Current Date

Search
Close this search box.
Search
Close this search box.

അന്ന് ജോർജ് ഫ്ളോയിഡ്, ഇന്ന് വിക്ടോറിയ

2020 മേയ് 25ന് ലോകം ഞെട്ടലോടെ വീക്ഷിച്ച സംഭവമാണ് ജോർജ് ഫ്‌ളോയിഡിന്റെ നിഷ്ഠൂര കൊലപാതകം. കറുത്ത വർഗക്കാരനായി എന്ന ഒറ്റ കാരണത്താൽ ഡെറിക് ഷൗവിൻ എന്ന വെള്ളക്കാരനായ പോലീസ് ഓഫീസർ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ വിചാരണ മിന്നിപോളീസിലെ കോടതിയിൽ ആരംഭിച്ച ദിവസമായിരുന്നു ഇന്ന്.

നിരായുധനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി കഴുത്തിൽ കാൽമുട്ടുകൊണ്ട് ഞെരിക്കുകയും തുടർന്ന് എട്ടുമിനിറ്റോളം കാൽമുട്ട് കുത്തിനിൽക്കുകയുമായിരുന്നു. എനിക്ക് ശ്വാസം മുട്ടുന്നുവെന്ന ഫ്‌ളോയിഡിന്റെ ദീനരോദനം കേൾക്കാതെ ആ നരാധമനായ പോലീസുകാരൻ ഒരു വിലപ്പെട്ട ജീവൻ അപഹരിക്കുകയായിരുന്നു. ഇന്ന് കോടതി നടപടികൾ ആരംഭിച്ചയുടൻ പ്രോസിക്യൂട്ടർ ആ നടുക്കുന്ന വീഡിയോ ക്ലിപ്പ് ജഡ്ജിമാർക്ക് വീണ്ടും കാണിച്ചുകൊടുത്തു.

ഫ്‌ളോയിഡിനെ കൊന്നതുപോലെയുള്ള കിരാത സംഭവം ഇക്കഴിഞ്ഞ ശനിയാഴ്ച മെക്‌സിക്കോയിലുമുണ്ടായത് നിയമപാലകർ മനുഷ്യജീവന് കൽപിക്കുന്ന വില എത്രയാണെന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയാണ്. ഇവിടെ കൊല്ലപ്പെട്ടതും കൊലയാളിയും വനിതകളാണ് എന്നു മാത്രമല്ല, സംഭവത്തിന് ദൃക്‌സാക്ഷികളായവർ ഇത് തടയാനായി ഇടപെട്ടില്ല എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.

എൽ സാൽവഡോറുകാരിയായ വിക്ടോറിയ എസ്പറൻസ സലാസാർ എന്ന മുപ്പത്താറുകാരിയാണ് മെക്‌സിക്കോയിലെ കരീബിയൻ റിസോർട്ട് നഗരമായ ട്യൂലുമിൽ വനിതാ പോലീസ് ശ്വാസംമുട്ടിച്ചു കൊന്നത്. പോലിസ് ഓഫീസർ അവരുടെ പുറത്ത് കാൽമുട്ട് അമർത്തി കയ്യാമം വെക്കുന്നതും അവർ ശ്വാസംകിട്ടാതെ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. നിശ്ചലമായ അവരുടെ ശരീരത്തിനരികിൽ മൂന്ന് പോലീസ് ഓഫീസർമാർ നിൽക്കുന്നതാണ് പിന്നീട് കാണുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ, വിശിഷ്യാ ട്വിറ്ററിൽ ദശലക്ഷത്തിലേറെ ആളുകളാണ് വീഡിയോ കണ്ടത്.

രണ്ടു കുട്ടികളുടെ മാതാവായ വിക്ടോറിയ കഴുത്ത് തകർന്നാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. പതിനാലും പതിനാറും പ്രായമുള്ള പെൺമക്കളുമൊത്ത് 2018 മുതൽ മെക്‌സിക്കോയിൽ നിയമപരമായി തന്നെ അഭയാർഥിയായി കഴിയുകയായിരുന്നു അവർ. മക്കളെ പോറ്റാനായിരുന്നു ജന്മദേശം വിട്ട് ഇവിടെ എത്തിയത്.

ഫളോയിഡിന്റെ കാര്യത്തിൽ അന്നത്തെ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചെയ്തതു പോലെ സംഭവത്തെ ന്യായീകരിക്കാൻ മെക്‌സിക്കൻ പ്രസിഡന്റ് ശ്രമിച്ചില്ല. ഇതൊരു കൊലപാതകമാണെന്നും പോലീസ് വകുപ്പിൽ നടമാടുന്ന ക്രിമിനലിസത്തിന്റെ തെളിവാണിതെന്നും പ്രസിഡന്റ് ഒബ്രാഡർ പറഞ്ഞു. ക്രൂരമായാണ് വിക്ടോറിയയെ കൊലപ്പെടുത്തിയതെന്നും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും അപമാനകരവുമായ സംഭവമാണിതെന്നും പറഞ്ഞ പ്രസിഡന്റ്, കുറ്റക്കാർ രക്ഷപ്പെടാൻ പോകുന്നില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങളും വിക്ടോറിയയുടെ മാതാവ് റോസിബെൽ എൽ സാൽവഡോർ തലസ്ഥാനമായ സാൻ സാൽവഡോറിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതാണ് ചിത്രങ്ങൾ.

Related Articles