Current Date

Search
Close this search box.
Search
Close this search box.

അവകാശ നിഷേധങ്ങൾക്ക് എതിരെ ജനകീയ പ്രതിരോധം ആഗോള തലത്തിൽ

തെക്കന്‍ അമേരിക്കന്‍ രാജ്യമായ ചിലി മുതല്‍ ഇങ്ങ് ഏഷ്യയിലെ ഹോങ്കോംഗ് വരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഭരണകൂടങ്ങളെ പിടിച്ചുകുലുക്കുകയാണ്. മെട്രോ യാത്രാ ടിക്കറ്റിന് 30 പെസോ ($0.0004 ) വര്‍ധിപ്പിച്ചതാണ് ചിലിയില്‍ ജനങ്ങളുടെ രോഷപ്രകടനങ്ങള്‍ക്ക് ഇടയാക്കിയത്. അതൊരു ജനകീയ പ്രക്ഷോഭമായി മാറുന്നതാണ് പിന്നീട് കണ്ടത്. നാലു ദിവസത്തിനിടെ 15 പേർ കൊല്ലപ്പെട്ടു.

കഴിഞ്ഞ മുപ്പതു വര്‍ഷമായി ചിലിയിലെ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് ഒട്ടും കുറവില്ലെന്നാണ് അവിടെനിന്നുള്ള വാര്‍ത്തകള്‍. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വിടവ് നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരന് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല. മരുന്നുകള്‍ക്ക് തീവില. ആശുപത്രികളുടെ മുന്നില്‍ വലിയ ക്യൂവാണ്.

വാട്‌സ് ആപ്പ് ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍നിന്നുള്ള കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ലെബനാന്‍ ജനതയെ തെരുവിലിറക്കിയത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഇപ്പോള്‍ തന്നെ വന്‍ തുക നല്‍കുന്ന ലെബനാന്‍ ജനതയെ പുതിയ തീരുമാനം രോഷാകുലരാക്കിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ. ഒടുവില്‍ പ്രസ്തുത നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കുകയും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും കഴിഞ്ഞ ആറു ദിവസമായി തെരുവിലുള്ള ജനം അതുകൊണ്ടൊന്നും തൃപ്തരായിട്ടില്ല.ഗവണ്മെന്റ് രാജിവെച്ചു ഒഴിയണമെന്നാണ് അവരുടെ ആവശ്യം. പ്രധാന മന്ത്രി ഉള്‍പ്പെടെയുള്ളവരെ കള്ളന്മാരെന്നാണ് അവര്‍ വിളിക്കുന്നത്.

ദാരിദ്ര്യത്തെക്കുറിച്ച് പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഓക്‌സ്ഫാം ജനുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തെ 700 കോടിയിലേറെ വരുന്ന ജനങ്ങളില്‍ ഏറ്റവും പാവപ്പെട്ട പകുതിയോളം വരുന്ന ആളുകളുടെ മൊത്തം സമ്പത്ത് 26 കോടീശ്വരന്മാര്‍ കയ്യാളുന്നുവെന്നാണ് ഓക്സ്ഫാമിന്റെ കണ്ടെത്തല്‍! കോടീശ്വരന്മാരുടെ സമ്പത്തില്‍ 2018ല്‍ പ്രതിദിനം 250 കോടി ഡോളറിന്റെ വര്‍ധനവുണ്ടായപ്പോള്‍ 38 ലക്ഷം വരുന്ന ഏ്റ്റവും പാവപ്പെട്ട ജനതയുടെ വരുമാനത്തില്‍ പ്രതിദിനം 50 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്!!

ഹോങ്കോങ്ങിലും അല്‍ജീരിയയിലും ജനങ്ങളെ തെരുവിലിറക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെയുള്ള ഭരണകൂടങ്ങളുടെ കടന്നുകയറ്റമാണ്. ഹോങ്കോങ്ങ് ജനത ജൂണ്‍ മുതല്‍ പ്രക്ഷോഭത്തിലാണ്. ഭരണകൂടം ക്രിമിനലുകളെന്ന് മുദ്രകുത്തുന്നവരെ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് കൈമാറാനുള്ള നീക്കമാണ് ജനകീയ പ്രക്ഷോഭത്തിന് വഴിവെച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢനീക്കങ്ങള്‍ക്കെതിരെ വലിയ പ്രക്ഷോഭങ്ങളാണ് അവിടെയുണ്ടായത്. തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചതിനെ തുടര്‍ന്ന് ഇടയ്ക്കാലത്ത് പ്രതിഷേധങ്ങള്‍ക്ക് ചെറിയ അയവു വന്നെങ്കിലും ഹോങ്കോങ്ങ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ ചില വിലക്കുകള്‍ ജനങ്ങളെ വീണ്ടും പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടു. അതിലൊന്നാണ് പ്രകടനങ്ങളില്‍ ഫെയ്‌സ് മാസ്‌ക് ധരിക്കരുതെന്ന തിട്ടൂരം. നിയമലംഘകര്‍ക്ക് പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കും. പ്രക്ഷോഭകര്‍ക്കെതിരെ വെടിയുണ്ടകള്‍ വര്‍ഷിച്ച പോലിസിന്റെ നടപടിയാവട്ടെ ജനങ്ങളെ കൂടുതല്‍ രോഷാകുലരാക്കിയിരിക്കുന്നു.

അല്‍ജീരിയയില്‍ ഭരണകൂട വിരുദ്ധ പോരാട്ടം ഫെബ്രുവരിയില്‍ തുടങ്ങിയതാണ്. അഞ്ചാം തവണയും പ്രസിഡണ്ടാകാനുള്ള അബ്ദുല്‍ അസീസ് ബുതഫ്‌ലിക്കയുടെ നീക്കം തടയുന്നതില്‍ പ്രക്ഷോഭകര്‍ വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ശിങ്കിടികള്‍ അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നു. ഈ മേലാളന്മാർ സ്ഥാനമൊഴിഞ്ഞ ശേഷമുള്ള തെരഞ്ഞെടുപ്പ് മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നാണ് ജനം പറയുന്നത്.

രാഷ്ട്രീയക്കാരും ജനപ്രതിനിധികളും നാട്ടിന്റെ ഖജനാവ് കട്ടുമുടിക്കുന്നതിനെതിരെ ഈയ്യിടെയാണ് ഇറാഖില്‍ വന്‍ ജനകീയ പ്രക്ഷോഭമുണ്ടായത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ രക്തസാക്ഷിത്വം വരിച്ച ശേഷമാണ് ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള പാക്കേജുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെയും ബാനറില്ലാതെ തെരുവിലിറങ്ങിയ ജനത്തിന് ഭരണകൂടത്തിന്റെ നടപടികളില്‍ പൂര്‍ണ തൃപ്തി വന്നിട്ടില്ല. ഏതു സമയത്തും പുതിയ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പാടുള്ള സാധ്യത തള്ളാനാവില്ല.

ജര്‍മനിയിലും ഫ്രാന്‍സിലും ഗവണ്‍മെന്റുകളുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നു. ജര്‍മനിയില്‍ ഗവണ്‍മെന്റ് കൊണ്ടുവന്ന കര്‍ശനമായ പരിസ്തിഥി നിയമങ്ങളാണ് കര്‍ഷകരെ തെരുവിലിറക്കിയത്. തങ്ങളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. മാക്രോണിന്റെ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് ഫ്രാന്‍സിലെ കര്‍ഷകര്‍ പറയുന്നു. ചുരുക്കത്തിൽ, മുമ്പൊന്നുമില്ലാത്ത വിധത്തിൽ അവകാശ നിഷേധങ്ങൾക്ക് എതിരെ ജനകീയ പ്രതിരോധം ആഗോള തലത്തിൽ ശക്തിപ്പെട്ടിരിക്കുന്നു.

Related Articles