Current Date

Search
Close this search box.
Search
Close this search box.

കുട്ടികളുടെ ചിന്തയെ എങ്ങിനെ രൂപപ്പെടുത്താം ?

കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്. അതിനാൽ തന്നെ എങ്ങനെയാണ് കുട്ടികളെ വൈജ്ഞാനികമായും ധാർമികമായും പാകപ്പെടുത്തിയെടുക്കുക എന്നത് മിക്ക രക്ഷിതാക്കളും നേരിടുന്ന സംശയമാണ്.ഈ വിധ ചോദ്യങ്ങൾക്കുള്ള ഉത്തരമായി ഡോക്ടർ അബ്ദുൽ കരീം തന്റെ കുട്ടിയുടെ ചിന്താരൂപീകരണം എന്ന പുസ്തകത്തിൽ പങ്കുവെച്ച കാര്യങ്ങൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.ഈ പുസ്തകം രണ്ടുഭാഗങ്ങളായി തിരിച്ചിട്ടുണ്ട് ഒന്നാമത്തെ ഭാഗത്തിൽ കുട്ടിയുടെ സ്വകാര്യ സാമൂഹിക ജീവിതമാണ് സംസാരവിഷയം. പുസ്തകത്തിന്റെ രണ്ടാം ഭാഗം പ്രതിപാദിക്കുന്നത് കുട്ടിയുടെ ചിന്തയെയും ദർശനത്തെയും കുറിച്ചാണ്.ഓരോ മാതാപിതാക്കളും തങ്ങളുടെ ലൈബ്രറിയിൽ സൂക്ഷിക്കേണ്ടതും ഉപയോഗപ്പെടുത്തേണ്ടതുമായ ഒരു പുസ്തകം തന്നെയാണിത്

വീട്ടിലെ ശിക്ഷണ പ്രാധാന്യം
സന്താനങ്ങൾ നന്മയുള്ളവരായി തീരാൻ വേണ്ടിയുള്ള ആദ്യപാഠങ്ങൾ വീട്ടകങ്ങളിൽ നിന്നാണ് ലഭിക്കേണ്ടത് എന്ന കാര്യം വെറുതെ പറയുന്നതല്ല. കാരണം ഓരോ കുഞ്ഞും ശുദ്ധനായാണ് ജനിച്ചു വീഴുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ് കുട്ടികൾ നന്മയുടെ ബാലപാഠങ്ങൾ പഠിക്കേണ്ടത് എന്നാണ് പല രക്ഷിതാക്കളും ധരിച്ചു വച്ചിരിക്കുന്നത്. ഇക്കാരണത്താൽ സന്താന ശിക്ഷണത്തിനായി അവർ കണ്ടുവെക്കുന്നത് അധ്യാപകരെയാണ്. അത് മാതാപിതാക്കൾ കുട്ടികൾക്ക് നിർവഹിച്ചു കൊടുക്കേണ്ട ഉത്തരവാദിത്തങ്ങളെ സാരമായി ബാധിക്കുന്നു. കുട്ടികൾ മദ്രസയിൽ പോകുന്നത് നിർത്തലാക്കണം എന്നല്ല ഈ പറഞ്ഞത്. മദ്രസയിൽ ചേർത്തുവാനുള്ള പ്രായമാകുന്നതിന് മുമ്പ് തന്നെ വീട്ടകങ്ങളിൽ നിന്ന് അവർക്ക് ശിക്ഷണം ലഭിക്കേണ്ടതുണ്ട്. കുട്ടികളുടെ ശബ്ദ കോലാഹലങ്ങളിൽ നിന്നും ശല്യപ്പെടുത്തലു കളിൽ നിന്നുമുള്ള താൽക്കാലിക ആശ്വാസ കേന്ദ്രങ്ങളായി മദ്രസകളെയും സ്കൂളുകളെയും കാണരുത്.അവരുടെ ഭാസുരമായ ഭാവിക്കുവേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നാം സൂക്ഷ്മത പുലർത്തേണ്ടിയിരിക്കുന്നു. ഈടുനിൽക്കുന്ന ഉപകരണങ്ങൾ വാങ്ങാൻ നാം കാണിക്കുന്ന ശ്രദ്ധ കുട്ടികളുടെ സ്കൂൾ തിരഞ്ഞെടുക്കുന്നതിൽ നാം പുലർത്തുന്നുവെങ്കിൽ അത് നല്ലൊരു അനന്തരഫലം തന്നെ നൽകിയേക്കും. കുട്ടികൾക്കുവേണ്ടി എത്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാം തിരഞ്ഞെടുത്താലും മാതാപിതാക്കളുടെ ശിക്ഷണം അത്യന്താപേക്ഷിതം തന്നെ.

പ്രധാനമായും രണ്ടു കാര്യങ്ങൾ രക്ഷിതാക്കളിൽ നിന്നും കുട്ടികൾ പഠിക്കുന്നുണ്ട്. ഒന്നാമതായി ശരിയായ ശിക്ഷണ രീതി, രണ്ടാമതായി ജീവിതത്തിലെ വിവിധ ഘട്ടങ്ങളുമായി അഭിമുഖീകരിക്കേണ്ട രീതി. ഈ കാര്യങ്ങൾ സമൂഹത്തിന് എത്തിച്ചുകൊടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് അബ്ദുൽ കരീം ഈ പുസ്തകം രചിക്കുന്നത് തന്നെ.

സൽസ്വഭാവത്തെക്കുറിച്ചും പെരുമാറ്റമൂല്യങ്ങളെ കുറിച്ചും കുട്ടികൾക്ക് പാഠമോതിക്കൊടുക്കുന്നതിനു മുന്നേ അവർ സ്വന്തത്തെക്കുറിച്ച് ബോധമുള്ളവരാണോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. ആദ്യം അതിനുവേണ്ടി അവരെ പാകപ്പെടുത്തണം.പറയുന്ന പടി എല്ലാം അവർ ഉൾക്കൊള്ളുമെന്ന് നമ്മൾ തെറ്റിദ്ധരിച്ചു കളയരുത്. പകരം അവരെ ഇവ നടപ്പിൽ വരുത്താൻ വേണ്ടി പ്രോത്സാഹിപ്പിക്കുകയും കുടുംബ ചർച്ചകളിൽ ഉൾപ്പെടാൻ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. ക്ലാസിന് അകത്തും പുറത്തുമുള്ള സംസാരമര്യാദകളും ശ്രേഷ്ഠ സ്വഭാവങ്ങളും നാം അവർക്ക് പകർന്നു നൽകുമ്പോൾ അവകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ നടപ്പിൽ വരുത്തി കാണിക്കുന്നതിലൂടെ അതേറ്റം സ്വീകാര്യയോഗ്യമായി മാറുന്നു. കുട്ടിയെ സ്വന്തത്തെ കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ബോധമുള്ളവനാക്കി മാറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്തമിരിക്കുന്നത് രക്ഷിതാവിന്റെ മുതുകിലാണ്. കുട്ടിയുടെ കഴിവുകൾ കൂടെ വളരാൻ പ്രാപ്തമായ ശിക്ഷണമായിരിക്കുമ്പോഴാണ് അത് ഫലവത്തായി മാറുന്നത്. ഒരു നല്ല രക്ഷിതാവും ചീത്ത രക്ഷിതാവും തമ്മിൽ അജഗജാന്തരമുണ്ട്. ഒരു നല്ല രക്ഷിതാവ് കുട്ടിയുടെ ആത്മാഭിമാനം സംരക്ഷിക്കുകയും സ്വത്ത നിർമ്മാണത്തിന് സഹായിക്കുകയും ചെയ്യുന്നു.പക്ഷേ ഒരു ചീത്ത രക്ഷിതാവ് ഇത്തരം കാര്യങ്ങളിലെല്ലാം വലിയ അലംഭാവം കാണിക്കുന്നതായി കാണാം.

താനൊരു ദൈവസൃഷ്ടിയാണെന്ന് കുട്ടിയെ ആദ്യത്തിൽ തന്നെ രക്ഷിതാക്കൾ പറഞ്ഞു ബോധ്യപ്പെടുത്തണം. സ്വയം സൃഷ്ടിപ്പിനെ അംഗീകരിക്കാൻ അവരെ പഠിപ്പിക്കണം.മനുഷ്യന്റെ പരിമിതികളെ കുറിച്ചും അവന്റെ ബലഹീനതയെക്കുറിച്ചും അവർക്ക് പറഞ്ഞു മനസ്സിലാക്കണം.പക്ഷേ അവൻ അശക്തനല്ല എന്ന് കൂടി അവനെ ഉണർത്തണം.

കാര്യബോധമില്ലാത്ത രക്ഷിതാക്കൾ കാര്യങ്ങളുടെ മർമ്മമല്ലാത്ത ഭാഗങ്ങളെ പരിഗണിക്കുമ്പോൾ നല്ലവനായ രക്ഷിതാവ് വസ്തുതകളുടെ കഴമ്പിനെ സ്പർശിക്കുന്നു. അല്ലാഹുവുമായുള്ള മകൻറെ ബന്ധത്തെ ദൃഢപ്പെടുത്തുന്നു. പള്ളിയിലേക്ക് അടുപ്പിക്കുകയും സഹായസഹകരണങ്ങൾ ചെയ്യാൻ അവനെ തയ്യാറാക്കി എടുക്കുകയും ചെയ്യുന്നു.നമ്മൾ കുട്ടികളെ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കണം, ചില കുട്ടികൾ പട്ടണത്തിലും ചിലർ ഗ്രാമങ്ങളിലും ജനിക്കുന്നു. അതിലൊന്നും വലിയ കാര്യമില്ല. നമ്മൾ മുസ്ലിങ്ങളായി തീർന്നത് ദൈവത്തെ ആരാധിക്കാനാണ്. പരീക്ഷണങ്ങളിൽ വിജയിക്കുക എന്നതിനാണ് മുസ്ലിം പ്രാധാന്യം നൽകേണ്ടത്. നരകരക്ഷയും സ്വർഗ്ഗലബ്ധിയു മായിരിക്കണം അതിൻറെ ലക്ഷ്യം.

കുട്ടികളിൽ നിന്നും സംഭവിച്ചു പോകുന്ന തെറ്റിനാലോ തോൽവി കാരണമായോ അവരെ ഒരിക്കലും പരിഹസിക്കരുത്. ഇത് വ്യക്തിത്വ വികസനത്തിന് അവരിൽ ഒരു പ്രതിസന്ധിയായി വന്നേക്കാം.നിന്നിൽ ഒരു നന്മയുമില്ല,നിനക്ക് ഭാവിയില്ല, എന്നതുപോലോത്ത വാക്കുകളും മാതാപിതാക്കൾ പ്രയോഗിക്കരുത്.പകരം അവരുടെ ഭാസുരമായ ഭാവിക്കുവേണ്ടി പ്രാർത്ഥിക്കുകയാണ് വേണ്ടത്.

ആത്മ വിമർശനം നടത്താനും നാം കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് ക്ഷമിക്കണം എൻറെ അടുത്ത് തെറ്റുപറ്റി ഞാൻ തെറ്റായി പറഞ്ഞത് തിരുത്താൻ ഞാൻ തയ്യാറാണ്,എന്നിവ പറയാൻ തക്കത്തിൽ അവർക്ക് ധൈര്യം പകരണം.ഇവിടെ തെറ്റ് അംഗീകരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ ഉത്ബുദ്ധരാവുകയാണ്.

ഈ മേഖലയിൽ ഒരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. മക്കൾക്കും മാതാപിതാക്കൾക്കുമിടയിൽ തുറന്ന സംസാരങ്ങൾ നടക്കണം. കുട്ടികൾ തെറ്റ് ചെയ്യുന്ന പക്ഷം അവർക്ക് ഭയാനകരമായ ശിക്ഷകൾ നൽകുന്നത് ഭാവിയിൽ അവർ ചെയ്യുന്ന തെറ്റുകളെ മറച്ചുവെക്കുന്നതിലേക്ക് അവരെ നയിച്ചേക്കാം. ഒന്നുകിൽ അവർ തെറ്റു ചെയ്തതിനെ നിഷേധിക്കുകയോ കളവ് പറയുകയോ ചെയ്യാം. ചിലപ്പോൾ വീട്ടിൽ നിന്ന് ഒളിച്ചോടുന്നതിലേക്ക് വരെ കാര്യങ്ങൾ ചെന്നെത്തിയേക്കാം

വിവേകിയായ കുട്ടിയെ സൃഷ്ടിച്ചെടുക്കൂ
പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് ഗ്രന്ഥകാരൻ മൂന്ന് പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ചിന്തിക്കുന്ന കുട്ടി, ചിന്തയുടെ ഇനങ്ങൾ, ചിന്തയെ രൂപപ്പെടുത്തുന്ന വിധം,എന്നിവയാണവ. പണ്ടുകാലങ്ങളിൽ കുട്ടികളുടെ ദേഹസഹായങ്ങളിൽ അവലംബിക്കുന്നവരായിരുന്നു മാതാപിതാക്കൾ. പക്ഷേ ഇന്ന് കാലത്തിന്റെ ഗതി മാറി,ഇപ്പോൾ നമുക്കാവശ്യം ചിന്താസഹായമാണ്. ചിന്തിക്കൽ പ്രയാസകരമാണെന്നും കുട്ടികൾ അതിന്ന് യോഗയരല്ല എന്നും പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ചിന്തിക്കുന്നതിലൂടെയാണ് മാതൃക യോഗ്യനായ ഒരു കുഞ്ഞു വളർന്നു വരുന്നത്. വലിയവർ ചെറിയവർക്ക് ചെയ്യുന്ന ഏറ്റവും വലിയ സഹായമെന്തെന്നാൽ ബുദ്ധി വികസനത്തിനു വേണ്ടി അവർക്ക് ചെയ്തു കൊടുക്കുന്ന കാര്യങ്ങളാണ്.ചോദ്യം ചോദിക്കൽ, അഭിപ്രായമാരായാൽ, കാര്യങ്ങളുടെ പ്രത്യക്ഷഭാഗവുമായി സഹകരിക്കാനനുവദിക്കാതെ അതിന്റെ ആഴങ്ങളിലേക്ക് അവരെ ആനയിക്കൽ,തുടങ്ങിയവ അവയിൽപ്പെടുന്നു. ജീവിതത്തെ പൂർവ്വോപരി സുരക്ഷിതമാക്കാനും എളുപ്പമാക്കാനും പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ അവരെ പ്രാപ്തരാക്കാനും വേണ്ടിയാണ് ബുദ്ധിമാന്മാർ ഇത്തരത്തിലുള്ള ചിന്തകളെയും പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ചിന്തകളെ കുറിച്ചാണ് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നത്. അല്ലാതെ സാധാരണ ജീവിതം എളുപ്പമാക്കാനുതാകുന്ന ചിന്തകളല്ല ഇവിടുത്തെ പ്രതിപാദ്യ വിഷയം

ഈ രണ്ടു തരത്തിലുള്ള ചിന്തകൾ തമ്മിൽ ഇടകലർന്ന് ആശയക്കുഴപ്പമുണ്ടാകാതിരിക്കാൻ വേണ്ടി ഗ്രന്ഥകാരൻ ചിന്താശാലിയായ കുട്ടിയുടെ സവിശേഷതകൾ ഇവിടെ പറയുന്നുണ്ട്,പുതുമ ഇഷ്ടപ്പെടുക സംശയത്തോടു കൂടിയാണെങ്കിലും വിട്ടുവീഴ്ചക്ക് തയ്യാറാക്കുക, ക്ഷമിക്കുക കളി വിനോദനങ്ങളോട് താല്പര്യമുണ്ടാവുക, സ്വാതന്ത്രത്തോട് അഭിനിവേശമുണ്ടാക്കുക എന്നിവയാണവ. കുഞ്ഞുങ്ങളെ അവരുടെ ബുദ്ധിക്കനുസരിച്ച് ചിന്തിക്കാൻ നാം അനുവദിക്കണം.അവനു പകരം അവന്റെ പ്രശ്നങ്ങളെ നമ്മൾ പരിഹരിക്കുന്നതിലൂടെ അവന്റെ ബുദ്ധിയെ അശ്രദ്ധയിലേക്ക് തള്ളിവിടുകയാണ് നാം ചെയ്യുന്നത്. ഇനി കുട്ടിയെ നിർബന്ധമായും ശീലിപ്പിക്കേണ്ട ചില ചിന്തകളെ പരിചയപ്പെടാം ആദ്യത്തേത് ക്രിയാത്മകമായ ചിന്തകളാണ് ആർദ്രതയും ലാളിത്യവും അതിന്റെ അടിസ്ഥാനശിലകളാണത്രേ. ശേഷം പോസിറ്റീവായ ചിന്തകൾ വസ്തുതാപരമായ ചിന്തകൾ , ചിന്തകൾ വിഷയാധിഷ്ഠിത ചിന്തകൾ എന്നിവയാണവ.

അടിസ്ഥാന ചിന്തകൾ രൂപപ്പെടുത്തിയെടുക്കൽ
ഫലവത്തായ സംഭാഷണങ്ങളാണ് ചിന്തയെ രൂപീകരിക്കുന്നതിനുള്ള ഒന്നാം വഴി. സംസാരിക്കുന്നവർക്കിടയിൽ തർക്കം രൂപീകരിക്കാൻ തക്കത്തിലാകരുത് സംഭാഷണത്തിന്റെ ഗതി. പരസ്പര വിദ്വേശത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും സമൂഹത്തെ രക്ഷിക്കാനും പരസ്പരം മനസ്സിലാക്കി വർത്തിക്കാൻ സഹായകരമാകുന്ന വസ്തുതകളെ തിരിച്ചറിയാനുമുള്ള മാധ്യമമായിരിക്കണം ആ സംഭാഷണങ്ങൾ. ലാളിത്യത്തോടെയും മര്യാദയുടെയും തന്റെ അഭിപ്രായപ്രകടനം നടത്താൻ നാം കുട്ടികളെ പരിശീലിപ്പിക്കണം. അവന്റെ അഭിപ്രായങ്ങൾ മുഴുപ്പിക്കാൻ വേണ്ടി അവനെ പ്രേരിപ്പിച്ചു കൊണ്ടിരിക്കണം. ഉൾക്കാഴ്ചയിലേക്കും ബോധത്തിലേക്കും അറിവിലേക്കും ഉള്ള അവസരമാണ് സംഭാഷണം എന്നും, നല്ലൊരു അവതാരകൻ സംഭാഷണത്തിനു തയ്യാറെടുക്കേണ്ടതുണ്ട് എന്നും തന്റെ അഭിപ്രായത്തിന് വിശദീകരണം പറയുന്നതിൽ മിടുക്ക് കാണിക്കണമെന്നും, സഹ ഭാഷകനെ കേൾക്കാൻ മനസ്സുകാണിക്കണമെന്നും അതിൽ നിന്ന് ഉപാകാരപ്പെടുത്തണമെന്നും നമ്മൾ കുട്ടികളെ ധരിപ്പിക്കണം.

രണ്ടാമത്തെ കാര്യം
സംഗതികൾക്ക് മേലുള്ള വിധി നിർണയവുമായി ബന്ധപ്പെട്ടതാണ്. കുട്ടികൾക്ക് അവർ കാണുന്ന കാര്യങ്ങളിലും വീക്ഷിക്കുന്ന സംഭവങ്ങളിലും
അവരുടേതായ അഭിപ്രായങ്ങളും വിധി തീരുമാനങ്ങളും ഉണ്ടായിരിക്കണം. അതോടൊപ്പം തന്നെ ഇതിലൂടെ ചില കാര്യങ്ങളിലേക്ക് അവരെ നമ്മൾ വഴി നടത്തുകയും വേണം.

നമ്മുടെ അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നതിന് മുമ്പ് തന്നെ ഇത്തിരി ക്ഷമ പാലിക്കുന്നത് പ്രശംസനീയമായ സ്വഭാവമാണെന്ന് അവരെ നാം ഉണർത്തണം.അഭിപ്രായങ്ങൾ രണ്ടിനമുണ്ട്. ഒന്ന് വ്യക്തിപരമായ അഭിപ്രായങ്ങൾ,ഇവകൾ മാറ്റങ്ങൾക്ക് വിധേയമാകുന്നതാണ്. രണ്ടാമത്തേത് മതപരമായ അഭിപ്രായങ്ങൾ,ഇതിൽ പൊതുജനങ്ങൾക്ക് ഇടമില്ല.നിപുണരായ പണ്ഡിതന്മാരിൽ നിക്ഷിപ്തമാണ് ഇതിന്റെ നടപടികൾ

അഭിപ്രായങ്ങളും ഇമോഷനുകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതായി തോന്നാം. അവകൾക്കിടയിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ നാം കുട്ടികളെ സഹായിക്കേണ്ടതുണ്ട്. വികാരങ്ങൾ അടക്കിപ്പിടിക്കാനുള്ള കുട്ടികളുടെ കഴിവ് പരിമിതമാണ്.അവന്റെ ഭാവനയിലുള്ളയിലുള്ള കാര്യങ്ങളോട് സമ്മിശ്രമാക്കിയാണ് അവൻ യാഥാർത്ഥ്യങ്ങളെ അവതരിപ്പിക്കുന്നത്. ഇതിലൂടെ അവൻ കളവിൽ പെട്ടുപോകുന്നു. അതുകൊണ്ടുതന്നെ വികാരനിയന്ത്രണം , സത്യം പറയൽ, കളവു ഉപേക്ഷിക്കൽ,എന്നീ സ്വഭാവഗുണങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ ബാധ്യസ്ഥരാണ് ഓരോ മാതാപിതാക്കളും. ഈ ക്രിയാത്മകമായ പരീക്ഷണങ്ങളിൽ പിതാവ് എപ്പോഴും ശുഭപ്രതീക്ഷയുള്ളവനാകണം. കാരണം ശുഭപ്രതീക്ഷയുള്ള പിതാവ് കുട്ടികളെ പെട്ടെന്ന് ആകർഷിക്കുന്നു പക്ഷേ ശുഭപ്രതീക്ഷയില്ലാത്ത പിതാവിൽ നിന്നും കുട്ടികൾ അകലുകയാണ് പതിവ്.

പൊതുജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് സൗഹൃദം. ഇതിനെക്കുറിച്ച് രക്ഷിതാക്കൾ കുട്ടികളോട് ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്.

നമ്മൾ ആരൊക്കെയുമായി ഇടപെടുന്നുവോ അവരെല്ലാം നമ്മുടെ സുഹൃത്തുക്കൾ ആണോ? നമ്മൾ കൂട്ടുകാരൻ എന്ന് കരുതുന്ന ആളുകൾ വിശ്വസ്തരാകണമെന്നുണ്ടോ? ആരെങ്കിലും കൂട്ടുകാരുമായി വഴക്കിടുമോ?ശത്രുക്കളെ മിത്രമാക്കാൻ മനുഷ്യന്ന് സാധിക്കുമോ? അനശ്വരമായ സൗഹൃദങ്ങൾ ഉണ്ടോ? മൂന്നു കാര്യങ്ങളിലേക്ക് സൂചന തന്നുകൊണ്ടാണ് ഗ്രന്ഥകർത്താവ് എഴുത്ത് പൂർത്തിയാക്കുന്നത്. കൂട്ടുകാരനെ ബഹുമാനിക്കലും അവർക്കിടയിൽ ചെലവഴിക്കലുമാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം കൂട്ടുകാരന്ന് നന്മ കാംക്ഷിക്കലാണ്. മൂന്നാമത്തെ കാര്യം കൂട്ടുകാരന്റെ ബുദ്ധിമുട്ട് സഹിക്കലും അതിൻ മേൽ ക്ഷമ കൈകൊള്ളലുമാണ്.

വിവ- മുഹ്സിന ഖദീജ

Related Articles