Current Date

Search
Close this search box.
Search
Close this search box.

സ്വഭാവമാണ് വ്യക്തിത്വം

‘മറ്റുള്ളവർ തന്നെ അറിയുന്നില്ലെന്നത് കാര്യമാക്കരുത്. മറ്റുള്ളവരെ താൻ അറിയുന്നില്ലെന്നതിലാണ് ഉത്കണ്ഠ വേണ്ടത്’ -കങ്ഫ്യൂചിസ്

മനുഷ്യന്റെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്ന ആശയമാണ് സ്വഭാവം. സ്വഭാവമാണ് വ്യക്തിത്വം; വ്യക്തിത്വം സ്വഭാവവും. രൂപം, ഭാവം, ശരീരം, നിറം, വംശം തുടങ്ങിയവക്ക് ജീവിതത്തിൽ സവിശേഷമായ പ്രാധാന്യമില്ല. അവ മനുഷ്യർ തമ്മിൽ തിരിച്ചറിയാനുള്ള അടയാളങ്ങൾ മാത്രമാണ്. ദൈവം അവയിലേക്കല്ല, സ്വത്വത്തിലേക്കും അതിൽനിന്ന് ഉത്ഭൂതമാവുന്ന നല്ല സ്വഭാവത്തിലേക്കും നല്ല കർമത്തിലേക്കുമാണ് കൺപാർക്കുന്നത്.

സ്വഭാവത്തിന്റെ ബന്ധം സ്വത്വവുമായാണ്. സ്വത്വമാവട്ടെ മനുഷ്യന്റെ പരമപ്രധാനമായ ഇടവും. ആത്മാവും ധിഷണയും ഉൾചേർന്ന സ്വത്വമാണ് മനീഷിയുടെ സത്തയും അസ്തിത്വവുമെന്ന് വിവേകികൾ മൊഴിഞ്ഞിട്ടുണ്ട്. ധർമശാസ്ത്രഗ്രന്ഥങ്ങൾ സ്വത്വവുമായി ബന്ധപ്പെടുത്തിയാണ് മുഴുവൻ സ്വഭാവങ്ങളെയും പ്രതിപാദിക്കുന്നത്. ഉദാഹരണങ്ങൾ നോക്കൂ: ‘ധർമങ്ങൾക്കെപ്പോഴും പൂർവഗാമി സ്വത്വമാണ്. സ്വത്വത്താൽ മേന്മ നേടുന്ന ധർമമാണ് സ്വത്വമയം'(ശ്രീബുദ്ധൻ, ബുദ്ധമതം). ‘സ്വത്വത്തെ കീഴടക്കുന്നവൻ ലോകത്തെ കീഴടക്കുന്നു'(ഗുരുനാനാക്ക്, സിക്കുമതം). വിശുദ്ധവേദവും തിരുചര്യയും സ്വഭാവങ്ങളെക്കുറിച്ച് സംസാരിക്കുന്നതും സ്വത്വവുമായി ബന്ധപ്പെടുത്തിക്കൊണ്ടുതന്നെ.

നല്ല സ്വത്വം നല്ല സ്വഭാവത്തെയും നല്ല വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്നു. ജീവിതം നന്മകളാൽ പുഷ്‌കലമാവുമെന്നതാണ് നല്ല സ്വഭാവത്തിന്റെ മേന്മ. അതിന്റെ ഫലങ്ങളാകട്ടെ ഇഹലോകത്ത് ശാന്തിയും പരലോകത്ത് സ്വർഗവുമാണ്. ചീത്ത സ്വത്വം ചീത്ത സ്വഭാവത്തെയും ചീത്ത വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്നു. ജീവിതം തിന്മകളിൽ തളക്കപ്പെടുമെന്നതാണ് ചീത്ത സ്വഭാവത്തിന്റെ വിന. അതിന്റെ ഫലങ്ങളാകട്ടെ ഇഹലോകത്ത് അശാന്തിയും പരലോകത്ത് നരകവുമാണ്. അതിനാൽ, സ്വഭാവത്തെ സംസ്‌കരിച്ച് മികച്ച വ്യക്തികളാവാനാണ് ശ്രമിക്കേണ്ടത്.

‘മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെത്തന്നെ നിങ്ങളും അവരോട് പെരുമാറുക’യെന്ന ബൈബിൾ വചനം പ്രധാനമാണ്. ഇതൊരു മനശാസ്ത്രപരമായ നിർദേശമാണ്. തന്നെ എല്ലാവരും നല്ല രീതിയിൽ കാണണെന്നും തന്നോട് എല്ലാവരും മികച്ച രൂപത്തിൽ പെരുമാറണമെന്നുമാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. ഈ ചിന്ത മനുഷ്യനെ ധനാത്മകമായി എവിടെയും എത്തിക്കുകയില്ല. എന്നാലോ, അത് അവനെ താൻപോരിയും സ്വാർഥനുമാക്കുകയും ചെയ്യും. നാം എല്ലാവരെയും മികച്ച രീതിയിൽ കാണുകയും എല്ലാവരോടും മികച്ച രൂപത്തിൽ പെരുമാറുകയുമാണ് വേണ്ടതെന്നാണ് മുകളിലത്തെ ഉദ്ധരണിയുടെ സാരസന്ദേശം.

ഒത്തിരിയുണ്ട് നല്ല സ്വഭാവങ്ങൾ. അതുപോലെ, ഒത്തിരിയുണ്ട് ചീത്തസ്വഭവങ്ങളും. ധർമശാസ്ത്രഗ്രന്ഥങ്ങളിൽ അവ കാണാനാവും. ജീവിതത്തിൽ ശീലിക്കേണ്ട ചില സ്വഭാവങ്ങൾ മാത്രം കുറിക്കുകയാണ്. വിനയത്തോടും മാന്യതയോടും ആദരവോടും കൂടിയാവണം സഹജീവികളോടുള്ള പെരുമാറ്റം. മുൻവിധിയോടെ ഒരാളെയും സമീപിക്കരുത്. മുൻവിധികൾ കലർന്ന സ്വത്വം മലിനമാണ്. മറ്റുള്ളവരെ ശല്യം ചെയ്യരുത്. പ്രതികൂലമായ ഇടപെടലില്ലാതെ ജീവിതത്തെ ചലിപ്പിക്കാൻ മറ്റുള്ളവരെ അനുവദിക്കുക. മുതിർന്നവരോട് ബഹുമാനവും സമപ്രായക്കാരോട് സൗഹൃദവും കുട്ടികളോട് വാത്സല്യവും കാത്തുസൂക്ഷിക്കുക. വാക്കുകൾ മധുരമുള്ളതും കർമങ്ങൾ മാതൃകാപരവുമാക്കുക. ഇത്തരം സ്വഭാവങ്ങൾ നിലനിർത്തുമ്പോഴാണ് ഒരാൾ യഥാർഥത്തിൽ ആദരിക്കപ്പെടുന്നത്.

മികച്ച സ്വഭാവങ്ങളാൽ മനുഷ്യനെ ധന്യമാക്കാനാണ് വിശുദ്ധവേദവും തിരുചര്യയും ശ്രമിക്കുന്നത്: ”നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് നീ തടയുക. അപ്പോൾ നിന്നോട് ശത്രുതയിൽ കഴിയുന്നവനും ആത്മമിത്രത്തെപ്പോലെയാവും”(ഫുസ്സ്വിലത്ത് 34). ”ഏറ്റവും നല്ല സ്വഭാവക്കാരനാണ് നിങ്ങളിൽ ഏറ്റവും ഉത്കൃഷ്ടൻ”(ബുഖാരി). ഉത്കൃഷ്ടസ്വഭാവത്തിന്റെ ഉടമസ്ഥനായിരുന്നു പ്രവാചകൻ മുഹമ്മദ്: ”നിശ്ചയം, താങ്കൾ മഹത്തായ സ്വഭാവത്തിന്റെ ഉടമയാണ്”(അൽഖലം 4). പ്രവാചകസ്വഭാവം വിശുദ്ധവേദമായായിരുന്നുവെന്ന് മഹതി ആഇശ മൊഴിഞ്ഞിട്ടുണ്ട്. പ്രവാചകസ്വഭാവത്തെ അനസ്(റ) ഇപ്രകാരമാണ് വർണിക്കുന്നത്: ”ദൈവമാണെ സത്യം, ഒമ്പതുവർഷം ഞാൻ പ്രവാചകനുവേണ്ടി സേവനമനുഷ്ഠിച്ചു. ഞാൻ ചെയ്ത ഒരു കാര്യം ‘ഇങ്ങനെയൊക്കെ നീ എന്തിനു ചെയ്തു’വെന്നും ഞാൻ ചെയ്യാത്ത കാര്യം ‘ഇങ്ങനെയൊക്കെ നീ എന്തുകൊണ്ട് ചെയ്തില്ലെ’ന്നും പ്രവാചകൻ ചോദിച്ചിട്ടില്ല”(മുസ്‌ലിം).

Related Articles