Current Date

Search
Close this search box.
Search
Close this search box.

മദ്ഹബുകളെ മനസ്സിലാക്കേണ്ടത് എങ്ങിനെയാണ് ? ( 1 – 7 )

കഴിഞ്ഞ സഹസ്രാബ്ദത്തിലെ മുസ് ലിം ഉമ്മത്തിന്റെ ഏറ്റവും വലിയ നേട്ടം അതിന്റെ ആഭ്യന്തരമായുള്ള ബൗദ്ധിക കെട്ടുറപ്പാണെന്ന് നിസ്സംശയം പറയാം. ഭരണകൂടങ്ങൾ തമ്മിൽ ഉപരിപ്ലവമായ സംഘട്ടനങ്ങൾ നടന്നിരുന്നെങ്കിലും ഹിജ്‌റ അഞ്ചാം നൂറ്റാണ്ട് മുതൽ ഇന്നുവരെ പരസ്പര സാഹോദര്യവും ബഹുമാനവും കാത്തുസൂക്ഷിക്കാൻ സുന്നി മുസ് ലിംകൾക്കായിട്ടുണ്ട്. ഈ ദീർഘമായ കാലത്തിനിടയിൽ ഒരു മതകീയമായ ചേരിതിരിവുകൾക്കും കലാപങ്ങൾക്കും അടിച്ചമർത്തലുകൾക്കും ഫലത്തിൽ ആ ഒരുമയെ വിഭജിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് വളരെ ശ്രദ്ധേയമാണ്.

ഇത് മതകീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ അസാധാരണമായ സംഗതിയാണെന്ന് പറയാം. എല്ലാ മതങ്ങൾക്കും ആദ്യകാലങ്ങളിൽ കെട്ടുറപ്പും ഭദ്രതയും അനുഭവിക്കാനാകുമെങ്കിലും പിന്നീടുള്ള കാലങ്ങളിൽ പരസ്പര ശത്രുത നിറഞ്ഞ വിഭാഗീയതയുടെ ഫലമായി അതെല്ലാം ഇല്ലാതാകുമെന്നാണ് മാക്‌സ് വെബർ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെക്കുന്ന സാമൂഹികശാസ്ത്ര വീക്ഷണം. ക്രൈസ്തവമതം ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണെങ്കിലും കമ്യൂണിസം പോലെയുള്ള സെക്കുലർ വിശ്വാസങ്ങളുടെയും ഗതി ഇതുതന്നെയായിരുന്നു. എന്നാൽ ഇസ് ലാമിന് ഇപ്പറഞ്ഞ വിധിയെ മറികടക്കാൻ കഴിഞ്ഞു എന്നത് സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കേണ്ട കാര്യമാണ്.

ഇസ് ലാം ഏറ്റവും അവസാനത്തെ മതമാണെന്നും നാശത്തിന്റെ എല്ലാ രൂപങ്ങളിൽ നിന്നും അതിന് ദൈവികസംരക്ഷണമുണ്ടെന്നുമാണ് അക്കാര്യത്തിലുള്ള ഇസ് ലാമിന്റെ നേരെ ചൊവ്വെയുള്ള വിശദീകരണം. അതേസമയം, പ്രമുഖ പണ്ഡിതനായ അബ്ദുൽ വദൂദ് ശലബി ആത്മീയ അപചയം (Spiritual Entropy) എന്ന് വിശേഷിപ്പിക്കുന്ന കാര്യവും ഹദീസുകളുടെ പിൻബലമുള്ളതാണ്. എങ്കിലും ദൈവാധീനം ഉമ്മത്തിനെ തുണക്കുകയായിരുന്നു. മുൻകാല മതങ്ങളെല്ലാം അഭിപ്രായഭിന്നതകളിലേക്കും അപ്രസക്തിയിലേക്കും കൂപ്പുകുത്തിയപ്പോൾ, ചെറിയ തോതിലുള്ള മൂല്യശോഷണം സംഭവിച്ചുവെങ്കിലും ആദ്യകാലത്തെന്ന പോലെ ഐക്യസ്വഭാവവും കെട്ടുറപ്പും നിലനിർത്താനാവുന്ന മെക്കാനിസത്തിലൂടെയാണ് മുസ് ലിം ഉമ്മത്ത് മുന്നോട്ടുപോയത്. ഭരണകർത്താക്കളുടെയും അമീറുമാരുടെയുമെല്ലാം തെറ്റായ നയങ്ങളെ മറികടന്ന്, വിശ്വാസികൾ തമ്മിലുള്ള സാഹോദര്യബോധം രൂപപ്പെടുത്തുന്നതിനോടൊപ്പം തന്നെ മറ്റൊരു മതവിശ്വാസത്തിനും സ്വപ്‌നം കാണാനാവാത്ത വിധം ആയിരത്തഞ്ഞൂറ് വർഷങ്ങൾ കഴിഞ്ഞിട്ടും അതിൽ മാറ്റങ്ങൾ സംഭവിക്കാതിരിക്കുകയും ചെയ്യുക എന്നത് ഏറെ അത്ഭുതകരമാണ്. വളരെ ലളിതവും അവിതർക്കിതവുമാണ് അതിന്റെ കാരണം. ദൈവം അവസാന വചനമായാണ് നമ്മൾക്ക് ഇസ് ലാമിനെ സമ്മാനിച്ചത് എന്നതിന് പുറമെ അത് ഒരു ആശയഭ്രംശവും സംഭവിക്കാതെ അന്ത്യനാൾ വരെ നിലനിൽക്കുകയും ചെയ്യും എന്നതാണത്.

ഈ വിശദീകരണത്തെ ഉൾക്കൊള്ളുന്നതോടൊപ്പം തന്നെ ചില വേദനാജനകമായ യാഥാർത്ഥ്യങ്ങളെയും നമ്മൾ തീർച്ചയായും ചർച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. ഇമാം തിർമുദി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ പ്രവാചകൻ (സ്വ) തന്റെ അനുചരന്മാരോട് പറയുന്നതിങ്ങനെയാണ്: ‘എന്റെ കാലശേഷം ജീവിക്കുന്ന ആളുകളെല്ലാം ശക്തമായ കലഹങ്ങൾക്ക് സാക്ഷിയാകും.’ ഉസ്മാൻ (റ) വിനെതിരെയുള്ള പ്രക്ഷോഭം, അലി (റ)വിനും മുആവിയ (റ)വിനുമിടയിലുണ്ടായ സംഘട്ടനങ്ങൾ, ഖവാരിജുകളുടെ ദുഷ്‌ചെയ്തികൾ തുടങ്ങി ഇസ് ലാമിന്റെ ആദ്യഘട്ടത്തിലുണ്ടായ പ്രശ്‌നങ്ങൾ പലതും മുസ് ലിം ജനസാമാന്യത്തിൽ വിഭജനത്തിന്റെ വിത്തുപാകുകയുണ്ടായി. ഉമ്മത്തിലെ ഉലമാക്കളുടെ വിവേകവും ഐക്യബോധവും കൊണ്ടുമാത്രമാണ് ദൈവാനുഗ്രഹത്താൽ വിഭാഗീയതയുടെ ഈ വിഷവിത്തുകളെ ഇല്ലാതാക്കാനായതും സുദൃഢവും കെട്ടുറപ്പുള്ളതുമായ സുന്നിസത്തിലൂടെ വീണ്ടും മുസ് ലിം സമൂഹത്തെ മുഴുവൻ ഒന്നിപ്പിക്കാനായതും.

ഭൂതകാലത്ത് പ്രശ്‌നങ്ങൾ സൃഷ്ടിച്ച ആ ശക്തികളെ ഇഴകീറി പരിശോധിച്ചാൽ തന്നെ ആധുനിക കാലത്തെ കൂടുതൽ സങ്കീർണമായ പ്രശ്‌നങ്ങളുടെ വേരുകൾ കണ്ടെത്താനാകും. ഭൂരിപക്ഷ വിശ്വാസത്തിനും പണ്ഡിതർക്കുമെതിരെ വിപ്ലവം നയിച്ചുകൊണ്ട് ഒരുപാട് ഛിദ്രശക്തികൾ മുളച്ചുപൊന്തിയെങ്കിലും പ്രധാനമായും രണ്ട് ശക്തികൾക്ക് മാത്രമാണ് കാര്യമായ ജനപിന്തുണയാർജിക്കാനായത്. ശീഇകളും ഖവാരിജുകളുമാണവർ. എന്നാൽ സുന്നിസത്തിന് വിപരീതമായി നിരവധി ഉപവിഭാഗങ്ങളും വിഘടിത വിഭാഗങ്ങളും ഇവ രണ്ടിനും കീഴിൽ രൂപം കൊണ്ടു. എങ്കിലും, ഇസ് ലാമിലെ ആധികാരിക സ്രോതസ്സുകളെപ്പറ്റിയുള്ള ഭൂരിപക്ഷ കാഴ്ചപ്പാടുകളിൽ നിന്നും വിഭിന്നമായ കാഴ്ചപ്പാടാണ് അവരെ മുന്നോട്ടു നയിച്ചത് എന്നുള്ളത് കൊണ്ടുതന്നെ വിയോജിപ്പിന്റെ പാരമ്പര്യങ്ങളായി അവ ധരിക്കപ്പെട്ടു.

മുൻകാല ഖലീഫമാരിൽ ധാർമികമായ മൂല്യച്യുതിയുണ്ടെന്ന് നിരീക്ഷിച്ച അലി (റ)വിന്റെ നിര്യാണശേഷമുള്ള അദ്ദേഹത്തിന്റെ പിന്മുറക്കാർ, പഴയ സമത്വ സങ്കൽപങ്ങളിൽ നിന്ന് മാറി ഇമാമുമാരുടെ പിന്തുടർച്ചാശൈലിയിലൂന്നിയുള്ള മതാധികാര വ്യവസ്ഥയാണ് വികസിപ്പിച്ചെടുത്തത്. യേശുവിന് ശേഷം യേശുവിന്റെ ശബ്ദമായി മാറിയ അപ്പോസ്തല പാരമ്പര്യത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഇസ് ലാമിലെ പുതുവിശ്വാസികളുടെ പൗരസ്ത്യ-ക്രിസ്ത്യൻ പശ്ചാത്തലം ഈ മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രവാചകന് ശേഷം കൃത്യമായ ഒരു മതാധികാര സമ്പ്രദായം നിലവിൽ വരാത്തതിന്റെ പ്രതികരണമെന്നോണമാണ് ആ സമയത്ത് ശീഈ ആശയങ്ങൾ പല രീതിയിൽ വ്യാപിച്ചത്. ഖുലഫാഉറാശിദീങ്ങളുടെ ഭരണശേഷം അധികാരത്തിലേറിയ ഉമവീ ഖലീഫമാർ സത്യവിശ്വാസികളുടെ നേതൃത്വത്തിന് യോജിച്ച ജീവിതരീതിയിൽ നിന്നും ഏറെ വ്യതിചലിച്ചുപോയിരുന്നു. മാത്രവുമല്ല, മതകാര്യങ്ങളിൽ കൃത്യവും സ്പഷ്ടവുമായ സ്രോതസ്സാവാൻ പോന്ന രീതിയിലേക്ക് ഫിഖ്ഹീ ശാഖകൾ വളർന്നുവന്നിട്ടുമില്ലായിരുന്നു. അതെല്ലാം തന്നെ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കാവുന്ന ഒരു ഇമാം എന്ന ആശയത്തെ കൂടുതൽ ശക്തിപ്പെടുത്തുകയായിരുന്നു. ( തുടരും )

വിവ- മുഹമ്മദ് അഫ്സൽ പി ടി

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles