Current Date

Search
Close this search box.
Search
Close this search box.

ഭീകരാക്രമണങ്ങളുടെ ഭിന്ന സിനാരിയോകൾ ( 4 )

4. Agent provocateurs – ഗോധ്ര പറയുന്നതെന്ത് ? ഏജന്റ് പ്രൊവൊക്കേറ്റിയർ എന്നത് അതിന്റെ ഉത്ഭവത്തിൽ ഒരു ഫ്രഞ്ച് പദമാണ്. ലക്ഷ്യമിടുന്ന ശത്രുവിനെ ആക്രമിക്കുന്നതിനു നിമിത്തമുണ്ടാക്കുക എന്നതാണ് അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് . ഫ്രഞ്ച് വിപ്ലവ സമയത്ത് ഭരണകൂട ഏജന്റുമാർ വിപ്ലവകാരികൾക്കിടയിൽ നുഴഞ്ഞു കയറി അതിനെ ഉള്ളിൽ നിന്നും തകർക്കുന്നതിന് വേണ്ടി നടത്തിയ ശ്രമത്തെ കുറിക്കാനാണ് ഈ പദം പ്രയോഗിക്കപ്പെട്ടത് . ഈ ശ്രമം ചിലപ്പോൾ സ്വന്തത്തിൽ തന്നെ ചില പരിക്കുകൾ ഉണ്ടാക്കി താൻ ആക്രമിക്കുവാൻ ലക്ഷ്യമിടുന്ന ശത്രു ചെയ്തതാണെന്ന് വരുത്തി തീർത്തുകൊണ്ടുമായിരിക്കും . മറ്റു ചിലപ്പോൾ Z ന്റെ ശത്രുവായ X കക്ഷിയെ Y നെ കൊണ്ട് ആക്രമിപ്പിച്ചു നശിപ്പിക്കുവാൻ, Yയുടെ ചില താല്പര്യങ്ങളെ Z നിഗൂഢമായി ആക്രമിച്ചു X ന്റെ ചുമലിൽ കെട്ടിയേല്പിക്കും. ഇതൊക്കെ ഏജന്റ് പ്രൊവകേറ്റ്‌യറിനുള്ള ചില ഉദാഹരണങ്ങൾ ആണ് . ഇത് പ്രാദേശിക തലത്തിലും, ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും നടപ്പിലാക്കപ്പെടുന്ന കുതന്ത്രമാണ് ! ഇത് ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ചാര ഏജൻസികൾ സ്വന്തം രാജ്യത്തും ഇതര രാജ്യങ്ങളിലും പ്രയോഗിക്കുന്ന തന്ത്രമാണ് .

ഇന്ത്യക്കും പാക്സ്താനും ഇടയിൽ ഫ്രിക്ഷൻ കൂട്ടി പൊടിപിടിച്ച ആയുധ കച്ചവടം നടത്താൻ CIA ക്കും മൊസ്സാദിനും ഇന്ത്യയിൽ ഒരു ഭീകരാക്രമണം നടത്തി പാകിസ്ഥാനിലെ ഏതെങ്കിലും ഭീകര സംഘടനയുടെ തലയിൽ കെട്ടിയേല്പിച്ചാൽ മതി. ഇന്ത്യയിൽ ദേശീയ തലത്തിൽ നടക്കുന്ന തെരെഞ്ഞെടുപ്പിൽ ഭരിക്കുന്ന പാർട്ടിയെ വിജയിപ്പിക്കാൻ പഞ്ചാബിലോ കാശ്മീരിലോ ഏജന്റ് provacateur എന്ന നിലയിൽ ഒരു ഭീകരാക്രമണം സംഘടിപ്പിച്ചു ശത്രു രാജ്യത്തിന്റെ ചുമലിലേറ്റി പ്രതികാരമായി സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന് വരുത്തി തീർത്താൽ തന്നെ തെരെഞ്ഞെടുപ്പ് വിജയിക്കുക എന്ന ലക്ഷ്യം എളുപ്പത്തിൽ സാക്ഷാൽക്കരിക്കാൻ സാധിക്കും. എതിർ പാർട്ടിക്കാർ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഇൻഫിൽട്രേറ്റ് ചെയ്ത് പോലീസിന്ന് നേരെ കല്ലെറിഞ്ഞു, പോലീസിനെ കൊണ്ട് ആക്രമിപ്പിക്കുന്ന രീതികൾ മിക്കവാറും എല്ലാ രാജ്യങ്ങളിലും പ്രാദേശികമായി നടക്കുന്ന കാര്യമാണ് . പന്നിയെ കൊന്നു അതിന്റെ ഉടൽ പള്ളിയിൽ ഇട്ടും, പശുവിനെ കൊന്ന് അതിന്റെ തല അമ്പലത്തിന്റെ മുൻവശത്തിട്ടും സംഘ് പരിവാർ ശക്തികൾ കലാപങ്ങൾ ഉണ്ടാക്കുന്നത് ഇന്ത്യയുടെ ഭിന്ന ഭാഗങ്ങളിൽ സ്ഥിരമായി കാണുന്ന കാഴ്ചകളാണ് .

എന്തിനേറെ പറയുന്നു ,തിരുവനന്തപുരത്തു നിന്നും വന്ന ഒരു സംഘ് പരിവാറുകാരൻ നിലമ്പൂരിലെ ഒരു അമ്പലത്തിൽ കാഷ്ടിച്ചു പ്രദേശ വാസികളായ മുസ്ലിംകളുടെ മേൽ ആരോപിച്ചു കലാപം ഉണ്ടാക്കുവാൻ ശ്രമിച്ചത് ഈയടുത്ത കാലത്താണ്. കയ്യോടെ പിടികൂടിയത് കൊണ്ട് രക്ത രൂക്ഷിത കലാപത്തിന് വേണ്ടി ആവിഷ്കരിച്ചു നടപ്പാക്കാൻ ശ്രമിച്ച ആ ഏജന്റ് provacateur വിജയിച്ചില്ല .

ഇൻഫിൽട്രേറ്റ് ചെയ്യുന്നത് എതിർ വിഭാഗമാകാം, അല്ലെങ്കിൽ പോലീസ് തന്നെ സിവിലിയൻ വേഷത്തിൽ പ്രതിഷേധക്കാരിലേക്കും വിപ്ലവകാരികളിലേക്കും ഇൻഫിൽട്രേറ്റ് ചെയ്യാം. പട്ടാളത്തിന് ജനങ്ങളെ അടിച്ചമർത്താനുള്ള ന്യായം ഉണ്ടാക്കുവാൻ വിപ്ലവകാരികളുടെ വേഷത്തിൽ സൈനികർ വന്ന് ജനങ്ങളെ ആക്രമിക്കും. പിന്നെ അത് നിമിത്തമാക്കി , വിപ്ലവകാരികളെ ജനങ്ങളിൽ നിന്നും അകറ്റുവാനുള്ള പ്രചണ്ഡമായ പ്രചാരണം നടത്തി, അവരെ പൈശാചികവത്കരിച്ചു അടിച്ചമർത്തും. അൾജീരിയയിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ വിജയിച്ച സാൽവേഷൻ ഫ്രന്റിന്ന് ജനങ്ങൾക്കിടയിലുള്ള പിന്തുണ നഷ്ടപ്പെടുത്താനും അടിച്ചമർത്താനും അൾജീരിയാൻ പട്ടാളം ഈ തന്ത്രമാണ് വ്യാപകമായി ഉപയോഗിച്ചത് . ഈജിപ്തിൽ വിപ്ലവാനന്തര മുർസി ഭരണകൂടത്തിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ എതിർപ്പ് ഉണ്ടാക്കുവാനും ഈജിപ്തിലെ ക്രിസ്ത്യൻ ജനവിഭാഗത്തെ അവർക്കെതിരെ തിരിച്ചിടുവാനും അവിടുത്തെ സൈന്യം ചർച്ചുകൾ തകർത്ത് വിപ്ലവകാരികളുടെ തലയിൽ കെട്ടിയേല്പിച്ചതും ഇതേ തന്ത്രത്തിന്റെ ഭാഗമായാണ്. വിപ്ലവ സമയത്ത് വിപ്ലവകാരികൾക്കിടയിൽ ഹുസ്നി മുബാറകിന്റെ സൈന്യം ഇൻഫിൽട്രേറ്റ് ചെയ്ത് കുഴപ്പം ഉണ്ടാക്കുവാൻ ശ്രമം നടത്തിയിരുന്നു . പക്ഷെ ജാഗ്രതയോടെ പ്രവർത്തിച്ച വിപ്ലവകാരികൾ അത് കയ്യോടെ പിടികൂടുകയായിരുന്നു.

1933 മാർച്ച് അഞ്ചിന്ന് ജർമൻ പാർലിമെന്റ് ആയ റൈക് സ്റ്റാഗിലേക്ക് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. കുർട് വോൻ ശ്ലൈസെർ രാജി വെച്ച ഒഴിവിൽ ഹിറ്റ്ലർ അധികാരത്തിലേറിയിട്ട് ഒരു മാസം പോലും പൂർത്തിയായിട്ടുണ്ടായിരുന്നില്ല. 1932 നവംബറിൽ നടന്ന തെരെഞ്ഞെടുപ്പിൽ ഹിറ്റ്ലറിൻറെ നാസി പാർട്ടിക്ക് ഭൂരിപക്ഷമുണ്ടായിരുന്നില്ലെങ്കിലും, ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു . കമ്മ്യൂണിസ്റ്റുകൾക്കും റൈക് സ്റ്റാഗിൽ നല്ല ശക്തിയുണ്ടായിരുന്നു. ജർമൻ പോലീസിൽ നാസിവൽക്കരണം ഏറെക്കുറെ പൂർത്തിയായിരുന്നു. 1933 ജനുവരി 30ന്നാണ് ഹിറ്റ്ലർ ചാൻസലർ ആയി സത്യ പ്രതിജ്ഞ ചെയ്തത്. ചാൻസലർ ആയി സത്യ പ്രതിജ്ഞ ചെയ്ത ഉടനെ രൈക്സ്റ്റാഗ് പിരിച്ചു വിടാൻ ഹിറ്റ്ലർ പ്രസിഡന്റ് പോൾ വോൻ ഹിൻഡൻബർഗിനോട് ആവശ്യപ്പെട്ടു. അടുത്ത ഇലെക്ഷൻ 1933 മാർച്ച് അഞ്ചിന് നടത്താൻ തീരുമാനിക്കുകയും ചെയ്തു.

1933 ഫെബ്രുവരി 27 ന്ന് രൈക്സ്റ്റാഗിന്ന് തീ പിടിക്കുന്നു. അഗ്നിശമന വിഭാഗം എത്തുമ്പോഴേക്കും അധോസഭ പൂർണമായും കത്തി ചാമ്പലായി. തീ കൊടുത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് ഹിറ്റ്ലറിന്റെ നാസി പാർട്ടി ആരോപിച്ചു. ജർമൻ മാധ്യമങ്ങൾ നാസി പാർട്ടിയുടെ വാദത്തെ പിന്തുണച്ചു വ്യാപക പ്രചാരണം നൽകി. ബലിയാടായി വാൻ ഡെ ലുബ്ബെ എന്ന വ്യക്തിയെ നാസി പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് കമ്മ്യൂണിസ്റ്റുകാരെ വ്യാപകമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു . മാർച്ച് അഞ്ചിന്ന് നടന്ന തെരെഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ അഭാവത്തിൽ നാസി പാർട്ടി റൈക് സ്റ്റാഗിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരം അരക്കിട്ട് ഉറപ്പിച്ചു . ഹിറ്റ്ലറിൻറെ അധികാരം നല്ല ഭൂരിപക്ഷത്തോടെ അരക്കിട്ട് ഉറപ്പിക്കുവാൻ ജർമൻ നാസി പാർട്ടി ആവിഷ്കരിച്ചു നടപ്പാക്കിയ ഏജന്റ് provacateur ആയിരുന്നു ജർമൻ പാർലിമെന്റ് തീവെച്ചുകൊണ്ടുള്ള ആക്രമണം .

ഇനി ഗുജ്‌റാത് മുഖ്യമന്ത്രിയായിരുന്ന കേശുഭായി പട്ടേലിനെ മാറ്റി അധികാരമേറ്റ മോദിയുടെ മുഖ്യമന്ത്രിപദ മുറപ്പിക്കുവാൻ മറ്റൊരു ഫെബ്രുവരി 27 ന്ന് ഗോധ്രയിൽ നടന്ന ട്രെയിൻ തീവെപ്പിനെ കുറിച്ചു ചിന്തിക്കുക . ഹിറ്റ്ലറിൻറെ play ബുക്കിൽ നിന്നും copy ചെയ്തു അതേപടി നടപ്പാക്കിയ തന്ത്രമായിരുന്നു അത് എന്ന് കൃത്യമായും മനസ്സിലാക്കുവാൻ കഴിയും. അമേരിക്കയിൽ നടന്ന സെപ്റ്റംബർ 11 ആക്രമണത്തിന്റെ ചുവട് പിടിച്ചു, ബിജെപിക്ക് കീഴിൽ വാജ്‌പേയിയുടെ അധികാരം ഉറപ്പിക്കുന്നതിന്ന് സഹായകമാകുമെന്ന് കരുതി, അദ്വാനി ആഭ്യന്തര മന്ത്രിയായിരിക്കെ 2001 ഡിസംബർ 13 ന്ന് ഇന്ത്യൻ പാർലിമെന്റ് ആക്രമിക്കപ്പെടുന്നു. ആരോപണം ഉടനെത്തന്നെ പാകിസ്ഥാനെതിരെ തിരിച്ചുവിടപ്പെടുന്നു. ജിങ്കോയിസ്റ്റു വികാരം ഇന്ത്യയിലുടനീളം അണപൊട്ടിയൊഴുകുന്നു. 1971 ന്ന് ശേഷമുള്ള ഇന്ത്യൻ സേനയുടെ ഏറ്റവും വലിയ മൊബിലൈസേഷനാണ് അതിനെ തുടർന്ന് നടന്നത്. മാസങ്ങളോളം ഇന്ത്യ- പാകിസ്ഥാൻ സേനകൾ മുഖാമുഖം നിൽക്കുന്ന സാഹചര്യം ഉടലെടുത്തു. അതിനിടയിലാണ് , മോദി അധികാരമേറ്റിട്ടു നാല് മാസം കഴിഞ്ഞപ്പോൾ , 2002 ഫെബ്രുവരി 27ന്ന് സബർമതി എക്സ്പ്രസിലെ S6 കംപാർട്മെന്റിലെ കർസേവകരായ യാത്രികർ (ആ കംപാർട്മെന്റിൽ കർസേവകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ) തീവണ്ടി മുസ്ലിംകൾ തിങ്ങി പാർക്കുന്ന ഗോധ്ര റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോൾ, വാങ്ങിയ സാധനങ്ങൾക്ക് വില കൊടുക്കാതെ അവിടുത്തെ മുസ്ലിം കച്ചവടക്കാരുമായി ബോധ പൂർവം കലഹം ഉണ്ടാക്കുന്നത്. അയോധ്യയിൽ വി എച്ച് പി സംഘടിപ്പിച്ച പൂർണാഹുതി മഹാ യജ്ഞയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 1700 ലേറെ കർസേവകരുമായി അഹ്മദാബാദിലേക്ക് പോകുന്ന തീവണ്ടി കര്സേവകരുമായി മുന്നോട്ട് നീങ്ങിയിട്ടുണ്ടായിരുന്നു. തീവണ്ടിയുടെ ഉള്ളിലെ എമർജൻസി ചെയിൻ നിരന്തരം വലിച്ചതിനെ തുടർന്ന്, ട്രെയിൻ സിഗ്നൽ പോയിന്റിൽ നിർത്തുന്നു. പുറത്തുള്ളവർ ട്രൈനിന്ന് കല്ലെറിഞ്ഞു കൊണ്ട് പിന്നാലെ പോയെന്ന് പറയപ്പെടുന്നു. പിന്നെ നാം കാണുന്നത് നാല് കംപാർട്മെന്റിന്ന് തീ പിടിക്കുന്നതാണ്.

മുഖ്യ മന്ത്രി മോദി ഉടനെ കുറ്റാരോപണം മുസ്ലിംകളുടെ മേൽ കെട്ടിയേല്പിച്ചു ന്യൂട്ടന്റെ ആക്ഷൻ -റിയേക്ഷൻ തിയറി ഇൻവോക് ചെയ്യുന്നു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു ചേർത്ത് മൂന്നു ദിവസം സംഘ് പരിവാറിന്ന് പ്രതികാരം ചെയ്യുവാനും പോലീസ് ഒരു നിലക്കും ആ പ്രതികാരത്തെ തടയാതിരിക്കാനും ആജ്ഞാപിക്കുന്നു. പിന്നെ മൂന്നു ദിവസം പോലിസിനെ നോക്കുകുത്തിയാക്കിയും, പോലീസിന്റെ സർവ വിധ പിന്തുണയോടെയും, നേരത്തെ തയ്യാറാക്കിയ പദ്ധതിക്കനുസരിച്ചു സംഘ് പരിവാർ ശക്തികൾ അതി ക്രൂരവും നിഷ്ടൂരവുമായ മുസ്ലിം വംശ ഹത്യ നടത്തുന്നു. മോദി ഗവർണ്ണറോട് നിയമ സഭ പിരിച്ചു വിടാൻ ആവശ്യപ്പെടുന്നു. തുടർന്ന് നടന്ന തെരെഞ്ഞെടുപ്പിൽ മോദി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുന്നു.

മോദിക്ക് കീഴിൽ പ്രവർത്തിച്ച നാനാവതി -മെഹ്ത കമ്മീഷൻ ഗോധ്രയിൽ ട്രൈനിന്ന് തീ വെച്ച കുറ്റം ഗുജ്‌റാത് പോലീസിന്റെ ഭാഷ്യം ശരിവെച്ചു കൊണ്ട് കുറ്റം ട്രെയിനിന് പുറത്ത് കര്സേവകരുമായി കലഹിച്ച മുസ്ലിംകളുടെ മേൽ ചുമത്തിയപ്പോൾ, ലാലു പ്രസാദ് റെയിൽവേ മന്ത്രിയായപ്പോൾ നിയോഗിച്ച ബാനർജി കമ്മീഷനും ഗുജ്‌റാത് ഫോറൻസിക് ലാബിന്റെ അന്വേഷ ണവും മറ്റു സ്വതന്ത്ര അന്വേഷകരും പെട്രോൾ ഒഴിച്ചത് ട്രെയിനിന്റെ അകത്തു നിന്നാണെന്നും, ട്രെയിൻ കംപാർട്മെൻ് അടച്ചിട്ടിട്ടുണ്ടായിരുന്നുവെന്നും, ട്രെയിനിനെ ഉള്ളിൽ നിന്നും ചെയിൻ വലിച്ചു നിർത്തിച്ചതാണെന്നും, പരസ്പരം അറിയാവുന്ന കർസേവകർ മാത്രമേ കംപാർട്മെന്റിൽ ഉണ്ടായിരുന്നുള്ളൂ വെന്നും , മറ്റാർക്കെങ്കിലും നുഴഞ്ഞുകയറാൻ പോലും സാധ്യമായിരുന്നില്ലയെന്നും കൃത്യമായും വ്യക്തമാക്കുകയുണ്ടായി . എഫ്‌എസ്‌എൽ അസിസ്റ്റന്റ് ഡയറക്ടർ എംഎസ് ദഹിയയുടെ റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞു: ” സീറ്റ് നമ്പർ 72-ന് സമീപമുള്ള കമ്പാർട്ട്‌മെന്റിന്റെ പാസേജിൽ നിൽക്കുന്ന ആരോ ഒരാൾ, വിശാലമായ ഓപ്പണിംഗ് ഉള്ള ഒരു കണ്ടെയ്‌നർ ഉപയോഗിച്ച് ഏകദേശം 60 ലിറ്റർ കത്തുന്ന ദ്രാവകം ഒഴിച്ചു കോച്ചിന് തീകൊളുത്തി. തുടർന്ന് ബോഗിയിൽ ആളിപ്പടരുകയും ചെയ്തു”. ഈ വിഷയത്തിൽ ട്രൈനിന്ന് തീ കൊടുത്ത സ്ഥലത്ത് പോയി, ട്രെയിൻ പരിശോധിച്ച് നിരവധി പരീക്ഷണങ്ങൾ നടത്തിയ അദ്ദേഹം തന്റെ റിപോർട്ടിൽ ഇതുകൂടി പറഞ്ഞു: “എല്ലാ ജനാലകളും തുറന്നിട്ടതാണെങ്കിൽ പോലും, ഏഴടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആ ജനാലകൾക്കിടയിലൂടെ തീപിടിക്കുന്ന ദ്രാവകങ്ങൾ തീവണ്ടിയിലേക്ക് എറിയുക എന്നത് ഫലത്തിൽ അസാധ്യമായിരുന്നു. ട്രാക്കിന് സമാന്തരമായി 14 അടി ദൂരത്തിൽ മൂന്നടി ഉയരമുള്ള ഒരു കുന്ന് ഉണ്ടെന്നും അഗ്നിബോംബറുകൾ ഈ കുന്നിന് മുകളിൽ നിൽക്കുകയും കമ്പാർട്ടുമെന്റിലെക്ക് ഇന്ധനം സ്ലോഷ് ചെയ്യുകയും ചെയ്തുവെന്നാണ് വാദമെങ്കിൽ, അങ്ങനെയുള്ള പശ്ചാത്തലത്തിൽ ഏകദേശം 10-15 ശതമാനം ഇന്ധനം മാത്രമേ ട്രൈനിന്ന് അകത്ത് കടക്കുകയുള്ളൂ. ബാക്കിയുള്ള ഇന്ധനം പുറത്തേക്ക് വീഴുകയും ട്രാക്കിലും സമീപത്തും കത്തിയതിന്റെ അടയാളം കാണുകയും ചെയ്യുമായിരുന്നു. ഗോധ്രയിൽ തീവണ്ടിക്ക് തീവെച്ച സ്ഥലത്ത് അങ്ങനെയൊന്നും കാണുവാനുണ്ടായിരുന്നില്ല.”

സാഹചര്യ തെളിവുകളും , പുറത്ത് ജനാലക്ക് കീഴെ ഒട്ടും തീ പിടിക്കാതെ അകത്തു നിന്നും പൂർണമായും കത്തിയ കംപാർട്മെന്റും, ഗോധ്ര റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരുമായി ബോധ പൂർവം ഉണ്ടാക്കിയ കലഹവും, ശേഷം ആസൂത്രിതമായി നടത്തിയ മുസ്ലിം വംശ ഹത്യയും, മോദി നിയമസഭാ പിരിച്ചു വിട്ടു പെട്ടെന്ന് തെരെഞ്ഞെടുപ്പ് നടത്തിയതും, വംശ ഹത്യയുടെ സമയത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹിരൻ പാണ്ട്യ 2003 മാർച്ചിൽ ദുരൂഹ സാഹചര്യത്തിൽ വധിക്കപ്പെട്ടതും, ഐ പി എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടും എ ഡി ജി പി ശ്രീകുമാറും പറഞ്ഞതുമെല്ലാം ഗോധ്രയിൽ ട്രൈനിന്ന് തീ കൊടുത്തത്‌ , മുസ്ലിം വംശ ഹത്യയും അതിലൂടെയുള്ള സാമുദായിക ധ്രുവീകരണവും, മോദിക്ക് കീഴിലുള്ള സംഘ് പരിവാറിന്റെ അധികാരമുറപ്പിക്കലും ലക്ഷ്യം വെച്ചുകൊണ്ട് നടത്തിയ agent provacateur ആയിരുന്നുവെന്നാണ് വ്യക്‌തമാക്കുന്നത്. ഇതാകട്ടെ 1933 ലെ ഹിറ്റ്ലറിൻറെ play ബുക്കിൽ നിന്നും കോപ്പിയടിച്ചു നടപ്പാക്കിയതുമായിരുന്നു. (തുടരും )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles