Current Date

Search
Close this search box.
Search
Close this search box.

ഇബ്നു ഖൽദൂൻ്റെ ചില പ്രവചനങ്ങൾ

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ തുനീഷ്യയിൽ ജീവിച്ച ലോകപ്രസിദ്ധനായ ബഹുമുഖ പ്രതിഭയാണ്‌ ഇബ്നു ഖൽദൂൻ (732–808 AH /1332 – 1406‍‍ CE). അബൂ സൈദ് അബ്ദുറഹ്‌മാൻ ഇബ്നു മുഹമ്മദ് ഇബ്നു ഖൽദൂൻ അൽ-ഹദ്റമി എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്‌. ചരിത്രകാരൻ,സാമ്പത്തിക ശാസ്ത്രജ്ഞൻ, ഇസ്‌ലാമിക പണ്ഡിതൻ, ഗോളശാസ്ത്രജ്ഞൻ, നിയമ വിശാരദൻ, ഗണിതശാസ്ത്രജ്ഞൻ, സൈനിക തന്ത്രജ്ഞൻ, സാമുഹിക ശാസ്ത്രജ്ഞൻ,ന്യായാധിപൻ, തത്വജ്ഞാനി, പോഷകാഹാര വിദഗ്ദ്ധൻ, ഹാഫിദ് എന്നീ നിലകളിൽ അറിയപ്പെട്ട അസാധാരണ പ്രതിഭാശാലിയായിരുന്നു ഇബ്നു ഖൽദൂൻ.

സാമൂഹ്യ ചരിത്ര ഗ്രന്ഥങ്ങളിൽ ലോകത്ത് ശ്രദ്ധേയമായ കൃതിയാണ് ഇബ്നുഖൽദൂൻ്റെ മാസ്റ്റർ പീസായ മുഖദ്ദിമ . CE പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതു മുതൽ ദാർശനികരുടെയും ശാസ്ത്രജ്ഞരുടെയും ചിന്തകളിൽ ശക്തമായ സ്വാധീനം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.كتاب العبر، وديوان المبتدأ والخبر في أيام العرب والعجم والبربر، ومن عاصرهم من ذوي السلطان الأكبر
(ഗുണപാഠങ്ങളുടെ പുസ്തകം, അറബികൾ,അനറബികൾ , ബർബറുകൾ, അവരുടെ സമകാലികർ എന്നിവരുടെ കാലത്തെ ഏറ്റവും വലിയ അധികാരമുള്ളവരിൽ നിന്നുള്ള വർത്തമാനങ്ങൾ.) എന്ന ഏഴു വാല്യങ്ങളുള്ള സാമൂഹിക ശാസ്ത്ര ഗ്രന്ഥത്തിന്റെ ആമുഖമാണ് മുഖദ്ദിമ .

ശരീഅത്ത്, ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, നാഗരികത, സാമൂഹ്യശാസ്ത്രം, രാഷ്ട്രീയം, വൈദ്യശാസ്ത്രം എന്നിവയുൾപ്പെടെ എല്ലാ വിജ്ഞാന മേഖലകളെക്കുറിച്ചും പ്രതിപാദിക്കുന്നതിനാൽ മുഖദ്ദിമ വിജ്ഞാനകോശ സ്വഭാവമുള്ള ഒരു പ്രത്യേക പുസ്തകമായി കണക്കാക്കപ്പെട്ടു. മനുഷ്യരുടെയും സമൂഹങ്ങളുടെയും അവസ്ഥകൾ, അവരുടെ സ്വഭാവങ്ങളിലെ വ്യത്യാസങ്ങൾ, പരിസ്ഥിതി, ഭക്ഷണം, വേഷം …… മനുഷ്യരിൽ അവ ചെലുത്തുന്ന സ്വാധീനം എന്നിവ മുഖദ്ദിമ കൈകാര്യം ചെയ്തു. രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും വികസനം, ഭരണകൂടത്തിൻ്റെ ആവിർഭാവം, അതിൻ്റെ തകർച്ചയുടെ മൂല കാരണങ്ങൾ എന്നിവയും അദ്ദേഹം പഠിച്ചു രേഖപ്പെടുത്തി. മതതീവ്രത/മതഭ്രാന്ത് എന്ന ആശയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ പുസ്തകത്തിലൂടെ ഇബ്നു ഖൽദൂനെ സാമൂഹ്യശാസ്ത്രത്തിൻ്റെ സ്ഥാപകനായി കണക്കാക്കിയത് ഫ്രഞ്ച് തത്ത്വചിന്തകനായ അഗസ്‌റ്റെ കോംറ്റെയാണ്.

മുഖദ്ദിമയിൽ ഇബ്നു ഖൽദൂൻ നടത്തിയ ചില പ്രത്യേക നിരീക്ഷണങ്ങൾ ശുദ്ധ രാഷ്ട്രീയ പ്രവചനങ്ങളായിരുന്നു. അത്തരം സാഹചര്യങ്ങളും അനുഭവങ്ങളും ഇന്ന് നേരിട്ട് കാണാൻ സാധിക്കുന്ന നമുക്ക് അദ്ദേഹത്തിൻ്റെ മഹത്വം മനസിലാക്കാൻ പെട്ടെന്ന് കഴിയും. ഇബ്നു ഖൽദൂൻ പറയുന്നു:

സ്റ്റേറ്റ് നികുതികൾ അമിതമാക്കുമ്പോൾ, അതതിൻ്റെ അവസാനത്തിലേക്കടുക്കുന്നു. സ്റ്റേറ്റുകൾ തകരുമ്പോൾ രാജ്യത്ത് ജ്യോതിഷികളും യാചകരും ധാരാളമായി കാണപ്പെടും.കപടനാട്യക്കാരും അഭിനയക്കാരും എഴുത്തുകാരും കഥാകൃത്തുക്കളും കാക്കോഫൊണസ് ഗായകരും താളാത്മക കവികളും അഹങ്കാരികളായ രാഷ്ട്രീയക്കാരും തൂവാല അടിക്കുന്നവരും (സോപ്പിങ് ടീം ) അവരോടൊപ്പം വാദ്യമേളങ്ങളടിക്കുന്ന വാലാട്ടികളും അറിവ് അവകാശപ്പെടുന്ന വലിയ വായക്കാരും കൈനോട്ടക്കാരും രാഷ്ട്രീയ ആരോഹണ അവരോഹണ നിരീക്ഷകരും കൈനോട്ടക്കാരും വർധിക്കും.

രാഷ്ട്രീയ അഭിനയക്കാരും ഭിക്ഷാംദേഹികളും സ്തുതിപാഠകരും പരിഹാസക്കാരും (ട്രോളന്മാർ) വഴിയാത്രക്കാരും അവസരവാദികളുമെല്ലാം സ്വൈര്യ വിഹാരം നടത്തുന്ന സാഹചര്യമുണ്ടാവും. പുതിയ പുതിയ മുഖംമൂടികൾ പ്രത്യക്ഷപ്പെടും പരസ്പരം കലരില്ല എന്നു നാം കരുതിയത് പലതും കലരും.അഭിനന്ദനം നഷ്ടപ്പെടുകയും നിയന്ത്രണം അസാധ്യമാവുകയും ചെയ്യും സംസാരങ്ങളിൽ അർത്ഥങ്ങളും വാക്കുകളും ഇടകലരും. സത്യസന്ധത എന്നത് നുണകൾ കലർന്നതാവും. ജിഹാദ് കൊലയാണെന്ന് കരുതപ്പെടും.

രാജ്യങ്ങൾ തകരുമ്പോൾ സ്വാഭാവികമായി ഭീകരത വാഴുന്ന കാലം വരും. ആളുകൾ അവരുടെ വംശീയതയിൽ അഭയം തേടും. മഹാത്ഭുതങ്ങൾ പ്രത്യക്ഷപ്പെടുകയും കിംവദന്തികൾ വ്യാപകമായി പരക്കുകയും ചെയ്യും.

സുഹൃത്ത് ശത്രുവായും , ശത്രു മിത്രമായും മാറും. അതോടൊപ്പം അസത്യത്തിൻ്റെ ശബ്ദം ശക്തമാവുകയും സത്യത്തിൻ്റെ ശബ്ദം പരാജയപ്പെടുകയും ചെയ്യും. ഭൗമോപരിതലത്തിൽ സംശയാസ്പദമായ മുഖങ്ങൾ പ്രത്യക്ഷപ്പെടുകയും സൗഹാർദ്ദപരമായ മുഖങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്യും. സ്വപ്നങ്ങൾ മങ്ങുകയും പ്രതീക്ഷ മരിക്കുകയും മനസ്സിൻ്റെ അന്യവൽക്കരണം വർദ്ധിക്കുകയും പരിചിത മുഖത്തിൻ്റെ സവിശേഷതകൾ നഷ്ടപ്പെടുകയും ഭീതിയുണ്ടാക്കുന്ന മുഖങ്ങൾ വ്യാപകമായി പ്രത്യക്ഷപ്പെടുകയും ചെയ്യും. വ്യക്തികൾ ഗോത്രത്തിലേക്കും തറവാടുകളിലേക്കും കൂടുതൽ ശക്തമായി ഒട്ടിനില്ക്കും. മാതൃരാജ്യത്തോടുള്ള ഒരു തരം ഭ്രമം കലർന്ന സ്നേഹം വർധിക്കും. വിവരം കെട്ട പ്രബോധകരുടെ ബഹളത്തിൽ ജ്ഞാനികളുടെ ശബ്ദം ആരും കേൾക്കാതെയാവും.

ഒപ്പം വ്യക്തിപരമായ ബന്ധങ്ങൾ സംഘടനാ ബന്ധങ്ങളിലേക്ക് ചുരുങ്ങും. ദേശീയത, ദേശസ്നേഹം, മതത്തിൻ്റെ ശാഖാപരമായ വിഷയങ്ങളിലുള്ള കടുംപിടുത്തം എന്നിവ വ്യാപകമാവും. ഒരേ വീട്ടിലെ ആളുകൾ പോലും പരസ്പരം ഒത്തുകളിയും രാജ്യദ്രോഹവും പരസ്പരം ആരോപിക്കും. വലിയൊരു ഒളിച്ചോട്ടത്തെ കുറിച്ച് കിംവദന്തികൾ പ്രചരിക്കുന്ന കാലമായിരിക്കും. സത്യത്തിനെതിരെ ഗൂഢാലോചനകളും കൂടിയാലോചനകളും നടക്കും. ദൂരെനിന്നും അടുത്തുനിന്നും ഉപദേശങ്ങളുടെ ആധിക്യമുണ്ടാവും. സമീപത്തുനിന്നും വിദൂരത്തുനിന്നുമുള്ള സംരംഭങ്ങൾ സജീവമാവും.

ശക്തൻ അവൻ്റെ പുറപ്പാടിനുള്ള ഒരുക്കവും ധനികൻ അവൻ്റെ സമ്പത്തും പരിപാലിക്കും. സർവരും ജാഗരൂകരായി കാത്തിരിക്കുകയാവും. ഭൗതിക സാഹചര്യങ്ങൾ കുടിയേറ്റ പദ്ധതികളായിമാറും. മാതൃഭൂമി കുടിയേറ്റ ഇടമായി മാറും. നാം താമസിച്ചിരുന്ന മേച്ചിൽപ്പുറങ്ങൾ വെറും സഞ്ചികളായി പരിണമിക്കും. വീടുകൾ ഓർമ്മകളായും ഓർമ്മകൾ കഥകളായും പരക്കും.

ഇബ്നു ഖൽദൂൻ,
അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ, എഴുനൂറ് വർഷം മുമ്പ് നിങ്ങൾ ഭാവിയെക്കുറിച്ച് പറഞ്ഞതെല്ലാം ശരിയാണ് എന്ന് ഓരോ ദിവസവും
ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

അവലംബം: മുഖദ്ദിമ

Related Articles