Current Date

Search
Close this search box.
Search
Close this search box.

മരണശയ്യയിലെ പ്രവാചക വസിയ്യത്തുകള്‍

ഹിജ്‌റ 11-ാം വര്‍ഷം സ്വഫര്‍ പതിനെട്ടിനോ, പത്തൊമ്പതിനോ ആണ്. അന്ന് തിരുമേനിയുടെ ആരോഗ്യനില അല്‍പം മോശമായി. ബുധനാഴ്ചയായിരുന്നു അത്. തിങ്കളാഴ്ച രോഗം മൂര്‍ച്ഛിച്ചു. ദേഹശക്തിയുള്ളേടത്തോളം തിരുമേനി പള്ളിയില്‍ വന്നു നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരുന്നു. മഗ്‌രിബായിരുന്നു തിരുമേനി ഏറ്റവും ഒടുവില്‍ നിര്‍വഹിച്ച നമസ്‌കാരം. തലവേദന മൂലം കൈലേസ് കെട്ടിയാണ് പള്ളിയില്‍ വന്നത്. നമസ്‌കാരത്തില്‍ ‘വല്‍മുര്‍സലാതി’ എന്ന് തുടങ്ങുന്ന സൂറത്ത് പാരായണം ചെയ്തു. ഇശായുടെ സമയമായപ്പോള്‍ ക്ഷീണം വര്‍ദ്ധിച്ചു. തിരുമേനിക്ക്  പള്ളിയിലേക്കു വരാന്‍ സാധിച്ചില്ല. അബൂബക്കര്‍ (റ) നമസ്‌കാരത്തിനു നേതൃത്വം നല്‍കട്ടെ എന്നു പറഞ്ഞു. അങ്ങനെ ദിവസങ്ങളോളം അബൂബക്കര്‍ (റ) നമസ്‌കാരത്തിനു നേതൃത്വം നല്‍കിപ്പോന്നു.

ഇടക്കൊരു ദിവസം ആരോഗ്യനില സ്വല്‍പം മെച്ചപ്പെട്ടപ്പോള്‍ കുളിച്ചു പള്ളിയില്‍ വന്നു. അവിടെ ഒരു പ്രസംഗം ചെയ്തു. തിരുമേനിയുടെ ജീവിതത്തിലെ ഏറ്റവും ഒടുവിലത്തെ പ്രസംഗമായിരുന്നു അത്. തിരുമേനി അരുളി:

‘ഇഹലോകത്തിലെ അനുഗ്രഹങ്ങളെല്ലാം സ്വീകരിക്കുകയോ അല്ലെങ്കില്‍ പാരത്രിക ജീവിതത്തില്‍ അല്ലാഹുവിങ്കലുള്ളത് കൈക്കൊള്ളുകയോ രണ്ടാലൊന്ന് തിരഞ്ഞെടുക്കാന്‍ അല്ലാഹു അവന്റെ ഒരു ദാസന്  സ്വാതന്ത്ര്യം നല്‍കി. എന്നാല്‍, ആ ദാസന്‍ അല്ലാഹുവിങ്കലുള്ളത് തെരഞ്ഞെടുത്തു’. ഇതു കേട്ട അബൂബക്കറിന് കാര്യം മനസ്സിലായി. അദ്ദേഹം പൊട്ടിക്കരഞ്ഞു.  നബി തിരുമേനി തുടര്‍ന്ന് അരുളി.

‘മൈത്രിക്കും സമ്പത്തിനും ഞാന്‍ ഏറ്റവുമധികം കടപ്പെട്ട വ്യക്തി അബൂബക്കറാണ്. ഈ ലോകത്ത് എന്റെ സമുദായത്തില്‍ നിന്ന് ഞാന്‍ ആരെയെങ്കിലും മിത്രമായി വരിക്കുമെങ്കില്‍ അത് അബൂബക്കറാകുമായിരുന്നു. പക്ഷെ, ഇസ്‌ലാമിന്റെ ബന്ധം തന്നെ മൈത്രിക്ക് ധാരാളം മതി.’

ശ്രദ്ധിക്കുവിന്‍! നിങ്ങള്‍ക്ക് മുമ്പുള്ള സമുദായങ്ങള്‍ അവരുടെ പ്രവാചകന്മാരുടെയും മഹാത്മാക്കളുടെയും ഖബ്‌റുകളെ ആരാധനാലയങ്ങളാക്കി. നോക്കൂ, നിങ്ങളങ്ങനെ ചെയ്യരുത്. ഞാന്‍ അതില്‍ നിന്ന് നിങ്ങളെ തടയുകയാണ്. ‘ ‘ഹലാലും ഹറാമും എന്നോട് ചേര്‍ത്ത് പറയരുത്. അല്ലാഹു ഹലാലാക്കിയ കാര്യങ്ങള്‍ മാത്രമേ ഞാന്‍ ഹലാലാക്കിയിട്ടുള്ളൂ. അല്ലാഹു ഹറാമാക്കിയ കാര്യങ്ങള്‍ മാത്രമേ ഞാന്‍ ഹറാമാക്കിയിട്ടുള്ളൂ.’

ഇതേ രോഗാവസ്ഥയില്‍ തന്നെ തിരുമേനി ഒരു ദിവസം കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു. ‘അല്ലയോ പ്രവാചകപുത്രി ഫാത്വിമാ! അല്ലയോ പ്രവാചകന്റെ അമ്മാവി സ്വഫിയ്യാ! അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് പ്രയോജനം സിദ്ധിക്കുന്ന കാര്യങ്ങളെന്തെങ്കിലും ചെയ്യുക. അല്ലാഹുവിങ്കല്‍ നിന്ന് എനിക്ക് നിങ്ങളെ രക്ഷിക്കാന്‍ സാധ്യമല്ല’. രോഗം കഠിനമായി മൂര്‍ഛിച്ച ഒരു ദിവസം തിരുമേനി ഇടക്കിടെ പുതപ്പ് മുഖത്തേക്ക് വലിച്ചിടുകയും ഇടക്കിടെ താഴേക്ക് വലിച്ചിടുകയും ചെയ്തുകൊണ്ടിരുന്നു. തദവസരത്തില്‍ ആയിശ തിരുവധരങ്ങളില്‍ നിന്ന് ഈ വാക്കുകള്‍ കേട്ടു.

‘ജൂതന്മാരുടെയും ക്രൈസ്തവരുടെയും മേല്‍ അല്ലാഹുവിന്റെ ശാപം. അവര്‍ തങ്ങളുടെ പ്രവാചകന്മാരുടെ ഖബറുകള്‍ ആരാധനാലയങ്ങളാക്കി.’

നബി തിരുമേനി എപ്പോഴോ ഒരിക്കല്‍ ആഇശയുടെ പക്കല്‍ കുറച്ച് അശ്‌റഫീ നാണയങ്ങള്‍ സൂക്ഷിക്കാന്‍ കൊടുത്തിരുന്നു. രോഗം കൊണ്ട് അസ്വസ്ഥമായ അവസ്ഥയില്‍ ഒരിക്കല്‍ പറഞ്ഞു: ‘ആഇശാ! ആ അശ്‌റഫീ നാണയങ്ങള്‍ എവിടെ? മുഹമ്മദ് തന്റെ നാഥനെ സംശയാവസ്ഥയില്‍ കണ്ടുമുട്ടണമെന്നോ? പോകൂ, അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യൂ!’

ചിലപ്പോള്‍ രോഗം മൂര്‍ഛിക്കും. ചിലപ്പോള്‍ കുറയും. വഫാതായ ദിവസം -തിങ്കളാഴ്ച ശാന്തമായിരുന്നു. പിന്നീട് പകല്‍ നീളും തോറും തിരുമേനിക്ക് പലതവണ ബോധക്ഷയമുണ്ടായി. ഈ അവസ്ഥയില്‍ തിരുവധരങ്ങളില്‍ നിന്ന് മിക്കപ്പോഴും പുറത്തുവന്നിരുന്ന വാചകങ്ങള്‍ ഇതായിരുന്നു: ‘മഅല്ലദീന അന്‍അമല്ലാഹു അലൈഹിം'( അല്ലാഹു അനുഗ്രഹിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണമേ) ചിലപ്പോള്‍ പറയും: ‘അല്ലാഹുമ്മ ഫിര്‍റഫീഖില്‍ അഅ്‌ലാ’ (അല്ലാഹുവേ, സ്വര്‍ഗത്തില്‍ മഹോന്നതരായ കൂട്ടുകാരോടൊപ്പം ചേര്‍ത്താലും)

മറ്റു ചിലപ്പോള്‍ ഇതേ ആശയത്തിലുള്ള ‘ബിര്‍റഫീഖില്‍ അഅ്‌ലാ’ എന്നു ഉരുവിട്ടുകൊണ്ടിരിക്കും. ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ അവസ്ഥ മാറി. വിശുദ്ധാത്മാവ് പുണ്യലോകത്തിലേക്ക് യാത്രയായി. ഹിജ്‌റ 11-ാം വര്‍ഷം റബീഉല്‍ അവ്വലിലായിരുന്നു അത്.

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles