Current Date

Search
Close this search box.
Search
Close this search box.

ഭാവനയെന്ന വിസ്മയം

‘യഥാർഥ ലോകത്തിന് അതിരുകളുണ്ട്; ഭാവനാ ലോകത്തിനാകട്ടെ അതിരുകളേയില്ല’ -റൂസോ

റോസാപ്പൂവിന്റെ സൗന്ദര്യവും സുഗന്ധവും ജീവിതത്തിന് കൈവരുന്നത് തീപ്പാറുന്ന ഭാവനയുടെ വിഹായസിലേറി അനന്തതയെ പുൽകുമ്പോഴാണ്. പ്രത്യാശക്കൊപ്പം മൊട്ടിട്ട് വളർന്നുവികസിക്കേണ്ട ആശയമാണ് ഭാവന. ഭാവിജീവിതത്തെ സംബന്ധിച്ച നല്ല വിചാരങ്ങളാണ് പ്രത്യാശ. വ്യക്തി പിന്നിടേണ്ട നാഴികക്കല്ലുകളെ സ്വപ്നംകാണാൻ അത് പ്രചോദിപ്പിക്കുന്നു. എന്നാൽ, ഭാവനയാവട്ടെ, ഉള്ളിൽ വിരിഞ്ഞ സ്വപ്നങ്ങൾക്ക് ചമൽക്കാരവും പൂർണതയും നൽകുന്നു. ജീവിതത്തിന് പുതുമയും വ്യത്യസ്തതയും ഉണ്ടാവണമെങ്കിൽ, ഭാവന നിർബന്ധമത്രെ. അല്ലെങ്കിൽ, അത് ചെടിപ്പും മുഷിപ്പും നിറഞ്ഞതായി പരിണമിക്കും.

ഭാവനയെ സൗന്ദര്യോപാസകർ വർണിച്ചിട്ടുണ്ട്. ഈശ്വരന്റെ സർഗശക്തിയുടെ മാനുഷികമായ പ്രതിബിംബമാണ് ഭാവനയെന്ന് കോളറിഡ്ജ് രേഖപ്പെടുത്തുന്നു. ദൈവികമായ ഉന്മാദമാണ് ഭാവനയെന്ന് പ്ലേറ്റോ പറയുന്നു. വിജ്ഞാനത്തേക്കാൾ പ്രധാനമാണ് ഭാവനയെന്ന് ഐൻസ്റ്റീൻ മൊഴിയുന്നു. രൂപകചിത്രങ്ങളുടെ സൃഷ്ടിയിൽ പ്രവർത്തിക്കുന്ന മനുഷ്യസ്വത്വത്തിന്റെ വിശിഷ്ടചൈതന്യമാണ് ഭാവനയെന്ന് സുകുമാർ അഴീക്കോട് എഴുതുന്നു. ചുരുക്കത്തിൽ, ഒരു ചിന്തക്കോ, ദർശനത്തിനോ, ആവിഷ്കാരത്തിനോ, കർമത്തിനോ നവോന്മിഷമായ നിറങ്ങൾ നൽകുന്ന മനോവ്യാപാരമാണ് ഭാവന.

ഓരോ കാര്യത്തിലും ഭാവനയുടെ സ്പർശം ഉണ്ടാവണം. സാധാരണ, ഒരാൾക്ക് മൂന്നു തലങ്ങളിലുള്ള ഉത്തരവാദിത്തങ്ങളാണ് വന്നുചേരാറുള്ളത്. വ്യക്തിത്വവികാസം, കുടുംബരൂപീകരണം, സാമൂഹികപ്രവർത്തനം എന്നിവയാണവ. ഈ രംഗങ്ങൾ വിജയകരമായി പൂർത്തീകരിക്കുന്നതിൽ പ്രത്യാശക്ക് അനൽപമായ പങ്കുണ്ട്. എന്നാൽ, ആ മേഖലകൾ പൂർണതയുടെ ചവിട്ടുപ്പടികൾ താണ്ടുന്നത് ഭാവനയുടെ ചേരുവകൾ ചേരുമ്പോഴാണ്. ഉദാഹരണത്തിന്, കുടുംബരൂപീകരണം എടുക്കാം. സൽസ്വഭാവങ്ങളുടെ ആധാരത്തിലുള്ള കുടുംബരൂപീകരണം സാധ്യമാവുമെന്ന പ്രത്യാശ പ്രഥമമായി വേണം. അതോടൊപ്പം, വ്യതിരിക്തവും ആവിഷ്കാരചാതുരിയും ഉൾചേർന്ന കുടുംബംകൂടി ആവുമ്പോഴേ, ഭാവനാ സമ്പന്നമായ കുടുംബം രൂപപ്പെടുകയുള്ളൂ.

സർഗസൃഷ്ടികളുടെ അന്തശ്‌ചോദനമാണ് ഭാവന. സൃഷ്ടിയെ മുൻമാതൃകയില്ലാത്ത ഉയരത്തിലേക്ക് നയിക്കുന്നു അത്. പുതുമകൾ തീർക്കാനുള്ള ജിജ്ഞാസയാണ് ഭാവന നിർവഹിക്കുന്ന ധർമം. സ്വത്വം ധ്യാനപൂർവം അനന്തതയുമായി പ്രണയത്തിലാവുമ്പോഴാണ് പുതുമകൾ പിറക്കുന്നത്. അപ്പോഴാണ് നിലനിൽക്കുന്ന അനീതികളോടുള്ള കലഹങ്ങളായി സർഗസൃഷ്ടികൾ മാറുന്നത്. അഥവാ, അനീതികൾക്കെതിരെയുള്ള സമരമാവണം ഭാവനയുടെ ലക്ഷ്യം. കല കലയാകുന്നതും സാഹിത്യം സാഹിത്യമാകുന്നതും ശിൽപം ശിൽപമാവുന്നതും ഭാവനയുടെ നിറക്കൂട്ടുകൾ ചേരുമ്പോഴാണ്. ചിത്രം, കഥ, കവിത, നോവൽ പോലുള്ള സൃഷ്ടികൾ അനശ്വരമാവുന്നത് ഭാവനയിൽ അവ തളിർക്കുമ്പോഴാണ്. ലോകത്തുണ്ടായ മഹത്തായ സൃഷ്ടികളെല്ലാം ഭാവനയുടെ വിളവുകളാണ്. ലിയൊനാർഡോ ഡാവിഞ്ചിയിൽ വിരിഞ്ഞ സർഗാത്മക ഭാവനയാണ് ‘മൊണാലിസ’യെന്ന ചിത്രത്തിന് ജന്മമേകിയത്. ജീവിതം, ദുഖം, വിഷാദം……. എന്നിവയെക്കുറിച്ച് ഫ്യോദോർ ദൊസ്തയോവ്സ്ക്കിക്കുണ്ടായ വെളിപാടുകളാണ് ‘കാരമസോവ് സഹോദരന്മാർ’ എന്ന നോവലിന്റെ പിറവിക്ക് ഹേതുവായത്. കാലത്തെ അതിജീവിക്കുന്ന സൃഷ്ടികളായി അവ എക്കാലത്തും നിലനിൽക്കും.

ഭാവനകൊണ്ട് ജീവിതം അന്വർഥമാവണമെന്നാണ്, അക്ഷരങ്ങളിലും പദങ്ങളിലും പ്രയോഗങ്ങളിലും ആശയങ്ങളിലും ഉപമകളിലും അലങ്കാരങ്ങളിലും ഉദാഹരണങ്ങളിലും മറ്റും യഥാക്രമം ദൈവത്താലും ദൂതനാലും ഭാവനയുടെ കസവുനൂലുകൾ തീർക്കുന്ന വിശുദ്ധവേദവും തിരുചര്യയും ആവശ്യപ്പെടുന്നത്. പൂർണമനുഷ്യന്റ രൂപീകരണമാണല്ലോ അവ ലക്ഷ്യംവെക്കുന്നത്. പൂർണമനുഷ്യന്റെ രൂപീകരണത്തിൽ നിർണായകമായ തത്വങ്ങളാണ് പ്രത്യാശയും ഭാവനയും. വിശ്വാസത്തെയും ജീവിതത്തെയും നിരന്തരം നവീകരണത്തിന് വിധേയമാക്കികൊണ്ടേ ഒരാൾക്ക് പൂർണമനുഷ്യനാവാൻ സാധിക്കുകയുള്ളൂ. വിശ്വാസത്തിന് തെളിമയും ജീവിതത്തിന് പുതുമയും ലഭിക്കുന്നത് അധ്യാത്മിക പാഠങ്ങളെയും വരാനിരിക്കുന്ന പാരത്രികജീവിതത്തെയും ഭാവനയുടെ വിശാലമായ പ്രതലത്തിലേക്ക് വികസിപ്പിക്കുമ്പോഴാണ്. ഭാവനയെ ഉദാത്തമാക്കാൻ സ്വർഗംപോലെ മറ്റൊന്നില്ല.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles