Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകളെ കൈവിടാതെ അന്താരാഷ്ട്ര നീതിന്യായ കോടതി

2017ൽ മ്യാൻമറിലെ വംശീയ ന്യൂനപക്ഷമായ റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരെ സൈന്യം നടത്തിയ ക്രൂരമായ അടിച്ചമർത്തലിനെതിരെ പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗാമ്പിയ നൽകിയ വംശഹത്യാ കേസിൽ മ്യാൻമറിന്റെ പ്രാഥമിക എതിർപ്പ് അന്താരാഷ്ട്ര നീതിന്യായ കോടതി വെള്ളിയാഴ്ച തള്ളിയതിലൂടെ അന്വേഷണത്തിന്റെ പുതിയ വാതിലുകൾ തുറക്കുകയാണ്. ഫെബ്രുവരിയിൽ കേസുമായി ബന്ധപ്പെട്ട് കോടതി മ്യാൻമറിന്റെ എതിർവാദങ്ങൾ കേട്ട്, ഇപ്പോൾ ഐ.സി.ജി (International Court of Justice) പ്രസിഡന്റ് ജഡ്ജി ജൊവൻ ഇ ഡൊനോഗ് പുറപ്പെടുവിച്ച വിധി സ്വാഗതാർഹമാണ്. ‘മ്യാൻമറിന്റെ എതിർവാദങ്ങൾ വിധിയിൽ കാലതാമസം വരുത്താനുള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല. ഐ.സി.ജി തീരുമാനമെടുക്കാൻ ഒന്നര വർഷമെടുത്തത് ദൗർഭാഗ്യകരമാണ്. വംശഹത്യ നടന്നുകൊണ്ടിരിക്കുകയാണ്. കോടതി കൂടുതൽ കാലതാമസം അനുവദിക്കാതിരിക്കേണ്ടത് പ്രധാനമാണ്’ -ബർമീസ് റോഹിങ്ക്യൻ ഓർഗനൈസേഷൻ യു.കെ പ്രസിഡന്റ് തുൻ കിൻ അൽജസീറയോട് വ്യക്തമാക്കി.

മ്യാൻമർ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ റാഖൈനിൽ സൈന്യം നടത്തിയ ക്രൂരമായ ആക്രമണത്തിൽ ലക്ഷക്കണക്കിന് റോഹിങ്ക്യകളാണ് അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് കുടിയേറാൻ നിർബന്ധിതരായത്. തുടർന്നാണ് 57 അംഗ ഒ.ഐ.സിയുടെ (Organisation for Islamic Cooperation) പിന്തുണയോടെ ഗാമ്പിയ മ്യാൻമറിനെതിരെ 2019 നവംബറിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നൽകുന്നത്. വംശഹത്യാ കുറ്റകൃത്യം തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള ഉടമ്പടി ലംഘിച്ചുവെന്നാണ് മ്യാൻമറിനെതിരായ ആരോപണം. റോഹിങ്ക്യകളെ സംരക്ഷണത്തിന് മ്യാൻമർ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഐ.സി.ജി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇത് ന്യൂനപക്ഷ വിഭാഗത്തിന്റെ അവകാശങ്ങൾക്ക് വീണ്ടെടുക്കാൻ കഴിയാത്ത നഷ്ടമാണെന്ന് ജഡ്ജിമാർ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

2018ൽ യു.എൻ നടത്തിയ അന്വേഷണത്തിൽ, വംശഹത്യാ ഉദ്ദേശത്തോടെ മ്യാൻമറിൽ അടിച്ചമർത്തൽ നടന്നതായി കണ്ടെത്തിയിരുന്നു. സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിങ്ങിനെയും അഞ്ച് ജനറൽമാരെയും വിചാരണ ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഈ വർഷം മാർച്ചിൽ, റോഹിങ്ക്യകൾക്കെതിരായ മ്യാൻമർ സൈന്യത്തിന്റെ നടപടി വംശഹത്യയാണെന്ന് യു.എസും വ്യക്തമാക്കിയിരുന്നു. നടന്നതൊന്നും വംശഹത്യയല്ലെന്നാണ് മ്യാൻമറിന്റെ വാദം. 2017ൽ സൈന്യം അടിച്ചമർത്താനുണ്ടായ കാരണം, പോലീസ് പോസ്റ്റ് ആക്രമിച്ച റോഹിങ്ക്യൻ വിമതർക്കെതിരായിരുന്നുവെന്നാണ് മ്യാൻമറിന്റെ ന്യായീകരണം. തുടക്കത്തിൽ, ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ രാജ്യത്തെ പ്രതിരോധിച്ച് ഓങ് സാൻ സൂചി രംഗത്തുവന്നിരുന്നു. 2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറി നടത്തിയ സൈന്യമാണിപ്പോൾ, ഈ കേസിന്റെ നിയന്ത്രണം ഏറ്റെടുത്തിയിരിക്കുന്നത്. അട്ടിമറിക്ക് ശേഷം ഓങ് സാൻ സൂചി പൊതു രംഗത്തുനിന്ന് അപ്രത്യക്ഷമാണ്. പല കേസുകളിലായി രഹസ്യ സൈനിക കോടതിയിൽ സൂചി വിചാരണ നേരിടുകയുമാണ്. സൈന്യം ഇറങ്ങിക്കളിക്കുന്ന കേസിൽ ഐ.സി.ജിയുടെ ഇടപെടലിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്ന ആശങ്ക വസ്തുതാപരമാണ്.

റോഹിങ്ക്യകൾക്കെതിരെയും മറ്റ് വംശീയ വിഭാഗങ്ങൾക്കെതിരെയും സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെയും മ്യാൻമർ സൈന്യത്തിന്റെ അടിച്ചമർത്തൽ അന്വേഷിക്കുന്നതിനുള്ള ഏറ്റവും നല്ല അവസരമാണ് ഐ.സി.ജിയുടെ വെള്ളിയാഴ്ചത്തെ വിധിയിലൂടെ സാധ്യമാകുന്നത്. 1982ലെ നിയമപ്രകാരമാണ് റോഹിങ്ക്യകൾക്ക് പൗരത്വം നഷ്ടമാകുന്നത്. ബംഗ്ലാദേശിൽ നിന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരാണ് റോഹിങ്ക്യകളെന്ന പ്രചാരണമാണ് നടക്കുന്നത്. 2012ൽ, റാഖൈനിലെ വംശീയ ആക്രമണം റോഹിങ്ക്യകളെ ക്യാമ്പ് ജീവതങ്ങളിലേക്ക് തള്ളിവിടുകയായിരുന്നു. 135000ത്തോളം റോഹിങ്ക്യകൾ ഇപ്പോഴും ക്യാമ്പുകളിൾ കഴിയുന്നുണ്ട്. ബംഗ്ലാദേശിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യകൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കേസിൽ അന്തിമവിധിക്ക് വർഷങ്ങളെടുക്കുമെങ്കിലും, വംശഹത്യ തുടരാനനുവദിക്കരുതെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടൽ റോഹിങ്ക്യകൾക്ക് ജീവിക്കാനുള്ള പ്രാഥമിക അവകാശമാണ് നൽകുന്നത്.

Related Articles