Current Date

Search
Close this search box.
Search
Close this search box.

റമദാനിലെ വ്രതാനുഷ്ഠാനം

ഹിജ്റ കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റമദാൻ. വിശുദ്ധ ഖുർആൻ അവതീർണമാരംഭിച്ചത് പ്രസ്തുത മാസത്തിലാണ്. തുടർന്നുള്ള ഇരുപത്തി മൂന്ന് വർഷത്തിനിടയിൽ വിവിധ സന്ദർഭങ്ങളിലാണ് ഖുർആൻ പൂർണമായും അവതീർണമായത്. എന്നാൽ എല്ലാ വർഷവും റമദാനിൽ അതേ വരെ അവതീർണമായ ഭാഗങ്ങൾ ഗബ്രിയേൽ മാലാഖ പ്രവാചകനെ ഒാതിക്കേൾപ്പിക്കുമായിരുന്നു. പ്രവാചകന്റെ വിയോഗം നടന്ന വർഷം ഖുർആൻ പൂർണമായും രണ്ട് തവണ കേൾപ്പിക്കുകയുണ്ടായി. പ്രവാചകൻ അത് തന്റെ അനുചരന്മാരെ പാരായണം ചെയ്ത് കേൾപ്പിച്ചു.

ശരിയും തെറ്റും നന്മയും തിന്മയും നീതിയും അനീതിയും സന്മാർഗവും ദുർമാർഗവും ധർമവും അധർമവും വിവേചിച്ച് കാണിച്ചുതരുന്ന ദൈവിക ഗ്രന്ഥമാണ് ഖുർആൻ. അത് മനുഷ്യനെ നേർവഴിയിൽ നടത്തുന്നു. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു. മുഴു ജീവിത മേഖലകളിലേക്കും ആവശ്യമായ നിയമനിർദേശങ്ങളും വിധിവിലക്കുകളും നൽകുന്നു. മരണാനന്തര ജീവിത വിജയം ഉറപ്പ് വരുത്തുന്നു. അതുകൊണ്ടുതന്നെ മാനവസമൂഹത്തിന് ലഭിച്ച ഏറ്റവും മഹത്തായ അനുഗ്രഹമാണ് വിശുദ്ധ ഖുർആൻ. ദൈവത്തിന്റെ അമൂല്യമായ സമ്മാനം. അതിനുള്ള നന്ദിപ്രകാശനം കൂടിയാണ് റമദാനിലെ വ്രതാനുഷ്ഠാനം.

എന്താണ് വ്രതം?

റമദാൻ എന്ന പദത്തിന്റെ അർഥം കരിച്ചു കളയുന്നത് എന്നാണ്. പാപങ്ങൾ കരിച്ചു കളയുന്ന മാസം എന്നാണ് ഉദ്ദേശ്യം. ഇൗ മാസം മുഴുവനുമാണ് വ്രതമനുഷ്ഠിക്കേണ്ടത്. കിഴക്കൻ ചക്രവാളത്തിൽ സൂര്യോദയത്തിന്റെ ശോഭ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് അത്താഴം കഴിക്കുന്നു. തുടർന്ന് സൂര്യാസ്തമയം വരെ അന്നപാനീയങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നു.

ആർത്തവകാരികളും പ്രസവ ശുശ്രൂഷയിലുള്ളവരും നോമ്പെടുക്കരുത്. പകരം മറ്റു ദിവസങ്ങളിൽ അനുഷ്ഠിച്ചാൽ മതി. യാത്രക്കാർക്കും രോഗികൾക്കും നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. നോമ്പെടുക്കുന്നതിനും വിരോധമില്ല.ഉപേക്ഷിക്കുകയാണെങ്കിൽ പകരം മറ്റു ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കണം.എന്നാൽ പ്രായാധിക്യം കാരണം അവശതയനുഭവിക്കുന്നവരും നിത്യ രോഗികളും നോമ്പ് എടുക്കേണ്ടതില്ല. പകരം അഗതികൾക്ക് ആഹാരം നൽകിയാൽ മതി. ഒരു നോമ്പിന് പകരം ഒരു ദിവസത്തെ ഒരാളുടെ ആഹാരത്തിനാവശ്യമായ ധാന്യമോ പണമോ ആണ് നൽകേണ്ടത്.

കുട്ടികൾ മറ്റാരേക്കാളും താൽപര്യപൂർവം നോമ്പ് അനുഷ്ഠിക്കുമെങ്കിലും അവർക്കത് നിർബന്ധമില്ല. റമദാൻ കുട്ടികളിൽ ഉത്സവ പ്രതീതിയാണ് ഉണ്ടാക്കാറുള്ളത്.

പത്ത് നേട്ടങ്ങൾ

എല്ലാ സൽകർമങ്ങൾക്കും കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട മാസമാണ് റമദാൻ. ഒാരോ വിശ്വാസിയും വ്രതാനുഷ്ഠാനത്തിലൂടെ മഹത്തായ നേട്ടങ്ങൾ കൈവരിക്കണമെന്ന് ഇസ്ലാം ആവശ്യപ്പെടുന്നു.

1. റമദാനിലെ വ്രതവേളയിൽ ഒരു തരി ആഹാരമോ ഒരു തുള്ളി വെള്ളമോ വയറ്റിലേക്ക് ഇറങ്ങിപ്പോകാതിരിക്കാൻ വിശ്വാസി അതീവ ജാഗ്രത പുലർത്തുന്നു. കഠിനമായ വിശപ്പുള്ളപ്പോൾ എന്തെങ്കിലും കഴിക്കുകയോ കൊടിയ ദാഹമുള്ളപ്പോൾ അല്പം വെള്ളം കുടിക്കുകയോ ചെയ്താൽ ആരും അറിയുകയില്ല. എന്നിട്ടും അങ്ങനെ ചെയ്യാതിരിക്കാനുള്ള കാരണം ദൈവം കാണുകയും അറിയുകയും ചെയ്യുമെന്ന ബോധവും വിശ്വാസവുമാണ്. ഇൗ സൂക്ഷ്മതയും ജാഗ്രതയും ജീവിതത്തിലുടനീളം പുലർത്തണമെന്നാണ് ഇസ്ലാം അനുശാസിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ജീവിതം പാപരഹിതവും കുറ്റമുക്തവും വിശുദ്ധവുമായിത്തീരും. ഇവ്വിധം ജീവിതത്തെ വിശുദ്ധമാക്കാനുള്ള ശക്തമായ പരിശീലനമാണ് വ്രതാനുഷ്ഠാനത്തിന്റെ മുഖ്യലക്ഷ്യം.

2. മനുഷ്യനൊഴിച്ചുള്ള ജീവികളെല്ലാം ജന്മവാസനകൾക്കനുസരിച്ചാണ് ജീവിക്കുന്നത്. അവയെ നിയന്ത്രിക്കാനോ തടഞ്ഞുനിർത്താനോ അവയ്ക്ക് സാധ്യമല്ല. വിശന്നു വലഞ്ഞ പശുവിന് പുല്ലു കിട്ടിയാൽ മറ്റു പശുക്കൾക്ക് വേണ്ടി അത് തിന്നാതിരിക്കാൻ കഴിയില്ല. ദാഹിച്ചുവലഞ്ഞ നായക്ക് വെള്ളം കിട്ടിയാൽ കുടിക്കാതിരിക്കാൻ സാധ്യമല്ല. അലറിവരുന്ന സിംഹത്തിന്റെ മുമ്പിൽ അകപ്പെട്ടുപോയ മറ്റൊരു സിംഹം മാപ്പു കൊടുക്കാറില്ല. എന്നാൽ മനുഷ്യന് കഠിനമായ വിശപ്പുള്ളപ്പോൾ ആഹാരം അടുത്തുണ്ടെങ്കിലും കഴിക്കാൻ കൊതിയുണ്ടെങ്കിലും തിന്നാതിരിക്കാൻ സാധിക്കും. കൊടിയ ദാഹമുള്ളപ്പോൾ വെള്ളം കുടിക്കാൻ കൊതിയുണ്ടെങ്കിലും കയ്യെത്താവുന്ന ദൂരത്ത് അതുണ്ടെങ്കിലും കുടിക്കാതിരിക്കാൻ അവന് കഴിയും. ഇൗ സാധ്യത ഉപയോഗിക്കാതെ തിന്നണമെന്ന് തോന്നുന്നതെല്ലാം എടുത്തു തിന്നുകയും കുടിക്കണമെന്ന് കൊതിക്കുന്നതൊക്കെയും കുടിക്കുകയും പറയാനാഗ്രഹിക്കന്നതെല്ലാം വിളിച്ച് പറയുകയും അങ്ങനെ തോന്നിയ പോലെ ജീവിക്കുകയും ചെയ്താൽ മനുഷ്യൻ ജന്തു സമാനനായിരിക്കും.

എന്നാൽ ശരീരേഛകളെ നിയന്ത്രിക്കുകയും മനസ്സിന്റെ മോഹങ്ങളെ മെരുക്കിയെടുക്കുകയും ചെയ്യുന്നതിനനുസരിച്ച് മനുഷ്യൻ ജന്തുതയിൽ നിന്ന് മാനവികതയിലേക്ക് ഉയരുന്നു, സാംസ്കാരികമായി വളരുന്നു, ഉയരുന്നു. ഇതിനുള്ള ശക്തമായ പരിശീലനമാണ് റമദാനിലെ വ്രതാനുഷ്ഠാനം. പതിനാലും പതിനഞ്ചും മണിക്കൂർ ആത്മനിയന്ത്രണം പാലിച്ച് വിശപ്പും ദാഹവും സഹിക്കുന്നതിലൂടെയാണിത് സാധ്യമാവുന്നത്.

3. അനാവശ്യമായ വാക്കും പ്രവൃർത്തിയും ഉപേക്ഷിക്കുന്നില്ലെങ്കിൽ അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. ആരെങ്കിലും തെറി പറയുകയോ ചീത്തവിളിക്കുകയോ ചെയ്താൽ നോമ്പുകാരൻ പകരം പറയാതെ “ഞാൻ നോമ്പുകാരനാണെന്ന്’ മാത്രം പറയണമെന്നും പ്രവാചകൻ കല്പിച്ചിരിക്കുന്നു. ഇങ്ങനെ നാവിനെ നിയന്ത്രിക്കാനുള്ള ശക്തമായ പരിശീലനം വ്രതാനുഷ്ഠാനം നൽകുന്നു. ഇത് കുടുംബത്തിലും സമൂഹത്തിലും നാട്ടിലും എത്രമേൽ പ്രയോജനം ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

4. ഇസ്ലാമിലെ എല്ലാ ആരാധനാ കർമങ്ങളും സമയബന്ധിതമാണ്. എന്നാൽ ഏറ്റവും കൂടുതൽ കണിശതയുള്ളത് നോമ്പിന്റെ കാര്യത്തിലാണ്. പ്രത്യേകിച്ചും നോമ്പ് അവസാനിപ്പിക്കുന്ന വേളയിൽ. ഒരു മിനുറ്റ് പോ
ലും തെറ്റാതിരിക്കാൻ അതീവജാഗ്രതയും ശ്രദ്ധയും പുലർത്തുന്നു. ഇൗ സമയനിഷ്ഠയും കൃത്യതയും ജീവിതത്തിലുടനീളം പുലർത്തണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അതിനുള്ള പരിശീലനം കൂടിയാണ് നോമ്പ്. സമയനിഷ്ഠയുടെ അഭാവം സമൂഹത്തിൽ എന്തുമാത്രം പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും എത്ര മേൽ നഷ്ടമാണ് വരുത്തുന്നതെന്നും പറയേണ്ടതില്ലല്ലോ.

5. ശീലിച്ചുപോന്ന ജീവിതശൈലികളും പരിചയിച്ചു പോന്ന പാരമ്പര്യങ്ങളും ആചരിച്ചുവരുന്ന ചര്യകളും മനുഷ്യന്റെ ഏറ്റവും വലിയ ദൗർബല്യമാണ്. പലർക്കും അതിൽ നിന്ന് മോചനം നേടാൻ സാധിക്കാറില്ല. എന്നാൽ റമദാനിലെ വ്രതാനുഷ്ഠാനം മാറി സഞ്ചരിക്കാനുള്ള ശക്തമായ പരിശീലനം കൂടിയാണ്. പുലരാൻ കാലത്ത് ഭക്ഷണം കഴിക്കുന്നു. പിന്നീട് സൂര്യാസ്തമയം വരെ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുന്നു. അങ്ങനെ ഏതു ജീവിതസാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ള കരുത്ത് നേടുന്നു.

6. സാധാരണ സാഹചര്യത്തിൽ വിശപ്പോ ദാഹമോ അനുഭവിക്കേണ്ടി വരാത്ത സമ്പന്നർ പോലും നീണ്ട ഒരു മാസക്കാലം ഒാരോ ദിവസവും പതിനാലും പതിനഞ്ചും മണിക്കൂർ അന്ന പാനീയങ്ങൾ ഉപേക്ഷിച്ച് വിശപ്പും ദാഹവും അനുഭവിക്കുന്നു. ഇത് അവരിൽ ദീനദയാലുതയും ഉദാരതയും ദാനശീലവും കാരുണ്യ വികാരവും വളർത്തുന്നു. അതു കൊണ്ടുതന്നെ റമദാൻ ദാനധർമങ്ങളുടെ മാസമായി മാറുന്നു. സമ്പന്നരിൽ നിന്ന് ദരിദ്രരിലേക്ക് ധനം പ്രവഹിക്കുന്ന മാസം. അങ്ങനെ കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള മനസ്സ് വളർന്ന് വരുന്നു.

7. ഖുർആൻ അവതീർണമായ മാസമെന്ന നിലയിൽ അത് പഠിക്കാനും പാരായണം ചെയ്യാനും വിശ്വാസികൾ റമദാനിലെ ദിനരാത്രങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. അങ്ങനെ ഖുർആനുമായി അടുത്തബന്ധം സ്ഥാപിക്കാനും അതിനനുസൃതമായി ജീവിതത്തെ പരിവർത്തിപ്പിക്കാനുമുള്ള പ്രേരണയും പ്രചോദനവും ലഭിക്കുന്നു.

8.കഴിഞ്ഞ കാല ജീവിതത്തിലെ തെറ്റ് കുറ്റങ്ങൾ ഒാർത്തെടുത്ത് ആത്മാർഥമായി ഖേദിച്ചും അവ ആവർത്തിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്തും പശ്ചാത്തപിക്കുന്നു. ദൈവത്തോട് അകം നൊന്ത് പ്രാർഥിക്കുന്നു. അങ്ങനെ മാതാവ് പ്രസവിച്ച കുഞ്ഞിനെപ്പോലെ പാപമുക്തനും പരിശുദ്ധനുമായിത്തീരുന്നു.

9. റമദാനിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും വീടുകളിൽ വിളിച്ച് ഇഫ്താറുകളിൽ പങ്കാളികളാക്കുന്നു. കൂടാതെ ഇഫ്താർ സംഗമങ്ങളും നടക്കുന്നു. ഇതൊക്കെയും സമൂഹത്തിൽ സ്നേഹവും സാഹോദര്യവും സൗഹൃദവും സഹകരണവും വളർന്നു വരാൻ കാരണമായിത്തീരുന്നു. വിവിധ ജനവിഭാഗങ്ങളെ പരസ്പരം അടുപ്പിക്കുന്നു.

10. സർവ്വോപരി ശരീരത്തെ ഒരു മാസക്കാലം ദൈവശാസനക്ക് വിധേയമാക്കുക വഴി ശരീരം തന്റേതല്ലെന്നും ദൈവത്തിന്റേതാണെന്നും അവന്റെ നിയമനിർദേശങ്ങൾക്കും വിധിവിലക്കുകൾക്കുമനുസരിച്ചാണ് അത് ഉപയോഗിക്കേണ്ടതെന്നുമുള്ള ബോധം വളർത്തുന്നു. ഇത് ജീവിതത്തിലുടനീളം സജീവമായി നിലനിർത്താൻ സാധിച്ചാൽ മനുഷ്യൻ എല്ലാ വിധ നന്മകളുടെയും വിശുദ്ധിയുടെയും ആൾരൂപമായി മാറുക തന്നെ ചെയ്യും. ( തുടരും )

Related Articles