Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശങ്ങൾ: ലോകത്തിന് വഴി കാണിച്ച ഇസ്‍ലാം

യു.എന്നിന്റെ മനുഷ്യാവകാശ പ്രഖ്യാപനത്തിന് 75 വർഷം പൂർത്തിയാവുകയാണ്. കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടു കാലത്തെ ഐക്യ രാഷ്ട്ര സഭയുടെ കർമ്മ പരിപാടികളെ കുറിച്ച് വിശകലനം ചെയ്യുമ്പോൾ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം ഇന്നും ഏട്ടിലെ പശുവായി തുടരുന്നതായി കാണാം. ജീവിക്കാനുള്ള അവകാശമാണ് മനുഷ്യന്റെ മൗലികാവകാശങ്ങളിൽ പ്രഥമവും പ്രധാനവുമായത്. ഗസ്സയിലെ ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങൾ രണ്ടു മാസം പിന്നിടുമ്പോൾ നിരപരാധികളായ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 17,177ൽ പരം മനുഷ്യ ജീവനുകളാണ് ഇതിനോടകം പൊലിഞ്ഞു പോയത്. കര – വ്യോമ മാർഗത്തിലൂടെയുള്ള കണ്ണിൽ ചോരയില്ലാത്ത സയണിസ്റ്റ് കൂട്ടക്കുരുതി തുടർന്ന് കൊണ്ടേയിരിക്കുകയാണ്.

സമാനതകളില്ലാത്ത ഈ കൂട്ടകൊലകൾക്കെതിരെ ഫലപ്രദമായ ഒരു നടപടിയുമെടുക്കാൻ യു.എന്നിന് സാധിച്ചിട്ടില്ല. ലോകത്തോടൊപ്പം അവരും അർത്ഥഗർഭമായ മൗനത്തിലാണ്. സാമ്പത്തികവും സാമൂഹികവും വിശ്വാസപരവുമായ അവകാശ സംരക്ഷണ വിഷയത്തിലും ഇത് തന്നെയാണ് അവസ്ഥ. ലോകത്തെല്ലായിടത്തും വ്യാപകമായ രീതിയിലുള്ള അവകാശ ലംഘനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ലോക ജനതയുടെ ജീവിത സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനും പ്രാഥമികമായ അവരുടെ അവകാശങ്ങളെങ്കിലും നേടിക്കൊടുക്കേണ്ടതിനും ബാധ്യതപ്പെട്ട യു.എൻ ഏജൻസികൾ കുറെ കാലങ്ങളായി സാമ്രാജ്യത്വത്തിന്റെ കാവൽനായ്ക്കൾ എന്ന രീതിയിലേക്ക് തരം താണിരിക്കുകയാണ്.

ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്നതിന് പകരം കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന പഴയ കാടൻ രീതിയാണ് ഇന്നും ആധുനിക ലോകത്ത് നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. “യോജിക്കാനുള്ളത് പോലെതന്നെ വിയോജിക്കാനുമുള്ള അവകാശവുമുണ്ടെന്ന” റൂസോയുടെ വചനങ്ങൾ മനുഷ്യാവകാശങ്ങളുടെ പേരിൽ ഗിരിപ്രഭാഷണം നടത്തുന്ന അമേരിക്കയും, ബ്രിട്ടനും, റഷ്യയും, ചൈനയും, ഫ്രാൻസും തുടങ്ങിയവർ തന്നെയാണ് കാറ്റിൽ പറത്തികൊണ്ടിരിക്കുന്നത്.

ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും സംബന്ധിച്ചിടത്തോളം മനുഷ്യാവകാശങ്ങൾ എന്നത് പുതിയൊരു ആശയമല്ല. ആധുനിക ലോകത്തിന്റെ കാഴ്ചയിൽ മനുഷ്യാവകാശങ്ങൾ എന്ന പ്രയോഗത്തിന്റെ തുടക്കം ഒരു പക്ഷെ 1215ജൂൺ 15ൽ രചിക്കപ്പെട്ട ഇൻഗ്ലണ്ടിലെ മാഗ്നാകാർട്ടയോ, 1789ൽ ഫ്രഞ്ചു ഭരണഘടനാ നിർമ്മാണ സഭ തയ്യാറാക്കിയ മനുഷ്യാവകാശ വിജ്ഞാപനമോ, 1791ൽ മനുഷ്യാവകാശങ്ങളെക്കുറിച്ചു ടോമ്പയിൻ എഴുതിയ ലേഖനങ്ങളോ, 1945ഇൽ അമേരിക്കൻ ഐക്യനാടുകൾ ബിഗോട്ടോ കോൺഫറൻസിൽ പാസാക്കിയ മനുഷ്യാവകാശ വിജ്ഞാപനമോ, 1948 ലെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനമോ ആയിരിക്കാം.

എന്നാൽ മുഴുവൻ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും തുടക്കം ഏഴാം നൂറ്റാണ്ടിലെ അപരിഷ്‌കൃത സമൂഹത്തിന്റെ നേതാവ് എന്ന് പരിഹസിക്കപ്പെടുന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ അറഫയാണ്. അന്നേ ദിവസം 1,44,000 മനുഷ്യരെ സാക്ഷി നിർത്തി അദ്ദേഹം നടത്തിയ പ്രസംഗമാണ്. ശസ്ത്രക്രിയയിലൂടെ രോഗവിമുക്തി നേടിയ വ്യക്തി ചരകന്റെയോ ശുശ്രുതന്റെയോ തുടക്കത്തെക്കുറിച്ച് അജ്ഞാതനാവുന്നത് പോലെയാണ് യു.എൻ.വിളംബരപ്പെടുത്തിയ മനുഷ്യാവകാശങ്ങളുടെ ചാർട്ടു സംബന്ധമായ പരീക്ഷയെഴുതാൻ വേണ്ടി മനഃപാഠം പഠിക്കുന്ന വിദ്യാർത്ഥിക്ക് അറഫ അറിയാതെ പോകുന്നത്. അവകാശലംഘനങ്ങളുടെ വർത്തമാനകാലത്ത് ഇനിയും ഏറെ പഠിക്കേണ്ടതും പ്രസക്തിയുള്ളതുമായ ഒരു അക്കാദമിക വിഷയം കൂടിയാണ് അറഫ.

ഇസ്‌ലാം മനുഷ്യാവകാശ ലംഘനത്തെ പരലോകത്തോടാണ് ചേർത്ത് വെക്കുന്നുത്. യു.എന്നിന്റെ മനുഷ്യാവകാശ പ്രഖ്യാപനത്തിനു പരലോകബോധമില്ലാത്തതിനാൽ കൂടിയാണ് അത് നിരന്തരം ലംഘിക്കപ്പെടുന്നത്. പ്രവാചകന്റെ കാലത്ത് അബൂ മസ്ഊദ് തന്റെ അടിമയെ മർദ്ദിക്കുന്നത് ഒരിക്കൽ റസൂൽ കാണാൻ ഇടയായി. ഇത് കണ്ട റസൂൽ പറഞ്ഞു “അബൂ മസ്ഊദ്, താങ്കൾ വലിയവനാണെങ്കിൽ താങ്കളേക്കാൾ വലിയവനാണ് അല്ലാഹു”. പ്രവാചകന്റെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ ഇടനെഞ്ചിലാണ് ചെന്ന് തറച്ചത്. ഉടൻ തന്നെ തന്റെ അടിമയെ അദ്ദേഹം മോചിപ്പിച്ചു. ഇത് കണ്ട നബി ഇങ്ങനെ കൂടി പറഞ്ഞു. ” നല്ല കാര്യം, അല്ലെങ്കിൽ നരകത്തിന്റെ തീയിൽ താങ്കൾ വെന്തു കരിയുമായിരുന്നു.” ഇങ്ങിനെയാണ്‌ മനുഷ്യാവകാശത്തെ ഇസ്‌ലാം പരലോകത്തോട് ചേർത്ത് വെക്കുന്നത്.

ലോകത്ത് തന്റെ അവകാശങ്ങളെ കുറിച്ചും അവകാശലംഘനങ്ങളെ കുറിച്ചും ചർച്ച ചെയ്യുകയും ആശങ്കപ്പെടുകയും ചെയ്യുന്ന ഒരേയൊരു ജീവിവർഗം മനുഷ്യൻ മാത്രമാണ്. ലോകത്തുള്ള മറ്റെല്ലാ ജീവജാലങ്ങൾക്കും അവരുടെ അവകാശങ്ങൾ പ്രകൃതി തന്നെ നിർണയിച്ചു കൊടുത്തിട്ടുണ്ട്. അവക്കൊക്കെ തങ്ങളുടെ അവകാശങ്ങൾ യാതൊരു തടസവും ഇല്ലാതെ ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. മറ്റു ജീവജാലങ്ങൾക്ക് അവയുടെ അവകാശങ്ങൾ നിർണയിച്ചു കൊടുത്ത പ്രപഞ്ചനാഥനായ അല്ലാഹു തന്നെയാണ് മനുഷ്യന്റെ അവകാശങ്ങളെ കുറിച്ച് മാർഗദർശനം നടത്തേണ്ടതും. പ്രവാചകന്മാർ മുഖേനയും അവരിലൂടെ ഇറക്കപ്പെട്ട വേദ ഗ്രന്ഥങ്ങളിലൂടെയും ഇത് വളരെ കൃത്യമായി പടച്ചവൻ പഠിപ്പിക്കുന്നുണ്ട്. ലോകത്തിലെ മുഴുവൻ മനുഷ്യരെയും ഒരു ചീർപ്പിന്റെ പല്ലു പോലെ സമന്മാരായി കാണുന്ന ഇസ്‌ലാമിക ദാർശനികതയുടെ കരുത്ത് പ്രസക്തമാണ്.

സമൂഹത്തിന്റെ ഏത് തട്ടിലുള്ളവനോ ഏത് നിറക്കാരനോ രാജ്യക്കാരനോ ദരിദ്രനോ ആവട്ടെ മനുഷ്യന്റെ അവകാശങ്ങൾ അവന്റെ അർഹതയാണ്. ഏത് സാഹചര്യത്തിലും അതവന് ലഭ്യമാവേണ്ടതുണ്ട്, ഒന്നിന്റെ പേരിലും അത് തടയപ്പെടാൻ പാടില്ല എന്നതാണ് ഈ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം. മനുഷ്യനിർമ്മിതങ്ങളായ പ്രത്യയശാസ്ത്രങ്ങളും ദർശനങ്ങളും തങ്ങളുടെ തത്വങ്ങൾ പ്രയോഗവൽക്കരിക്കുന്നിടത്ത് പരാജയപ്പെടുകയാണെങ്കിൽ സൈദ്ധാന്തികമായ പരാജയമായിത്തന്നെ അതിനെ വിലയിരുത്തേണ്ടതുണ്ട്.

വിശപ്പടക്കാനുള്ള അന്നവും നാണം മറക്കാനുള്ള ഉടുതുണിയും തല ചായ്ക്കാനുള്ള പാർപ്പിടവും ഓരോ മനുഷ്യനും നേടിക്കൊടുക്കാൻ ഇസ്‌ലാമിൽ സംവിധാനമുണ്ട്.
മനുഷ്യൻ ചെയ്യുന്ന ഏതു പാപങ്ങളും അല്ലാഹുവിനോട് നടത്തുന്ന പശ്ചാത്താപത്തിലൂടെ അവൻ പൊറുത്തു കൊടുക്കും. എന്നാൽ അപരനോട് ചെയ്യുന്ന അവകാശലംഘനവുമായി ബന്ധപ്പെട്ട തെറ്റുകൾ അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുകയില്ല. അവിടെ ദൈവം നിലകൊള്ളുക അവകാശം ഹനിക്കപ്പെടുന്ന മനുഷ്യന്റെ കൂടെയായിരിക്കും. അത് കൊണ്ടാണ് പ്രവാചകൻ ശക്തമായി പറഞ്ഞത് “മർദിതന്റെ പ്രാർഥനക്കും അല്ലാവിനുമിടയിൽ യാതൊരു മറയും ഉണ്ടാവുകയില്ല” എന്ന്.

മനുഷ്യാവകാശങ്ങളുടെ രണ്ടു അടിസ്ഥാനങ്ങളാണ് സ്വാതന്ത്ര്യവും, സമത്വവും എന്നത്. ലോകത്ത് പല പ്രത്യയശാസ്ത്രങ്ങളും കടന്നു പോയിട്ടുണ്ട്. ഇതിൽ പലതും പലയിടങ്ങളിലും ഭരണം നടത്തി കാലയവനികക്കുള്ളിൽ മറഞ്ഞു പോയതോ ഇന്നും ലോകത്ത് ഭരണം നടത്തികൊണ്ടിരിക്കുന്നതോ ആണ്. കമ്യൂണിസവും, സോഷ്യലിസവും, ജനാധിപത്യവുമൊക്കെ ആധാരമാക്കി നടത്തിയ ഭരണസംവിധാനങ്ങളെ ലോകം കണ്ടതും കണ്ടു കൊണ്ടിരിക്കുന്നതുമാണ്. ഇവിടെയൊക്കെ നടന്നതും വർത്തമാനകാലത്ത് നടന്നു കൊണ്ടിരിക്കുന്നതുമായ പൗരാവകാശത്തിന്റെയും മനുഷ്യാവകാശത്തിന്റെയും നഗ്‌നമായ ലംഘനങ്ങൾ വളരെ രൂക്ഷവുമാണ്.

സമത്വം
ലോകത്ത് വിവിധ ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന മനുഷ്യരാശിയെ ഒന്നായി കാണുന്നു എന്നതാണ് ഇസ്‌ലാമിന്റെ വലിയൊരു പ്രത്യേകത.”ഓ, ജനങ്ങളെ നിങ്ങളുടെ നാഥനെ ഭയപ്പെടുവിൻ, ഒരൊറ്റ ആത്മാവില്‍നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍” (ഖുർആൻ 4 / 1) മറ്റൊരിടത്ത് എത്ര മനോഹരമായാണ് ഈ ഒരാശയത്തെ ഖുർആൻ മുന്നോട്ട് വെക്കുന്നതെന്നു നോക്കൂ ” അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍.” (ഹുജുറാത്ത് 13).

ലക്ഷകണക്കിന് മനുഷ്യരെ സാക്ഷി നിർത്തി മുഹമ്മദ് നബി അറഫാ മൈതാനിയിൽ വെച്ച് പ്രഖ്യാപിച്ചു ” ഓ ജനങ്ങളെ, നിങ്ങളുടെയെല്ലാം നാഥൻ ഒന്നാകുന്നു, നിങ്ങളുടെ പിതാവും ഒരാളത്രെ. ആദമിൽ നിന്നും സൃഷ്ടിക്കപ്പെട്ടവരത്രെ നിങ്ങൾ. ആദമോ മണ്ണിൽ നിന്നും സൃഷിടിക്കപ്പെട്ടു. നിശ്ചയം ദൈവത്തിന്റെ അടുക്കൽ ഔന്നത്യമുള്ളവൻ ഭക്തിയുള്ളവർ മാത്രമാകുന്നു. അറബിക്ക് അനറബിയേക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ, കറുത്തവന് വെളുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയും ഇല്ല.ദൈവഭക്തി കൊണ്ടല്ലാതെ. (ബുഖാരി).

സമത്വത്തെ കുറിച്ചുള്ള സുന്ദരമായ ഈ കാഴ്ചപ്പാട് കേവലം താത്തികമായ ചർച്ചയിൽ ഒതുക്കിയില്ല ഇസ്‌ലാം. പ്രവാചകൻ മുഹമ്മദ് നബി തന്റെയും അദ്ദേഹത്തിന്റെ അനുചരന്മാരിലൂടെയും ജീവിതത്തിലൂടെ ലോകത്തിനു മുന്നിൽ പ്രയോഗിവൽക്കരിച്ചു കാണിച്ചു കൊടുത്ത മഹത്തായ ഒരു ആശയം കൂടിയാണിത്. “Man is born free, yet everywhere he is in chains” എന്ന റൂസോയുടെ വചനം ലോകമാസകലം കൊട്ടിഘോഷിക്കപ്പെടുന്നു. ഗവർണർ എടുത്ത തെറ്റായ നിലപാടിനെതിരിൽ ഖലീഫ ഉമറിനോട് ഒരിക്കൽ ഒരാൾ പരാതി ബോധിപ്പിക്കുകയുണ്ടായി. ഉടൻ തന്നെ ഗവർണറെ ദൂരദേശത്ത് നിന്നും വിളിച്ചു വരുത്തി ഉമർ പറഞ്ഞു “നിങ്ങളെപ്പോഴാണ് ജനങ്ങളെ അടിമകളാക്കാൻ തുടങ്ങിയത്, അവരെ അവരുടെ മാതാക്കൾ സ്വതന്ത്രരായിട്ടല്ലയോ പ്രസവിച്ചത്?” എന്നാൽ റൂസോക്ക് ആയിരം വർഷങ്ങൾക്കപ്പുറം സമത്വവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ നിലപാട് വ്യക്തമാക്കിയ ഉമറിന്റെ ദർശനത്തെ അറിയാൻ പലർക്കും താല്പര്യമില്ല. അല്ലെങ്കിൽ ഇസ്‌ലാം വിരോധം മൂലം ചിത്തത്തിൽ അന്ധത ബാധിച്ചവർ ഇത്തരം രജതരേഖകളെ കണ്ടിട്ടും കണ്ടതായി ഭാവിക്കുന്നില്ല.

ഭൂമിയിൽ സുന്ദരമായ രീതിയിൽ നീതിയുടെ നിർവഹണത്തിന് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നിർദേശം മനുഷ്യസമുദായത്തെ ഒന്നായി കാണുക (നഫ്‌സുൻ വാഹിദ) എന്നതാണ്. മനുഷ്യാവകാശത്തിന്റെ പ്രധാന ഘടകമായ നീതിയെക്കുറിച് പല പാശ്ചാത്യ പണ്ഡിതന്മാരും പറയാറുള്ള ഒരു കാര്യമാണ് ” നിയമ സംഹിതയുടെ അടിസ്ഥാന തത്വം സമത്വമാണ് എന്ന് പ്രഖ്യാപിക്കുമ്പോൾ മുസ്‌ലിം നീതിശാസ്ത്രകാരന്മാരോട് നാം അത്യധികം യോജിക്കേണ്ടിയിരിക്കുന്നു.” എന്ന്. “ഒരു വിഭാഗത്തോടുള്ള ശത്രുത അവരോടു നീതിപൂർവം വർത്തികാത്തിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ ” എന്ന ഖുർആനിന്റെ ആഹ്വാനം നിയമത്തിനും നീതിക്കും മുന്നിൽ എല്ലാവരും സമന്മാരാണെന്ന ആശയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

ഈ ആശയത്തെ അൽ ഹുജുറാത്ത് അധ്യായത്തിലെ 13ആം സൂക്തത്തെ വിശദീകരിച്ചു കൊണ്ട് മൗലാനാ മൗദൂദി വിശദീകരിക്കുന്നുണ്ട്. “ഇപ്പോള്‍ ഈ സൂക്തത്തിലൂടെ മുഴുവന്‍ മനുഷ്യസമൂഹത്തെയും അഭിസംബോധന ചെയ്ത്,ലോകത്ത് എക്കാലവും വ്യാപകമായ കുഴപ്പത്തിന് കാരണമായിത്തീര്‍ന്ന ഒരു വമ്പിച്ച തിന്മയുടെ അടിവേരറുത്തിരിക്കുന്നു. അതായത് വര്‍ഗം, വര്‍ണം, ഭാഷ, ദേശം, ജനത തുടങ്ങിയ പക്ഷപാതിത്വങ്ങളിലൂടെ പൗരാണിക കാലം തൊട്ട് ഇന്നുവരെ എല്ലാ കാലഘട്ടങ്ങളിലും മനുഷ്യന്‍ പൊതു മാനവികതയെ അവഗണിച്ച് തനിക്കു ചുറ്റും ഏതാനും ചെറിയ വൃത്തങ്ങള്‍ വരക്കുകയുണ്ടായി.

ആ വൃത്തത്തിനുള്ളില്‍ ജന്മംകൊള്ളുന്നവരെ സ്വന്തക്കാരായും അതിനു വെളിയില്‍ ജീവിക്കുന്നവരെ അന്യരായും കണക്കാക്കിപ്പോന്നു. ഈ വൃത്തമാകട്ടെ, ബുദ്ധിപരമോ ധാര്‍മികമോ ആയ ഏതെങ്കിലും അടിത്തറയിലല്ല; പ്രത്യുത, യാദൃച്ഛികമായ ജന്മത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ചിലേടത്ത് അതിന്റെ അടിസ്ഥാനം ഒരു കുടുംബത്തില്‍, ഗോത്രത്തില്‍, അല്ലെങ്കില്‍ വര്‍ഗത്തില്‍ പിറക്കുക എന്നതായിരിക്കും. ചിലപ്പോള്‍ ഒരു ഭൂവിഭാഗത്തില്‍, അല്ലെങ്കില്‍ സവിശേഷ വര്‍ണമുള്ളതോ ഭാഷ സംസാരിക്കുന്നതോ ആയ സമുദായത്തില്‍ പിറന്നുവെന്നതായിരിക്കും. തുടര്‍ന്ന് ഈ അടിസ്ഥാനത്തില്‍ സ്വന്തക്കാര്‍, അന്യര്‍ എന്നിങ്ങനെയുള്ള തരംതിരിവുകളുണ്ടാകുന്നു.

സ്വന്തക്കാരായി കരുതുന്നവരോട് ആപേക്ഷികമായി കൂടുതല്‍ സ്‌നേഹവും സഹകരണവും പുലര്‍ത്തുന്നതില്‍ പരിമിതമായിരിക്കുകയില്ല ഈ തരംതിരിവ്. അത് അതിനപ്പുറം വൈരാഗ്യം, ശത്രുത, നിന്ദ, അക്രമമര്‍ദനങ്ങള്‍ തുടങ്ങിയ ദുഷ്ടതകളിലേക്ക് കടക്കുന്നു. അതിനുവേണ്ടി തത്ത്വശാസ്ത്രങ്ങള്‍ മെനഞ്ഞെടുക്കുകയുണ്ടായി. മതങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടു. സദാചാര തത്വങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു. നൂറ്റാണ്ടുകളായി ജനസമുദായങ്ങളും ഭരണകൂടങ്ങളും അവ ഓരോ ചിന്താസരണിയാക്കി വളര്‍ത്തിവരുന്നു.

യഹൂദികള്‍ ഈ അടിസ്ഥാനത്തില്‍ ഇസ്രായേല്‍ സന്തതികളെ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളായി കണക്കാക്കുകയും തങ്ങളുടെ മത നിയമങ്ങളില്‍ വരെ ഇസ്രായേലികളല്ലാത്തവരുടെ അവകാശങ്ങളും പദവിയും ഇസ്രായേലികളുടേതിനേക്കാള്‍ താണതായി നിശ്ചയിക്കുകയും ചെയ്തു. ഇതേ വിവേചനം ഹിന്ദുക്കള്‍ക്കിടയില്‍ വര്‍ണവ്യവസ്ഥക്ക് ജന്മംനല്‍കുകയും തദടിസ്ഥാനത്തില്‍ ബ്രാഹ്മണരുടെ ഔന്നത്യം സ്ഥാപിക്കപ്പെടുകയും ചെയ്തു. ‘ഉന്നത കുലജാതരെ’ അപേക്ഷിച്ച് മറ്റെല്ലാ മനുഷ്യരും നീചരും മ്ലേച്ഛരുമായി പരിഗണിക്കപ്പെട്ടു. ശൂദ്രര്‍, നിന്ദ്യതയുടെ അടിത്തട്ടിലേക്കെറിയപ്പെട്ടു.

കറുത്തവര്‍, വെളുത്തവര്‍ എന്ന വിവേചനം മൂലം ആഫ്രിക്കയിലും അമേരിക്കയിലുമുള്ള കറുത്തവര്‍ഗക്കാര്‍ക്കെതിരില്‍ അഴിച്ചുവിടപ്പെട്ട അക്രമമര്‍ദനങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ അന്വേഷിക്കേണ്ട ആവശ്യമില്ല. 20-ആം നൂറ്റാണ്ടിലും കണ്ണുള്ളവര്‍ക്കൊക്കെ അത് കാണാവുന്നതാണ്. അമേരിക്കന്‍ ഉപഭൂഖണ്ഡത്തില്‍ നുഴഞ്ഞുകയറിയ യൂറോപ്യര്‍ അവിടെയുള്ള റെഡ് ഇന്ത്യക്കാരോട് കാണിച്ച ക്രൂരതയിലും ഏഷ്യന്‍-ആഫ്രിക്കന്‍ നാടുകളിലെ ദുര്‍ബല ജനവിഭാഗങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ട് അവരോടനുവര്‍ത്തിച്ച ദുഷ്‌ചെയ്തികളിലുമെല്ലാം ഇതേ വികാരംതന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

അതായത്, തങ്ങളുടെ ദേശത്തിനും ജനതക്കുമപ്പുറം ജനിക്കുന്നവരുടെ ജീവനും സ്വത്തും അഭിമാനവുമെല്ലാം തങ്ങള്‍ക്ക് യഥേഷ്ടം പിച്ചിച്ചീന്താവുന്നതാണ്. അവരെ കൊള്ളയടിക്കാനും അടിമകളാക്കാനും വേണ്ടിവന്നാല്‍ ഉന്മൂലനാശം ചെയ്യാന്‍ പോലും തങ്ങള്‍ക്ക് അവകാശമുണ്ട്. പാശ്ചാത്യന്‍ ജനതയുടെ ദേശീയത ഒരു ജനതയെ മറ്റൊരു ജനതക്കു നേരെ ഹിംസ്രജന്തുവാക്കിത്തീര്‍ത്തതിന്റെ ഉദാഹരണങ്ങള്‍ അടുത്ത കാലത്ത് നടന്ന യുദ്ധങ്ങളില്‍ കണ്ടിട്ടുള്ളതും ഇന്നും കണ്ടുകൊണ്ടിരിക്കുന്നതുമാണ്. പ്രത്യേകിച്ച്, നാസിജര്‍മനിയുടെ വര്‍ഗീയതയും നോര്‍ടിക് വംശത്തിന്റെ വംശീയാഹന്തയും കഴിഞ്ഞ ലോകയുദ്ധത്തില്‍ പ്രകടിപ്പിച്ച നിഷ്ഠുരതയും വീക്ഷിച്ചാല്‍ എന്തുമാത്രം വിനാശകരമായ ദുര്‍മാര്‍ഗത്തില്‍നിന്നു മനുഷ്യരെ സംസ്‌കരിക്കുന്നതിനാണ് ഈ ഖുര്‍ആനിക സൂക്തം അവതീര്‍ണമായിരിക്കുന്നതെന്ന് അനായാസേന ഗ്രഹിക്കാവുന്നതാണ്….

ഈ അധ്യാപനങ്ങള്‍ കേവലം വാക്കുകളില്‍ പരിമിതമായിരുന്നില്ല. ഇസ്‌ലാം അതിനനുസൃതമായി വിശ്വാസികളുടേതായ ഒരു സാര്‍വലൗകിക സാഹോദര്യം പ്രയോഗത്തില്‍ സ്ഥാപിച്ചു കാണിക്കുകയുണ്ടായി. അവിടെ വര്‍ണ-വംശ-ഭാഷാ-ദേശ-വര്‍ഗ വിവേചനമുണ്ടായിരുന്നില്ല. ഉച്ചനീചത്വങ്ങളുടെയോ തൊട്ടുതീണ്ടായ്മയുടെയോ വിവേചനത്തിന്റെയോ ഒരു സങ്കല്‍പവുമില്ല. അതില്‍ പങ്കാളികളായവരെല്ലാം, അവര്‍ ഏത് വംശത്തോട്, ജനതയോട്, ദേശത്തോട്, രാഷ്ട്രത്തോട് ബന്ധപ്പെട്ടവരാവട്ടെ, തുല്യമായ അവകാശങ്ങളാണുള്ളത്. അങ്ങനെ ആയിട്ടുമുണ്ട്. മാനുഷിക സമത്വത്തിന്റെയും ഐക്യത്തിന്റെയും അടിസ്ഥാനങ്ങളെ, മറ്റൊരു മതത്തിലും വ്യവസ്ഥയിലും ഒരിക്കലും കാണപ്പെടാത്തവിധം വിജയകരമായി ഇസ്‌ലാം മുസ്‌ലിം സമൂഹത്തില്‍ പ്രയോഗവല്‍ക്കരിച്ചിട്ടുണ്ട് എന്ന വസ്തുത ഇസ്‌ലാമിന്റെ ശത്രുക്കള്‍ പോലും അംഗീകരിച്ചിട്ടുള്ളതാണ്.

ഭൂമുഖത്ത് സര്‍വ മുക്കുമൂലകളിലും പരന്നുകിടക്കുന്ന അസംഖ്യം വംശങ്ങളെയും ജനതതികളെയും ഒന്നിച്ച് ഒരേ സമുദായമാക്കിയിട്ടുള്ള മതം ഇസ്‌ലാം മാത്രമാകുന്നു. (തഫ്ഹീമുൽ ഖുർആൻ, വാല്യം 5 ). മക്കാ വിജയഘട്ടത്തില്‍ കഅ്ബാ പ്രദക്ഷിണത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ തിരുമേനി അരുളി: “നിങ്ങളില്‍നിന്ന് ജാഹിലിയ്യത്തിന്റെ ന്യൂനതയും അഹങ്കാരവും ദൂരീകരിച്ച അല്ലാഹുവിന് സ്തുതി. ജനങ്ങളേ, മനുഷ്യര്‍ രണ്ടു തരക്കാരാണ്. ഒന്ന്: നല്ലവനും സൂക്ഷ്മാലുവും അല്ലാഹുവിങ്കല്‍ ആദരണീയനുമായവന്‍. മറ്റൊന്ന്, അധര്‍മിയും ഹതഭാഗ്യനും അല്ലാഹുവിങ്കല്‍ നിന്ദ്യനുമായവന്‍. മനുഷ്യരഖിലം ആദമിന്റെ സന്തതികളാണ്. അല്ലാഹു ആദമിനെ സൃഷ്ടിച്ചിട്ടുള്ളത് മണ്ണില്‍ നിന്നാണ്.”(തുർമുദി). ഏറെ പ്രബുദ്ധമെന്നു മേനി നടിക്കുന്ന കേരളത്തിൽ പോലും ജാതീയതയുടെ വിഷവിത്തുകൾ ഇന്നും നിലനിൽക്കുന്നു എന്നതാണ് വർത്തമാനകാല യാഥാർഥ്യം. ദുരഭിമാനക്കൊലയും ഊരുവിലക്കുകളും അർഹതപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കലുമെല്ലാം വെറും ഒറ്റപ്പെട്ട സംഭവങ്ങളായി കരുതാൻ സാധിക്കുകയില്ല.

വിശ്വാസ സ്വാതന്ത്ര്യം

ഡോ.ഹാദിയ വീണ്ടും കേരളീയ സോഷ്യൽ മീഡിയാ പരിസരത്ത് സജീവ ചർച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പരമോന്നത കോടതി പോലും ഇടപെട്ട ഈ വിഷയത്തിൽ ഇന്നും ചർച്ചകൾ നടക്കുന്നത് ഇന്ത്യയുടെ ഭരണഘടന മുന്നോട്ട് വെക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം കൂടിയാണ്. വിശ്വാസ സ്വാതന്ത്ര്യം എന്നത് എല്ലാ മനുഷ്യരുടെയും മൗലികാവകാശമാണ്. ഏത് വിശ്വാസവും തെരഞ്ഞടുക്കുവാൻ ഇസ്‌ലാമിൽ അനുവാദമുണ്ട്. “മതത്തിന്റെ കാര്യത്തിൽ ഒരുവിധ ബലപ്രയോഗവുമില്ല” (അൽ ബഖറ : 256) ഇതേ ആശയം തന്നെ ഖുർആനിൽ പലയിടത്തും കാണാം. “പ്രവാചകരെ തുറന്നു പറഞ്ഞു കൊള്ളുക, ഇത് നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിധേഷിക്കാം.” (അൽ കഹ്ഫ്: 29). “ശരി, (പ്രവാചകന്‍) ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ പ്രബോധകന്‍ മാത്രമാകുന്നു. അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനല്ല.” (അൽ ഗാശിയ: 21,22).

ഏത് മനുഷ്യനും അവന് ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും ഇസ്‌ലാമിക ലോകത്ത് സ്വാതന്ത്രമുണ്ട്. ഇസ്‌ലാമിക ഭരണത്തിൽ ഇതര മതക്കാരുടെ വിശ്വാസം സംരക്ഷിക്കാനും അവരുടെ വിശ്വാസമനുസരിച്ചുള്ള ആരാധനകൾ നടത്താനും അവർക്ക് സാധിക്കും. ആർക്കും അവരെ തടയാനുള്ള അവകാശമില്ല. എന്ന് മാത്രമല്ല അവരുടെ വിശ്വാസ സംരക്ഷണം ഇസ്‌ലാമിക ഭരണകൂടത്തിന്റെ ബാധ്യത കൂടിയാണ്. എന്നാൽ ഇന്ന് ലോകത്താകമാനമുള്ള ഇസ്‌ലാഫോബിയയുടെ അവസ്ഥ എത്രമാത്രം ഭീകരമാണ്. ഏത് മതവും ആളുകൾക്ക് വിശ്വസിക്കാം എന്നാൽ ഇസ്‌ലാമികാദർശം സ്വീകരിക്കുമ്പോൾ മാത്രം എത്രമാത്രം അസഹിഷ്ണുതയാണ് പലർക്കും.

സ്ത്രീകളുടെ അവകാശങ്ങൾ
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു വിഭാഗമാണ് സ്ത്രീകൾ. പാശ്ചാത്യലോകത്തും യൂറോപ്പിലുമാണ് ഇത് ഏറ്റവും കൂടുതലായി നടക്കുന്നത്. നമ്മുടെ നാട്ടിലും സ്ഥിതി ഏറെയൊന്നും വിത്യാസമല്ല. ജനാധിപത്യ – മതേതരത്വ – സോഷ്യലിസ്റ്റ് രാജ്യമായ നമ്മുടെ നാട്ടിലെ അവസ്ഥ ഏറെ പരിതാപകരം കൂടിയാണ്. ഭ്രൂണഹത്യ, സ്ത്രീപഠനം മൂലം ഉണ്ടാവുന്ന ആത്മഹത്യകൾ, സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, കൊലപാതകങ്ങൾ തുടങ്ങിയവയുടെ കണക്കുകൾ ഏറെ ഭയപ്പെടുത്തുന്നതാണ്. വേതനത്തിന്റെ കാര്യത്തിൽ പോലും എന്തുമാത്രം വിവേചനമാണ് കാണിക്കപ്പെടുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കാണിക്കുന്നതിൽ വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിൽക്കുന്നവർ തന്നെയാണുള്ളത്. പ്രേമിച്ച പെണ്ണിനോട് കൂടുതൽ സ്ത്രീധനം ചോദിച്ചു അവളെ ആത്മഹത്യ ചെയ്യിപ്പിച്ചതും നമ്മുടെ പ്രബുദ്ധ കേരളത്തിൽ തന്നെയാണ്.

എന്നാൽ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി വളരെ കൃത്യമായ ഇടപെടലുകളാണ് ഇസ്‌ലാം നടത്തിയിട്ടുള്ളത്. ഏറ്റവും ശാസ്ത്രീയമായ രീതിയിൽ ആണ് അവരുടെ അവകാശങ്ങൾ അവർക്ക് ഇസ്ലാം വകവെച്ചു കൊടുക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ആഗമന കാലത്തെ സ്ത്രീജനങ്ങളുടെ അവസ്ഥ എത്ര മാത്രം ദുരിതപൂർണമായിരുന്നു എന്ന് അറിയുമ്പോൾ മാത്രമേ ഇസ്‌ലാം ഈ വിഷയത്തിൽ നടത്തിയ ഇടപെടലുകളുടെ മഹത്വം കൃത്യമായി മനസിലാവുകയുള്ളൂ. “അവരിലൊരാള്‍ക്ക് പെണ്‍കുട്ടി ജനിച്ചതായി സുവാര്‍ത്ത ലഭിച്ചാല്‍, കഠിന ദുഃഖം കടിച്ചിറക്കി അവന്റെ മുഖം കറുത്തുപോകുന്നു. തനിക്കു ലഭിച്ച സന്ദേശത്തിന്റെ ഹീനതയാല്‍ അവന്‍ ജനത്തില്‍നിന്ന് ഒളിച്ചുനടക്കുന്നു. അപമാനിതനായിക്കൊണ്ട് പുത്രിയെ വളര്‍ത്തേണമോ, അതല്ല, അവളെ മണ്ണില്‍ കുഴിച്ചുമൂടിയാലോ എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു–നോക്കുക! എത്ര ദുഷിച്ച വിധിയാണിവര്‍ അല്ലാഹുവിന്റെ കാര്യത്തില്‍ എടുക്കുന്നത്.”(അന്നഹ്‌ൽ : 58).

സ്ത്രീകൾക്ക് ജനിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു അവസ്ഥയിൽ നിന്നും സമൂഹത്തിന്റെ നേതൃപദവിയിലേക്കാണ് ഇസ്‌ലാം അവരെ കൈ പിടിച്ചാനയിച്ചത്. ഇസ്‌ലാം അവൾക്ക് മാന്യമായി ജീവിക്കാനുള്ള അവകാശം നൽകി. “സ്വസന്തതികളെ ദാരിദ്ര്യം ഭയന്ന് കൊന്നുകളയരുത്. അവര്‍ക്ക് അന്നം നല്‍കുന്നത് നാമാകുന്നു; നിങ്ങള്‍ക്കും. അവരെ കൊന്നുകളയുന്നത് തീര്‍ച്ചയായും മഹാപാപമാകുന്നു.”( അല്‍ഇസ്റാഅ് 31).

മാതൃത്വത്തിന്റെ മഹിതമായ സ്ഥാനം നൽകി അവരെ ആദരിച്ചു. “മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗം” എന്ന പ്രവാചക വചനം അവർക്കുള്ള വലിയ ആദരവും അംഗീകാരവും ആണ്. പുരുഷന് സ്ത്രീക്കുമേൽ അവകാശമുള്ളത് പോലെ പുരുഷന്റെ മേൽ സ്ത്രീക്കും അവകാശമുണ്ടെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. സമൂഹത്തിലെ മാന്യതയുടെ മാനദണ്ഡം സ്ത്രീകളോട് മാന്യമായി പെരുമാറുന്നതിനെ ആശ്രയിച്ചാണെന്ന് പ്രവാചകൻ പഠിപ്പിച്ചു. അത് കൊണ്ടാണ് പിതാവിനേക്കാൾ കടപ്പാട് മാതാവിനോടാണെന്ന് ഇസ്‌ലാം പറയുന്നത്. പരലോകത്ത് സ്വർഗം ലഭിക്കാനുള്ള കാരണവും സ്ത്രീയെ പരിഗണിക്കുക എന്നതും കൂടിയാണ്. അവർക്ക് അനന്തരാവകാശം നലകി. ധനം സമ്പാദിക്കാനും അധികാരം കയ്യാളാനും, യുദ്ധത്തിൽ പങ്കെടുക്കാനുമുള്ള അവകാശവും നൽകപ്പെട്ടു.

രാഷ്രീയ സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവക്കും ഇസ്‌ലാം ഏറെ പ്രാധാന്യം കൽപിക്കുന്നു. രാഷ്ട്രപങ്കാളിത്തം രാജ്യത്തുള്ള ഏതൊരു പൗരനും ഇസ്ലാം അനുവദിക്കുന്നു. തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞടുക്കുവാനും തിരിച്ചു വിളിക്കാനുമുള്ള അവകാശം എല്ലാ മനുഷ്യർക്കുമുണ്ട്. ആധുനിക ലോകത്ത് ഉദയം കൊണ്ട പ്രത്യയ ശാസ്ത്രങ്ങൾ ഇതൊക്കെ ചിന്തിക്കുന്നതിനു മുമ്പ് തന്നെ ഇസ്‌ലാം ഇതെല്ലാം പറഞ്ഞു വെക്കുന്നുണ്ട്. ഇസ്‌ലാമിക രാഷ്ട്രസങ്കല്പത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി വെച്ചിരിക്കുന്നത് കൂടിയാലോചന എന്നതാണ്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം മാത്രമാണ് ആധുനിക സമൂഹങ്ങൾ കൂടിയാലോചന എന്ന തത്വം ഉൾക്കൊള്ളാൻ പോലും തുടങ്ങിയത്.

“കാര്യങ്ങളില്‍, അവരോടും കൂടിയാലോചിക്കുക. എന്നിട്ട് തീരുമാനമെടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക.” (ആലു ഇമ്രാൻ :159). ലോകത്തിനു മുന്നിൽ ആദ്യമായി കൂടിയാലോചന എന്ന സിദ്ധാന്തത്തെ അവതരിപ്പിക്കുന്നത് ഇസ്‌ലാം ആണ്. ജനാഭിലാഷമനുസരിച്ചോ സാമൂഹ്യ പരിവർത്തനത്തിന്റെ ഫലമായോ സാമൂഹിക – രാഷ്ട്രീയ വളർച്ചയുടെ ഭാഗമായോ അല്ല ഇസ്‌ലാം “കൂടിയാലോചാനാ തത്വം” നടപ്പിലാക്കിയത്. സമൂഹത്തിന്റെ നിലവാരമുയർത്താനും അവരെ പൊതുപ്രശ്നങ്ങളിൽ തല്പരരും ഭരണത്തിൽ പങ്കാളികൾ ആക്കാനും വേണ്ടിയായിരുന്നു. അതോടൊപ്പം ഭരണ വ്യവസ്ഥയുടെ കാവല്ഭടന്മാരായി ഇസ്‌ലാമിക രാജ്യത്തെ പൗരന്മാരെ പരിവർത്തിപ്പിക്കാനും ഇത് ആവശ്യമായിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് പൗര സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, സ്വതന്ത്രമായ പെരുമാറ്റത്തിനുള്ള സ്വാതന്ത്ര്യം, നിയമവിധേയമായി കരാറുകളിലേർപ്പെടാനും അവ ദുർബ്ബലപ്പെടുത്താനുമുള്ള സ്വതതന്ത്ര്യം തുടങ്ങിയവയും വരുന്നത്.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ എന്ത് പേക്കൂത്തുകളും കാട്ടിക്കൂട്ടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. സ്വതന്ത്രചിന്തയുടെ പേരിൽ മറ്റുള്ളവരെ അവഹേളിക്കുകയും അവരെ ഭർത്സിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു ചിലർ. ഇവിടെയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ചിന്താ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഏറെ പ്രസക്തമാവുന്നത്. വിജ്ഞാനത്തിനും ബുദ്ധിക്കും ഇസ്‌ലാം നൽകിയ പ്രാധാന്യത്തിൽ നിന്നും ഇത് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. “ആകാശഭൂമികളുടെ സംവിധാനത്തെക്കുറിച്ച് ഇക്കൂട്ടര്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലേ? അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഒരു വസ്തുവിനെയും അവര്‍ കണ്ണുതുറന്നു നോക്കിയിട്ടുമില്ലേ?” (ഖുർആൻ 7/185).

മുൻവിധികളില്ലാതെ ചിന്തിക്കാനും ആലോചിക്കാനും ബുദ്ധി ഉപയോഗിക്കാനും മനുഷ്യരെ പ്രേരിപ്പിക്കുന്ന ഇതുപോലെയുള്ള നിരവധി സൂക്തങ്ങൾ വിശുദ്ധ ഖുർആനിൽ കാണാം. ഇതിന്റെ ഭാഗമാണ് നമ്മുടെ ബുദ്ധി ഉപയോഗിച്ച് നാം കണ്ടെത്തുന്ന ചിന്താഫലങ്ങൾ പ്രകടമാക്കാനുള്ള സ്വാതന്ത്ര്യം എന്നതും. നമ്മുടെ വിവിധ ആവിഷ്കാരങ്ങളിലൂടെ നമുക്ക് ഇത് പ്രകടിപ്പിക്കാനുള്ള അവകാശം ഇസ്‌ലാം നൽകുന്നുണ്ട്. മഹർ സംബന്ധമായ വിഷയത്തിൽ ഭരണാധികാരിയായ ഉമറി (റ)നെ ഒരു സ്വഹാബി വനിത ചോദ്യം ചെയ്‌തതൊക്കെ ഇസ്‌ലാം എല്ലാവർക്കും നൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മഹിതമായ ഉദാഹരണങ്ങളാണ്.

ഇനിയും ധാരാളം പഠനം ആവശ്യമുള്ള ഒരു അക്കാദമിക വിഷയം ആണ് ഇസ്‌ലാമിലെ മനുഷ്യാവകാശങ്ങൾ എന്നത്. ആധുനിക ദേശരാഷ്ട്രങ്ങൾ പുതിയ തലങ്ങളിലേക്ക് തങ്ങളുടെ സ്ട്രാറ്റജികൾ മാറ്റിക്കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ ഇത്തരം പഠനങ്ങൾ ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles