Current Date

Search
Close this search box.
Search
Close this search box.

മനുഷ്യ വിഭവത്തിന്‍റെ അപാര സാധ്യതകള്‍

ഭൂമിയിലുള്ളതില്‍ വെച്ചേറ്റവും അതുല്യവും അമൂല്യവുമായ വിഭവം ഏതാണെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ: അത് മനുഷ്യ വിഭവമാണ്. ഏറ്റവും നികൃഷ്ടമായ വിഭവം ഏതാണെന്ന് ചോദിച്ചാലും ഉത്തരം അത് തന്നെ. ഈ രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഓന്നണെങ്കിലും രണ്ട് തരത്തിലുള്ള വിഭവങ്ങളും തമ്മില്‍ ധ്രുവങ്ങളുടെ അജഗജാന്തരമുണ്ട്. ആദ്യ ഗണത്തില്‍പെടുന്ന മനുഷ്യവിഭവം വിദ്യാസമ്പന്നരും സംസ്കാരസമ്പന്നരും സ്വഭാവ മഹിമയുള്ളവരുമാണെങ്കില്‍, രണ്ടാം ഗണത്തിലുള്‍പ്പെടുന്നവര്‍ വിദ്യാവിഹീനരും സംസ്കാര ശൂന്യരും നികൃഷ്ട സ്വഭാവത്തിനുടമകളുമാണ്.

ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാന പാദത്തിലാണ് മനുഷ്യ വിഭവത്തെ കുറിച്ച കൂടുതല്‍ പഠനങ്ങള്‍ നടന്നത്. മനുഷ്യ വിഭവമെന്ന പദ പ്രയോഗം ഈ കാലഘട്ടത്തിന്‍റെ സംഭാവനയാണ്. മനുഷ്യന്‍റെ ജനനം ശാപമായി കരുതിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ജനസംഖ്യ വര്‍ധനവ് തടയുന്നതിന് വേണ്ടി കുടുംബാസൂത്രണ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഇന്ന് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യുറോപ്യന്‍ രാജ്യങ്ങള്‍ അതിന്‍റെ ഫലമായി കടുത്ത ആള്‍ക്ഷാമത്തെ നേരിടുകയാണ്. ഇപ്പോള്‍ ചൈനയും ഇന്ത്യയും സാമ്പത്തികമായി വികസിക്കുമ്പോള്‍ അതിന് പ്രധാന നിമിത്തമാകുന്നത് ജനസംഖ്യയിലെ വര്‍ധനവാണന്നും മനസ്സിലാക്കാം.

നാം ജീവിക്കുന്ന ഭൂമിയെ മനോഹരവും വാസയോഗ്യവുമാക്കിയത് മനുഷ്യ വിഭവമാണ്. മനുഷ്യന്‍ തന്നെ ഏറ്റവും ശക്തമായ മൂലധനമായി മാറി. ഒരു രാജ്യത്തിന്‍റെ പുരോഗതി നിര്‍ണ്ണയിക്കുന്നതില്‍ മനുഷ്യ വിഭവം നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. പ്രകൃതി വിഭവങ്ങള്‍ കുറഞ്ഞ രാജ്യമായ ജപ്പാന്‍ പുരോഗതിയുടെ ഉത്തുംഗതയിലേക്ക് എത്തിയത് അവിടെയുള്ള മനുഷ്യ വിഭവം ആസൂത്രിതമായി ഉപയോഗിച്ചത് കൊണ്ടായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള മൂന്നാം ലോക രാഷ്ട്രങ്ങളുടെ അധ:പതനത്തിനുള്ള കാരണം മനുഷ്യവിഭവം ഉപയോഗപ്പെടുത്തുന്നതിലെ അജ്ഞതയാണന്നും തിരിച്ചറിയണം.

മണ്ണില്‍ പൊതിഞ്ഞ ദൈവികാത്മാവ്

മറ്റൊരു സൃഷ്ടിക്കും ഇല്ലാത്ത അനേകം പ്രത്യേകതകളുള്ള അസ്ഥിത്വമാണ് മനുഷ്യന്‍. ദൈവത്തിന്‍റെ സൃഷ്ടിജാലങ്ങളില്‍ ഏറ്റവും ആദരണീയന്‍. ഭൂമിയില്‍ അവന്‍റെ പ്രതിനിധി. ഭൗതിക ധാതുക്കളില്‍ നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. അതിന്‍റെ അന്തര്‍ഭാഗം ദൈവത്തിങ്കല്‍ നിന്നുള്ള ചൈതന്യമാണ്. അഥവാ ആത്മാവ് എന്ന് പറയാം. ജീവന്‍, അറിവ്, കഴിവ്, ഇഛാശക്തി, വിവേചനശക്തി തുടങ്ങിയ ഗുണങ്ങള്‍ ഉള്‍കൊള്ളുന്ന നാമമാണ് ആത്മാവ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ബാഹ്യരൂപമാകട്ടെ കളിമണ്ണ് കൊണ്ടുമാണ് സൃഷ്ടിക്കപ്പെട്ടത്. ആത്മാവും ശരീരവും ചേര്‍ന്ന പരിപാവന സൃഷ്ടിയാണ് മനുഷ്യന്‍. കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച മനുഷ്യ രൂപത്തിലേക്ക് ദൈവികാത്മാവ് ഊതിയാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നാണ് ഖുര്‍ആന്‍റെ കാഴ്ചപ്പാട്.

അപാരമായ അസ്തിത്വം

മനുഷ്യനെ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിനെക്കാള്‍ മഹത്തരമാക്കുന്നത് അവന്‍റെ തലച്ചോറാണ്. 100 ബില്യന്‍ ന്യൂറോസ് ചേര്‍ന്നാണ് തലച്ചോര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ സെക്കൻറിലും 2 ബില്യന്‍ വിവരങ്ങള്‍ സ്വീകരിക്കാന്‍ അതിന് കഴിയുന്നു. പ്രതിദിനം 60,000 ചിന്തകള്‍ നമ്മുടെ മസ്തിഷ്കത്തിലൂടെ കടന്ന് പോവുന്നു. പ്രകാശ വേഗതയെക്കാളേറെ വേഗത്തില്‍ അത് സഞ്ചരിക്കുന്നു. മനുഷ്യന്‍റെ കണ്ണുകളെ കുറിച്ച് ചിന്തിച്ച് നോക്കൂ. അതുല്യമായ കാഴ്ച നല്‍കുന്ന രണ്ട് കണ്ണുകള്‍. 10 മില്യന്‍ വര്‍ണ്ണരാജികള്‍ തല്‍സമയം തിരിച്ചറിയാന്‍ സാധിക്കുമെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ആ കണ്ണിനെ സംരക്ഷിക്കാന്‍ 17000 പ്രവിശ്യം യാന്ത്രികമായി മിഴി തുറക്കുകയും ചിമ്മുകയും ചെയ്യാനുള്ള സംവിധാനവും ഒരുക്കിട്ടുണ്ട്.

നമ്മുടെ ശരീരത്തിലെ സിരകളില്‍ പ്രവഹിക്കുന്ന മറ്റൊരു അല്‍ഭുത പ്രതിഭാസമാണ് രക്തം . ഒരു ലിറ്റര്‍ രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയം ഒരു ലക്ഷം പ്രാവശ്യം മിടിക്കുന്നു. രക്തം സഞ്ചരിക്കുന്ന നാഡീവ്യൂഹം നിവര്‍ത്തിവെച്ചാല്‍ 60000 മൈല്‍ നീളം വരും. നമുക്ക് ഊര്‍ജ്ജം തരുന്ന നമ്മുടെ ശരീരത്തിലെ പേശികള്‍. ഒരാളുടെ ആ പേശികള്‍ എല്ലാം ഒരൊറ്റ ദിശയിലേക്ക് കേന്ദ്രീകരിച്ചാല്‍ 25 ടണ്‍ ഭാരം വലിക്കാന്‍ കഴിയുന്ന ഊര്‍ജ്ജം ലഭിക്കും. മനുഷ്യ ശരീരം പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചാല്‍ ഒരു പ്രദേശത്തേക്ക് ഒരാഴ്ചക്ക് ആവിശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും!

എത്ര വിവരിച്ചാലും തീരുന്നതല്ല മനുഷ്യ സൃഷ്ടിപ്പിലെ അത്ഭുതങ്ങള്‍! ഭൗതികമായ മാപിനി കൊണ്ടൊന്നും അളക്കാന്‍ കഴിയാത്തതാണ് ബോധമനസ്സ്, ഉപബോധമനസ്സ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന അളവറ്റ ശക്തി. ഇതിനൊക്കെ പുറമെ അദൃശ്യമായ അനേകം സര്‍ഗ്ഗ പ്രതിഭയും അവനിലുണ്ട്. കഥയും കവിതവും മറ്റ് അനേകം നൈസര്‍ഗ്ഗിക ചേതനകള്‍ വിരിയിക്കാനുള്ള അനേകായിരം സര്‍ഗ്ഗ വാസനകള്‍. അത്ഭുത ശക്തി കുടികൊള്ളുന്ന കൈവിരലുകള്‍. എല്ലാം ചേര്‍ന്ന ഒരു അത്ഭുത പ്രതിഭാസമാണ് മനുഷ്യനെന്ന് ആരാണ് സമ്മതിക്കാതിരിക്കുക?

പകരക്കാരനില്ലാത്ത സൃഷ്ടി

മനുഷ്യ വിഭവത്തിന് തുല്യം മനുഷ്യ വിഭവം മാത്രം. മനുഷ്യന്‍ ചെയ്യുന്നതൊ അല്ലെങ്കില്‍ ചെയ്യാന്‍ കഴിയാത്തതൊ ആയ കാര്യങ്ങള്‍ യന്ത്രങ്ങളും റോബോട്ടുകളും ചെയ്തു എന്ന് വരാം. പക്ഷെ അപ്പോഴും മനുഷ്യന്‍ ഉപയോഗിക്കുന്ന വിശേഷ ബുദ്ധി യന്ത്രങ്ങള്‍ക്കില്ല. ശരീരം, ആത്മാവ്, വൈകാരികത, ബദ്ധിശക്തി തുടങ്ങിയ ചതുര്‍ ഘടകങ്ങളുടെ സമജ്ഞസമായ സമ്മേളനമത്രെ മനുഷ്യ സ്വത്വം. അതേയവസരം ഉപയോഗത്തെടുത്താതിരുന്നാല്‍, ഇരുമ്പിന് തുരുമ്പ് പിടിക്കുന്നത് പോലെ, നശിച്ചുപോവും. മഹാകവി ഇഖ്ബാലിന്‍റെ ഈരടിയുടെ ആശയം ഇങ്ങനെ: മറുകരയില്ലാ, ഒരു മഹാസാഗരമാണ് നിന്‍റെ സത്വം. നീയത് ഒരു ചഷകമാണെന്ന് തെറ്റിദ്ധരിച്ചു.

അഭിവൃദ്ധിപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍

1. മനുഷ്യവിഭവത്തെ അഭിവൃദ്ധിപ്പെടുത്താന്‍ സാധിക്കുക അവരവര്‍ക്ക് തന്നെയാണ്. ആന്തരികമായ ഒരു പ്രചോദനം, ഉള്‍വിളി ഉണ്ടാവലാണ് പ്രധാനം. ഉപയോഗിക്കുന്തോറും വികസിക്കുന്ന ഇലാസ്തികയുള്ളതാണ് മനുഷ്യ കഴിവുകള്‍. തോമസ് ആല്‍വ എഡിസന്‍ പറഞ്ഞു: നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം നാം ചെയ്യുകയാണെങ്കില്‍, നാം നമ്മെ തന്നെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തിയേക്കും.

2. അറിവും നൈപുണ്യവും ആര്‍ജ്ജിക്കലാണ് മനുഷ്യ വിഭവം വികസിപ്പിക്കാനുള്ള രണ്ടാമത്തെ വഴി. അത്കൊണ്ടാണ് ഖുര്‍ആന്‍ അറിവിന് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അറിവും നൈപുണ്യവും ആര്‍ജ്ജിച്ചാല്‍ മാത്രമേ പുരോഗതി കൈവരിക്കുവാനും സ്വയം പര്യാപ്തമായ സമൂഹമായി മാറാനും സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം മറ്റുള്ളവരെ ആശ്രയിക്കുകയും അവരുടെ അടിമകളായി മാറുകയും ചെയ്യേണ്ടി വരും.

3. ഗവേഷണ മേഖലക്ക് പ്രാധാന്യം നല്‍കലാണ് മനുഷ്യ ശക്തി അഭിവൃദ്ധിപ്പെടാനുള്ള മറ്റൊരു മാര്‍ഗം. പാശ്ചാത്യ രാജ്യങ്ങള്‍ ഗവേഷണ മേഖലക്ക് നല്‍കിവരുന്ന പ്രാധാന്യമാണ് അവര്‍ നമ്മെക്കാള്‍ മുന്‍പന്തിയിലാവാനുള്ള പ്രധാന കാരണം. ഇന്ന് വരെയുണ്ടായിട്ടുള്ള പുരോഗതിയുടെ കാരണം വിവിധ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഗവേഷണത്തിന് നല്‍കിയ പ്രാധാന്യമാണ്.

4. ഇതിന്‍റെ ഫലങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍ ശക്തമായ മാധ്യമങ്ങള്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഇതെല്ലാം അവഗണിച്ച് ആധുനിക കാലത്ത് മുന്നേറുക അസാധ്യമാണ്. മനുഷ്യ വികസനത്തിന് വേണ്ടിയുള്ള നിക്ഷേപമാണ് ഏറ്റവും നല്ല നിക്ഷേപം. ഒരു കതിരില്‍ നിന്ന് ഒരായിരം കതിരുകള്‍ വിരിയുന്നതിനേക്കാള്‍ ഫലപ്രാപ്തിയുള്ളതാണ് മനുഷ്യന്‍റെ വികസനത്തിനുള്ള നിക്ഷേപം. യഥാര്‍ഥ മൂലധനം വെള്ളിയോ സ്വര്‍ണ്ണമോ അല്ല, അധ്വാനശേഷിയും ബുദ്ധിശക്തിയുമാണെന്ന ഗാന്ധിജിയുടെ കാഴ്ചപ്പാട് ഏറെ ശ്രദ്ധേയമാണ്.

5. മുകളില്‍ വിവരിച്ച കാര്യങ്ങള്‍ കൂടാതെ, മനുഷ്യര്‍ക്കുണ്ടാവേണ്ട രണ്ട് ഗുണങ്ങളാണ് ശക്തിയും സത്യസന്ധ്യതയും. ശാരീരികമായും ആത്മീയമാവും മാനസികമായും ശക്തി ആര്‍ജ്ജിക്കുകയും ജീവിതത്തിലുടനീളം സത്യസന്ധ്യനായിരിക്കുകയും ചെയ്യുക പ്രധാനമാണ്. ഖുര്‍ആന്‍ ഈ രണ്ട് ഗുണങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയതായി കാണാം. അധ്യായം: അല്‍ഖസസ് സൂക്തം 26 അങ്ങനെയാണ് വിവരിക്കുന്നത്.

 

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles