Current Date

Search
Close this search box.
Search
Close this search box.

വ്യക്തിത്വ വളർച്ചയ്ക്ക് വിഘാതമാവുന്ന മാനസികാവസ്ഥകൾ

ഒരു മനുഷ്യനിൽ പ്രായത്തിനനുസൃതമായ ശാരീരിക വളർച്ചയ്ക്കൊപ്പം തന്നെ മാനസിക വികാസവും അഭിവൃദ്ധിയും സമയാസമയം നടക്കുന്നില്ലെങ്കിൽ ഘട്ടം ഘട്ടങ്ങളായി ആർജ്ജിക്കേണ്ട പക്വതയ്ക്കും അത്മബോധത്തിനും വലിയ തടസ്സമുണ്ടാകുകയും ശരിയായ വ്യക്തിത്വ രൂപീകരണത്തിന് അവ വലിയൊരു പ്രതിബന്ധമായി നിൽക്കുകയും ചെയ്യും. സ്വന്തം സന്താനങ്ങളിൽ വേണ്ടത്ര മാനസികാരോഗ്യവും പ്രായത്തിനും കാലത്തിനുമൊത്ത ആന്തരീക വികാസവും ഉറപ്പ് വരുത്തും വിധം തൃപ്തികരമായ രീതിയിൽ അതിനെ ഡെവലപ് ചെയ്തെടുക്കേണ്ടത് യഥാർത്ഥത്തിൽ രക്ഷിതാക്കളിൽ നിക്ഷിപ്‌തമായൊരു കടമയാണ്. മാതാപിതാക്കളുടെ സഹായത്തോടെയും അവരുടെ സാന്നിദ്ധ്യത്തിലും മാത്രമാണ് പ്രാഥമിക ദശയിലെ അന്തരീക പരിണാമക്രമങ്ങൾ കുട്ടികളിൽ നടപ്പിലാവേണ്ടത്. അനന്തരം പ്രായപൂർത്തിയും പക്വതയും കൈവരുന്ന മക്കൾക്ക് തെറ്റുകൾ ചെയ്യുമ്പോൾ ഗുണദോഷിക്കാനും സ്നേഹപൂർവ്വം ശാസിക്കാനും തിരുത്താനും ദിശാബോധം നൽക്കിക്കൊണ്ട് സദാ കൂടെ തന്നെയുണ്ട് എന്ന സുരക്ഷിതത്വവും മനോധൈര്യവും പകർന്ന് നൽകാൻ സന്നദ്ധത കാണിക്കുന്ന നല്ലൊരു സുഹൃത്താണ് മാതാപിതാക്കളിൽ വേണ്ടത്. മനുഷ്യരിൽ ബ്രെയിനിന്റെ സ്വാഭാവിക വളർച്ചയ്ക്ക് നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളും വളർച്ചയിലുണ്ടാവുന്ന ചില വൈകല്യങ്ങളും അപാകതയും അവരുടെ ശാരീരിക, മാനസിക വളർച്ചയെ മന്ദഗതിയിലാക്കുന്നതിന് ഹേതുവായി മാറുന്നുണ്ട്. കൂടാതെ ബൗദ്ധികപരമായ വളർച്ചയെയും ധിഷണയെയും മനസിന്റെ പക്വതയെയും പല അർത്ഥത്തിലും ബാധിച്ചേക്കാമെന്നതിനാൽ ജീവിതത്തെയും വ്യക്തിപരമായ അഭ്യുന്നതിയെയും ചിലപ്പോൾ വളരെ ശോചനീയമായൊരു അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിക്കാനുമിടയുണ്ട്. ചികിത്സ ലഭ്യമായതും അത്യന്താപേക്ഷിതാവുമായ രോഗങ്ങൾക്കെങ്കിലും ഒട്ടും വൈകിക്കാതെ ചികിത്സ തേടലാണ് ബുദ്ധി. ശരീരത്തിന് അസുഖം ബാധിച്ചാൽ എന്നപോലെ കാലപ്പഴക്കം വരുന്നതോടെ മാനസിക രോഗങ്ങളെയും ചികിത്സകൊണ്ടോ കൗണ്സിലിംഗിലൂടെയോ അല്ലെങ്കിൽ തെറാപ്പികൊണ്ടൊന്നും സുഖപ്പെടുത്താൻ കഴിയാത്ത ഒരു സ്റ്റേജിലേക്ക് ആ രോഗാവസ്ഥയെ കൊണ്ടുചെന്നെത്തിക്കാൻ ഇടയുണ്ട്, ഇങ്ങനെയും സംഭവിക്കുന്ന എത്രയോ കേസുകളുണ്ട്.

ഗുരുതരവും അതേസമയം ദീർഘകാലമായി അലട്ടുന്ന മാനസിക പ്രശ്നങ്ങളെയൊക്കെ ഇനിയും വെച്ചുനീട്ടാതെ ഒരു സൈക്യാർട്രിസ്റ്റിനെ സമീപിക്കലാണ് ബുദ്ധി. അല്ലാത്തപക്ഷം ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ സമീപിച്ചെങ്കിലും ഉപദേശങ്ങളും നിർദ്ദേശങ്ങളും തേടേണ്ടതാണ്. കൗണ്സിലിംഗ് അല്ലെങ്കിൽ തെറാപ്പികളിലൂടെ ഭേദപ്പെടാൻ സാധ്യത കുറവുള്ള ഒരു രോഗത്തിന് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പോരാതെയും വരാം. ഒരു സൈക്യാർട്രിസ്റ്റിന്റെ സഹായം കൂടെ തേടണം. രോഗവിമുക്തി നേടാൻ മരുന്നിന്റെ സഹായം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാൽ ഒരു സൈക്യാട്രിസ്റ്റിനെ ചെന്ന് കൺസൾട്ട് ചെയ്യാൻ തീർച്ചയായും ആ സൈക്കോളജിസ്റ്റ് തന്നെ നിർദ്ദേശിക്കും. മെഡിക്കേഷൻ ആവശ്യമായി വന്നാൽ മടിക്കേണ്ട ആവശ്യവുമില്ല. രോഗലക്ഷണങ്ങൾ വെച്ച് ഇത് ഇന്ന രോഗമെന്ന് ഡയഗ്നോസ് ചെയ്യപ്പെട്ടാൽ ട്രീറ്റ്‌മെന്റ് എളുപ്പമാകും. എന്നാൽ അനാവശ്യമായി മെഡിസിൻ കഴിക്കുന്നത് നന്നല്ല താനും. അതേസമയം താനൊരു മാനസിക ആസ്വാസ്ഥ്യമുള്ള ആളാണ് എന്ന ഭാവേന മനപ്പൂർവ്വം ചില രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് ബന്ധുക്കളെയും മറ്റും അനിശ്ചിതത്തിലാക്കി, ഇമോഷണൽ ബ്ലേക്ക്മെയിൽ ചെയ്ത് മുതലെടുക്കുന്നവരും അല്ലാതെ രോഗിയാണെന്നതിന്റെ പേരിൽ അവസരങ്ങളെ മുതലെടുക്കുന്നവരും സമൂഹത്തിൽ ഉണ്ട്..

ഒരാളുടെ വ്യക്തിത്വ വളർച്ചയ്ക്കും മാനസികപരമായ ഉയർച്ചക്കും വികാസത്തിനും വിഘ്‌നമായി നിൽക്കുന്നതിൽ ചില മാനസിക ക്രമക്കേടുകൾക്ക് നല്ല പങ്കുണ്ട്. അത്ര സാരമല്ലാത്ത വൈകല്യങ്ങളും ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതുമായ പല രോഗങ്ങളും പ്രിയപ്പെട്ടവരുടെ സമയബന്ധിതവും ഫലപ്രദവുമായ ഇടപെടൽകൊണ്ട് അതിന്റെ തീവ്രതയിലും കാഠിന്യത്തിലും വലിയൊരു അന്തരം കൊണ്ടുവരാൻ സാധിക്കുന്നവയായിരിക്കും. ഇതുപോലെ രോഗങ്ങൾ ബാധിച്ചവരോടുള്ള സമീപനവും പെരുമാറ്റവും പോസിറ്റീവായെങ്കിലെ അവർക്ക് അസുഖത്തിന്റെ പിടിയിൽ നിന്നും എന്നന്നേക്കുമായി സ്വതന്ത്രമാവാൻ കരുത്തും കെല്പുമുണ്ടാവുള്ളൂ. അവരെ രോഗികളായി കാണാതെ, മാറ്റി നിർത്താതെ കൂടുതൽ കരുതലും പരിഗണനയും നൽകി കൂടെ നിർത്തലാണ് ആവശ്യം. അതേപോലെ ആത്മവിശ്വാസം കുറവുള്ള കുട്ടികൾക്കും മുതിർന്നവർക്കും അപകർഷതാബോധം പിടികൂടിയ മനുഷ്യർക്കും സാമൂഹിക ഭീതി കാരണം പുറംലോകത്തെയും അപരിചിതരെയും ഉൾഭയത്തോടെ നിരീക്ഷിക്കുന്നവർക്കും നേരെ സ്നേഹത്തിന്റെ, കൃപയുടെ, കാരുണ്യത്തിന്റെ, മാനവീകതയുടെ അനുതാപം നിറഞ്ഞ ഹസ്തങ്ങൾ നീട്ടി ആർക്കൊരു താങ്ങാവം ശക്തിയാവാം.

ഒരാളുടെ ശരീരഭാഷയും സംസാരവും മാത്രമല്ല പൊതുഇടങ്ങളിൽ കാണിക്കുന്ന വിവിധ ചേഷ്ടകളും പെരുമാറ്റ രീതികളുമൊക്കെ അയാളുടെ വ്യക്തിത്വത്തിലെ നിർണ്ണായക ഘടകങ്ങളാണ്. എന്നാൽ ചില മാനസിക അവസ്ഥകളും ക്രമക്കേടുകളോ അതിന്റെ ലക്ഷണങ്ങളോ പ്രത്യക്ഷമായി തന്നെ കണ്ടുതുടങ്ങിയാൽ ആ വ്യക്തിയിൽ നിന്ന് ഒരുപക്ഷേ പൊതുസമൂഹത്തിന് തികച്ചും അസ്വീകാര്യമായ ചില പ്രവൃത്തികൾ ഉണ്ടായേക്കാം. ഉദാഹരണത്തിന് ആനന്ദകരമായ ഒരു വേളയിൽ എല്ലാവരുടെയും നിറസാന്നിധ്യത്തിൽ ആകസ്മികമായി, പെടുന്നനെ ഒരു വ്യക്തി മൂലം സർവ്വതിനെയും തകിടം മറിക്കും വിധം ആർക്കും ആരോചകവും ഭീതിപ്പെടുത്തുന്നതോ ആയ രംഗങ്ങൾ അവിടെ ഉടലെടുക്കുന്നത്. അല്ലെങ്കിൽ ചില പൊട്ടിത്തെറികൾ, മുഖത്ത് മിന്നിമറയുന്ന വിചിത്ര ഭാവങ്ങൾ, പിടിവാശികൾ, ചേഷ്ടകൾ, അംഗവിന്യാസങ്ങൾ, അക്രമാസക്തി ഇവയൊക്കെയാവാം. ഇതൊന്നുമല്ലാതെ സാമൂഹികപരമായ വ്യവഹാരങ്ങളിൽ നിന്നും അപരിചിതരിൽ നിന്നും അവനവനിലേയ്ക്ക് മാത്രമായി ഉൾവലിയൽ, എല്ലാത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമങ്ങൾ, ആത്മഹത്യ പ്രവണത ഇവയ്ക്കൊക്കെ പിന്നിൽ ബ്രെയിനിലെ ചില കെമിക്കൽസിന്റെ അഥവ ഹോർമോണിന്റെയും കൂടെ പ്രവർത്തനങ്ങളാണ്, അതിന്റെ അനുപാതത്തിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ്. ഒരാളുടെ നിലവിലെ മനസികാവസ്ഥയെ അല്ലെങ്കിൽ ചിലപ്പോൾ അതുവരെ സ്ഥായിയായി നിന്നൊരു മൂഡിനെ ബാധിക്കുന്ന പല മാനസിക ക്രമക്കേടുകളും (mental disorders) അതുമല്ലെങ്കിൽ വ്യക്തിത്വ വളർച്ചയിൽ വരുന്ന ക്രമക്കേടുകളൊക്കെ (personality disorders) ഉണ്ട്. ചിലരുടെ മനസ്സ് വളരെയേറെ ദുർബ്ബലമായിരിക്കും. അവർ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഭൂതകാല സ്മരണകളെ വീണ്ടും ഉണർത്തുന്ന ഒരു സംഭവമോ വ്യക്തിയോ അതേപോലെ ചില വസ്തുക്കൾ, സാഹചര്യങ്ങൾ, ചിന്തകൾ, ഒരിക്കൽ ദുരന്തം സംഭവിച്ചയിടത്ത് വീണ്ടും പോകുന്നത് ഇതൊക്കെ മനസ്സിനെ പെടുന്നനെ ട്രിഗർ ചെയ്യിപ്പിക്കും, ഉത്തേജിപ്പിക്കും. അതവരുടെ മനോനിലയെ തകർച്ചയിലേക്ക് കൊണ്ടുചെന്ന് എത്തിക്കും. ഡിപ്രസ്ഡ് ആവും ചിലപ്പോൾ പ്രകോപിതരും അക്രമാസക്തരുമാകും.

വൈകാരികതയിലും ചിന്തകളിലും പെരുമാറ്റങ്ങളിലും ഒരു പരിധിവരെ സംതുലിതാവസ്ഥ കൈവരിച്ച മനസ്സിൽ പോലും വൈരുദ്ധ്യാത്മകമായ രീതിയിൽ ചില മെന്റൽ ഡിസോർഡേർസ് സ്വാധീനം ചെലുത്തുമ്പോൾ എല്ലാം മാറിമാറിയും. സ്ഥലകാല ബോധമില്ലാതെയും സാമാന്യയുക്തിയ്ക്ക് നിരക്കാത്ത പോലെയുള്ള പ്രകടനങ്ങളാവും അപ്പോൾ ഒരാളിൽ നിന്ന് ഉണ്ടാവുക. സ്വാഭാവികമായും അതിന്റെ പരിണിതഫലമായിട്ട് ആളുകൾക്ക് തിരിച്ച് ആ വ്യക്തിയോടുള്ള മനോഭാവത്തിലും പെരുമാറ്റത്തിലും അത് പ്രകടമാക്കപ്പെടുകയും ചെയ്യുന്നത് ഉറപ്പായും അവയെല്ലാം അയാളുടെ ശാന്തവും സുഗമവുമായൊരു വ്യക്തിജീവിതത്തിനും കുടുംബജീവിതത്തിനും സാമൂഹിക ജീവിതത്തിനും ഭംഗം വരുത്തും. ജീവിതത്തെ ദുരന്തപൂർണ്ണമായൊരു പ്രതിസന്ധി ഘട്ടത്തിലേയ്ക്ക് തള്ളിയിടാൻ അത് ഹേതുവാകും. പ്രത്യേകിച്ച് ഇതുപോലുള്ള സമൂഹത്തിൽ, മനുഷ്യരെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിലേറെ മുൻവിധിയോടെയോ, തെറ്റായ നിഗമനങ്ങളും വ്യാഖ്യാനങ്ങളും വെച്ചെല്ലാം വായിച്ചെടുക്കുന്ന ആളുകളാണ് വലിയൊരു പക്ഷവും. മാനസികാസ്വാസ്ഥ്യങ്ങളുടെ തിരതല്ലലിൽ വൈകാരിക പ്രക്ഷോഭങ്ങളുടെ നിരന്തരാക്രമണം മൂലം ചില ഘട്ടങ്ങളിൽ മനോവിഭ്രാന്തിയോടെ അല്ലെങ്കിൽ ഭയവിഹ്വലതയാൽ കടുത്ത ഉത്കണ്ഠ കാരണം ആത്മനിയന്ത്രണം വിട്ട് പെരുമാരുമാറിയതിന്റെയൊക്കെ പേരിൽ ഭ്രാന്തൻ എന്ന പേരിൽ മുദ്രകുത്തപ്പെട്ട ആളുകളും ഉണ്ട്. മറിച്ച് ഇതൊക്കെ നമ്മുടെ കൂടെയായിരുന്നു സംഭവിച്ചതെങ്കിൽ എന്ന് ഒരു നിമിഷമൊന്ന് ഓർക്കാൻ തയാറാവുന്നവർ വിരളവുമാണ്.

ഒറ്റപ്പെടൽ, രോഗാതുരമായ അവസ്ഥകൾ, നികത്താൻ സാധിക്കാത്ത സാമ്പത്തിക തകർച്ചകൾ, വഞ്ചനയ്ക്കും ചൂഷണങ്ങൾക്കും ഇരയാവൽ, കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടൽ, മാനസിക ശാരീരിക പീഡനങ്ങൾക്കോ ക്രൂരമായ അക്രമങ്ങൾക്കോ ഇരയാവൽ ഇതൊക്കെ ഒരു ദുർബലനായ മനുഷ്യന്റെ മനോനിലയെ എളുപ്പം തകരാറിലാക്കും. പ്രതിവിധി തേടാതെ അത് ഒടുക്കം ചെന്ന് കലാശിക്കുന്നത് മാനസിക തകർച്ചയിലേയ്ക്ക് അല്ലെങ്കിൽ പതിക്കുന്നത് വിഷാദച്ചൂഴിയിലേയ്ക്കാണ്. അതിൽ ജന്മനാ മാനസിക വൈകല്യങ്ങൾ ഉള്ളവരും ഉണ്ട്. Clinical depression, Anxiety disorder, Bipolar disorder, Dementia, Attention deficit hyper activity, Schizophrenia, Obsessive compulsive disorder, Post traumatic stress disorder മനസ്സിനെ ബാധിക്കുന്ന അവസ്ഥകൾക്ക് ചില ഉദാഹരണങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നവ. അതേപോലെ Paranoid personality disorder മറ്റൊരു മാനസികാവസ്ഥയാണ്, ഇവർ വിചിത്ര സ്വഭാവക്കാർ ആയിരിക്കും. സാധാരണക്കാർ ഭ്രാന്ത്, കിറുക്ക് എന്നൊക്കെ വിളിക്കും അല്ലെങ്കിൽ ചിത്തഭ്രമം എന്നും പറയാം. അവരിൽ ചില വ്യക്തികൾ കടുത്ത സംശയരോഗികളുമായിരിക്കും. ഒന്നിനെയും ആരെയും വിശ്വസിക്കാൻ കഴിയാത്ത അവസ്‌ഥ. ഈ രോഗത്തിന്റെ മറ്റൊരു മുഖമാണത്. സംശയിക്കേണ്ട വ്യക്തിയോ സാഹചര്യം അല്ലെങ്കിൽ കൂടിയും സംശയദൃഷ്ടിയോടെ മാത്രം ആളുകളെ വീക്ഷിക്കുന്നതും അവരെ വിശ്വസിക്കുന്നതിൽ വൈഷമ്യവും നേരിടും. കുട്ടിക്കാലത്ത് മനസ്സിനേൽക്കുന്ന കനത്ത പ്രഹരം, ഷോക്ക്, ആഴത്തിൽ ഏൽക്കുന്ന മുറിവ്, കുഞ്ഞുമനസ്സ് കടന്നുപോരുന്ന mental trauma ഇവയൊക്കെ പലവിധ മനോരോഗങ്ങൾക്കും മൂലകരണമായി ഭവിക്കാറുണ്ട്.

ഇതോന്നുമല്ലാതെ മനസ്സിനെ ബാധിക്കുന്ന വിവിധതരം ഫോബിയകളും ഉണ്ട്. ഒരു പ്രത്യേക സാഹചര്യത്തോടൊ ഒരു വസ്തുവിനോടൊ, വ്യക്തിയോടൊ, ജീവികളോടൊ, പ്രവൃത്തിയോടൊ നിരന്തരമായി തോന്നുന്ന, ചിലപ്പോൾ മനോമണ്ഡലത്തെ ആകെയും അടക്കി ഭരിക്കുന്നതോ വേട്ടയാടുന്നതോ ആയ ഉൽക്കടവും അതേസമയം വ്യർത്ഥവുമായൊരു ഉൾഭീതിയാണ് “ഫോബിയ”. അവയിൽ ചിലത് ഒരു കാലയളവിന് ശേഷം അപ്രത്യക്ഷമാവും. മറ്റു ചിലത് ജീവിതത്തിലൂടെ നീളം നീണ്ടുനിൽക്കുകയും ചെയ്യും. ഒരാൾ തനിച്ചാവുമ്പോൾ നേരിടുന്ന അമിതമായ ആകുലതയെ അല്ലെങ്കിൽ ഭയാനകതയെ ഓട്ടോഫോബിയ എന്നും രക്തം കാണുമ്പോഴുള്ള ബോധംകെടലും ഭീതിയും വിറയലും ഹീമോഫോബിയ എന്നും ജനമദ്ധ്യത്തിലേയ്ക്ക് ഇറങ്ങാൻ ഭയം അല്ലെങ്കിൽ മനുഷ്യരുമായി ഇടപഴകേണ്ടി വരുന്ന സാമൂഹിക ഇടപെടലുകളോടുള്ള ഉൾഭീതിയെ സോഷ്യൽ ഫോബിയ എന്നും വിളിക്കുന്നു. ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കപ്പെടുമോ താൻ പരിഹാസപാത്രമാക്കപ്പെടുമോ എന്ന ഭയവും അപകർഷതാബോധവുമാണ് അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. തന്നിലേക്ക് മാത്രമായി ഉൾവലിയൽ, തനിച്ചാവൽ, ഉത്കണ്ഠ, അമിതമായ വിയർക്കൽ എന്നിവ ലക്ഷണങ്ങളാണ്.

എന്നാൽ ചുറ്റുപാടുകളെക്കുറിച്ച് ആവശ്യത്തിൽ കവിഞ്ഞ ജാഗ്രത, ഉത്തകണ്ഠ, യുക്തിരഹിതവും അടിസ്‌ഥാനരഹിതവുമായ ചിന്തകൾ, അപകടത്തെ ചൊല്ലി ഭയം, കൈകാൽ വിറയൽ ചിലപ്പോൾ അതീവം ഗൗരവപൂർവ്വം കാണേണ്ട ഒന്നിനോട് നിസ്സംഗഭാവത്തോടെയുള്ള സമീപനം ഇവയൊക്കെ പാനിക്ക് അറ്റാക്കുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. ഇതെല്ലാം സ്വഭാവത്തിൽ പ്രകടമായിക്കൊണ്ടിരിക്കും. ആ വ്യക്തിയിലെ കുറവുകളോ, കഴിവില്ലായ്മയോ സ്വഭാവദൂഷ്യമോ ആയി ചിത്രീകരിച്ച് അധിക്ഷേപങ്ങൾക്കും രൂക്ഷവിമർശനങ്ങൾക്കും ഇരയാക്കാതെ അവധാനതയോടെ അവരെയൊന്ന് നിരീക്ഷണത്തിൽ വെയ്ക്കുന്നതും അതിൽ നിന്ന് മോചനം നേടാൻ ശക്തമായ പിന്തുണ നൽകലുമാണ് ഒരു മനുഷ്യൻ എന്ന നിലയ്ക്ക് ചെയ്യാവുന്ന കാര്യം. തന്നാൽ സാധിക്കാത്തതാണെന്ന് ബോദ്ധ്യപ്പെട്ടാൽ എത്രയും വേഗം ആ വ്യക്തിയെയും കൂട്ടി ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കലാണ് ഉത്തരവാദിത്വപ്പെട്ടവരുടെ ധർമ്മം. നമ്മിൽ പലരും അവരവരിൽ തന്നെ ബന്ധിതരാണ് എന്നതാണ് സത്യം അവനവനിൽ നിന്ന് സ്വയം തന്നെ മുക്തമാവുന്നതോടെ അന്തരീക ലോകത്തിൽ മനുഷ്യർ സ്വാതന്ത്ര്യമെന്തെന്ന് അനുഭവിച്ചറിയുകയും അതിയായ റിലാക്സേഷനും ലഭിക്കും. ഇത് തന്നെയാണ് ഒരു വ്യക്തിയുടെ അത്യുന്നതമായ വിജയം. നിഷേധാത്മകമായ ചിന്തകളിൽ നിന്നുള്ള വിമോചനമാണ് അത്. ഒരുപക്ഷേ അല്പം ക്ഷമയും സമയവും സാവകാശവുമെല്ലാം ആവശ്യമായി വരുന്നതും ശ്രമകരവുമായൊരു പ്രക്രിയയും ആയതിനാലാവാം അധികമാരും അതിന് യത്നിക്കാത്തത്. സ്വത്വബോധത്തിൽ തന്നെ നിന്നുകൊണ്ട് ബുദ്ധിപൂർവ്വവും യുക്തിസഹവുമായ ചിന്തകളോടൊപ്പം ഇച്ഛാശക്തിയുടെ പിൻബലം കൂട്ടിന് ഉണ്ടെങ്കിൽ അത് മനുഷ്യനെ തിരിച്ചറിവിലേയ്ക്ക് എത്തിക്കും.

തന്നെ തിരിച്ചറിയുന്ന, അംഗീകരിക്കുന്ന, മനസ്സിലാക്കുന്ന, ഉൾകൊള്ളാൻ തയാറാവുന്ന ചിലരെങ്കിലും ജീവിതത്തിൽ ഇല്ലാതാവുന്നത് ഏതൊരു മനുഷ്യനിലും അരക്ഷിതാവസ്ഥ സൃഷ്ടിയ്ക്കുമെന്നതൊരു പരമാർത്ഥമാണ്. സ്നേഹിക്കപ്പെടുമ്പോഴും പ്രണയിക്കപ്പെടുമ്പോഴും ലഭിക്കുന്ന നിർവൃതി താൻ ഏറ്റവും നന്നായി പരിഗണിക്കപ്പെടുന്നു എന്നത് തന്നെയാണ്. തന്നെ ആഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന, കേട്ടിരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളിലേക്ക് ആരും അടുത്ത് പോകും. ഒരു കുഞ്ഞായാൽ പോലും അവരിലെ സഹജമായ ഒരു പ്രവണതയായി അതിനെ വീക്ഷിക്കാവുന്നതാണ്. അതുകൊണ്ട് ആത്മബന്ധങ്ങൾ ഒരിക്കലും ഒഴിച്ചുകൂടാത്തതാണ് മനുഷ്യർക്ക്. അതേസമയം നാം സ്വയം അവനവനെ എത്രത്തോളം മനസ്സിലാക്കി എന്നത് വലിയൊരു ചോദ്യചിഹ്നമാണ് താനും. മക്കളിൽ ഏതെങ്കിലും തരത്തിലുമുള്ള ഭീതികൾ രൂപംകൊള്ളുന്നതിനെ ബുദ്ധിപൂർവ്വവും അവസരോചിതവുമായുള്ള ഇടപെടലുകൾകൊണ്ട് വേണം ഇല്ലാതാക്കാനും അവയെ നിർമ്മാർജ്ജനം ചെയ്യാനും വാക്കുകളാൽ അവരെ സുരക്ഷിതരാക്കി മാനസിക ഭദ്രത നൽകി സമചിത്തതയോടെ സ്ഥിരബുദ്ധിയോടെ ചിന്തിക്കാനും പ്രവൃത്തിക്കാനും ശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. രക്ഷാകർതൃത്വം ഏറ്റവും വലിയൊരു ദൗത്യമാണ്. മക്കളിൽ ഉന്നതവും ഉത്കൃഷ്ടവുമായൊരു വ്യക്തിത്വത്തിന് രക്ഷിതാക്കൾ കുഞ്ഞിലെ തറപാകിക്കൊടുക്കണം.

ആനന്ദലബ്ധിയ്ക്കും സന്തോഷത്തിനും വേണ്ടി മനുഷ്യർ ചെയ്യുന്നതൊക്കെ മനസ്സിന്റെ റിലാക്സേഷനും കൂടി വേണ്ടിയാണെന്ന് അറിയുക. ശരീരത്തിന് കൃത്യമായ ഉറക്കം തന്നെയാണ് വിശ്രമമം. മനസ്സിന് ഏത്ര ദുഷ്ക്കരമായ സമസ്യകളെയും പ്രശ്നങ്ങളെയും നേരിടാൻ പോസിറ്റീവായൊരു മനോഭാവമാണ് ആവശ്യം. വർത്തമാന കാലത്തിൽ എത്ര ദുരനുഭവങ്ങളെ നേരിടേണ്ടി വന്നാലും ജീവിതത്തിന്റെ ആസ്വാദ്യകരമായ ഭാഗത്തെ നോക്കിക്കണ്ട് അതിലൂടെ ജീവിതത്തെ അനുഭവേദ്യമാക്കിയെടുത്താൽ എല്ലാം സുന്ദരം. ഇല്ലെങ്കിൽ ദയനീയതിലും ദുരിതത്തിലും തളച്ചിടപ്പെട്ടുപോകും മനസ്സ്. അതിന് ഉത്തരവാദി നമ്മൾ കൂടിയായിരിക്കും. മനസ്സിന് ഉല്ലാസവും ആനന്ദവും ലഭിച്ചെങ്കിലെ പ്രസന്നതയോടെയും ഊർജ്ജസ്വലതയോടെയും വ്യക്തിത്വത്തെ നിലനിർത്താൻ കഴിയുള്ളൂ. എന്നുവെച്ച് സ്വാർത്ഥതാ മനോഭാവത്തോടെ മനസ്സിൽ തോന്നുന്നതൊക്കെ ചെയ്യാൻ മുതിരുകയും അരുത്. ആത് അപകടങ്ങളെ വിളിച്ച് വരുത്തും കൂട്ടത്തിൽ തന്റെ ലക്ക്കെട്ട കളികൾ മൂലം അപരന്റെ ജീവിതവും നരകമാവും. താൻ ചെയ്യുന്ന കർമ്മങ്ങളുടെ ദൂഷ്യഫലം സ്വന്തം ജീവിതം മാത്രമല്ല അവതാളത്തിലാക്കുന്നത് എന്ന ബോധമാണ് ശ്രേഷ്ഠമായത്. ആത്മബോധത്തിന്റെ ഗുണം തിരിച്ചറിയുന്നത് ഇതുപോലെ തിരിച്ചറിവ് നേടുമ്പോഴാണ്. ഇടയ്ക്കൊരു യാത്ര, ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടൽ, ചില കായികാഭ്യാസങ്ങൾ, ഗെയിമുകൾ, ആട്ടം, പാട്ട്, ഒന്നിച്ചുകൂടി സന്തോഷം പങ്കിടൽ ഇവയൊക്കെ മനസ്സിന്റെ സമ്മർദ്ദം കുറയ്ക്കാനും സ്ട്രെസ്സ് ലെവൽ പതിയെ കുറച്ചുകൊണ്ടുവരാനും സഹായിക്കും. നല്ല ബന്ധങ്ങൾ ഉണ്ടാവുകയും ഈ ബന്ധങ്ങളൊക്കെ അതിനും കൂടി വേണ്ടിയുള്ളതായിരിക്കണം. വ്യക്തിത്വവളർച്ചയ്ക്കും മാനസിക ആരോഗ്യത്തിനും മാറ്റിനിർത്താൻ പറ്റാത്തവയാണ് ഇവയെല്ലാം. നല്ല വ്യക്തിയാവുക എന്നാൽ നല്ലൊരു മനുഷ്യനാവുക എന്ന് തന്നെയാണ് അർത്ഥം. നല്ല മനുഷ്യനാവാൻ കാതലും ആരോഗ്യവുമുള്ള, ലക്ഷണമൊത്ത, ഒരു മനസ്സാണ് ആദ്യം ആവശ്യം.

Related Articles