Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ഭരണത്തകര്‍ച്ചയുടെ കാരണങ്ങള്‍

Muslim-rule.jpg

ആധുനിക അറബ് ചരിത്രത്തിന്റെ പുനര്‍വായനയും പുനരെഴുത്തുമാണ് ഞാനീ അധ്യായത്തില്‍ നടത്തുന്നത്. യൂറോപ്യന്‍ ദേശീയതക്കും ആധുനികതക്കും മുമ്പ് തന്നെ വികസിച്ച ജ്ഞാനശാസ്ത്ര ചട്ടക്കൂടില്‍ നിന്ന് കൊണ്ടാണ് നാമതിനെ സമീപിക്കേണ്ടത്. എന്നാല്‍ കൊളോണിയല്‍ ആധുനികതയുടെ ജ്ഞാനപരമായ മേധാവിത്വത്തെ സാംശീകരിച്ച് കൊണ്ടാണ് അറബ് ചരിത്രത്തെയും ഫലസ്തീന്‍ പ്രശ്‌നത്തെയും അക്കാദമിക ലോകം നിരീക്ഷിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ചരിത്രത്തെയും ചരിത്രപഠനങ്ങളെയും വിമര്‍ശനാത്മകമായി സമീപിക്കുന്നവരില്‍ പോലും യൂറോകേന്ദ്രീകൃതമായ വിജ്ഞാനീയങ്ങളുടെ സ്വാധീനം വളരെ പ്രകടമാണ്.

ഇനി നമുക്ക് ഒട്ടോമന്‍ ചരിത്രത്തിലേക്ക് തന്നെ തിരിച്ച് പോകാം. ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ പതനത്തിന് ഒരുപാട് കാരണങ്ങളുണ്ട്. അത് മുഴുവന്‍ വിശദീകരിക്കണമെങ്കില്‍ ഒരു പുസ്തകം തന്നെ വേണ്ടി വരും. അതേസമയം യൂറോപ്യന്‍ കൊളോണിയല്‍ അധികാരങ്ങളുടെയും സയണിസത്തിന്റെയും മുന്നേറ്റങ്ങള്‍ക്ക് ഒട്ടോമന്‍ പാരമ്പര്യത്തിന്റെ പതനവുമായി ബന്ധമുള്ളതിനാല്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പ്രതിപാദിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഫലസ്തീന്‍ പ്രശ്‌നത്തെ കുറിച്ച സൂക്ഷമമായ നിരീക്ഷണം സാധ്യമാവുകയുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

18, 19 നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ കൊളോണിയലിസ്റ്റുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫും ആഫ്രിക്കയും പൂര്‍ണ്ണമായും കൈക്കലാക്കിക്കഴിഞ്ഞിരുന്നു. ഇത് ഓട്ടോമന്‍ അധികാരികളെ സമ്മര്‍ദ്ദത്തിലാക്കുകയും ഭരണമുരടിപ്പിലേക്ക് നയിക്കുകയും ചെയ്തു. മാത്രമല്ല, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയല്‍ നയം അവിടെയും ഫലം കണ്ടതോട് കൂടി സ്വതന്ത്രമായ അധികാര കേന്ദ്രങ്ങള്‍ വളര്‍ന്ന് വരാന്‍ തുടങ്ങുകയും അത് സ്റ്റേറ്റിന്റെ അധികാരത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കൂം ഒട്ടോമന്‍ സ്‌റ്റേറ്റിന്റെ മുക്കാല്‍ ഭാഗവും യൂറോപ്പിന്റെ കൈയിലായിക്കഴിഞ്ഞിരുന്നു. അതോട് കൂടിയാണ് സയണിസ്റ്റ് പദ്ധതിക്ക് അവസരങ്ങള്‍ തുറന്ന് കിട്ടുന്നത്.

17ാം നൂറ്റാണ്ടു വരെ ഒട്ടോമന്‍ രാജ്യം സ്വതന്ത്രമായ ഒരസ്തിത്വം കാത്തുസൂക്ഷിച്ചിരുന്നു. യൂറോപ്പ് ഒരു സ്വാധീന ശക്തിയായി അതിന് മുമ്പിലുണ്ടായിരുന്നില്ല. സുല്‍ത്താന്‍ സാലിം നാലാമന്റെ അധികാരാരോഹണത്തോട് കൂടിയാണ് മാറ്റം വരാന്‍ തുടങ്ങിയത്. ഫ്രഞ്ച് സംസ്‌കാരത്തെ മുസ്‌ലിം പാരമ്പര്യവുമായി കണ്ണി ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അയാള്‍ തുടക്കം കുറിച്ചത്. മാത്രമല്ല, ഫ്രഞ്ച് ഭരണാധികാരിക്ക് അദ്ദേഹം ഒരു കത്തെഴുതുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയുമൊക്കെ അളവ്‌കോലായി യൂറോപ്പ് മാറുകയും മുസ്‌ലിം രാഷ്ട്രങ്ങളൊന്നടങ്കം യൂറോപ്യന്‍ സംസ്‌കാരത്തെ പുല്‍കാന്‍ തുടങ്ങുകയും ചെയ്തു.

അതേസമയം ഫ്രാന്‍സ് ലബനാലില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ തുടങ്ങുകയും ഒട്ടോമന്‍ സാമ്രാജ്യത്വത്തിലെ ക്രൈസ്തവരുടെ മതപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു. സുല്‍ത്താന്‍ സാലിമിന്റെ ഉദാരമായ ഭരണസമീപനങ്ങളാണ് അതിന് നിമിത്തമായത്. 1774 ലെ റഷ്യന്‍ അധിനിവേശത്തിലേക്കാണ് അത് നയിച്ചത്. അതേത്തുടര്‍ന്ന് റഷ്യയും ഒട്ടോമന്‍ രാജ്യവും തമ്മില്‍ ഒരു രാഷ്ട്രീയ സന്ധിയില്‍ ഒപ്പ് വെക്കുകയും അതിന്റെ ഫലമായി ഒരുപാട് മുസ്‌ലിം ഭരണപ്രദേശങ്ങള്‍ റഷ്യയുടെ ആധിപത്യത്തിന് കീഴില്‍ വരികയും ചെയ്തു. മാത്രമല്ല, ഫലസ്തീനടക്കമുള്ള മുസ്‌ലിം രാഷ്ട്രങ്ങളിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ രക്ഷകരായി റഷ്യ സ്വയം അവരോധിതരാവുകയും ചെയ്തു.

1791 ല്‍ ആസ്ട്രിയയുമായി മറ്റൊരു സന്ധിയിലും ഒട്ടോമന്‍ ഭരണകൂടം ഒപ്പുവെച്ചിരുന്നു. അതിലൂടെയും ഒരുപാട് ഭരണപ്രദേശങ്ങള്‍ അവര്‍ക്ക് നഷ്ടമായി. അഥവാ, ചുരുങ്ങിയ വര്‍ഷം കൊണ്ട് തന്നെ ഒട്ടോമന്‍ ഭരണപ്രദേശങ്ങള്‍ റഷ്യ, ആസ്ട്രിയ, ഇറ്റലി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളുടെ കൈയ്യിലായിക്കഴിഞ്ഞിരുന്നു. മാത്രമല്ല, കൊളോണിയല്‍ രാഷ്ട്രങ്ങളുടെ സ്വാധീനത്താല്‍ മുസ്‌ലിംങ്ങള്‍ക്കിടയില്‍ ആഭ്യന്തര യുദ്ധങ്ങളും സജീവമായിരുന്നു. അതേസമയം തന്നെ അവര്‍ ഒട്ടോമന്‍ രാഷ്ട്രത്തിന് സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ഭീമമായ കടബാധ്യതകള്‍ വരുത്തി വെക്കുകയും ചെയ്തു.

അന്നും ഇന്നുമെല്ലാം സാമ്പത്തിക കോളനീകരണവും മുസ്‌ലിം രാഷ്ട്രങ്ങളില്‍ നടപ്പിലാക്കപ്പെടുന്നുണ്ട്. മുസ്‌ലിം രാഷ്ട്രങ്ങളില്‍ മാത്രം പരിമിതമല്ല ഇത്. മറിച്ച്, ഐ.എം.എഫിലൂടെയും വേള്‍ഡ്ബാങ്കിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കൊളോണിയല്‍ പദ്ധതിയാണിത്. ഒരേ സമയം തന്നെ ഒട്ടോമന്‍ രാഷ്ട്രത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാനും സാമ്പത്തിക കോളനീകരണത്തിന് വിധേയമാക്കാനും കൊളോണിയലിസ്റ്റുകള്‍ക്ക് കഴിഞ്ഞു എന്നത് അവരുടെ കൊളോണിയല്‍ പദ്ധതി എത്രത്തോളം ആസൂത്രിതമാണെന്ന യാഥാര്‍ത്ഥ്യത്തെയാണ് വിളിച്ചോതുന്നത്. (തുടരും)

വിവ: സഅദ് സല്‍മി

ഒട്ടോമന്‍ ഭരണപാരമ്പര്യവും ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളും

കോളനിവല്‍ക്കരണവും ക്രൈസ്തവവല്‍ക്കരണവും തമ്മിലെന്ത്?

Related Articles