Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം സ്ത്രീ രാജകുമാരി

ഇസ്ലാമിലെ സ്ത്രീകളുടെ പ്രശ്‌നം ഇസ്‌ലാമിക അക്കാദമിക ലോകത്തും ലിബറൽ സെക്കുലർ ലോകത്തും എപ്പോഴും പ്രാധാന്യമുള്ള ഒന്നാണ്. യുക്തിവാദികളുടെ ഏകപക്ഷീയ ഇടപെടൽ നിലപാടുകളിലെ ഏറ്റവും ആവേശകരമായ വിഷയമാണ് മുസ്ലിം സ്ത്രീയുടെ അനന്തരാവകാശം. പുരുഷന്മാർക്ക് പിന്നിൽ രണ്ടാം സ്ഥാനം മാത്രം നല്കി ഇസ്‌ലാം സ്ത്രീകളുടെ പദവിയെ തരംതാഴ്ത്തുകയും അവഗണിക്കുകയും ചെയ്യുന്നു എന്നതാണ് അവരുടെ സ്ഥിരം പരാതി. സ്ത്രീകളുടെ സാക്ഷ്യവും, അനന്തരാവകാശവും പകുതിയാണെന്നും അത് പുരുഷന്മാരോട് ഇസ് ലാം കാണിക്കുന്ന പക്ഷപാതപരമായ മെയിൽ ഷോവനിസ്റ്റ് സമീപനമാണെന്നും യൂട്യൂബ് പരാദ ജീവികളായ ഇസ്ലാമോഫോബുകളായ യുക്തന്മാർ എപ്പോഴും പറയാറുണ്ട്.

സ്ത്രീകൾക്കുള്ള അനന്തരാവകാശ വ്യവസ്ഥകൾ അതി സൂക്ഷ്മമായി വിചിന്തനം ചെയ്യുന്നവർ ഇസ്ലാമിക ശരീഅതിൽ വ്യത്യസ്ത രീതിയിൽ സ്ത്രീയെ പരിഗണിച്ചിരിക്കുന്നത് കണ്ട് ബോധ്യപ്പെടും. ചിലപ്പോൾ സ്ത്രീക്ക് പുരുഷന്റെ പകുതി അനന്തരാവകാശമായി ലഭിക്കും. മറ്റ് സമയങ്ങളിൽ അവൾക്ക് പുരുഷന്റെ അതേ അനന്തരാവകാശം കിട്ടുന്ന സന്ദർഭങ്ങളുണ്ട് . വേറെ ചിലപ്പോൾ പുരുഷന്റെ ഇരട്ടി അനന്തരാവകാശവും ഇനിയും ചില പ്രത്യേക സന്ദർഭങ്ങളിൽ പുരുഷന് ഒന്നും ലഭിക്കാതെ സ്ത്രീക്ക് മാത്രം അനന്തരാവകാശം ലഭിക്കുകയും ചെയ്യുന്നു. ഇസ്ലാം സ്ത്രീയെ അടിച്ചമർത്തുകയും പുരുഷന്റെ പകുതി മാത്രം അവകാശങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവർ തെറ്റായി ഉദ്ധരിക്കുന്ന ഖുർആനിക പരാമർശങ്ങളിലൊന്നാണ് (للذكر مثل حظ الأنثيين) النساء: 11

പുരുഷന്റെ വിഹിതം ഇരട്ടിയാണ് എന്നത് എന്തോ ഇസ്ലാമിലെ പൊതുതത്വമെന്ന നിലയിലാണ് അവര് സമൂഹത്തിൽ പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ വിഷയത്തിലെ വിവിധ തരം അനന്തരാവകാശ കേസുകളെക്കുറിച്ച് ഒന്ന് ലഘുവായി പരിചയപ്പെടുത്തുന്നത് നന്നാവുമെന്ന് തോന്നുന്നു.

1 – പുരുഷൻ സ്ത്രീയുടെ ഇരട്ടി വിഹിതം എടുക്കുന്ന ചില കേസുകളുണ്ട്. ( ഉദാ: 4:11) ഒരാൾ മരിക്കുമ്പോൾ അയാൾക്ക് ആണും പെണ്ണുമായ മക്കളുണ്ടാവുന്ന സന്ദർഭത്തിൽ പുരുഷന്റെ വിഹിതം ഇരട്ടിയാണ്. അവിടെ പെങ്ങന്മാരെ സംരക്ഷിക്കേണ്ട മുഴുവനുത്തരവാദിത്വവും ഈ ആങ്ങളമാർക്കാണ് എന്ന നിലയിലാണ് ഈ ഇരട്ടി ലഭിക്കുന്നത്.

2 – സ്ത്രീക്ക് പുരുഷന്റെ അതേ അനന്തരാവകാശം ലഭിക്കുന്ന ചില പ്രത്യേക സന്ദർഭങ്ങളുണ്ട്. ലിബറലുകൾ ഉദ്ധരിക്കുന്ന അതേ സൂക്തത്തിൽ
അനന്തരാവകാശത്തിൽ സ്ത്രീകൾ പുരുഷന്മാർക്ക് തുല്യമായ സന്ദർഭം പരാമർശിക്കുന്നുണ്ട് :

നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക്‌ നിർദേശം നൽകുന്നു; ആണിന്‌ രണ്ട്‌ പെണ്ണിൻറെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെൺമക്കളാണുള്ളതെങ്കിൽ ( മരിച്ച ആൾ ) വിട്ടേച്ചു പോയ സ്വത്തിൻറെ മൂന്നിൽ രണ്ടു ഭാഗമാണ്‌ അവർക്കുള്ളത്‌. ഒരു മകൾ മാത്രമാണെങ്കിൽ അവൾക്ക്‌ പകുതിയാണുള്ളത്‌. മരിച്ച ആൾക്കു സന്താനമുണ്ടെങ്കിൽ അയാളുടെ മാതാപിതാക്കളിൽ ഓരോരുത്തർക്കും അയാൾ വിട്ടേച്ചുപോയ സ്വത്തിൻറെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാൾക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കൾ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കിൽ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാൾക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാൽ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആൾ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കിൽ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവർ ആരാണെന്ന്‌ നിങ്ങൾക്കറിയില്ല. അല്ലാഹുവിൻറെ പക്കൽ നിന്നുള്ള ( ഓഹരി ) നിർണയമാണിത്‌. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (4:11)

സ്ത്രീ പുരുഷന് തുല്യമായ കേസുകളിൽ ഒന്നാണിത്, അതായത് ഒരു വ്യക്തി വാപ്പയും ഉമ്മയും ഉള്ളപ്പോൾ മരിച്ചാൽ, അവിടെ അവർ രണ്ടു പേരും പൂർണ്ണമായും അനന്തരാവകാശത്തിൽ തുല്യരാണ്. മരിച്ചയാളുമായി ഒരേ പരിമാണത്തിലുള്ള ബന്ധമുള്ള പുരുഷനും സ്ത്രീയുമാണ് അവർ രണ്ടും . ഓരോരുത്തർക്കും സ്വത്തിന്റെ ആറിലൊന്ന് അവകാശമുണ്ട്. ഈ തുല്യത ലിബറലുകൾ എന്തുകൊണ്ടോ കാണാതെ പോവുന്നു.

അനന്തരാവകാശത്തിൽ സ്ത്രീയും പുരുഷനും തുല്യരാകുന്ന മറ്റൊരു കേസ്, ഒരാൾ മരിക്കുകയും മക്കളോ മാതാപിതാക്കളോ ഇല്ലാതിരിക്കുകയും
ചെയ്യുന്ന കലാല എന്ന കേസാണ്. ഈ സന്ദർഭത്തിൽ അനന്തരാവകാശത്തിൽ സഹോദരങ്ങളും സഹോദരിമാരും തുല്യരാണ്.

ഒരു പുരുഷൻ, അല്ലെങ്കിൽ ഒരു സ്ത്രീ ‘കലാലത്താ’യി [പിതാവും മക്കളുമില്ലാതെ] അനന്തരമെടുക്കപ്പെടുകയും, അയാൾക്ക് ഒരു സഹോദരനോ, സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താൽ, അപ്പോൾ – അവർ രണ്ടിൽ ഓരോരുത്തർക്കും ആറിലൊന്നുമുണ്ടാ യിരിക്കും. എന്നാൽ, അവർ [സഹോദരങ്ങൾ] അതിനെക്കാൾ അധികമായിരുന്നെങ്കിൽ, അപ്പോഴവർ മൂന്നിലൊന്നിൽ പങ്കുകാരായിരിക്കും, അന്യോന്യം ഉപദ്രവമുണ്ടാക്കപ്പെടാത്തവിധം ചെയ്യപ്പെടുന്ന വസ്വിയ്യത്തിൻറെയോ, അല്ലെങ്കിൽ കടത്തിൻറെയോ ശേഷമത്രെ, (ഇതും). (അതെ)അല്ലാഹുവിങ്കൽ നിന്നുള്ള വസ്വിയ്യത്ത് (തന്നെ)! അല്ലാഹുവാകട്ടെ, സർവ്വജ്ഞനാണ്, സഹനശീലനാണ്. (4:12)

3 – സ്ത്രീക്ക് പുരുഷനേക്കാൾ കൂടുതൽ അനന്തരാവകാശം ലഭിക്കുന്ന എത്രയോ സന്ദർഭങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരു സ്ത്രീ മരിക്കുകയും അവർക്ക് ഭർത്താവും മാതാപിതാക്കളും രണ്ട് പെൺമക്കളുമാണുള്ളതെങ്കിൽ അനന്തരാവകാശത്തിന്റെ വിതരണം ഇനിപ്പറയുന്ന രീതിയിലാവും : ഭർത്താവിന് നാലിലൊന്ന്, ഉപ്പാക്ക് ആറിലൊന്ന്, ഉമ്മാക്ക് ആറിലൊന്ന്, രണ്ട് പെൺമക്കൾക്ക് മൂന്നിൽ രണ്ട്, അതായത് ഓരോ പെൺമക്കളുടെയും വിഹിതം പിതാവിന്റെ വിഹിതത്തേക്കാളും വല്ലിപ്പയുടെ വിഹിതത്തേക്കാളും വലുതാണ്. രണ്ട് പെൺമക്കൾക്ക് പകരം ഒരു പെൺകുട്ടി മാത്രമാണെങ്കിൽ, അവൾക്കുള്ളതാണ് മുതലിന്റെ പകുതി .അതായത് പിതാവിന്റെ വിഹിതത്തേക്കാളും വല്ലിപ്പയേക്കാളും എത്രയോ
വലുതാണ് മകളുടെ വിഹിതമായ 50:50 .

4- സ്ത്രീക്ക് അനന്തരാവകാശവും ലഭിക്കുകയും പുരുഷന് ഒന്നും ലഭിക്കാതെയും പോവുന്ന കേസുകൾ ഈ ജബ്റകൾ പലപ്പോഴും അറിയാതെ പോവുന്നു. മരണപ്പെട്ടയാളുമായുള്ള ബന്ധത്തിന്റെ അളവിലും പരിമാണത്തിലും അവർ ഒരു പക്ഷേ തുല്യരായിട്ടു പോലും . ഉദാ:മരിച്ചയാളുടെ ഉപ്പാക്ക് ഉമ്മയുണ്ട് എന്ന് സങ്കല്പിക്കുക.അതോടൊപ്പം പരേതന്റെ ഉമ്മാക്ക് വാപ്പയുമുണ്ട് എന്നും കരുതുക. ഈ കേസിൽ പിതൃമുത്തശ്ശിക്ക് അനന്തരാവകാശം ലഭിക്കുന്നു. വല്ലിപ്പാക്ക് അനന്തരാവകാശം തീരെ ലഭിക്കുന്നുമില്ല.

അനന്തരാവകാശ നിയമങ്ങളിലെ ചില മാതൃകാ സംക്ഷിപ്ത കേസുകളാണ് ഇവിടെ പരാമർശിച്ചത്. അനന്തരാവകാശം കൈകാര്യം ചെയ്യുന്ന ഗ്രന്ഥങ്ങളിൽ ഇത്തരം സന്ദർഭങ്ങൾ വിരളമല്ല. വീടിന്റെ പരിപാലനം, മഹർ, ജീവിതച്ചെലവ് എന്നിവയെല്ലാം ഇസ്‌ലാം പുരുഷനെ മാത്രമാണ്
ഏല്പിച്ചത്. ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ സ്ത്രീ പൂർണ്ണമായും രാജകുമാരിയാണ്. അവൾക്ക് വേണ്ടി മറ്റുള്ളവർ അധ്വാനിക്കുക എന്ന പ്രത്യേകാവകാശം (privilege) ഇസ്ലാമവർക്ക് നൽകിയതായി കാണാം. സ്ത്രീകളുടെ പകുതി അനന്തരാവകാശ പ്രശ്നം ഉന്നയിക്കുന്നവരിൽ പലരും അറിയാതെ പോവുന്ന വിഷയങ്ങളിലേക്കുള്ള ഒരു പ്രവേശിക മാത്രമാണീ പഠനം.വിഷയ സംബന്ധമായ പഠനങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്.

Ref :
(امتياز المرأة على الرجل في الميراث والنفقة)، للعالم الدكتور صلاح سلطان

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles