Personality

മനസ്സിനെ പ്രാപ്തമാക്കുമ്പോഴാണ് ലക്ഷ്യപ്രാപ്തി

കഠിനമായ വെല്ലുവിളികൾ നിറഞ്ഞതും തീർത്തും പ്രതികൂലമെന്ന് തോന്നിപ്പിക്കുന്നതോ ആയ ഒരു സാഹചര്യത്തെ  അനുകൂലമാക്കി മാറ്റിയെടുക്കാൻ കഴിവുള്ളവരാണ് എന്നും എപ്പോഴും ജീവിതത്തിൽ മറ്റുള്ളവരെയൊക്കെ പിന്നിലാക്കി മുന്നേറിയതും വിജയം കൈവരിച്ചതും. വസ്തുതാപരമായി നാം കാര്യങ്ങളെ മനസ്സിലാക്കുകയാണെങ്കിൽ അല്ലെങ്കിൽ വിലയിരുത്തുകയാണെങ്കിൽ അവർ നേരിട്ടതിന്റെയും അനുഭവിച്ചതിന്റെയും കടന്നുപോന്ന വഴികളിലെ പ്രശ്നങ്ങളുടെയും തീവ്രതയും ആഴവും അതിന്റെ അനുപാതവും വെച്ചു നോക്കുമ്പോൾ അതിന്റെയൊന്നും പാതിയോളം പരീക്ഷണങ്ങളോ, പ്രതികൂല സാഹചര്യങ്ങളോ തരണം ചെയ്യേണ്ടിയോ മറികടക്കുകയോ വേണ്ടി വന്നില്ലെങ്കിൽ പോലും ജീവിതത്തിൽ ഒന്നുമാവാൻ കഴിയാതെ ജീവിക്കുന്ന മനുഷ്യർ എത്രയെന്ന് ചിന്തിക്കാം. ചിലർ വിധിയെന്നും പറഞ്ഞ് സാഹചര്യത്തിന് കീഴടങ്ങുമ്പോൾ മറ്റുചിലർ എത്ര ശ്രമിച്ചാലും ഒന്നിലും സ്വന്തം ഭാഗ്യം പരീക്ഷിച്ച് കണ്ടെത്താൻ സാധിക്കാതെ പോവുന്നു. വേറെ ചിലർ  അത്യാഗ്രഹംകൊണ്ടും ദുരാഗ്രഹങ്ങൾകൊണ്ടും അധഃപതനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് മുച്ചൂടും മുടിച്ച് ജീവിതം നരകതുല്യമാക്കി തീർക്കുന്നവരും അതേസമയം എങ്ങനെയെങ്കിലും ജീവിക്കണം മരിക്കണം എന്ന് മാത്രം അറിയാവുന്ന മറ്റൊരു കൂട്ടരും.  ഏതെല്ലാം വിഭാഗത്തിലുള്ള ആൾക്കാരാണ് നമുക്ക് ചുറ്റും. മനുഷ്യരിലെ ആഗ്രഹങ്ങൾക്കും ആശകൾക്കും മോഹങ്ങൾക്കും കണക്കോ, അതിരോ, പരിധിയോ ഒന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല.  അനന്തമായ സാധ്യതകളും പ്രകൃതിവിഭവങ്ങളുടെ ബഹുലതയും സമൃദ്ധിയും ഇടതൂർന്ന് വിശാലമായി കിടക്കുന്ന ഈ പ്രപഞ്ചത്തിന്റെ മടിതട്ടിലേയ്ക്ക് പിറന്നു വീഴുന്ന മനുഷ്യന് വേണ്ടതിനമപ്പുറം നേടാമെന്നിരിക്കെ എന്തിന് ഇവയ്ക്കെല്ലാം പരിധികൾ നിശ്ചയിക്കപ്പെടണം? പക്ഷെ  അതൊന്നുമല്ല മനുഷ്യന്റെ മുന്നിൽ എന്നും ചോദ്യചിഹ്നമായി നിൽക്കുന്ന, ഏത് നേരവും അവരെ അലട്ടുന്ന  സമസ്യ. അങ്ങനെയെങ്കിൽ തനിയ്ക്ക് എന്ത്കൊണ്ട് സാധിക്കുന്നില്ല എന്ന ചോദ്യമാണ്. എണ്ണമറ്റ തൃഷ്ണകളും മോഹങ്ങളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളാലും നിർഭരമായ മനുഷ്യമനസ്സിന് അതിയായി ആശിച്ചതും ആഗ്രഹിച്ചതുമായ കാര്യങ്ങളൊന്നും എല്ലാഴ്പ്പോഴും ഒരാൾക്ക് വിചാരിച്ചപോലെ നേടാനും പ്രായോഗികതലത്തിലേക്ക് കൊണ്ടുചെന്നെത്തിക്കാനും ജീവിതസാഫല്യം നേടാനും കഴിയുന്നില്ല. എന്തുകൊണ്ടാണ് എല്ലാ മനുഷ്യർക്കും അതിന് കഴിയാത്തത്? എന്ന ശങ്ക മനുഷ്യരിൽ എന്നും ബാക്കി നിൽക്കുന്നു. കാണുന്ന സ്വപ്നങ്ങൾ എല്ലാമൊന്നും ഫലിച്ചോളണം എന്നില്ലായിരിക്കാം എന്നാലോ അവനവന്റെ ഭാഗത്ത് നിന്നുള്ള ചില യത്നങ്ങളും പ്രയത്നങ്ങളും കൂടാതെ ഇവിടെ ഒന്നും സംഭവിക്കുകയുമില്ല.

അതിന് മുഖ്യമായും സാഹചര്യങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ തയാറാവാത്ത മനസ്സ് ഒന്നുണ്ടാവണം സ്വന്തമായിട്ട്. യഥാർത്ഥത്തിൽ മനുഷ്യമനസ്സിന് എന്തിനെയും അതിജീവിച്ച് മുന്നേറാനുള്ള ശക്തിയും പ്രാപ്തിയും ഉണ്ട് പക്ഷെ നമുക്ക് അതിനെ കാര്യക്ഷമമായ രീതിയിൽ പ്രയോജനപ്പെടുത്താനും പ്രായോഗികതയിലേക്ക് കൊണ്ടുവരാനും കഴിയണമെങ്കിൽ ആത്മബോധം നിർബ്ബന്ധമായും ഉണ്ടായിരിക്കണം. അനുഭവങ്ങളാലും ആർജ്ജിച്ചെടുത്ത അറിവുകളാലും ശക്തമായി പരുവപ്പെടുത്തിയെടുത്തൊരു മനസ്സും വേണം. അതേസമയം ലക്ഷ്യബോധം ഒരു വ്യക്തിയ്ക്ക് കൃത്യമായ ദിശബോധമാണ് നൽകുന്നത്. ഇപ്പറഞ്ഞ രണ്ടും ഒരാളിൽ ഉണ്ടെങ്കിൽ ഏത് ദുരന്തഘട്ടങ്ങളെയും അതിജീവിച്ച്‌ അയാൾ മുന്നേറും. കടന്നുപോരുന്ന വഴികളിൽ ആരൊക്കെയോ പുച്ഛഭാവത്തോടെയും പരിഹാസം കലർന്ന സ്വരത്തിലും അവഹേളിക്കാനും അപഹസിക്കാനും മറ്റും ശ്രമിച്ചിട്ടുണ്ടാവും ചിലപ്പോൾ പരാജയപ്പെടുത്താനും ഉപദ്രവിക്കാനും വരെ തുനിഞ്ഞിച്ചിട്ടുണ്ടാവും. ഒട്ടേറെ വിമർശനങ്ങൾ ശരം കണക്കെ തൊടുത്ത് വിട്ട് തളർത്തിയിടാൻ ശ്രമിച്ചിട്ടുണ്ടാവും. പക്ഷെ തളരരുത്. അവയെല്ലാം വിജയത്തിലേക്കുള്ള ചവിട്ട് പടിയാക്കി മാറ്റണം. തനിയ്ക്ക് നേരെ എറിഞ്ഞ കല്ലുകൾ കൂട്ടിവെച്ച് ഉയരങ്ങളിലേയ്ക്ക് എത്തിപ്പിടിയ്ക്കാനുള്ള ഓരോ ചവിട്ടുപടിയായി ഉപയോഗിക്കാം. വാസ്തവത്തിൽ ഇത്തരം സന്ദർഭങ്ങളിലാണ് അനുചിതമല്ലാത്തൊരു attittudeന്റെ അല്ലെങ്കിൽ മനോഭാവത്തിന്റെ സാന്നിധ്യവും അതിന്റെ നേട്ടവും മഹത്വവും നിർണ്ണയിക്കപെടുന്നത് “The foundation of enduring success and peak achievement is a POSITIVE mental attitude” (ശാശ്വതവും ഉന്നതവുമായ വിജയത്തിന്റെ അടിസ്ഥാനം പോസിറ്റിവ് ആയൊരു മനോഭാവമാണ്) എന്നാണ് പറയപ്പെടുന്നത്. പോസിറ്റീവ് ചിന്താഗതി അല്ലെങ്കിൽ ഒരു പോസിറ്റീവ് വ്യക്തിത്വം കുഞ്ഞുങ്ങളിൽ രൂപപ്പെടുത്തിയെടുക്കാൻ ക്രിയാത്മകമായ രക്ഷാകർതൃത്വത്തിലൂടെ മാതാപിതാക്കൾക്ക് സാധിക്കുമെന്നത് അതിശ്രേഷ്ഠവും മാഹാത്മ്യമേറിയതുമായ ഒരു കാര്യമാണ്.

Also read: കുട്ടികളൂടെ ശിക്ഷണം: വിവിധ ഘട്ടങ്ങളും രീതികളും

അതിനാൽ രക്ഷാകർതൃത്വത്തിന് വ്യക്തിത്വരൂപീകരണത്തിൽ എടുത്തുപറയത്തക്കതായ ഒരു പങ്കുണ്ടെന്ന് പറയുന്നതിന്റെ പൊരുൾ ഓരോ രക്ഷിതാക്കളും മനസ്സിലാക്കണം. കുഞ്ഞുങ്ങളിൽ ജീവിതത്തോടും സഹജീവികളോടും ഈ ലോകത്തോടുമുള്ള സമീപനം പോസിറ്റീവ് ആയെങ്കിൽ മാത്രമേ ഒരു പോസിറ്റീവ് വ്യക്തിത്വമായി വളരാനുള്ള സാധ്യത നിലനിൽക്കുന്നുള്ളൂ. അത് കുഞ്ഞിന് പ്രാഥമികമായി ലഭിക്കുന്നതോ വളർന്നു വരുന്ന ചുറ്റുപാടുകളിൽ നിന്നും അച്ഛനമ്മമാരിൽ നിന്നും തന്നെ. എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്ത് സ്നേഹം പ്രകടിപ്പിക്കുന്ന മാതാപിതാക്കൾ മനസ്സിലാക്കുന്നില്ല എവിടെയാണ് അവർക്ക് പിഴക്കുന്നതെന്ന്. സാമൂഹ്യപരമായതും വ്യക്തിപരമായതും കുടുംബപരമായതും ജോലിസംബന്ധമായതുമായ ഒട്ടേറെ പ്രശ്‌നങ്ങൾ ഒരു വ്യക്തി തന്റെ ജീവിതത്തിൽ നേരിടുന്നുണ്ടാവും. ഒരു സാമൂഹികജീവി എന്ന നിലയ്ക്ക് സ്വാഭാവികമായും മനുഷ്യർ ഇവയെല്ലാം അഭിമുഖീകരിച്ചും തരണം ചെയ്തുകൊണ്ടും തന്നെ വേണം ജീവിക്കാൻ. ഒരിക്കൽ ഒരു സുഹൃത്ത് ഒരു കാര്യം പറയുകയുണ്ടായി, മക്കളെ അത്രകണ്ട് അങ്ങ് സ്നേഹിച്ചിട്ടൊന്നും കാര്യമില്ല, എല്ലാം വെറുതെയാണ്. കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ കഥ വിവരിച്ചും തന്നു. അവളുടെ ഉപ്പയും ഉമ്മയും അവളുടെ ഓരോ ഇഷ്ടങ്ങളും അതേപോലെ നിറവേറ്റി കൊടുക്കുമായിരുന്നു. അത്രയും സ്നേഹത്തോടെ വളർത്തിയതാണ്, അവൾ തന്നെ തന്റെ കൂട്ടുകരിയോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് എന്റെ ഭാഗ്യമാണ് എന്റെ ഉപ്പയും ഉമ്മയുമെന്ന്. എന്നിട്ട് ഒരു ദിവസം അവൾ അവരെയൊക്കെ മറന്ന് ഏതോ ഒരു പയ്യന്റെ കൂടെ ഇറങ്ങിപ്പോയി. അതേപോലെ സ്വന്തം ഭാര്യ മറ്റൊരു പുരുഷന്റെ കൂടെ ഇറങ്ങിപ്പോയപ്പോൾ കോടതിയിൽ കേസ് വിസ്താരത്തിനിടയിൽ ഭർത്താവ് പറഞ്ഞത് അവൾക്ക് ഞാൻ ചെലവിന് കൊടുക്കുന്നുണ്ടായിരുന്നു, അവൾക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തിരുന്നു എന്നൊക്കെയാണ് ഇവിടെയെല്ലാം മനസ്സിലാക്കേണ്ടത് എല്ലാം ഉണ്ടായിട്ടും നൽകിയിട്ടും അവർക്ക് വിട്ടുപോകാൻ എങ്ങനെ കഴിഞ്ഞു എന്നതാണ്. സ്നേഹം പ്രകടിപ്പിക്കേണ്ടത് എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുത്തിട്ടല്ല ഇടയ്ക്ക് നെഞ്ചോട് ചേര്ത്ത് പിടിച്ചും യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാൻ പഠിപ്പിച്ചും ഉൾക്കണ്ണ് തുറപ്പിച്ചും വേണം മക്കളെ വളർത്താൻ. ജീവിതപങ്കാളിയ്ക്ക് ആയാലും തന്നെ സ്നേഹത്തോടെയും കരുതലോടെയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന, തന്നെ മനസ്സിലാക്കുന്ന ഒരാളെയാണ് വേണ്ടത്.

വിജയമെന്നാൽ എന്താണ്? ശാശ്വതമായ വിജയം എന്താണ്?
ഇതിനൊന്നും കൃത്യമായ ഒരു ഉത്തരമില്ല. കാരണം വിജയം ആപേക്ഷികമാണ് ഒരു വ്യക്തിയുടെ മനോഭാവവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് അത്. സ്വയം നിർവ്വചിക്കാം, തിട്ടപ്പെടുത്താം പക്ഷെ എന്തൊക്കെ ആയാലും അതിൽ തന്റേതായ ചില ലക്ഷ്യങ്ങളും ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുക എന്നത് തീർച്ചയായും ഒരു ഘടകമായി വരും. ഒരുത്തരത്തിലുമുള്ള ഉദ്ദേശലക്ഷ്യങ്ങളും ആഗ്രഹങ്ങളും ജീവിതത്തിൽ ഇല്ലാത്ത ഒരാൾ ജീവിതത്തോടോ അവനവനോടൊ ഒന്നിനോടും യാതൊരു പ്രതിപത്തിയുമില്ലാത്ത ഒരാളായിരിക്കും. ലക്ഷ്യങ്ങൾ ഇല്ലാത്തൊരു വ്യക്തിയുടെ ജീവിതം ഒരിക്കലും പൂക്കാത്ത, കായ്ക്കാത്ത ഒരു മരംപോലെയാണ്. ജീവിതത്തെ fruitful ആക്കി അഥവാ ഫലസമ്പൂർണ്ണമാക്കി എടുക്കുന്നതിൽ ഒരു വ്യക്തിയിലെ കാഴ്ചപ്പാടുകൾ, നിലപാടുകൾ, ചിന്താഗതി ഇവയ്ക്കെല്ലാം ഗണ്യമായ പങ്കുണ്ട്. ആത്മസംതൃപ്തി പകരുന്നതും സന്തോഷം നൽകുന്നതുമായ ഒരു ജീവിതം സകലരുടെയും സ്വപ്നങ്ങളിൽ ഒന്നാണ്. എങ്കിൽ അത്തരം ഒരു ജീവിതത്തെ മോൾഡ് ചെയ്തെടുക്കാനും കൂടെ കഴിയണം.

Also read: ആയാ സോഫിയയിലെ ബാങ്ക് സ്വപ്നം കണ്ട ദേശാഭിമാനി

ഒരു സിംഹം ഒരു മാനിന്റെ പിന്നാലെ ഓടുമ്പോൾ മാൻ മാത്രമാണ് അതിന്റെ ലക്ഷ്യം സർവ്വശക്തിയും സംഭരിച്ച് മനസ്സിനെ മാനിലേയ്ക്ക് മാത്രമായി ഫോക്കസ് ചെയ്ത് ഓടിച്ചിട്ട് പിടിക്കുകയാണ് സിംഹം. എന്നാൽ മനുഷ്യന്റെ കാര്യം അതല്ല വല്ലതിന്റെയും പിന്നാലെ പോകുന്നതിന് മുമ്പ് 10 വട്ടമെങ്കിലും ചിന്തിക്കണം. സ്വന്തം വീട്ടിൽ നിന്ന് അച്ഛനമ്മമാരിൽ നിന്ന് ആദ്യം സമ്മതപത്രം ലഭിക്കണം. അത് ഏറ്റവും വലിയൊരു കടമ്പയാണ് കാരണം മിക്കപ്പോഴും അച്ഛനമ്മമാർക്ക് ഇഷ്ടമുള്ളത് മക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്ന പ്രവണതയാണ് നമ്മുടെ കുടുംബങ്ങളിൽ കാണുന്നത്. പിന്നെ മറ്റുള്ളവരിൽ നിന്ന് ഉണ്ടാവുന്ന അഭിപ്രായഭിന്നതകൾ അതിലേറെ ആശങ്കകൾ സൃഷ്ടിക്കുന്നു. എന്നാൽ മനസില്ലാമനസ്സോടെ തന്റെ അച്ഛനമ്മമാരുടെ ആഗ്രഹങ്ങൾ സഫലീകരിച്ചുകൊടുക്കാനായി കഷ്ടപ്പാടുകളെല്ലാം മറന്ന് പ്രയത്നിക്കുമ്പോൾ പ്രത്യേകിച്ച് സംതൃപ്തിയൊന്നും അവന്/അവൾക്ക് ലഭിക്കില്ല. സ്വന്തമായ ഒരു പാഷൻ ഉണ്ടാവണം, അത് ജീവിതലക്ഷ്യമായി മാറണം. സാഹചര്യങ്ങൾ പ്രതികൂലമായാൽ അല്ലെങ്കിൽ പ്രതിസന്ധികൾ മുന്നിൽ വരുമ്പോഴും മറ്റുള്ളവർ തടസ്സം സൃഷ്ടിക്കുമ്പോഴും ഉള്ളിലെ സ്പിരിറ്റ് കൈവിടാതെ, പിന്തിരിയാതെ ആർജ്ജവത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കണം.

സ്വയം തിരഞ്ഞെടുക്കുന്ന ഒരു ഗോൾ അല്ലെങ്കിൽ ലക്ഷ്യമാകുമ്പോൾ എന്ത് വില കൊടുത്തും അത് നേടിയെടുക്കാൻ ഒരാൾ പരിശ്രമിയ്ക്കും. അതിനായി എത്ര കഠിന പരിശ്രമത്തിനും തയാറാവും. അഹോരാത്രം എന്ത് കഷ്ടപ്പാടിലും മനക്കരുത്ത് ചോർന്ന് പോകാതെ ലക്ഷ്യം നേടിയെടുക്കാനായി പ്രയത്നിക്കാനുള്ള ഊർജ്ജം അവരിൽ സജ്ജമാക്കപ്പെടും. അതിനാൽ ഗോൾ തിരഞ്ഞെടുക്കുമ്പോൾ തന്റെ കഴിവിനും അഭിരുചിയ്ക്കും ഒത്തതും ഏറ്റവും നന്നായി പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയുന്നതുമായ ഒരു ഫീൽഡിൽ ആവുന്നതാണ് എപ്പോഴും ഉത്തമം. കുഞ്ഞുങ്ങളിൽ ആന്തർലീനമായ കഴിവുകൾ അല്ലെങ്കിൽ ടാലന്റ് തിരിച്ചറിഞ്ഞു ആ ദിശയിലേക്ക് അവരെ നായിക്കാവുന്നതാണ്. ഓരോ കുഞ്ഞിലും വ്യത്യസ്തമായ കഴിവുകളും അഭിരുചിയുമാണ് കാണപ്പെടുക. അവനെപ്പോലെ ആയിക്കൂടെ എന്ന ചോദ്യം തന്നെ തെറ്റാണ്. നമുക്ക് മറ്റൊരാളുടെ ജീവിത രീതികളെ നിരീക്ഷിച്ച് അയാൾക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട്, സമീപനം, ആ സ്പിരിറ്റ് ഇവയൊക്കെ നോക്കി കണ്ടിട്ട് അയാളെ മാതൃകയാക്കി ജീവിക്കാം. ആ വ്യക്തിയിൽ നിന്ന് ഇൻസ്പിറേഷൻ എടുത്ത് ജീവിക്കാം പക്ഷെ മറ്റൊരാളെ പോലെ ആവൽ വെറും അനുകരണമേ ആവുന്നുള്ളൂ. നമ്മൾ നമ്മെ തിരിച്ചറിയുകയും നമ്മിലെ കഴിവുകളെ ഫലപ്രദായി വിനിയോഗിക്കുകയും ചെയ്യുന്നതിന് പകരമാവില്ലല്ലോ അത്. ജീവിതത്തിൽ വല്ലതും ആയിത്തീരണം എന്നൊരു ചിന്ത നമ്മിൽ എപ്പോഴും ഉണ്ടാവണം. അത് അച്ഛനമ്മമാരോടോ, നല്ലൊരു സുഹൃത്തിനോടൊ, ജീവിതപങ്കാളിയോടൊ തുറന്ന് പറയണം. നമ്മിലെ ആത്മാർത്ഥമായ പ്രയത്നവും അതിതീവ്രമായ ആഗ്രഹവും കണ്ടുകഴിഞ്ഞാൽ ആരും കൂടെ നിൽക്കും.

വഴിവിലങ്ങായ് നിൽക്കുന്ന എല്ലാ തടസ്സങ്ങളും പ്രതിബന്ധങ്ങളും കടമ്പകളും കടന്ന് ലക്ഷ്യസ്ഥാനത്തേയ്ക്ക് അടിയുറച്ച പാദങ്ങൾ ഒന്നൊന്നായി എടുത്ത് വെച്ച് തന്നെ മുന്നോട്ട് നയിക്കാൻ പ്രയത്നിക്കുന്ന ഒരു വ്യക്തിയ്ക്ക് മുന്നിൽ സാധ്യതകളുടെ വഴികൾ ഓരോന്നായി തുറക്കപ്പെടും. ഏത് സാഹചര്യങ്ങളെയും മനുഷ്യരെയും തനിയ്ക്കായുള്ള അല്ലെങ്കിൽ തന്നിലേക്ക് വന്നു ചേർന്ന വലിയൊരു അവസരം (opportunity) ആയിട്ട് കണ്ട് എല്ലാത്തിനെയും തന്റെ ഉയർച്ചയ്ക്കും ഉന്നമനത്തിനുമായി പ്രയോജനപ്പെടുത്താൻ ആ വ്യക്തി നിരന്തരം ശ്രമിക്കും. മനസ്സ് പോസിറ്റീവ് ആയിരിക്കുമ്പോഴും ഉദ്ദേശശുദ്ധിയുമുള്ള ഒരാൾക്ക് മാത്രമേ ഇതേപോലെ അവസരങ്ങളെ വിനിയോഗിക്കാൻ സാധിക്കൂ എന്ന് മാത്രം. അല്ലാത്തവ ചൂഷണങ്ങളും സ്വാർത്ഥതയ്ക്ക് വേണ്ടിയുള്ളവയുമായി മാറും. ഒരാൾ സാമ്പത്തികമായി കടുത്ത പ്രയാസം നേരിട്ട് കൊണ്ടിരിക്കുന്നു എന്നിരിക്കട്ടെ. അത് മനസ്സിലാക്കിയ ഒരു സുഹൃത്ത് തെറ്റില്ലാത്ത ഒരു തുക അയാളുടെ കൈയിൽ വെച്ചുകൊടുത്തിട്ട് പറയുന്നു എന്റെ കയ്യിൽ ഇത് മാത്രമേ ഉള്ളൂ തരാൻ, നീ ഇത് വെച്ചുകൊണ്ട് വല്ലതും ചെയ്യാമോ എന്ന് നോക്ക്. ഈയവസരത്തിൽ ഓരോ മനുഷ്യനും ചിന്തിക്കുന്നത് വ്യത്യസ്തമായിരിക്കും അവനവനിലെ പ്രായോഗികബുദ്ധിയ്ക്കും അവനവന്റെ കഴിവിലുള്ള വിശ്വാസത്തെയും അടിസ്ഥാനപ്പെടുത്തിയിട്ടായിരിയ്ക്കും അത്. ഹോ…!! എനിയ്ക്ക് കുറച്ച് ദിവസങ്ങൾ കഴിഞ്ഞുപോകാനുള്ള വകയായി എന്ന് ഒരാൾ ചിന്തിക്കുമ്പോൾ മറ്റൊരാൾ കടം വാങ്ങിച്ചത് തിരികെ കൊടുക്കാം, വേറെ ഒരാൾ ഇത് ബാങ്കിൽ കിടക്കട്ടെ ഈ തുക കയ്യിലുണ്ടല്ലോ എന്ന ധൈര്യവും കൂട്ടിന് ഉണ്ടാവും എന്നിട്ട് നിത്യവൃത്തിയ്ക്കായ് ചെറിയൊരു തൊഴിൽ കണ്ടെത്താം, അല്ലെങ്കിൽ സ്വന്തമായൊരു കൊച്ചു ബിസിനസ്സ് സ്റ്റാർട്ട് ചെയ്യാം എന്നൊക്കെ ചിന്തിക്കും. എന്തായാലും ആത്മവിശ്വാസം വലിയൊരു ഘടകമാണ്.

Also read: “നിനക്കു ആവശ്യമുള്ളത് എടുത്തു കൊള്ളൂ “

ഒരു ഗോൾ സെറ്റ് ചെയ്യുന്നതിലുണ്ടാകുന്ന അന്തരവും അതിന്റെ പരിണിതഫലവും ചെറിയൊരു ഉദാഹരണ സഹിതം വിവരിക്കാം. ദരിദ്രകുടുംബത്തിൽ പിറന്ന വിദ്യാർത്ഥികളായ രണ്ടു സുഹൃത്തുക്കൾ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു പണക്കാരനായ മനുഷ്യൻ ആ റെസ്റ്റോറന്റിലേയ്ക്ക് കയറി വരുന്നു. അയാൾ തൊട്ടടുത്ത ടേബിളിൽ വിഭവസമൃദ്ധമായ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് രണ്ടുപേരും നോക്കി നിൽക്കുന്നു. കഴിച്ചു കഴിഞ്ഞ് എണീൽക്കുമ്പോൾ വെയിറ്ററിന് വലിയൊരു ടിപ്സും വെയ്ക്കാൻ അയാൾ മറന്നില്ല. ഇത് കണ്ടുകൊണ്ടിരുന്ന കൂട്ടുകാർ അത്ഭുതത്തോടെ പരസ്പരം നോക്കി.. വർഷങ്ങൾ കഴിഞ്ഞു, അതിൽ ഒരാൾ ആഗ്രഹിച്ച പോലെ കൈനിറയെ ടിപ്സ് വാങ്ങിക്കുന്ന ഒരു വെയിറ്ററായി ഒരു റെസ്റ്റോറന്റിൽ തന്നെ ജോലി കണ്ടെത്തി. കുറച്ച് നാളുകൾക്ക് ശേഷം ഒരു സമ്പന്നൻ കാറിൽ വന്നിറങ്ങി റെസ്റ്റോറന്റിലേയ്ക്ക് കയറി വരുന്നു. അയാൾ ആ വെയിറ്ററെ കണ്ടമാത്രയിൽ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. വിശേഷങ്ങളൊക്കെ അന്വേഷിച്ചറിഞ്ഞു. എന്ത്.. വലിയൊരു സുഖമൊന്നുമില്ല, വെയിറ്റർ ജോലിയ്ക്ക് വലിയ ശമ്പളം ഒന്നുമില്ല, പിന്നെ വല്ലവരും ടിപ്സ് തന്നാൽ ആയി അയാൾ മറുപടി കൊടുത്തു. അദ്ദേഹം ഭക്ഷണം കഴിച്ച ശേഷം വലിയൊരു ടിപ്‌സും വെച്ചു. അതിന് ശേഷം അവനവനെ കൂട്ടുകാരന് പരിചയപ്പെടുത്തി. അയ്യോ.. നീ.. ഇത് എങ്ങനെ … കൂട്ടുകാരന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. കണ്ണും മിഴിച്ച് അവൻ ആ മനുഷ്യനെ തന്നെ നോക്കി നിൽക്കുമ്പോൾ അദ്ദേഹം മറുപടി കൊടുത്തു നീ ആ ടിപ്സ് വാങ്ങിക്കുന്ന വെയിറ്ററാവാൻ സ്വപ്നം കണ്ടപ്പോൾ ഞാൻ ആ ടിപ്സ് കൊടുക്കുന്ന പണക്കാരൻ ആവാനാണ് സ്വപ്നം കണ്ടത്. ഇതിൽ നിന്നൊക്കെ നമുക്ക് പഠിക്കാൻ ഒരുപാട് ഉണ്ട്. ഗോൾ സെറ്റ് ചെയ്യുമ്പോൾ അർഹിക്കുന്നതും കഴിവിനൊത്തതും തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

Also read: ഗ്രന്ഥരചനക്കായി ജീവിതം മാറ്റിവെച്ചവർ

സമ്പന്നനായ ഒരു മനുഷ്യൻ ബിസിനസ്സ് എല്ലാം ആകമാനം പൊട്ടിപ്പൊളിഞ്ഞ്, മാനസികമായും തകർച്ചയുടെ വക്കിലെത്തി നിൽക്കുമ്പോൾ വേറെ വഴിയൊന്നുമില്ല മരണം തന്നെ ഏകമാർഗ്ഗം എന്ന ചിന്തയിൽ ഒരു ഉദ്യാനത്തിൽ ഇരിക്കവേ ഒരു വൃദ്ധനായ മനുഷ്യൻ അവരുടെ സമീപത്ത് ചെന്നിരുന്നു, ഇത്രയും ഉദാസീനനായി ഇരിക്കുന്നതിന്റെ കാര്യം അന്വേഷിച്ചു. കഥകൾ എല്ലാം കേട്ടതിന് ശേഷം പോക്കറ്റിൽ നിന്ന് ഒരു ചെക്ക് ബുക്ക് എടുത്ത് ഒരു ബ്ലാങ്ക് ചെക്ക് എഴുതി ഒപ്പിട്ടുകൊടുത്തിട്ട് പറഞ്ഞു, എന്നെ അറിയില്ലേ ഞാൻ ഇവിടുത്തെ ഏറ്റവും വലിയ വ്യവസായ പ്രമുഖരിൽ ഒരാളാണ്. താങ്കൾക്ക് ആവശ്യമുള്ള തുക ഇതിൽ എഴുതിച്ചേർത്തോളൂ. കടത്തിൽ നിന്ന് കരകയറി കഴിഞ്ഞിട്ട് എന്റെ കടം വീട്ടിയാൽ മതി. തുകയുമായി ഇവിടെ വന്നാൽ ഞാൻ മരിച്ചില്ലെങ്കിൽ ഇവിടെ തന്നെ കാണും അത്രയും പറഞ്ഞ് അദ്ദേഹം നടന്ന് നീങ്ങി. താൻ ഈ ചെക്ക് എന്തായാലും ഉപയോഗിക്കുന്നില്ല. ഒന്ന് കൂടെ പരിശ്രമിച്ചു നോക്കാം, അയാൾ ചിന്തിച്ചു. ഇനി അത്രയും ക്ലേശകരമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നാലും ഈ ചെക്ക് കയ്യിൽ ഉണ്ടല്ലോ. അങ്ങനെ ചിന്തിച്ചുകൊണ്ട് അയാൾ വീണ്ടും തന്റെ ബിസിനസ്സ് കരുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നു. അയാളുടെ പരിശ്രമം വിജയം കണ്ടു. ചെക്ക് ഒപ്പിട്ട് തന്ന്, ധൈര്യം നൽകി തന്നെ പറഞ്ഞയച്ച ആ വലിയ മനുഷ്യനെ തേടി വീണ്ടും അയാൾ പാർക്കിൽ ചെന്നു. അയാൾ പാർക്കിൽ തന്നെ ഇരിപ്പുണ്ട്. ചെന്നുകണ്ടു, കാര്യങ്ങൾ സംസാരിക്കുന്നതുനിടയിൽ പെട്ടെന്ന് ഒരു നഴ്‌സ് അവരുടെ അടുത്തേയ്ക്ക് കടന്ന് വന്നു. വരൂ… എന്ന് വിളിച്ചുകൊണ്ട് ആ മനുഷ്യന്റെ കൈയിൽ പിടിച്ചു. കൂടെ നടത്തിക്കൊണ്ടു പോകുന്നതിനിടയിൽ ആ ബിസിനസ്സ്മാൻ പിന്നാലെ ഓടിച്ചെന്ന് സിസ്റ്ററോട് ചോദിച്ചു, പറയൂ ഇദ്ദേഹത്തിന് എന്തുപറ്റി? എന്താണ് അസുഖം? നഴ്‌സിന്റെ മറുപടി കേട്ട് അയാൾ ഷോക്കേറ്റപോലെ തരിച്ചു നിന്നുപോയി. മാസങ്ങളായി ചികിത്സയിൽ കഴിയുന്ന മനോരോഗിയായിരുന്നു അദ്ദേഹമെന്ന് കേട്ടപ്പോൾ ആ ബിസിനസ്സ്മാൻ സത്യത്തിൽ ആകെ അന്തംവിട്ട് നിന്നുപോയി.

ഈ കഥയിലെ ബിസിനസ്സ്മാനെ രക്ഷപ്പെടുത്തിയത് ആ വൃദ്ധൻ നൽകിയ ബ്ലാങ്ക് ചെക്കിന്റെ ബലമാണ് എന്ന് ഒരുവേള നമുക്ക് തോന്നാമെങ്കിലും ആത്യന്തികമായി അയാളുടെ ചിന്തകളാണ് അല്ലെങ്കിൽ മനോഭാവമാണ് അതുമല്ലെങ്കിൽ മനോവീര്യമാണ് അയാൾക്ക് കൂട്ട് നിന്നതെന്ന് മനസ്സിലാക്കാം. മേൽപ്പറഞ്ഞ സംഭവത്തിന്റെ ആന്തരീകാർത്ഥം ചികയുമ്പോൾ മറ്റൊരു കാര്യം കൂടെ മനസിലാവും മനസ്സിനെ ഒരർത്ഥത്തിൽ നമ്മുടേതായ ചില ഭാവനകളിൽ അല്ലെങ്കിൽ വിശ്വാസങ്ങളിൽ കുരുക്കി വെച്ചും ചിലപ്പോൾ വിഡ്ഢിയാക്കി നിർത്തിയും വേണമെങ്കിൽ സാഹചര്യങ്ങളെ വളരെ പോസിറ്റീവ് ആയി നേരിടാൻ സാധിക്കും. ഇത്തരം ചില ചൊട്ടുവിദ്യകൾ പ്രയോഗിച്ച് ഫലം കണ്ടെത്താൻ കഴിഞ്ഞവർക്ക് അറിയാം അതിൽ നിന്നൊക്കെ ഉണ്ടാവുന്ന നേട്ടങ്ങൾ എത്രത്തോളമാണെന്ന്. നിരന്തരം നമ്മൾ ഇപ്പറഞ്ഞ പോലുള്ള ഒരു മെക്കാനിസത്തെ വളരെ പോസിറ്റീവ് ആയിട്ട് ഉപയോഗപ്പെടുത്തുമ്പോൾ പതിയെ പതിയെ ചിലപ്പോൾ അസാധ്യമെന്നോ, അവിവേകാമെന്നോ യുക്തിരഹിതമല്ലാത്ത ഒന്നെന്നൊക്കെ തോന്നിപ്പിക്കുന്ന ഒരു ചിന്തയെ അല്ലെങ്കിൽ വിശ്വാസത്തെ പോലും അവനവന്റേതോ മറ്റുള്ളവരുടേതോ ഗുണത്തിനും അഭിവൃദ്ധിയ്ക്കുമായി മനസ്സിനകത്ത് ഊട്ടിയുറപ്പിച്ചെടുക്കാൻ പറ്റും. ഭാവനയിൽ കാണുന്ന ചിത്രങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റാൻ മനസ്സ് നമ്മോടൊപ്പം നിൽക്കും. ഇതുപോലെയുള്ള ചില കുഞ്ഞു അഭ്യാസങ്ങളിലൂടെ പോസിറ്റീവ് ലെവലിലേക്ക് മനസ്സിനെ പരിവർത്തനം ചെയ്തെടുക്കാവുന്നതാണ്. കുട്ടിക്കാലത്ത് കേട്ടതിലും കണ്ടതിലും വിശ്വസിച്ചുപോയതിലും പലതും ഇന്ന് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ പോലും തിരുത്താൻ കഴിയാതെ മനസ്സിൽ കല്ലിൽ കൊത്തിവെച്ച പോലെ നിൽപ്പുണ്ട് അതെല്ലാം തച്ചുടച്ച് പോസിറ്റീവ് തലത്തിലേക്ക് ചിന്തകളെ മാറ്റിയിരുത്താൻ, മനസ്സിനെ മാറ്റിയെടുക്കാൻ ബോധപൂർവ്വം ചില ട്രിക്കുകൾ പ്രയോഗിച്ചെ തീരുള്ളൂ.

മാറ്റൊന്ന് നിലനിൽക്കുന്ന ചുറ്റുപാടുകളിൽ ആകുകൾക്ക് അവനവനോട് ഒരു പോസിറ്റീവ് മനോഭാവം സൃഷ്ടിച്ചെടുക്കുമ്പോൾ അത് നമുക്ക് ചുറ്റിലും എപ്പോഴും ഒരു സുരക്ഷാകവചമായി പ്രവൃത്തിക്കും. അതിജീവനത്തിന്റെ മറ്റൊരു രീതിയാണ് അത്. ആളുകൾക്ക് നമ്മോടുള്ള മതിപ്പും ഇഷ്ടവും ആദരവും ഏത് ഘട്ടത്തിലും നമുക്ക് വലിയ പ്രയോജനം ചെയ്യും എവിടെയും നാം ഒറ്റപെടില്ല. നിരുപാധികം സഹായ ഹസ്തങ്ങൾ നമുക്ക് നേരെ നീളും. സ്വഭാവം, ഇടപെടലുകൾ, ഇതിൽ മനുഷ്യർക്കിടയിൽ അന്തരമോ വിവേചനമോ കാണിക്കാതെയുള്ള പെരുമാറ്റം ഇതെല്ലാം ഒരു വ്യക്തിത്വത്തിന്റെ മഹനീയതയും മതിപ്പും വിളിച്ചോതുന്നവയാണ്.

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close