Current Date

Search
Close this search box.
Search
Close this search box.

വിധിവിശ്വാസം ഇസ്‌ലാമിൽ

ഇസ്‌ലാമികവീക്ഷണത്തിൽ ജീവനുള്ള മനുഷ്യൻ മൂന്ന് അംശങ്ങളുടെ സംഘാതമാണ്. ശരീരം, മനസ്സ്, ആത്മാവ്. ഇതര ജീവജാലങ്ങളിൽ നിന്ന് മനുഷ്യനെ വേർതിരിക്കുന്ന രണ്ട് സവിശേഷതകളാണ് മനസ്സും ആത്മാവും.
തിന്നുക, കുടിക്കുക, ഭോഗിക്കുക, സുഖിക്കുക, ഉല്ലസിക്കുക; ഇവയൊക്കെയാണല്ലോ ശാരീരികാവശ്യങ്ങൾ. മനുഷ്യരൊഴിച്ചുള്ള ജീവികളെല്ലാം അവ നിർവഹിക്കാറുള്ളത് ജന്മവാസനകൾക്കനുസരിച്ചാണ്. അവയിൽ പലതും ബുദ്ധിപരമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ചില ജീവികൾക്ക് ചിലതെല്ലാം മനുഷ്യരേക്കാൾ വളരെ വിദഗ്ധമായി നിർവഹിക്കാൻ സാധിക്കും.

ഭദ്രവും വ്യവസ്ഥാപിതവുമായ കൂട് നിർമിക്കുന്ന തേനീച്ച, ഹ്രസ്വ കാലത്തെ പരിശീലനത്തിലൂടെ കോടിക്കണക്കിന് മനുഷ്യരുടെ ഗന്ധം മനസ്സിലാക്കാൻ കഴിയുന്ന നായ, പതിനായിരത്തോളം കിലോമീറ്റർ വഴി തെറ്റാതെ പറക്കാൻ കഴിയുന്ന ആർട്ടിക് ടേൺ പക്ഷികൾ, അയ്യായിരത്തോളം കിലോമീറ്റർ സഞ്ചരിക്കുന്ന യൂറോപ്യൻ ആരൽ തുടങ്ങി പല ജീവികളും ജന്മവാസകൾക്കനുസൃതമായി അത്യധികം അത്ഭുതകരമായ കാര്യങ്ങൾ നിർവഹിക്കുന്നവയാണ്. ആ ജന്മവാസനകളാണ് അവയുടെ നിലനില്പും സുരക്ഷയും ഉറപ്പുവരുത്തുന്നത്. എന്നാൽ പക്ഷികൾക്കും മൃഗങ്ങൾക്കും ഇഴജീവികൾക്കും ജലജീവികൾക്കുമൊന്നും അവയുടെ ജന്മവാസനകളുടെ പരിധിക്ക് പുറത്ത് കടക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് വളർച്ചയും വികാസവും പുരോഗതിയുമില്ല. ആയിരക്കണക്കിന് കൊല്ലങ്ങൾക്കു മുമ്പ് ഉണ്ടാക്കിയ അതേ രീതിയിലുള്ള കൂടുകളാണ് തേനീച്ച ഇന്നും ഉണ്ടാക്കുന്നത്. ഇതര ജീവികളുടെ സ്ഥിതിയും ഇതുതന്നെ. എന്നാൽ മനുഷ്യൻ പിന്നിട്ട നൂറ്റാണ്ടുകളിലൂടെ കണക്കാക്കാനാവാത്ത വളർച്ചയും പുരോഗതിയും നേടി. ശാസ്ത്ര, സാങ്കേതിക, സാംസ്‌കാരിക മേഖലകളിൽ അവിശ്വസനീയമായ നേട്ടങ്ങൾ കൈവരിച്ചു. ഇതിനെല്ലാം സഹായിച്ചത് അന്വേഷിക്കാനും കണ്ടെത്താനും ചിന്തിക്കാനും പഠിക്കാനും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനുമുള്ള മനുഷ്യന്റെ സവിശേഷമായ കഴിവാണ്.

അല്ലാഹു കനിഞ്ഞരുളിയ ഈ വിശേഷബുദ്ധി പരമാവധി ഉപയോഗപ്പെടുത്താൻ വിശുദ്ധ വേദഗ്രന്ഥത്തിലൂടെ അവൻ അതിശക്തമായി ആഹ്വാനം ചെയ്യുന്നു.അതുപയോഗിക്കാത്തവരെ രൂക്ഷമായി ആക്ഷേപിക്കുകയും ചെയ്യുന്നു. ഖുർആൻ പറയുന്നു: ”തീർച്ചയായും അല്ലാഹുവിങ്കൽ ഏറ്റം നികൃഷ്ടജീവികൾ ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരരുമാണ്”.(8:22)
”അല്ല, നീ കരുതുന്നുണ്ടോ; അവരിലേറെപ്പേരും കേൾക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്ന്. എന്നാലവർ കന്നുകാലികളെപ്പോലെയാണ്. അല്ല; അവയേക്കാളും പതിതാവസ്ഥയിലാണ്.” (25:44).

മനുഷ്യന് തന്റെ ബുദ്ധിപരമായ കഴിവുകൾ ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും സാധിക്കുമെന്ന് ഉപര്യുക്ത വിശുദ്ധവാക്യങ്ങൾ വ്യക്തമാക്കുന്നു. ബുദ്ധി ഉപയോഗിക്കാതെ അലസരായി കഴിയുന്നവരെ പ്രചോദിപ്പിച്ചും പ്രോത്സാഹിപ്പിച്ചും അത് ഉപയോഗിക്കുന്നവരാക്കി മാറ്റാൻ മറ്റുള്ളവർക്ക് സാധിക്കും. അധ്യാപകർ, എഴുത്തുകാർ, പ്രഭാഷകർ, കൗൺസിലർമാർ; തുടങ്ങിയവരെല്ലാം അങ്ങനെ ചെയ്യാറുണ്ട്. വേണ്ടവിധം ബുദ്ധി ഉപയോഗിക്കാതെയും ചിന്തിക്കാതെയും കഴിയുന്നവരെ മാറ്റിയെടുക്കാൻ ഒരു പുസ്തകത്തിനോ പ്രസംഗത്തിനോ ക്ലാസിനോ കഴിഞ്ഞേക്കാം.
അപ്രകാരം തന്നെ ബുദ്ധി നന്നായി ഉപയോഗിക്കുന്നവരെ അനാവശ്യമായ വിനോദങ്ങളിൽ വ്യാപൃതരാക്കി അതിനെ ഉപയോഗിക്കാത്തവരായി മാറ്റാനും സുഹൃത്തുക്കൾക്ക് സാധിക്കും. മദ്യത്തിനും മയക്കുമരുന്നിനുമടിപ്പെടുത്തി നിഷ്‌ക്രിയരാക്കാനും നശിപ്പിക്കാനും കഴിഞ്ഞേക്കും.

ജീവിക്കുന്ന സാഹചര്യത്തിനും ലഭ്യമായ വിദ്യാഭ്യാസത്തിനും ജീവിതാവസ്ഥകളുടെ സമ്മർദത്തിനും ബുദ്ധിയുടെ ഉപയോഗത്തെ അഗാധമായി സ്വാധീനിക്കാൻ സാധിക്കുമെന്നർഥം.

ആത്മാവ് മനുഷ്യനിൽ സന്നിവേശിക്കപ്പെടുന്ന ദൈവിക ചൈതന്യമാണ്. സ്‌നേഹം, വെറുപ്പ്, സന്തോഷം, സന്താപം, അഭിമാനം, അപമാനം, കാരുണ്യം, ക്രൂരത, നന്ദി, നന്ദികേട് പോലുള്ള എല്ലാ വികാരങ്ങളും ആത്മീയമാണ്. അപ്രകാരം തന്നെ മനുഷ്യൻ പിന്തുടരുന്നതും നിരാകരിക്കുന്നതുമായ സമസ്തമൂല്യങ്ങളും ആത്മീയമാണ്. മനുഷ്യന്റെ സംയമന സാധ്യതയുടേയും നിയന്ത്രണ കഴിവിന്റെയും അടിസ്ഥാനം അതാണ്. അതില്ലാത്ത മറ്റുജീവജാലങ്ങൾക്ക് ജന്മവാസനകളെ നിയന്ത്രിക്കാൻ സാധ്യമല്ല. വിശന്നു വലഞ്ഞ പശുവിന് പുല്ല് കിട്ടിയാൽ തിന്നാതിരിക്കാൻ കഴിയില്ല. ദാഹിച്ച് അവശയായ പട്ടിക്ക് വെള്ളം കിട്ടിയാൽ കുടിക്കാതിരിക്കാൻ സാധ്യമല്ല. അലറി വരുന്ന സിംഹത്തിന്റെ മുമ്പിലകപ്പെട്ട മറ്റൊരു സിംഹത്തിന് ക്ഷമിക്കാനോ മാപ്പ് കൊടുക്കാനോ കഴിയില്ല.

ബുദ്ധിയെ ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും കഴിയുന്ന പോലെ ആത്മാവിനെ സംസ്‌കരിക്കാനും മലിനമാക്കാനും മനുഷ്യന് സാധിക്കും. കഠിനമായ വിശപ്പുള്ളപ്പോൾ ആഹാരം കിട്ടിയാൽ അത് തിന്നാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും കഴിക്കാതിരിക്കാൻ മനുഷ്യന് കഴിയും. കൊടിയ ദാഹമുള്ളപ്പോൾ കയ്യെത്താവുന്നിടത്ത് വെള്ളം കിട്ടിയാലും കുടിക്കാതിരിക്കാൻ സാധിക്കും. തെറി പറയുന്നവരോട് മറുത്ത് പറയാൻ പൂതിയുണ്ടെങ്കിലും ആർജിത സംസ്‌കാരം കൊണ്ടോ പ്രതിയോഗിയെ പേടിച്ചോ അങ്ങനെ പറയാതിരിക്കാൻ അവന് സാധിക്കും. ഇങ്ങനെ മനുഷ്യന് സ്വന്തം ജീവിതരീതി നിർണയിക്കാനും തീരുമാനിക്കാനും സാധിക്കും. മോഹങ്ങളെ മെരുക്കിയെടുക്കാനും ആഗ്രഹങ്ങളെ നിയന്ത്രിക്കാനും ഇഛാശക്തികളുടെ മേൽ മേധാവിത്വം പുലർത്താനും മനുഷ്യന് സാധിക്കും. അതുകൊണ്ടുതന്നെ മനുഷ്യൻ ജന്മവാസനകളുടെ അടിമയല്ല. യജമാനനാണ്. സ്വന്തം മസ്തിഷ്‌കത്തിന്റെയോ ശരീരഘടനയുടെയോ പാരമ്പര്യത്തിന്റെയോ സാഹചര്യത്തിന്റെയോ സൃഷ്ടിയല്ല. മറിച്ച്, സ്വന്തം ഭാഗധേയം തീരുമാനിക്കാൻ സാധിക്കുന്ന സ്വതന്ത്രമായ അസ്തിത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും ഉടമയാണ്.

ആത്മാവുള്ള മനുഷ്യന് ലഭ്യമായ ഈ സ്വാതന്ത്ര്യത്തെയും സാധ്യതയെയും സംബന്ധിച്ച് മലക്കുകളെ അറിയിച്ചതായി അല്ലാഹു വിശുദ്ധ ഖുർആനിൽ വ്യക്തമാക്കുന്നു: ”അങ്ങനെ ഞാനവനെ രൂപപ്പെടുത്തുകയും എന്റെ ആത്മാവിൽ നിന്ന് അതിലൂതുകയും ചെയ്താൽ നിങ്ങളവന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കണം.” (15:29, 38:72)

ആത്മീയതയുടെ ഫലപ്രദമായ വിനിയോഗമാണ് മനുഷ്യമഹത്ത്വത്തിന്റെ അടയാളം.
”ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി. അങ്ങനെ അതിന് ധർമത്തെയും അധർമത്തെയും സംബന്ധിച്ച ബോധം നൽകിയതും. തീർച്ചയായും അത്മാവിനെ സംസ്‌കരിച്ചവൻ വിജയിച്ചു. അതിനെ മലിനമാക്കിയവൻ പരാജയപ്പെട്ടു.” (91: 7-10)

മനുഷ്യന് പുരോഗതി പ്രാപിക്കാനും പ്രാപിക്കാതിരിക്കാനുമെന്നപോലെ നല്ലവനാകാനും ചീത്തയാകാനും പാപിയാകാനും പരിശുദ്ധനാകാനും പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു മനുഷ്യന് സാധ്യതയും സ്വാതന്ത്ര്യവും നൽകിയിരിക്കുന്നു. ബാഹ്യമായ ഇടപെടലുകളും സമ്മർദങ്ങളുമെല്ലാം ഇത്തരം കാര്യങ്ങളിൽ വ്യക്തികളുടെ നിലപാടുകളെയും സമീപനങ്ങളെയും അഗാധമായി സ്വാധീനിക്കുന്നു. പലരേയും ഭാഗികമായോ പരിപൂർണമായോ പരിവർത്തിപ്പിക്കുന്നു. വിദ്യാഭ്യാസവും ആദർശപ്രചാരണവും അതുപോലുള്ളവയും മനുഷ്യരെ മാറ്റിയെടുക്കുന്നതിനാലാണല്ലോ വളരെ ആസൂത്രിതമായും വ്യവസ്ഥാപിതമായും നിരന്തമായും അവയൊക്കെ നൽകപ്പെടുന്നത്. അതിനാൽ ഭൗതികദർശനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമികവീക്ഷണത്തിൽ മനുഷ്യന് സ്വന്തം കാര്യങ്ങൾ തീരുമാനിക്കാനുള്ള സാധ്യതയും സ്വാതന്ത്ര്യവുമുണ്ട്. സ്വതന്ത്രമായ വ്യക്തിത്വവും അസ്തിത്വവുമുണ്ട്.

പ്രകൃതിനിയമങ്ങൾ

പ്രകൃതിനിയമങ്ങൾ ദൈവനിശ്ചിതമാണ്. അതനുസരിച്ച് മനുഷ്യജീവിതത്തിന് രണ്ട് വശങ്ങളുണ്ട്. അവന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സാധ്യതയുള്ള വശവും അതില്ലാത്ത മേഖലകളും. നമ്മുടെ നാട്, വീട്, കുടുംബം, മാതാപിതാക്കൾ, ദേശം, ഭാഷ, കാലം, കോലം, ലിംഗം, ജനനം, മരണം, രോഗം പോലുള്ളവയൊന്നും തീരുമാനിക്കുന്നതിൽ നമുക്കൊരു പങ്കുമില്ല. അതെല്ലാം ദൈവനിശ്ചിതമാണ്, അലംഘനീയമായ അവന്റെ നിയമങ്ങൾക്ക് വിധേയവും. അഥവാ ഒരാൾ നീണ്ടവനോ കുറിയവനോ വെളുത്തവനോ കറുത്തവനോ മലയാളിയോ തമിഴനോ പത്താം നൂറ്റാണ്ടുകാരനോ ഇരുപത്തിയൊന്നാം നൂറ്റാണ്ടുകാരനോ ആണോ പെണ്ണോ പ്രതിഭാശാലിയോ സാമാന്യ ബുദ്ധിയുള്ളവനോ കരുത്തനോ ദുർബലനോ ഭിന്നശേഷിക്കാരനോ എന്നൊന്നും തീരുമാനിക്കുന്നത് നാമല്ല. എല്ലാം പ്രപഞ്ചസ്രഷ്ടാവായ ദൈവമാണ് തീരുമാനിക്കുന്നത്. അപ്രകാരം തന്നെയാണ് നമ്മുടെ മരണവും. അതെപ്പോൾ, എവിടെ വെച്ച്, എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നതും നാമല്ല, എല്ലാം ദൈവനിശ്ചിതം. അതിനാലവന്റെ വിധി നിർണിതം. അലംഘനീയവും. ഇത്തരം കാര്യങ്ങളിലൊക്കെയും നാം ദൈവത്തിന്റെ വിധിനിഷേധങ്ങൾക്ക് നിന്ന് കൊടുക്കാൻ നിർബന്ധിതരാണ്. നമ്മുടെ ആഗ്രഹാഭിലാഷങ്ങളും ഇഛകളും അവയിലൊന്നും അല്പവും സ്വാധീനം ചെലുത്തുകയില്ല.

ഖുർആൻ പറയുന്നു: ”അല്ലാഹുവാണ് ഗർഭാശയങ്ങളിൽ അവനിഛിക്കും വിധം നിങ്ങളെ രൂപപ്പെടുത്തുന്നത്. അവനല്ലാതെ ദൈവമില്ല. അവൻ അജയ്യനാണ്; യുക്തിഞ്ജനും” .(3:6)
”അവൻ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട് രൂപപ്പെടുത്തുകയും ചെയ്തു.” (7:11)
”മനുഷ്യാ, അത്യുദാരനായ നിന്റെ നാഥനെക്കുറിച്ച് നിന്നെ വഞ്ചിതനാക്കിയത് എന്തൊന്നാണ്? ഉദ്ദിഷ്ട രൂപത്തിൽ നിന്റെ ഘടകങ്ങൾ അവൻ കൂട്ടിയിണക്കി. സന്തുലിതമായ ആകാരവടിവ് നൽകിയ നിന്റെ നാഥനാണവൻ.” (82:6-8)
”പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. അവൻ നിങ്ങൾക്ക് കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കി. നിങ്ങൾ നന്നെ കുറച്ചേ നന്ദികാണിക്കുന്നുള്ളു.” (67:23)

പുരുഷന്റെ ഏത് ബീജമാണ് സ്ത്രീയുടെ അണ്ഡവുമായി സംയോജിക്കുന്നതെന്ന് തീരുമാനിക്കുന്നത് മനുഷ്യരല്ല, ദൈവമാണ്. സംയോജിക്കുന്ന ബീജത്തിന്റെ മാറ്റത്തിനനുസരിച്ച് മനുഷ്യന്റെ പ്രകൃതത്തിലും രൂപത്തിലും സ്വഭാവത്തിലുമെല്ലാം വ്യത്യാസം സംഭവിക്കുന്നു. അതറിയുമ്പോഴാണ് ദൈവനിശ്ചയത്തിന്റെ പ്രാധാന്യം മനസ്സിലാവുക. അല്ലാഹു ചോദിക്കുന്നു: ”നിങ്ങൾ നിക്ഷേപിക്കുന്ന ബീജത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്; അതോ നാമോ?” (56:58,59)

ലക്ഷക്കണക്കിന് പുരുഷ ബീജങ്ങളിൽ അല്ലാഹു തനിക്കിഷ്ടമുള്ള ഒന്നിനെ ഗർഭാശയത്തിലെ അണ്ഡവുമായി ബന്ധിപ്പിക്കുന്നു. അതിന്റെ സ്വഭാവമനുസരിച്ച് കുഞ്ഞ് ആണോ പെണ്ണോ ആയിത്തീരുന്നു.
”ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിഛിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അവനിഛിക്കുന്നവർക്ക് അവൻ പെൺമക്കളെ പ്രദാനം ചെയ്യുന്നു. അവനിഛിക്കുന്നവർക്ക് ആൺകുട്ടികളെയും സമ്മാനിക്കുന്നു. അല്ലെങ്കിൽ ആ സന്താനങ്ങളെ ആണും പെണ്ണുമായി ഇടകലർത്തുന്നു. അപ്രകാരം തന്നെ താനുദ്ദേശിക്കുന്നവരെ അവൻ സന്താനരഹിതരാക്കുന്നു. അവൻ അഗാധജ്ഞനും സർവ്വജ്ഞനുമത്രെ.” (42:49,50)

മനുഷ്യന്റെ ഭാവിയെ സംബന്ധിച്ചും അവൻ തീർത്തും അജ്ഞനാണ്. അതെല്ലാം ദൈവനിശ്ചിതമാണ്. ഖുർആൻ പറയുന്നു:
”അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിങ്കൽ മാത്രമാണുള്ളത്. അവൻ മഴ പെയ്യിക്കുന്നു. ഗർഭാശയങ്ങളിലുള്ളതെന്തെന്ന് അറിയുന്നു. നാളെ താൻ എന്തു നേടുമെന്ന് ആർക്കും അറിയില്ല. ഏതു നാട്ടിൽ വെച്ചാണ് മരിക്കുകയെന്നും അറിയില്ല. അല്ലാഹു എല്ലാം അറിയുന്നവനാണ്. സൂക്ഷ്മജ്ഞനും.” (31: 34)
”ജീവനുള്ളവയ്‌ക്കൊന്നും ദൈവഹിതമന്യേ മരിക്കുക സാധ്യമല്ല. മരണസമയമാകട്ടെ ലിഖിതവും.” (3:145)
”യഥാർഥത്തിൽ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് അല്ലാഹു മാത്രമാകുന്നു.” (3:156)
”മരണമാകട്ടെ, നിങ്ങൾ എവിടെയായിരുന്നാലും അത് നിങ്ങളെ
പിടികൂടുക തന്നെ ചെയ്യും. നിങ്ങൾ എത്ര ഭദ്രമായ കോട്ടകളിലായിരുന്നാലും.” (4:78)

മനുഷ്യന്റെ ജനനവും മരണവും രോഗവുമെല്ലാം ദൈവവനിശ്ചയമനുസരിച്ച് അവൻ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവയാണ്. അവയിലൊന്നും മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങൾക്കോ ഇടപെടലുകൾക്കോ ഒരുവിധ സാധ്യതയുമില്ല. ആർക്കും സ്വന്തം ശരീരത്തിലെ അവയവങ്ങളുടെ പോലും വിശദാംശങ്ങൾ അറിയുകയില്ല. എന്നല്ല, അവയൊക്കെ വിഭാവന ചെയ്യാൻ പോലും അവനശക്തനാണ്. മറ്റുള്ളവരുടെ തലമുടി, കണ്ണുകൾ, മുഖഭാവം, കൈരേഖ, കയ്യക്ഷരം, ശരീരഗന്ധം പോലുള്ളവയിൽ നിന്ന് തന്റേതിന്റെ വ്യതിരിക്തത എന്തെന്ന് ആർക്കുമറിയില്ല. അതൊക്കെയും ദൈവഹിതത്തിന് മാത്രം വിധേയമാണ്, അവന് മാത്രം അറിയുന്നവയും. അവയെയൊക്കെയും ദൈവം സൃഷ്ടിച്ചത് വളരെ ആസൂത്രിതമായും വ്യവസ്ഥാപിതമായും അത്യന്തം അത്ഭുതകരവുമായാണ്. മനുഷ്യാരംഭം മുതൽ ഇന്നോളം ലോകമെങ്ങുമുണ്ടായ എണ്ണിയാലൊടുങ്ങാത്ത കോടാനു കോടി മനുഷ്യരുടെ തലയിൽ ഉണ്ടായതും ഇനി ലോകാന്ത്യം വരെ ജനിക്കാനിരിക്കുന്ന ജനകോടികളിലാർക്കും ഉണ്ടാവാനിടയില്ലാത്തതുമായ തലമുടി, കണ്ണ്, കൈവിരൽ, കയ്യക്ഷരം, കയ്യൊപ്പ്, ഗന്ധം, രക്തം തുടങ്ങിയവ ഓരോ മനുഷ്യനും സവിശേഷമായി നൽകപ്പെട്ടിട്ടുണ്ട്. അവയുടെ വൈവിധ്യത സങ്കൽപിക്കാൻ പോലും ബുദ്ധിയും ബോധവും യുക്തിയുമുള്ള മനുഷ്യന് സാധ്യമല്ല. അത്രയേറെ വിസ്മയകരമാണ് മനുഷ്യനുൾപ്പെടെ ഈ പ്രപഞ്ചത്തിലെ എല്ലാറ്റിന്റെയും സൃഷ്ടി. അതിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തിയെയാണ് നാം ദൈവമെന്നും അല്ലാഹുവുമെന്നുമൊക്കെ വിളിക്കുന്നത്. ( തുടരും)

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles