Current Date

Search
Close this search box.
Search
Close this search box.

നമുക്കൊന്ന് മാറിയാലോ?

നമ്മുടെയൊക്കെ ജീവിതത്തിൽ അപ്രതീക്ഷിതമായി ചില വഴിത്തിരിവുകൾ സംഭവിക്കാറുണ്ട്. പെട്ടെന്നു ഒഴുക്കിനെതിരെയുള്ള ചില ഗതിമാറ്റങ്ങൾ. രോഗം, ദാരിദ്ര്യം, മാനസിക പ്രയാസങ്ങൾ ഒക്കെയായിരിക്കും അതിൻറെ നിമിത്തം . നമ്മുടെ ലോകം തന്നെ ഇന്ന് അത്തരമൊരു വഴിത്തിരിവിൽ ആണല്ലോ . ധീരവും ക്രിയാത്മകവുമായ തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോവേണ്ട സമയമാണിത് .നിരാശ ബാധിച്ചു വഴിമുട്ടിയവനെപ്പോലെ ആവേണ്ട സമയമല്ല .നമുക്കൊന്നു മാറിയാലോ, വലിയ അധ്വാനമാവശ്യമില്ലാത്ത പുതിയ ജീവിത ശൈലിയിലേക്ക് ?. ഇത് , കോവിഡ് മൂലമുള്ള താത്കാലിക മാറ്റമല്ല .ലക്ഷ്യം ഭൗതികം മാത്രമല്ല പാരത്രികവും കൂടിയാണ് .ചെറിയ ആവശ്യങ്ങളിലേക് , ചെറിയ ചെറിയ സ്വപ്‍നങ്ങളിലേക്, ലളിത ജീവിതത്തിലേക്കുള്ള മാറ്റം .അത് അപ്പൂപ്പൻതാടി പോലെ പറന്നു നടക്കാൻ മാത്രം നമുക്ക് സ്വാതന്ത്യ്രം നൽകും .

എപ്പോഴാണ് ജീവിതം ഭാരമാകുന്നത് ?വഹിക്കാൻ പറ്റാത്തതും വഹിക്കേണ്ടതില്ലാത്തതും തലയിലേറ്റുമ്പോഴാണ് .ഇപ്പോൾ കല്യാണങ്ങളൊക്കെ എത്ര സുന്ദരമാണല്ലെ ?എത്ര ലളിതമാണ്! ആർക്കും ഒരു ടെൻഷനും ഇല്ല .നേരത്ത തന്നെ ഇങ്ങനെ ആകാമായിരുന്നു എന്ന് തോന്നിപ്പോവുന്നു .ആദ്യം മാറേണ്ടത് നമ്മുടെ വീടകങ്ങൾ തന്നെയാണ് . നമ്മുടെയൊക്കെ വീടുകളുടെ സിറ്റ്ഔട്ടിലെ ഷൂ റാക് ശ്രദ്ധിച്ചിട്ടുണ്ടോ ? എത്ര ഷൂ ഉണ്ട്?.എത്രയാണ് ചെരിപ്പുകൾ ?വീട്ടിനകത്തു ഒരു സമ്മേളനം നടത്താൻ ഉള്ള ആളുകൾ ഉണ്ടെന്ന് തോന്നും . യഥാർത്ഥത്തിൽ ആ വീട്ടിൽ രണ്ടോ മൂന്നോ ആളുകളെ കാണൂ .എപ്പോഴെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതിയിട്ട് പലപ്പോഴായി നാം വാങ്ങിക്കൂട്ടിയവയാണ് അവയൊക്കെയും.

ബുദ്ധനും ശിഷ്യനും തമ്മിൽ നടന്ന ആ സംഭാഷണം നിങ്ങൾ കേട്ടിട്ടില്ലെ ? ശിഷ്യൻ ഒരിക്കൽ ഒരു പുതു വസ്ത്രം വാങ്ങിച്ചു . എന്നിട്ട് ബുദ്ധൻറെ അടുക്കൽ വന്നു സന്തോഷം പ്രകടിപ്പിച്ചു .ബുദ്ധൻ അത് കണ്ടിട്ട് തിരിച്ചു ചോദിക്കുന്നുണ്ട് ,അപ്പൊ പഴയ വസ്ത്രം നീ എന്ത് ചെയ്തു ? ശിഷ്യൻ പറഞ്ഞു , ഞാൻ അത് എൻറെ വിരിപ്പാക്കി മാറ്റി .അപ്പൊ നേരത്തെ വിരിപ്പായി ഉപയോഗിച്ചത് എന്ത് ചെയ്തു ? ബുദ്ധൻ വീണ്ടും ചോദിച്ചു .ഞാൻ അത് അകം തുടക്കാനുള്ള തുണിയാക്കി . അപ്പൊ നേരത്തെ അകം തുടച്ചുകൊണ്ടിരുന്നുന്നതോ ? ആ തുണി ഞാൻ അടുപ്പിൽ നിന്ന് പാത്രങ്ങൾ എടുത്ത് വെക്കാൻ വേണ്ടിയിട്ടുള്ള കൈക്കൽ തുണിയാക്കി . അപ്പൊൾ നേരത്തെയുണ്ടായിരുന്ന കൈക്കൽ തുണിയോ ? അത് ഞാൻ ചെറിയ ചെറിയ കഷണങ്ങളാക്കിയിട്ട് വിളക്കിനു തിരിയാക്കി മാറ്റി . ബുദ്ധൻ സംതൃപ്തിയോടെ പുഞ്ചിരിച്ചു.

ആഡംബരങ്ങളോടുള്ള സാമൂഹിക അകലം, ധൂർത്തിനെതിരെ മുഖം തിരിക്കൽ , അങ്ങനെയും ആവാമല്ലോ ന്യൂ നോർമൽ കാലത്തെ പുതിയ ശീലങ്ങൾ .കുറഞ്ഞ വരുമാനം ,കുറഞ്ഞ ആഗ്രഹം . എന്നാൽ വലിയ സ്വാതന്ത്രം എന്നതാണ് ലളിത ജീവിതത്തിൻ്റെ സവിശേഷത .അത്യാവശ്യമുള്ളത് എന്താണ് ?ആവശ്യം, അനാവശ്യം, ധൂര്ത് ആഡംബരം ഇങ്ങനെ നമ്മുടെ ആഗ്രഹങ്ങളെ വേർതിരിക്കാൻ കഴിയണം .

Also read: നെറ്റ് വർക്ക് ബിസിനസ്, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

ഒരു ഫക്കീർ ഉണ്ടായിരുന്നു . ആർക്കും അയാളെ ഇഷ്ടമല്ലായിരുന്നു .കാരണം അയാൾ എപ്പോഴും പരാതിയുടെ കെട്ടഴിച്ചു കൊണ്ടേയിരിക്കും . ഇല്ലായ്മയും വല്ലായ്മയും പറഞ്ഞു ആളുകളെ പ്രായാസപ്പെടുത്തും . പെട്ടെന്നൊരു നാൾ അയാൾ പുഞ്ചരിച്ചു തുടങ്ങി .പ്രസന്നമായ ഭാവം കണ്ട് ആളുകൾ ചോദിച്ചു , എന്ത് പറ്റി? ആകെ മാറിപോയാല്ലോ . അപ്പോൾ ഫകീർ പറഞ്ഞു , ഇത്രയും കാലം ഞാൻ ആഗ്രഹങ്ങൾക് പിന്നാലെ ആയിരുന്നു ഓടിക്കൊണ്ടിരുന്നത് . ഇപ്പൊ , ഉള്ളത് കൊണ്ട് തൃപ്തിപ്പെടാം എന്ന് തീരുമാനിച്ചു . എത്ര ഉണ്ടായാലും ഒരു വയറിൽ അല്ലെ ഭക്ഷണം കഴിക്കാൻ പറ്റൂ .എത്ര വലിയ വീടായാലും ഒരു കട്ടിലിൻറെ പാതിയിൽ അല്ലെ കിടക്കാൻ പറ്റൂ .എത്ര വസ്ത്രമുണ്ടായാലും ഒരു സമയം ഒന്നല്ലേ അണിയാൻ പറ്റൂ .പിന്നെ എന്തിനാണ് ഈ ആധി ?ഇത്തരം തിരിച്ചറിവുകൾ ഉണ്ടാവേണ്ട സന്ദർഭം ആണിത് .

ഒരു വീടില്ലാത്തവൻറെ കഥയുണ്ടല്ലോ .വീട് വെക്കാൻ ഒരു തുണ്ടു ഭൂമി ചോദിച്ചു അയാൾ രാജകൊട്ടാരത്തിലെത്തി .ഉദാരനായ രാജാവ് അയാളോട് പറഞ്ഞു ,നിനക്ക് ഒരു ദിവസം കൊണ്ട് നടന്നു തീർക്കാവുന്നത്ര ഭൂമി ,നീ അളന്നെടുത്തോളൂ . അയാൾ പിറ്റേന്ന് കാലത്തു തന്നെ നടക്കാനിറങ്ങി .കാരണം , നടന്നു തീർക്കുന്ന അത്രയും ഭൂമി തനിക്ക് ലഭിക്കുമല്ലോ . ലഭിക്കാൻ പോകുന്ന ഭൂമിയെക്കുറിച്ചോർത്തപ്പോൾ നടത്തത്തിനു വേഗം കൂടി .നേരം നട്ടുച്ചയായി .അയാളുടെ നടത്തം ഓട്ടമായി മാറി .കാരണം ,എത്രയാണ് ഭൂമി തനിക്ക് ലഭിക്കാൻ പോകുന്നത് എന്നോർത്തു അയാൾ സന്തോഷത്താൽ വിങ്ങിപ്പൊട്ടിയിരുന്നു .വൈകുന്നേരം കൊട്ടാരത്തിലേക്കു മടങ്ങാൻ വേണ്ടി അയാൾ തിരിച്ചും ഓടി .ഓട്ടത്തിനിടയിൽ കിതച്ചു , കിതച്ചു തളർന്നു വഴിയോരത്തെവിടെയോ അയാൾ കുഴഞ്ഞു വീണു മരിച്ചു പോയി പിന്നെ അയാൾ ആറടി മണ്ണിൻറെ ഉടമയയായിത്തീർന്നു . ആലോചിച്ചു നോക്കു , ആഗ്രഹങ്ങൾക് പിന്നാലെ ഓടുമ്പോൾ എല്ലാം വിട്ടേച്ചു ഈ ലോകത്തു നിന്ന് വിടവാങ്ങേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത് . മഹത്തുക്കൾ എല്ലാം ലളിത ജീവിതത്തെ ശീലമാക്കിയവർ ആയിരുന്നു.

Also read: നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് നിഷിദ്ധമായ സമ്പാദന മാര്‍ഗം

മുത്ത് നബി(സ) യുടെ വീടകത്തേക്കു ഒന്ന് പാളി നോക്കൂ .ആകെ ഏഴു മുഴം മാത്രം വിസ്തീർണമുള്ള ഒരു ഒറ്റമുറി വീടായിരുന്നു പ്രവാചകൻറെത് . ചെത്തിതേക്കാത്ത മൺകട്ട കൊണ്ടുള്ള ചുമരുകൾ .കിടക്കാൻ ഈത്തപ്പനയോല കൊണ്ടുള്ള തടുക്ക് .തലയിണയായി ഈത്തപ്പഴക്കുരു നിറച്ച ഒരു ചാക്ക് .കുടിവെള്ളത്തിനായി ഒരു കൂജ .കാറ്റിനും വെയിലിനും മറയിടാൻ വേണ്ടി ഒരു വിരി .ഇത്രയും ആയിരുന്നത്രേ വലിയ ഒരു ഭൂ പ്രദേശത്തിൻറെ ഭരണാധികാരിയായ റസൂൽ (സ) യുടെ വീട്ടിലെ ആഡംബരങ്ങൾ .ഗാന്ധിജി മുതൽ എ പി ജെ അബ്ദുൽ കലാം വരെ ആ മാതൃക തുടർന്നു വരുന്നതായി നാം കാണുന്നു . ലോകത്തെ വൻ സമ്പന്നരൊക്കെ ഇന്ന് ലാളിത്യത്തെ ആഘോഷിക്കുന്നവർ ആണത്രേ . ആപ്പിളിന്റെ സ്ഥാപകൻ സ്റ്റീവ് ജോബ്‌സും , ഫേസ്ബുക്കിൻറെ ശിൽപി സക്കർബർഗും ഈ ജീവിത ശൈലി സ്വീകരിച്ചവരാണ് . ലാളിത്യം ദാരിദ്ര്യമല്ല ,പിശുക്കുമല്ല .പക്ഷെ നാം അങ്ങനെ തെറ്റിദ്ധരിച്ചു പോയിരിക്കുന്നു .മിതവ്യയ ശീലം സമ്മർദമില്ലാത്ത മനസ്സും അനന്തമായ സ്വാതന്ത്ര്യവുമാണ് നൽകുന്നത് .ആരോടും ബാധ്യതകൾ ഇല്ലാതെ. കാലത്തു ഉണർന്നെണീയ്ക്കാൻ കഴിയുന്നതിലും വലിയ സ്വാതന്ത്ര്യം മറ്റെന്താണുള്ളത് .

ചിലർ പറയും , ജീവിതം ഒന്നേയുള്ളു .ആഗ്രഹിച്ചതെല്ലാം ആസ്വദിച്ചു മോഹങ്ങളെല്ലാം വാരിക്കൂട്ടി ,ജീവിതം അടിച്ചു പൊളിക്കൂ എന്ന് .അവരോട് നമുക്ക് പറയാം ,വാരിക്കൂട്ടുന്ന സാധനങ്ങൾ അടുക്കി വെക്കാൻ , അവ തുടച്ചു വെക്കാൻ ഉപയോഗിക്കുന്ന സമയം കൂടി ജീവിതം ആസ്വദിക്കൂ .ജീവിതം ഇത്തിരിയേയുള്ളു .പിരിമുറുക്കങ്ങൾ ഇല്ലാത്ത മനസ്സിൻറെ സാമ്രാജ്യത്തിൽ ഇത്തിരി നേരം നമുക്ക് രാജാവും രാജ്ഞിയും ആയി വാഴാം .അതാണ് ജീവിതത്തിൻറെ ആകെതുക.അതിലുപരി നാളെ പരലോകത്തു ശാശ്വത സ്വർഗം കൈവരിക്കുകയും ചെയ്യാം . അല്ലാഹു ഖുർആനിൽ അവൻറെ ഇഷ്ടദാസന്മാരുടെ ഗുണങ്ങൾ പറയുന്നേടത്ത് ‘അവർ ചിലവഴിക്കുമ്പോൾ ധൂർത്ത് പ്രകടിപ്പിക്കുകയില്ല , അതെ പോലെതന്നെ പിശുക്കും പ്രകടിപ്പിക്കുകയില്ല .അവർ രണ്ടിനും ഇടയ്ക്കുള്ള മധ്യമ നിലപാട് സ്വീകരിക്കുന്നവരാണ്’ എന്ന് പറയുന്നുണ്ട് .അതിനാൽ ആ ജീവിത ശൈലിയിലേക് നമുക്കും ഒന്ന് മാറിയാലോ .

Related Articles