Current Date

Search
Close this search box.
Search
Close this search box.

അന്താരാഷ്ട്ര വികസനത്തിന്റെ വംശീയ ഇരട്ടത്താപ്പുകൾ

ബിൽഗേറ്റ്സ് മുതൽ ജിം കിം വരെയുള്ള, നിക്ക് ക്രിസ്റ്റോഫ് മുതൽ സ്റ്റീവൻ പിങ്കർ വരെയുള്ള അന്താരാഷ്ട്ര വികസനത്തിന്റെ ഉജ്ജ്വലവക്താക്കൾ, ആഗോള ദാരിദ്ര്യത്തിനെതിരെ കൈവരിച്ച അത്ഭുതകരമായ പുരോഗതിയെ കുറിച്ച് പറയാൻ വർഷം തോറും അണിനിരക്കാറുണ്ട്. ലോകബാങ്ക് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2015ൽ പ്രതിദിനം 1.90 ഡോളറിൽ താഴെ വരുമാനമുള്ള 734 ദശലക്ഷം ആളുകൾ “മാത്രമേ” ഉണ്ടായിരുന്നുള്ളു, 1990ൽ ഇത് 1.9 ബില്ല്യൺ ആളുകളായിരുന്നു.

ഇത് അത്ഭുതകരമായ വാർത്തയാണെന്ന് തോന്നാം. എന്നാൽ ഈ വിവരണത്തിൽ ഒരു പ്രശ്നമുണ്ട്. നേരത്തെ പറഞ്ഞ 1.90 ഡോളർ പരിധിക്ക് അനുഭവപരമായ അടിസ്ഥാനമില്ല. യഥാർഥ മനുഷ്യാവശ്യങ്ങളിൽ ഊന്നാത്ത തികച്ചും ഏകപക്ഷീയമായ ഒരു പരിധിയാണിത്. പ്രതിദിനം 1.90 ഡോളർ എന്നത് ആളുകൾക്ക് മാന്യമായ പോഷകാഹാരം നേടുന്നതിന് പോലും പര്യപ്തമല്ലെന്നാണ് അനുഭവപരമായ തെളിവുകൾ തുറന്നുകാണിക്കുന്നത്, മറ്റു അടിസ്ഥാന ആവശ്യങ്ങളുടെ കാര്യം പറയേണ്ടതില്ല. വാസ്തവത്തിൽ, ചുരുങ്ങിയത് 3.5 ബില്ല്യൺ ജനങ്ങളുടെ ദിവസ വരുമാനം 1.90 ഡോളറിനും മുകളിലാണെങ്കിലും, അവരും ദാരിദ്ര്യത്തിൽ കുടുങ്ങി കിടക്കുകയാണ്.

അന്താരാഷ്ട്ര ദാരിദ്ര്യരേഖ വാങ്ങൽ ശേഷിക്കനുസൃതമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത തിരിച്ചറിയേണ്ടത് പ്രധാനമാണ്. പ്രതിദിനം 1.90 ഡോളർ എന്നു കേൾക്കുമ്പോൾ, ഇതിനർഥം ആ തുക കൊണ്ട് ഒരു അമേരിക്കക്കാരന് വാങ്ങാൻ കഴിയുന്നതും ഇന്ത്യയിലോ സുഡാനിലോ ഉള്ള ഒരാൾക്ക് വാങ്ങാൻ കഴിയുന്നതും തുല്യമാണെന്ന് നാം ചിലപ്പോൾ അനുമാനിച്ചേക്കാം. എന്നാൽ സത്യം ഇതിനു നേർവിപരീതമാണ്. 1.90 ഡോളർ കൊണ്ട് അമേരിക്കയിൽ വാങ്ങാൻ കഴിയുന്നതിനു മാത്രമേ അതു തുല്യമാകൂ. എന്താണ് ഇതിനർഥമെന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കുക. ഫലത്തിൽ ഇത് ഒന്നുമല്ല.

Also read: ഗ്രന്ഥരചനക്കായി ജീവിതം മാറ്റിവെച്ചവർ

സാമ്പത്തിക ശാസ്ത്രജ്ഞൻ ഡേവിഡ് വുഡ് വാർഡ് ഒരിക്കൽ കണക്കുകൂട്ടിയത്, അന്താരാഷ്ട്ര ദാരിദ്ര്യരേഖയിൽ ബ്രിട്ടനിൽ ജീവിക്കുക എന്നത്, 35 ആളുകൾ “ഒരു മിനിമം വേതനത്തിൽ, ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങളോ, പാരിതോഷിങ്ങളോ, കടംവാങ്ങലോ, തോട്ടിപ്പണിയോ, ഭിക്ഷാടനമോ, സമ്പാദ്യമോ ഇല്ലാതെ” അതിജീവിക്കാൻ ശ്രമിക്കുന്നതു പോലെയാണ് ( ഇവയെല്ലാം ദാരിദ്ര്യത്തിന്റെ കണക്കുകൂട്ടലിൽ “വരുമാനം” ആയി ഉൾപ്പെടുത്തിയതിനാലാണിത്). “അങ്ങേയറ്റം” എന്നതിന്റെ നിർവചനത്തിനും അപ്പുറം പോകുന്നതാണിത്.

ഇതു നമ്മെ ഒരു സുപ്രധാന ചോദ്യത്തിലേക്ക് എത്തിക്കുന്നു. ഈ ദാരിദ്ര്യരേഖാ പരിധി വടക്കൻ അർധഗോളത്തിലെ ഒരു മനുഷ്യജീവിയെ സംബന്ധിച്ചിടത്തോളം വളരെയധികം താഴ്ന്നതാണെന്ന് ലോകബാങ്ക് അടക്കം എല്ലാവരും അംഗീകരിക്കുമ്പോൾ, എന്തുകൊണ്ടാണ് അന്താരാഷ്ട്ര വികസനത്തിന്റെ വക്താക്കൾ തെക്കൻ അർധഗോളത്തിലെ മനുഷ്യരുടെ ജീവിതങ്ങളെ പ്രതിദിനം 1.90 ഡോളറിന്റെ അടിസ്ഥാനത്തിൽ വിധിപറയുന്നത്? താരതമ്യത്തിനു വേണ്ടി, അമേരിക്കയിലെ ദാരിദ്ര്യരേഖ പ്രതിദിനം 15 ഡോളറാണ്.

ഇവിടെ വ്യക്തമായ ഇരട്ടത്താപ്പുണ്ട്, ഇത് വംശീയമാണെന്ന് തിരിച്ചറിയാൻ വലിയ പ്രയാസമില്ല. (ഭൂരിപക്ഷ വെള്ളക്കാരായ) വടക്കൻ അർധഗോളത്തിലെ ആളുകൾക്ക് ഒരു മാനദണ്ഡവും, (ഭൂരിപക്ഷം കറുപ്പും തവിട്ടും നിറക്കാരായ) തെക്കൻ അർധഗോളത്തിലെ ആളുകൾക്ക് മറ്റൊരു മാനദണ്ഡവുമാണുള്ളത്. ഒരിക്കലും ചോദ്യം ചെയ്യപ്പെടാതെ, ഇന്നും നമ്മോടൊപ്പം നിലനിൽക്കുന്ന ഒരു കൊളോണിയൽ യുക്തിയാണിത്.

ഇവ തികച്ചും വ്യത്യസ്തവും വേറിട്ടതുമായ സമ്പദ് വ്യവസ്ഥകളാണെന്ന് പറഞ്ഞ് ചിലർ ഈ അസമത്വം ന്യായീകരിക്കാൻ ശ്രമിക്കുന്നതു കാണാം, കാരണം അവർക്ക് പ്രത്യേക മാനദണ്ഡങ്ങൾ ആവശ്യമാണ്. എന്നാൽ വ്യത്യസ്ത സമ്പദ് വ്യവസ്ഥകൾ എന്ന ആശയം ശരിയല്ല. വടക്കൻ, തെക്കൻ സമ്പദ് വ്യവസ്ഥകൾ കൊളോണിയലിസം ആരംഭിച്ചതു മുതൽ കുറഞ്ഞത് 500 വർഷമെങ്കിലും ഒരൊറ്റ ആഗോള സംവിധാനത്തിലേക്ക് സംയോജിപ്പിക്കപ്പെട്ടിരുന്നു.

Also read: മനസ്സിനെ പ്രാപ്തമാക്കുമ്പോഴാണ് ലക്ഷ്യപ്രാപ്തി

വടക്കൻ അർധഗോളത്തിന്റെ സാമ്പത്തിക ഉയർച്ച കൊളോണിയൽ കാലഘട്ടത്തിൽ തെക്കൻ അർധഗോളത്തിൽ നിന്നും കവർന്നെടുത്ത അസംസ്കൃത വസ്തുക്കളെയും കോളനിവത്കരിക്കപ്പെട്ട ജനതയുടെ അധ്വാനത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് നമുക്കറിയാം. ആൻഡീസിൽ നിന്ന് കവർന്നെടുക്കപ്പെട്ട വെള്ളി, കോംഗോയിൽ നിന്നുള്ള റബ്ബർ, ഇന്ത്യൻ നിന്നും കയറ്റിക്കൊണ്ടുപോയ ധാന്യം, അതുപോലെ തദ്ദേശജനതയിൽ നിന്നും കവർന്നെടുത്ത ഭൂമിയിൽ ആഫ്രിക്കൻ അടിമകളെ കൊണ്ട് പണിയെടുപ്പിച്ച് വിളയിച്ചെടുത്ത പഞ്ചസാര, പരുത്തി എന്നിവയെയും ആശ്രയിച്ചിരിക്കുന്നു വടക്കൻ അർധഗോളത്തിന്റെ വളർച്ച.

ഇത് പുരാതന ചരിത്രം പോലെ തോന്നുമെങ്കിലും, അതേ വ്യവസ്ഥ ഇന്നും നിലനിൽക്കുന്നുണ്ട്. സ്റ്റീവൻ പിങ്കർ ഓരോ ദിവസവും ധരിക്കുന്ന വസ്ത്രങ്ങൾ തുന്നുന്നത് തെക്കൻ അർധഗോളത്തിലെ ജനങ്ങളാണ്. ബിൽ ഗേറ്റ്സിന്റെ ലാപ്ടോപ്പും, നിക്ക് ക്രിസ്റ്റോഫ് തന്റെ കോളം എഴുതാൻ ഉപയോഗിക്കുന്നത് അടക്കമുള്ള ലാപ്ടോപ്പുകളും അസംബ്ൾ ചെയ്യുന്നതും തെക്കൻ അർധഗോളത്തിലെ ജനങ്ങളാണ്. ജിം കിം പ്രഭാതഭക്ഷണത്തിന് കഴിക്കുന്ന വാഴപ്പഴങ്ങളും ബെറികളും അവരാണ് നട്ടുവളർത്തി വിളവെടുക്കുന്നത്. പിന്നെ നമ്മുടെ കോഫിയും ചായയും, ഗാഡ്ജറ്റുകളിലെ കോൾട്ടൺ, നമ്മുടെ വ്യവസായശാലകളുടെ ഇന്ധനമായ എണ്ണ, ഇലക്ട്രിക്ക് കാറുകൾക്കു വേണ്ട ലിഥിയം… നാം എങ്ങോട്ടു നോക്കിയാലും, നാം ജീവിക്കുന്നത് ഒരൊറ്റ ആഗോള സമ്പദ് വ്യവസ്ഥയിലാണെന്ന് വ്യക്തമാവും.

വാസ്തവത്തിൽ, ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ തെക്കൻ അർധഗോളത്തിൽ നിന്നുള്ള വിഭവങ്ങളെയും അധ്വാനത്തെയും പൂർണമായും ആശ്രയിക്കുന്നുവെന്ന് ട്രേഡ് ഡാറ്റ് ചൂണ്ടികാണിക്കുന്നു. 2015ൽ, ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൊത്തം 10.1 ബില്യൺ ടൺ വസ്തുക്കളും 379 ബില്യൺ മണിക്കൂർ മനുഷ്യാധ്വാനവും സ്വന്തമാക്കിയിട്ടുണ്ട്. ദരിദ്ര രാജ്യങ്ങളിൽ നിന്ന് സമ്പന്ന രാജ്യങ്ങളിലേക്ക് വിഭവങ്ങളുടെയും അതിലുൾച്ചേർന്ന തൊഴിലിന്റെയും ധാരാളമായ ഒഴുക്കുണ്ട്.

പാവങ്ങളുടെ വിഭവങ്ങളും തൊഴിലും യഥേഷ്ടം ഉപയോഗിക്കുകയും എന്നാൽ അവരുടെ ജീവിതം അളക്കാൻ വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതിനു വേണ്ടി വ്യത്യസ്ത സമ്പദ് വ്യവസ്ഥ എന്ന ആശയത്തിൽ നിർബന്ധം പിടിക്കുകയും ചെയ്യുക, അതാണ് വംശീയവിവേചനത്തിന്റെ യുക്തി.

തെക്കൻ അർധഗോളത്തിൽ നിന്നും പിഴിഞ്ഞെടുക്കുന്ന വിഭവങ്ങളുടെയും അധ്വാനത്തിന്റെയും പുറത്താണ് ആഗോള മുതലാളിത്തം നിലനിൽക്കുന്നത്, എന്നിട്ടും അവ നൽകുന്ന ആളുകൾക്ക് – ഫാക്ടറികൾ, ഖനികൾ, ബഹുരാഷ്ട്ര കമ്പനികളുടെ തോട്ടങ്ങൾ എന്നിവിടങ്ങളിൽ പണിയെടുക്കുന്നവർ ഉൾപ്പെടെയുള്ളവർക്ക്- പ്രതിഫലമായി വളരെ തുച്ഛം മാത്രമാണ് ലഭിക്കുന്നത്. തെക്കൻ അർധഗോളത്തിലെ തൊഴിലാളികളുടെ ദിവസ വേതനം ഒരു ഡോളറിൽ നിന്നും രണ്ടു ഡോളറാവുമ്പോൾ അത് ആഘോഷിക്കാൻ പിങ്കറും ബിൽഗേറ്റ്സും നമ്മോട് പറയുന്നു. എന്നാൽ ലോകത്തിലെ വൻകിട ബ്രാൻഡുകളിൽ ജോലി ചെയ്യുന്ന വടക്കൻ അർധ ഗോളത്തിലെ തൊഴിലാളികൾ ഒരു ദിവസം രണ്ട് ഡോളർ സമ്പാദിക്കുന്നുവെന്ന് അറിഞ്ഞാൽ നാം ആഘോഷിക്കുമോ? ഇല്ല. നാം പ്രകോപിതരാവും. കാരണം വടക്കൻ അർധഗോളത്തിലെ തൊഴിലാളികൾക്കായി നാം ധാർമികതയുടെയും നീതിയുടെയും മാനദണ്ഡങ്ങളാണ് ഉപയോഗിക്കുക, അതേസമയം തെക്കൻ അർധഗോളത്തിലെ തൊഴിലാളികൾക്കായി കേവലമായ നിലനിൽപ്പിന്റെ മാനദണ്ഡങ്ങളാണ് നാം ഉപയോഗിക്കുക.

Also read: കുട്ടികളൂടെ ശിക്ഷണം: വിവിധ ഘട്ടങ്ങളും രീതികളും

ഇതിനെ വംശീയവിവേചനത്തോട് ഉപമിക്കുന്നത് തികച്ചും ഉചിതമാണ്. ദക്ഷിണാഫ്രിക്കൻ നിയമം വെള്ളക്കാരേക്കാൾ വളരെ കുറഞ്ഞ വേതനമാണ് കറുത്തവർക്ക് നിജപ്പെടുത്തിയത്. ഈ സമ്പ്രദായത്തിൽ നിന്ന് പ്രയോജനം നേടിയവർ അത് സ്വാഭാവികമാണെന്ന് വാദിച്ചു: ഇങ്ങനെയാണ് വിപണി പ്രവർത്തിക്കുന്നത്. കറുത്ത വർഗക്കാരുടെ അധ്വാനത്തിന് മൂല്യമില്ലെന്ന് സ്ഥാപിക്കാൻ സാമ്പത്തിക വിദഗ്ധർ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു- അതായത് അവരുടെ അധ്വാനത്തെ അവഗണിക്കുക.

സമാനമായ വാദങ്ങൾ ഇന്നും നിലനിൽക്കുന്നു. ഉൽപാദനക്ഷമത കുറവായതിനാലാണ് തെക്കൻ അർധഗോളത്തിലെ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം ലഭിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. എന്നാലത് സത്യമല്ല. പല ഒരേ കമ്പനികൾക്കു വേണ്ടി ഒരേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അവർ ജോലി ചെയ്യുന്നതെന്ന് ഓർക്കുക (മെക്സിക്കോയിലെ ജി.എം ഫാക്ടറി, ബംഗ്ലാദേശിലെ നൈക്ക് പണിശാല എന്നിവ ഉദാഹരണം). വാസ്തവത്തിൽ, തെക്കൻ അർധഗോളത്തിലെ തൊഴിലാളികൾ വടക്കൻ അർധഗോളത്തിലെ തൊഴിലാളികളേക്കാൾ കൂടുതൽ ഉൽപാദനക്ഷമതയുള്ളവരാണ്, കാരണം വടക്കൻ തൊഴിലാളികൾക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഉണ്ട്. എന്നിട്ടും ഒരേ ഇൻഡസ്ട്രികളിൽ ഒരേ ജോലി ചെയ്യുന്ന തെക്കൻ തൊഴിലാളികൾക്ക് 30ൽ 1 ഭാഗം തുക മാത്രമേ ശമ്പളമായി ലഭിക്കുന്നുള്ളു.

500 വർഷത്തോളം, തെക്കൻ അർധഗോളത്തിലെ വിഭവങ്ങളെ ചൂഷണം ചെയ്താണ് മുതലാളിത്തം തഴച്ചുവളർന്നിട്ടുള്ളത്, അത് കോളനിവത്കരണം, നാടുകടത്തൽ, വംശഹത്യ, അടിമത്തം എന്നിവയിലൂടെയാണെങ്കിലും ശരി, സമീപകാലത്തെ ഘടനാപരമായ നീക്കുപോക്ക് പരിപാടികൾ, സ്വതന്ത്ര വ്യാപാര കരാറുകൾ, കോർപറേറ്റുകളുടെ ഭൂമി കയ്യേറം എന്നിവയിലൂടെയാണെങ്കിലും ശരി, ഇവ തെക്കൻ അർധഗോളത്തിലെ തൊഴിലിന്റെയും വിഭവങ്ങളുടെയും മൂല്യം ഇടിച്ചുതാഴ്ത്തി. ഈ നീണ്ട ചരിത്രത്തിന്റെ പാരമ്പര്യ അവശിഷ്ടമാണ് 1.90 ഡോളർ ദാരിദ്ര്യരേഖ. കറുത്തവരെ വിലകുറഞ്ഞവരായി കാണുന്ന കൊളോണിയൽ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണിത്.

21ആം നൂറ്റാണ്ടിൽ, ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ യുഗത്തിൽ, അന്താരാഷ്ട്ര വികസനത്തിന്റെ വംശീയ ഇരട്ടത്താപ്പുകൾ നമുക്കിനിയും അംഗീകരിക്കാൻ കഴിയില്ല. വംശീയവിവേചനത്തിന്റെ യുക്തി നാം നിരാകരിക്കണം. ഒരൊറ്റ സാമ്പത്തിക വ്യവസ്ഥയിൽ നമുക്ക് ജീവിക്കണമെന്നുണ്ടെങ്കിൽ, എല്ലാ മനുഷ്യജീവതങ്ങൾക്കും ഒരൊറ്റ മാനദണ്ഡം നാം ആവശ്യപ്പെടണം: അതായത് എല്ലാ ആളുകൾക്കും അവരുടെ അധ്വാനത്തിന് ന്യായമായ വേതനവും അവരുടെ വിഭവങ്ങൾക്ക് ന്യായമായ വിലയും ലഭിക്കണം. എന്തെങ്കിലും തരത്തിലുള്ള ധാർമിക നിലപാട് ഉണ്ടെങ്കിൽ, പ്രസ്തുത തത്വമാണ് അന്താരാഷ്ട്ര വികസന വക്താക്കൾ ഉയർത്തിപിടിക്കേണ്ടത്. ഇതാണ് യഥാർഥ പുരോഗതി എന്നതു കൊണ്ട് അർഥമാക്കുന്നത്.

(ലണ്ടൻ സർവകലാശാലയിലെ അക്കാദമിക്കും, റോയൽ സൊസൈറ്റി ഓഫ് ആർട്സിന്റെ ഫെല്ലോയുമാണ് ഡോ. ജേസൺ ഹിക്കൽ.)

വിവ- അബൂ ഈസ

Related Articles