്കുന്നതിൽ ഈ ഹദീസുകളെ മുഴുവൻ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയുണ്ടായി. ഹിജ്റയുടെ നാല്, അഞ്ച് നൂറ്റാണ്ടുകളിലായി മദ്ഹബ് ധാരകൾ പൂർണത പ്രാപിക്കുന്നത് വരെ രണ്ട് നൂറ്റാണ്ടുകളോളം ഈ പ്രക്രിയ തുടർന്നു.
മദ്ഹബുകൾ തമ്മിലുള്ള സഹിഷ്ണുതയും സാർവത്രികമായി അംഗീകരിക്കപ്പെട്ടത് അക്കാലത്താണ്. ശാഫിഈ ഫിഖ്ഹിന്റെ പ്രധാനപ്പെട്ട നാലു ഗ്രന്ഥങ്ങളുടെയും ഉസ്വൂലുൽ ഫിഖ്ഹിലെ തന്നെ ഏറ്റവും മികച്ച രചന എന്ന് വിലയിരുത്തപ്പെടുന്ന അൽമുസ്തഫയുടെയുമെല്ലാം രചയിതാവായ ഇമാം ഗസാലിയാണ് ഇത് രൂപപ്പെടുത്തിയത്. തികഞ്ഞ ആത്മാർത്ഥതയുള്ള, വിജ്ഞാനം കൊണ്ട് പൊങ്ങച്ചവും വൈരാഗ്യവും പ്രകടമാക്കുന്നതിനോട് ഇഷ്ടക്കേടുളള ഇമാം ഗസാലി ഒരു മദ്ഹബിനോട് മാത്രം ഭ്രാന്തമായ ബന്ധം സ്ഥാപിക്കുന്നതിനെയും ശക്തമായി അപലപിക്കുകയുണ്ടായി. സ്രോതസ്സുകളെ തെറ്റായി വ്യാഖ്യാനിക്കുന്നതിന്റെ മാരകമായ അപകടമൊഴിവാക്കാൻ ഒരു മുസ് ലിമിന് അംഗീകൃതമായ ഏതെങ്കിലും മദ്ഹബിനെ പിന്തുടരൽ നിർബന്ധമാണ് എന്നതിനു പുറമെ, സ്വന്തം മദ്ഹബിനെ മറ്റുള്ളതിനേക്കാൾ മികച്ചതായി കാണുന്ന കെണിയിൽ അവൻ ഒരിക്കലും വീഴുകയുമരുത്. അപ്രധാനമായ ചില അപവാദങ്ങളൊഴിച്ചാൽ സുന്നി ഇസ്ലാമിലെ മഹാപണ്ഡിതന്മാരിൽ മിക്കവരും ഇമാം ഗസാലി മുന്നോട്ടുവെച്ച ചിന്തകളെ പിന്തുടരുകയും ഇതര മദ്ഹബുകളെ പ്രകടമായിത്തന്നെ ബഹുമാനിക്കുകയും ചെയ്തു. പരമ്പരാഗത ഉലമാക്കളുടെ കീഴിൽ പഠിച്ചിട്ടുള്ള ആർക്കും ഈ വസ്തുത നന്നായറിയാം.
ചില ഓറിയന്റലിസ്റ്റുകൾ അഭിപ്രായപ്പെട്ടതുപോലെ നാല് മദഹബുകളുടെ പരിണാമം ഏതെങ്കിലും തരത്തിൽ നിയമങ്ങളുടെ പരിഷ്‌കരണ ശേഷിയെ തടസ്സപ്പെടുത്തിയില്ല. നേരെ മറിച്ച്, ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും സ്വന്തം ആധികാരികത ഉപയോഗപ്പെടുത്തി ശരീഅത്ത് നിയമങ്ങളെ രൂപപ്പെടുത്താൻ യോഗ്യരായ വ്യക്തികളെ അനുവദിക്കുക മാത്രമല്ല, യഥാർത്ഥത്തിൽ ഇത് ചെയ്യാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്ത പരിഷ്‌കൃതമായ രീതികൾ രൂപപ്പെട്ടുവരികയായിരുന്നു. മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം, ഫിഖ്ഹീ സ്രോതസ്സുകളിൽ പൂർണ്ണമായ അവഗാഹം നേടുകയും പാണ്ഡിത്യപരമായ ചില നിബന്ധനകൾ പാലിക്കുകയും ചെയ്ത ഒരാൾക്ക് തന്റെ മദ്ഹബിന്റെ വിധിന്യായങ്ങൾ പിന്തുടരാൻ അനുവാദമില്ല. മറിച്ച് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അദ്ദേഹം സ്വയം വിധികൾ സ്വീകരിക്കുകയാണ് വേണ്ടത്. മുആദ് ഇബ്‌നു ജബൽ (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ നിന്നാണ് ഇവരെ വിശേഷിപ്പിക്കുന്ന ‘മുജ്തഹിദ്’ എന്ന പദം ഉരുവം കൊണ്ടത്.
ഒരു മുസ്ലിമിന് വ്യവസ്ഥാപിതമായ പണ്ഡിതാഭിപ്രായങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കാനും ഖുർആനിലേക്കും സുന്നത്തിലേക്കും നേരിട്ട് അവലംബിക്കാനും അദ്ദേഹം മികച്ച ഒരു പണ്ഡിതനായിരിക്കണം എന്നത് നിഷേധിക്കുന്നവർ ചുരുക്കമായിരിക്കും. യോഗ്യതയില്ലാത്ത വ്യക്തികൾ സ്രോതസ്സുകളെ തെറ്റായി വ്യാഖ്യാനിക്കുകയും തന്മൂലം ശരീഅത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നതിന്റെ അപകടങ്ങൾ നമ്മുടെ ചരിത്രത്തിലുണ്ടായിട്ടുള്ളതാണ്. ഈ പരമ്പരാഗത മദ്ഹബുകൾ സ്ഥാപിക്കപ്പെടുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ ആദ്യകാല മുസ്ലിംകളെ, പ്രത്യേകിച്ച് ചില സ്വഹാബികളെപ്പോലും അഭിപ്രായവ്യത്യാസവും കലഹവും ബാധിച്ചതായി നമുക്ക് കാണാം. ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പ് അപര്യാപ്തമായ വേദപാണ്ഡിത്യം മൂലം എല്ലാ മതങ്ങളും അടിസ്ഥാനശിലകളിൽ നിന്നും തെന്നിമാറിയിരുന്നു. അതുകൊണ്ടുതന്നെ ഇസ്ലാമിനെ സമാനമായ വിധിയിൽ നിന്ന് സുരക്ഷിതമാക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു.
നവീകരണത്തിന്റെയും വികലതയുടെയും അപകടത്തിൽ നിന്ന് ശരീഅത്തിനെ സംരക്ഷിക്കുന്നതിനായി, ഇജ്തിഹാദിന്റെ അവകാശം ആഗ്രഹിക്കുന്ന ഏതൊരാളും പാലിക്കേണ്ട കർശനമായ വ്യവസ്ഥകൾ മഹാന്മാരായ ഉസ്വൂലീ പണ്ഡിതന്മാർ മുന്നോട്ടുവെച്ചിട്ടുണ്ട്. ആ വ്യവസ്ഥകളിൽ ചിലത് താഴെ നൽകുന്നു:
(ഒന്ന്) പൂർണ്ണമായും ഭാഷാപരമായ അടിസ്ഥാനത്തിൽ ദൈവിക പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള സാധ്യത കുറക്കാനായി അറബി ഭാഷയിൽ വൈദഗ്ദ്ധ്യം.
(രണ്ട്) ഖുർആനിലും സുന്നത്തിലുമുള്ള അഗാധമായ അറിവും ഓരോ ആയത്തുകളുടെയും ഹദീസിന്റെയും അവതരണത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ അറിയുക, ഖുർആൻ ഹദീസ് വ്യാഖ്യാനങ്ങളെക്കുറിച്ചുള്ള പൂർണ്ണമായ അറിവ്, മുകളിൽ ചർച്ച ചെയ്ത എല്ലാ വ്യാഖ്യാന സംവിധാനങ്ങളിലുമുള്ള അവഗാഹം.
(മൂന്ന്) ഹദീസ് നിവേദകരുടെയും മത്‌നിന്റെയും വിശകലനം പോലുള്ള ഹദീസിന്റെ ഉപവിജ്ഞാനീയങ്ങളിലുള്ള അറിവ്.
(നാല്) സഹാബികളുടെയും അനുയായികളുടെയും മഹത്തുക്കളായ ഇമാമുമാരുടെയും വീക്ഷണങ്ങളെക്കുറിച്ചുള്ള അറിവ്, ഇജ്മാഅ് ബാധകമായ ഇടങ്ങളെ അറിയുന്നതോടൊപ്പം ഫിഖ്ഹീ ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന നിലപാടുകളും ന്യായവാദങ്ങളും മനസ്സിലാക്കൽ.
(അഞ്ച്) ഖിയാസ് എന്ന ശാഖയെപ്പറ്റിയും അതിന്റെ വിഭാഗങ്ങളെയും വ്യവസ്ഥകളെയും പറ്റിയുള്ള ജ്ഞാനം.
(ആറ്) സ്വന്തം സമൂഹത്തെക്കുറിച്ചും പൊതുതാൽപര്യത്തെക്കുറിച്ചും (മസ്്‌ലഹത്ത്) ഉള്ള അറിവ്.
(ഏഴ്) ശരീഅത്തിന്റെ പൊതുവായ ലക്ഷ്യങ്ങൾ (മഖാസിദ്) അറിയൽ.
(എട്ട്) സഹാനുഭൂതി, മര്യാദ, എളിമ തുടങ്ങിയ ഇസ് ലാമിക ഗുണങ്ങൾക്കൊപ്പം ഉയർന്ന ബുദ്ധിസാമർഥ്യവും ഭക്തിയും.
ഈ വ്യവസ്ഥകൾ നിറവേറ്റിയ ഒരു പണ്ഡിതനെ മുജ്തഹിദ് ഫിശ്ശർഅ് ആയി കണക്കാക്കാം. നിലവിലുള്ള ഒരു ആധികാരിക മദ്ഹബും പിന്തുടരാൻ അദ്ദേഹം ബാധ്യസ്ഥനല്ല, അല്ലെങ്കിൽ അനുവാദം പോലുമില്ല. ഇമാമുമാരിൽ ചിലർ വിമർശനങ്ങളില്ലാതെ തങ്ങളെ അനുകരിക്കുന്നതിൽ നിന്ന് ശ്രേഷ്ഠരായ ശിഷ്യന്മാരെ വിലക്കിയതിന് പറയുന്ന ന്യായവും ഇതാണ്. എന്നാൽ അത്രത്തോളം ഉയരങ്ങളിലെത്താൻ സാധിക്കാത്ത, നല്ല പ്രാവീണ്യമുള്ള പണ്ഡിതന്മാർക്ക് ഒരുപക്ഷേ മുജ്തഹിദ് ഫിൽ മദ്ഹബ് ആകാൻ കഴിഞ്ഞേക്കും. ഈ ശ്രേണിയിലുള്ള പണ്ഡിതന്മാർക്ക് തങ്ങളുടെ മദ്ഹബിന്റെ തത്വങ്ങളിലുള്ള വിശാലമായ ബോധ്യമുണ്ടാകുന്നതോടൊപ്പം തന്നെ അതിലെ സ്വീകാര്യമായ അഭിപ്രായത്തിൽ നിന്നും ഭിന്നിക്കാൻ അർഹതയുണ്ട്. ശാഫിഇകളിൽ ഇമാം നവവി, മാലിക്കികളിൽ ഖാദി ഇബ്നു അബ്ദുൽബർറ്, ഹനഫികളിൽ ഇബ്നു ആബിദീൻ, ഹൻബലികളിൽ ഇബ്നു ഖുദാമ എന്നിങ്ങനെയുള്ള നിരവധി പണ്ഡിതർ ഇതിനുദാഹരണങ്ങളാണ്. ഈ പണ്ഡിതന്മാരെല്ലാം സ്വന്തം മദ്ഹബുകളിലെ മൗലികമായ തത്വങ്ങളുടെ പിന്തുടർച്ചക്കാരായി സ്വയം അവരോധിക്കുന്നതോടൊപ്പം തന്നെ പുതിയ വിധികളിലേക്ക് എത്തിച്ചേരാൻ പാണ്ഡിത്യത്തിന്റെയും വിധിന്യായത്തിന്റെയും അവകാശം വിനിയോഗിച്ചിട്ടുണ്ട്. ‘എന്റെ വിധിക്ക് വിരുദ്ധമായ ഒരു ഹദീസ് നിങ്ങൾ കണ്ടെത്തിയാൽ ഹദീസ് പിന്തുടരുക’ എന്ന ഇമാം ശാഫിയുടെ നിർദ്ദേശം പോലെ, മുജ്തഹിദുകളായ ഇമാമുകൾ ഇജ്തിഹാദുമായി ബന്ധപ്പെട്ട് നൽകിയ ഉപദേശങ്ങളെല്ലാം ബാധിക്കുന്നത് ഈ പണ്ഡിതരെയാണ്. ഇന്ന് ചില എഴുത്തുകാർ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നത് പോലെ ഇവ ഒരിക്കലും ഇസ് ലാമിക വിദ്യാഭ്യാസമില്ലാത്ത ജനവിഭാഗങ്ങളെ ഉദ്ദേശിച്ചുള്ളതല്ലെന്ന് വ്യക്തമാണ്. ( തുടരും )
വിവ- മുഹമ്മദ് അഫ്സൽ പി ടി
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5