Current Date

Search
Close this search box.
Search
Close this search box.

അപാരമായ സ്വാതന്ത്ര്യം

ഇസ്‌ലാമികവീക്ഷണത്തിൽ സാംഹാരിസും രവിചന്ദ്രനും വാദിക്കുന്ന പോലെ മനുഷ്യൻ മസ്തിഷ്‌ക കോശങ്ങളുടെ നിയന്ത്രണങ്ങൾക്ക് വിധേയനല്ല. മറിച്ച്, മഹത്തായ തീരുമാനമെടുക്കാൻ കഴിവുറ്റ മനസ്സിന്റെ ഉടമയാണ്. ശരീരം മനസ്സിന്റെ തീരുമാനങ്ങൾ നടപ്പാക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ടുതന്നെ മനുഷ്യന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ചായയോ ചാരായമോ കാപ്പിയോ കോളയോ വെള്ളമോ കള്ളോ ഏതാണ് കുടിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള സാധ്യതയും സ്വാതന്ത്ര്യവും ഏവർക്കുമുണ്ട്. പാട്ട് കേൾക്കണമോ കഥ കേൾക്കണമോ കവിത കേൾക്കണമോ എന്നൊക്കെ നമുക്ക് യഥേഷ്ടം തീരുമാനിക്കാം. അപ്രകാരം തന്നെ മാംസഭക്ഷണം കഴിക്കണമോ പച്ചക്കറി കഴിക്കണമോ രണ്ടും കഴിക്കാതെ പഴം തിന്നണമോ എന്നൊക്കെ ഓരോ മനുഷ്യനും സ്വയം തീരുമാനിക്കാവുന്നതേയുള്ളൂ. അങ്ങനെ എടുത്ത തീരുമാനം സ്വന്തം നിലക്ക് തന്നെ തിരുത്തുകയും മാറ്റുകയും ചെയ്യാം. മദ്യപാനിയായ മനുഷ്യനെ കൂട്ടുകാരന് സ്വാധീനിച്ച് മദ്യവിരുദ്ധനാക്കാൻ കഴിയും.
ഇപ്രകാരം തന്നെ നമുക്ക് ഏത് ആദർശം സ്വീകരിക്കാനും നിരാകരിക്കാനും സ്വാതന്ത്ര്യമുണ്ട്. വിശ്വാസിയാവാനും നിഷേധിയാവാനും സാധിക്കും. അഥവാ ഓരോ മനുഷ്യനും തന്റെ വിശ്വാസം, ജീവിതവീക്ഷണം, വിചാരവികാരങ്ങൾ, ആരാധനാനുഷ്ഠാനങ്ങൾ, ആചാരസമ്പ്രദായങ്ങൾ, ജീവിതരീതികൾ, സ്വഭാവം, പെരുമാറ്റം, സമീപനം തുടങ്ങിയ കാര്യങ്ങളെല്ലാം സ്വയം തീരുമാനിക്കാനും തെരഞ്ഞെടുക്കാനുമുള്ള സാധ്യതയും സ്വാതന്ത്ര്യവും പ്രപഞ്ചനാഥൻ നൽകിയിട്ടുണ്ട്. അഥവാ അല്ലാഹു നൽകിയ സാധ്യതയും സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തി ആർക്കും സന്മാർഗിയോ ദുർമാർഗിയോ വിശ്വാസിയോ അവിശ്വാസിയോ ആകാവുന്നതാണ്. ഇക്കാര്യം ഇസ്‌ലാമിന്റെ മൂലപ്രമാണമായ വിശുദ്ധ ഖുർആൻ സംശയാതീതമായി വ്യക്തമാക്കുന്നു.

കർമഫലം പരലോകത്ത്

അതോടൊപ്പം ഇസ്‌ലാമികവീക്ഷണത്തിൽ ഐഹികജീവിതം ക്ഷണികമാണ്, നശ്വരമാണ്, കർമങ്ങളുടെ ഇടമാണ്. ഇവിടെ ആർക്കും കൃത്യവും കണിശവും നീതിപൂർവകവുമായ കർമഫലം ലഭിക്കുന്നില്ല. കുറ്റവാളിക്ക് അർഹമായ ശിക്ഷ ലഭിക്കാറില്ല. സുകൃതങ്ങൾക്ക് അവയർഹിക്കുന്ന പ്രതിഫലവും കിട്ടാറില്ല. ഇത് ഏവർക്കുമറിയാവുന്ന അനിഷേധ്യ യാഥാർഥ്യമാണ്. അതിനാൽ വിശദീകരണം ആവശ്യമില്ല.

എല്ലാവർക്കും തങ്ങളുടെ കർമഫലം നീതിപൂർവ്വം ലഭിക്കുക തന്നെ ചെയ്യും. അത് മരണശേഷം മറുലോകത്ത് വെച്ചാണ്. അതിന്റെ അടിസ്ഥാനം ഭൂമിയിലെ പ്രവർത്തനങ്ങളാണ്. അത് നീതിപൂർവ്വകമാകണമെങ്കിൽ സ്വന്തം കർമങ്ങൾ തീരുമാനിക്കാനുള്ള സാധ്യതയും സ്വാതന്ത്ര്യ വും അനിവാര്യമാണ്. ഓരോ മനുഷ്യനുമത് നൽകപ്പെട്ടിട്ടുണ്ടെന്ന് ഇസ്‌ലാം അസന്നിഗ്ധമായി വ്യക്തമാക്കുന്നു.

അതിനാൽ മനുഷ്യർക്കെല്ലാം നന്മയും തിന്മയും തെറ്റും ശരിയും ധർമവും അധർമവും തെരഞ്ഞെടുത്ത് സന്മാർഗിയും ദുർമാർഗിയുമാകാനുള്ള സ്വാതന്ത്ര്യമുണ്ട്. അവ്വിധം സ്വയം തീരുമാനിച്ചുറച്ച് ജീവിക്കുന്നതിനനുസരിച്ചായിരിക്കും മരണാനന്തരമുള്ള രക്ഷാശിക്ഷകൾ. വിശുദ്ധ ഖുർആൻ പറയുന്നു: ”ആർ സന്മാർഗം സ്വീകരിക്കുന്നുവോ അത് അവന്റെ തന്നെ ഗുണത്തിനു വേണ്ടിയാണ്.ആർ ദുർമാർഗമവലംബിക്കുന്നുവോ അതിന്റെ ദോഷവും അവന് തന്നെ. ഭാരം വഹിക്കുന്നവരാരും മറ്റാരുടെയും ഭാരം ചുമക്കുകയില്ല.” (17:15)

”മതത്തിൽ ഒരു വിധ ബലപ്രയോഗവുമില്ല. സന്മാർഗം മിഥ്യാധാരണകളിൽ നിന്ന് വേർതിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. അതിനാൽ ദൈവേതര ശക്തികളെ നിഷേധിച്ച് അല്ലാഹുവിൽ വിശ്വസിക്കുന്നവൻ ബലിഷ്ഠമായ അവലംബപാശത്തെ മുറുകെപ്പിടിച്ചിരിക്കുന്നു. അതൊരിക്കലും അറ്റു പോകുന്നതല്ല.” (2:256)

”പറയുക: ഇത് നിന്റെ നാഥനിൽ നിന്നുള്ള സത്യമാണ്. ഇഷ്ടമുള്ളവർക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവർക്ക് നിഷേധിക്കാം. അക്രമികൾക്ക് നാം നരകം സജ്ജമാക്കി വെച്ചിട്ടുണ്ട്.”(18:29)

”ഒരു ജനതയെയും അവർ സ്വയം മാറുന്നതുവരെ അല്ലാഹു പരിവർത്തിപ്പിക്കുന്നില്ല.” (13:11)

”ആർ തെറ്റ് ചെയ്യുന്നുവോ അവനതിന്റെ ഫലം അനുഭവിക്കും.” (4:123)

”ഓരോ വ്യക്തിയും തന്റെ പ്രവർത്തനത്തിന് കടപ്പെട്ടിരിക്കുന്നു”(52:21, 45: 28, 74:38)

”ജനങ്ങൾ പ്രവർത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.”(30:41)

”നിങ്ങൾക്ക് വല്ല വിപത്തും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചതിന്റെ ഫലമാണ്.”(42:30)

”വല്ലവനും നേർവഴി സ്വീകരിച്ചാൽ അവൻ തനിക്കുവേണ്ടി തന്നെയാണ് സന്മാർഗം സ്വീകരിക്കുന്നത്.”(10:108)

”എന്റെ ഉദ്ബോധനത്തെ അവഗണിക്കുന്നവന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുഥാനനാളിൽ നാമവനെ കണ്ണുപൊട്ടനായാണ് ഉയിർത്തെഴുന്നേൽപിക്കുക. അപ്പോൾ അവൻ പറയും: ”എന്റെ നാഥാ; നീയെന്തിനാണെന്നെ കണ്ണുപൊട്ടനാക്കി ഉയിർത്തെഴുന്നേൽപിച്ചത്, ഞാൻ കാഴ്ചയുള്ളവനായിരുന്നുവല്ലോ? അല്ലാഹു പറയും: ”ശരിയാണ്. നമ്മുടെ പ്രമാണങ്ങൾ നിനക്കു വന്നെത്തിയിരുന്നു. അപ്പോൾ നീ അവയെ വിസ്മരിച്ചു. അവ്വിധം ഇന്ന് നീയും വിസ്മരിക്കപ്പെടുകയാണ്.”
”അതിരുകവിയുകയും തന്റെ നാഥന്റെ വചനങ്ങളിൽ വിശ്വസിക്കാതിരിക്കുകയും ചെയ്തവർക്ക് നാം ഇവ്വിധമാണ് പ്രതിഫലം നൽകുക. പരലോകശിക്ഷ കൂടുതൽ കഠിനവും ദീർഘവുമാണ്” (20:124- 127)

”എന്നാൽ വിശ്വസിക്കുകയും സൽകർമങ്ങളനുഷ്ഠിക്കുകയും ചെയ്തവർക്ക് അവരുടെ പ്രതിഫലം പൂർണമായി ലഭിക്കുന്നതാണ്. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല” (3:57)

”അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങൾ കളവാക്കുകയും ചെയ്തവരാരോ അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളത്രെ.”(2:39)

”നിങ്ങൾ ദൈവസന്നിധിയിലേക്ക് തിരിച്ചുചെല്ലുന്ന നാളിനെ സൂക്ഷിക്കുക. പിന്നീട് ഓരോരുത്തർക്കും തങ്ങൾ പ്രവർത്തിച്ചതിന്റെ പ്രതിഫലം പൂർണമായി നൽകുന്നതാണ്. അവർ അനീതിക്കിരയാവുകയുമില്ല.”(2:281)

”തീർച്ചയായും അന്ത്യനാൾ വന്നെത്തുക തന്നെ ചെയ്യും. അത് എപ്പോഴാണെന്ന് നാം മറച്ചു വെച്ചിരിക്കുന്നു. ഓരോ വ്യക്തിക്കും തന്റെ കർമഫലം കൃത്യമായി ലഭിക്കാൻ വേണ്ടിയാണിത്.”(20:15)

”ആരെങ്കിലും സത്യവിശ്വാസം സ്വീകരിക്കുകയും പരലോകമാഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയുമാണെങ്കിൽ അറിയുക; അത്തരക്കാരുടെ പരിശ്രമം ഏറെ നന്ദി അർഹിക്കുന്നത് തന്നെ”(17:19)

”ഏതൊരാളും ചെയ്തുകൂട്ടുന്നതിന്റെ ഉത്തരവാദിത്തം അയാൾക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന ആരും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല.”(6:164)

”സത്യനിഷേധികളേ, ഇന്ന് നിങ്ങൾ ഒഴികഴിവ് ബോധിപ്പിക്കേണ്ട. നിങ്ങൾ പ്രവർത്തിച്ചതിന്റെ ഫലം തന്നെയാണ് നിങ്ങളിന്ന് അനുഭവിക്കുന്നത്.” (66:7)

”നേർമാർഗം വ്യക്തമായ ശേഷം ദൈവദൂതനെ എതിർക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത പാത പിന്തുടരുകയും ചെയ്യുന്നവനെ നാം അവൻ പ്രവേശിച്ച വഴിയിലൂടെ തന്നെ തിരിച്ചുവിടും. അവസാനം നരകത്തീയിലേക്ക് തള്ളുകയും ചെയ്യും. അതെത്ര ചീത്ത താവളം.”'(4:115)

”ഇരുവരും പറഞ്ഞു: ഞങ്ങളുടെ നാഥാ! ഞങ്ങൾ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കിൽ ഉറപ്പായും ഞങ്ങൾ നഷ്ടം പറ്റിയവരായിത്തീരും.”(7:23)

”’അല്ലാഹുവിൽ വിശ്വസിച്ചശേഷം അവിശ്വസിച്ചവൻ, തുറന്ന മനസ്സോടെ സത്യനിഷേധം അംഗീകരിച്ചവരാണെങ്കിൽ അവരുടെ മേൽ ദൈവകോപമുണ്ട്, ശിക്ഷയും. എന്നാൽ തങ്ങളുടെ മനസ്സ് സത്യവിശ്വാസത്തിൽ ശാന്തി നേടിയതായിരിക്കെ നിർബന്ധിതരായി അങ്ങനെ ചെയ്യുന്നവർക്കിതു ബാധകമല്ല.”(16:106)

”ആരെങ്കിലും പെട്ടെന്ന് കിട്ടുന്ന നേട്ടങ്ങളാണ് കൊതിക്കുന്നതെങ്കിൽ നാം അയാൾക്ക് അതുടനെത്തന്നെ നൽകുന്നു”.(17:18)

”ആര് ചീത്ത വൃത്തി ചെയ്യുകയും പാപത്തിന്റെ വലയിൽ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികൾ. എന്നാൽ ആർ വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നുവോ അവരാകുന്നു സ്വർഗാവകാശികൾ.”(2:81,82)

സ്വയം തീരുമാനിച്ച് അതനുസരിച്ച് ചെയ്യുന്ന കർമങ്ങൾക്കാണ് രക്ഷാ ശിക്ഷകൾ ലഭിക്കുക. ഇക്കാര്യം ഖുർആൻ ഇങ്ങനെ വ്യക്തമാക്കുന്നു:”ബോധപൂർവമല്ലാതെ പറഞ്ഞുപോകുന്ന ശപഥങ്ങളുടെ പേരിൽ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാൽ നിങ്ങൾ മനപ്പൂർവം പ്രവർത്തിച്ചതിന്റെ പേരിൽ അല്ലാഹു ശിക്ഷിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്.”(2:225)

ചുരുക്കത്തിൽ അല്ലാഹു മനുഷ്യന് പൂർണമായി ഏൽപിച്ചു കൊടുത്ത ഒരു കാര്യമുണ്ട്, വിവേചനാധികാരം. അഥവാ തെരഞ്ഞെടുക്കാനും തീരുമാനിക്കാനുമുള്ള മനുഷ്യന്റെ സ്വാതന്ത്ര്യം. (Free Will and Freedom of choice ). അങ്ങനെ ദൈവത്തെയും അവന്റെ സന്മാർഗവ്യവസ്ഥയെയും അംഗീകരിക്കാനും നിരാകരിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന് ലഭിച്ചിരിക്കുന്നു. അതുപയോഗിച്ച് സ്വന്തത്തെ സമ്പൂർണമായി സമർപ്പിക്കുന്നവർക്കാണ് മരണാനന്തര ജീവിതത്തിൽ സ്വർഗം ലഭിക്കുക. വിശുദ്ധ ഖുർആൻ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു: ”അല്ലാഹു സത്യവിശ്വാസികളിൽ നിന്ന് അവർക്ക് സ്വർഗമുണ്ടെന്ന വ്യവസ്ഥയിൽ അവരുടെ ദേഹവും ധനവും വിലയ്ക്കു വാങ്ങിയിരിക്കുന്നു” (9:111)

ഇങ്ങനെ തീരുമാനിക്കാനും തെരഞ്ഞെടുക്കാനും അല്ലാഹു നൽകിയ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ബോധപൂർവം തീരുമാനിച്ച് ചെയ്യുന്ന എല്ലാറ്റിന്റെയും ഉത്തരവാദിത്തം ആ വ്യക്തിക്ക് മാത്രമാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു. ഇവിടെ ഭൂമിയിൽ വെച്ച് ഓരോരുത്തരും ചെയ്യുന്ന കർമങ്ങൾക്ക് മരണശേഷം പരലോകത്ത് തദനുസൃതമായ രക്ഷയോ ശിക്ഷയോ വിജയമോ പരാജയമോ സ്വർഗമോ നരകമോ ലഭിക്കുമെന്ന് ഖണ്ഡിതമായി പറയുന്ന നൂറു കണക്കിന് സൂക്തങ്ങൾ വിശുദ്ധ ഖുർആനിലുണ്ട്. എന്നല്ല; വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്ന അടിസ്ഥാന വിശ്വാസകാര്യമാണത്. ഇസ്‌ലാമിലെ ആറ് മൗലിക വിശ്വാസകാര്യങ്ങളിൽ രണ്ടാമത്തേതും അത് തന്നെ. പരലോകവിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ ഓരോ മനുഷ്യനും സ്വന്തം ജീവിതപാത തീരുമാനിക്കാനും തെരഞ്ഞെടുക്കാനും അല്ലാഹുപൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നതാണ്. താൻ എന്ത് വിശ്വസിക്കണം, ഏത് ജീവിതവീക്ഷണം സ്വീകരിക്കണം, ആരെ എങ്ങനെ ആരാധിക്കണം, എന്തെല്ലാം ആചാരാനുഷ്ഠാനങ്ങൾ സ്വീകരിക്കണം, എന്ത് തിന്നണം, തിന്നരുത്, കുടിക്കണം കുടിക്കരുത്, കാണണം, കാണരുത്, കേൾക്കണം, കേൾക്കരുത്, പറയണം, പറയരുത് തുടങ്ങി ജീവിതത്തിലെ മുഴുമേഖലകളും എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം ഓരോ മനുഷ്യനും അവന്റെ സ്രഷ്ടാവ് നൽകിയിട്ടുണ്ട്. അഥവാ, ഒരാൾക്ക് സന്മാർഗം സ്വീകരിച്ച് അതനുസരിച്ച് ജീവിച്ച് സ്വർഗാവകാശിയാകാം. ദുർമാർഗമവലംബിച്ച് പിഴച്ച പാത പിന്തുടർന്ന് നരകാവകാശിയാകാം. ആരെയും അല്ലാഹു നിർബന്ധിച്ച് സ്വർഗത്തിലോ നരകത്തിലോ പ്രവേശിപ്പിക്കുകയില്ല. ഓരോ മനുഷ്യന്റെയും ഭാഗധേയം അവനവനിൽ തന്നെയാണ്. ഇതാണ് മനുഷ്യ സ്വാതന്ത്ര്യത്തെക്കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.

സുവ്യക്തമായ ജീവിതപാത

മനുഷ്യന് സ്വയം തീരുമാനിക്കാനും തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുള്ളപ്പോൾ മാത്രമേ പരീക്ഷയും പരീക്ഷണവും അർഥപൂർണമാവുകയുള്ളൂ. ഈ തെരഞ്ഞെടുപ്പ് സാധ്യമാകണമെങ്കിൽ മനുഷ്യന്റെ മുമ്പിൽ സന്മാർഗവും ദുർമാർഗവും കൃത്യമായും വ്യക്തമായും വരച്ചു കാണിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യം പ്രപഞ്ചനാഥനായ ദൈവം തന്റെ ദൂതന്മാരിലൂടെ നിർവഹിച്ചു പോന്നിട്ടുണ്ട്. ആദ്യമനുഷ്യനെ ഭൂമിയിലേക്ക് അയച്ചപ്പോൾ അങ്ങനെ ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുമുണ്ട്. അല്ലാഹു പറയുന്നു :
”നാം കൽപിച്ചു: എല്ലാവരും ഇവിടെനിന്നിറങ്ങിപ്പോകണം. എന്റെ മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ മാർഗം പിന്തുടരുന്നവർ നിർഭയരായിരിക്കും; ദുഃഖമുക്തരായിരിക്കും. എന്നാൽ അതിനെ നിഷേധിക്കുകയും നമ്മുടെ തെളിവുകളെ കളവാക്കുകയും ചെയ്യുന്നവരോ, അവരാകുന്നു നരകാവകാശികൾ. അവരതിൽ സ്ഥിരവാസികളായിരിക്കും.”(2:38,39)

തുടർന്ന് എല്ലാ കാലത്തും ദേശത്തും മാനവസമൂഹത്തിന്റെ മാർഗദർശനത്തിനുവേണ്ടി ദൈവം തന്റെ ദൂതന്മാരെ നിയോഗിച്ചുകൊണ്ടേയിരുന്നു. അവരെല്ലാം മനുഷ്യസമൂഹത്തിന് മുമ്പിൽ ദൈവിക ജീവിതപാത വരച്ചു കാണിക്കുകയാണ് ചെയ്തത്. അതിന്റെ അന്തിമവും സമഗ്രവുമായ ജീവിത ക്രമമാണ് അല്ലാഹുവിന്റെ അന്ത്യദൂതനായ മുഹമ്മദ് നബിയിലൂടെ നൽകപ്പെട്ടത്. അതിനാൽ സത്യാന്വേഷകനായ ഏതൊരാൾക്കും സന്മാർഗവും ദുർമാർഗവും വേർതിരിച്ചറിയാൻ സാധിക്കും. അവയിൽ നിന്ന് ശരിയും തെറ്റും നന്മയും തിന്മയും ധർമവും അധർമവും മിഥ്യയും യാഥാർഥ്യവും നീതിയും അനീതിയും നേർമാർഗവും ദുർമാർഗവും തെരഞ്ഞെടുക്കാനുള്ള പൂർണമായ സ്വാതന്ത്ര്യവും സാധ്യതയും എല്ലാ മനുഷ്യർക്കുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോ മനുഷ്യനും തന്റെ കർമത്തിന് ഉത്തരവാദിയാവുന്നത്, അതിന്റെ പേരിൽ ചോദ്യം ചെയ്യപ്പെടുന്നതും.
അല്ലാഹു പറയുന്നു: ”മനുഷ്യൻ കരുതുന്നുവോ; അവനെ ആരും കാണുന്നില്ലെന്ന്. അവനു നാം കണ്ണിണകൾ നൽകിയില്ലേ? നാവും ചുണ്ടിണകളും? തെളിഞ്ഞ രണ്ടു വഴികൾ നാമവന് കാണിച്ചുകൊടുത്തില്ലേ? എന്നിട്ടും അവൻ മലമ്പാത താണ്ടിക്കടന്നില്ല.മലമ്പാത എന്തെന്ന് നിനക്കെന്തറിയാം? അത് അടിമയുടെ മോചനമാണ്. അല്ലെങ്കിൽ കൊടും വറുതി നാളിലെ അന്നദാനം. അടുത്ത ബന്ധുവായ അനാഥക്ക്. അല്ലെങ്കിൽ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്. പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരിൽ ഉൾപ്പെടലുമാണ്. അവർ തന്നെയാണ് വലതുപക്ഷക്കാർ. നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞവരോ, അവർ ഇടതുപക്ഷക്കാരും. അവർക്കുമേൽ മൂടപ്പെട്ട നരകമുണ്ട്.” (90:7-20)

”ഉറപ്പായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു. അവന് നന്ദിയുള്ളവനാകാം. നന്ദികെട്ടവനുമാകാം.” (76:3)

”ഇഹലോകത്തിലെ പ്രതിഫലമാഗ്രഹിക്കുന്നവർ ഓർക്കുക: ഇഹലോകത്തെ പ്രതിഫലവും പരലോകത്തെ പ്രതിഫലവും അല്ലാഹുവിന്റെ അടുക്കലാണ്. അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്.” (4:134)

ദൈവം ഉദ്ദേശിച്ചിരുന്നെങ്കിൽ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ തെറ്റുകാരാവുമായിരുന്നില്ല എന്ന കുറ്റവാളികളുടെ പ്രസ്താവത്തെ അജ്ഞതയെന്നും ഊഹമെന്നുമാണ് ഖുർആൻ വിശേഷിപ്പിക്കുന്നത്. (6:148, 43:20)

മനുഷ്യരെ ദൈവം നിർബന്ധപൂർവ്വം നേർവഴിയിലാക്കുകയോ ദുർമാർഗത്തിലാക്കുകയോ ഇല്ല. മനുഷ്യൻ തെരഞ്ഞെടുക്കുന്ന വഴിയിലൂടെ മുന്നോട്ടു പോകാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു.

“അങ്ങനെ അവർ വഴിപിഴച്ചപ്പോൾ അല്ലാഹു അവരുടെ മനസ്സുകളെ നേർവഴിയിൽ നിന്ന് വ്യതിചലിപ്പിച്ചു. അധർമകാരികളെ അല്ലാഹു നേർവ ഴിയിലാക്കുകയില്ല.”(61:5)

“ഓരോ അധ്യായം അവതരിക്കുമ്പോഴും നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോയെന്ന ഭാവത്തിൽ അവരന്യോന്യം നോക്കുന്നു. പിന്നീടവർ പി തിരിഞ്ഞു പോകുന്നു. അല്ലാഹു അവരുടെ മനസ്സുകളെ തെറ്റിച്ചുകളഞ്ഞിരിക്കുന്നു. അവർ കാര്യം മനസ്സിലാക്കാത്ത ജനമായതിനാലാണത്. (9:127)

ഇതൊക്കെയും മനുഷ്യന്റെ സ്വയം തീരുമാനിക്കാനും തെരഞ്ഞടുക്കാനുമുള്ള അപാരമായ സാധ്യതയെയും സ്വാതന്ത്ര്യത്തെയുമാണ് വിളംബരം ചെയ്യുന്നത്.

ഇപ്രകാരം തന്നെ മനുഷ്യൻ സ്വയമെടുക്കുന്ന സമീപനത്തിനും സ്വീകരിക്കുന്ന നിലപാടിനുമനുസരിച്ചാണ് അല്ലാഹു അവനോട് അനു വർത്തിക്കുകയെന്ന് ഖുർആൻ വ്യക്തമാക്കുന്നു.

അല്ലാഹു പറയുന്നു: “നിങ്ങൾ എന്നെ ഓർക്കുക. നിങ്ങളെ ഞാനും ഓർക്കുന്നതാണ്.” (2:152)

“നിങ്ങൾ അല്ലാഹുവിനെ സഹായിക്കുന്നുവെങ്കിൽ അവൻ നിങ്ങളെ യും സഹായിക്കും.”(47:7)

(  തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles