Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യത്തിന്റെ വഴി

‘സ്വാതന്ത്ര്യംതന്നെ അമൃതം; സ്വാതന്ത്ര്യംതന്നെ ജീവിതം. പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം’ -കുമാരനാശൻ

മനോഹരമായ ഒരു ശബ്ദമാണ് സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുമ്പോഴാണ് വ്യക്തിയും സമൂഹവും പുഷ്കലമാവുന്നത്. പാരതന്ത്ര്യത്തിന്റെ ചങ്ങലകൾ എവിടെയുണ്ടോ, അവിടെ ജീവിതം ദുസ്സഹമായിരിക്കും. ‘മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത്. എന്നാൽ, അവൻ എല്ലായിടത്തും ചങ്ങലകളിലാണ്’ എന്ന റൂസോയുടെ പ്രസിദ്ധവാക്യം മനുഷ്യനിൽ അടിച്ചേൽപ്പിക്കപ്പെടുന്ന പാരതന്ത്ര്യത്തെയാണ് അടയാളപ്പെടുത്തുന്നത്.

സ്വാതന്ത്ര്യത്തിന്റെ ജ്വലിക്കുന്ന പ്രമാണങ്ങളാൽ സമ്പന്നമാണ് ചരിത്രം. ലിഖിതവും അലിഖിതവുമായ മനുഷ്യാവകാശ പ്രഖ്യാപനങ്ങളിൽ സ്വാതന്ത്ര്യ സംബന്ധിയായ സംസാരങ്ങൾ ഒട്ടേറെ വന്നിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നായിരുന്നല്ലോ. മൂന്നു തത്വങ്ങളാണ് ഈ മുദ്രാവാക്യത്തിൽ ഉൾചേർന്നിരിക്കുന്നത്. അതിൽ ആദ്യത്തേത് സ്വാതന്ത്ര്യമെന്ന തത്വവും. ഉദേശ്യലക്ഷ്യങ്ങളിൽ വ്യത്യസ്ത പുലർത്തുന്നുവെങ്കിലും, എല്ലാ രാഷ്ട്ര ഭരണഘടനകളിലും സ്വാതന്ത്ര്യ ചിന്തകളുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യം പൗരന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയെന്നതാണ്.

ധാർമികമായും സാമൂഹികമായും പ്രകൃതിപരമായും അനുവാദം നൽകപ്പെട്ട ഇടങ്ങളിൽ സ്വന്തം തീരുമാനങ്ങൾക്ക് അനുസൃതമായി ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള സാഹചര്യമാണ് സ്വാതന്ത്ര്യം. ഇതനുസരിച്ച് മനുഷ്യന് ജന്മനാ അനേകം സ്വാതന്ത്യങ്ങളുണ്ട്. ജീവിതസ്വാതന്ത്ര്യം, വിശ്വാസസ്വാതത്ര്യം, സഞ്ചാരസ്വാതന്ത്യം, തൊഴിൽസ്വാതന്ത്യം, ആവിഷ്കാരസ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നിവ സ്വാതന്ത്ര്യങ്ങളിൽ ചിലതാണ്.

സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കെട്ട കാലത്താണ് നമ്മുടെ ജീവിതം. അടിമത്തത്തിന്റെ നുകങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഹായസ്സുകൾക്ക് അതിരുകൾ നിർണയിക്കുന്നു; ഊരുവിലക്കിന്റെ കയറുകൾ കുടുംബസ്വാതന്ത്ര്യത്തിന്റെ വിശാലതകൾക്ക് പരിധികൾ ഏർപ്പെടുത്തുന്നു; അധിനിവേശത്തിന്റെ വെടിയൊച്ചകൾ സാമൂഹ്യസ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. അങ്ങനെ, പരിഷ്കൃത യുഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുഗത്തിലും, സ്വാതന്ത്ര്യത്തിന്റെ തെളിഞ്ഞ അന്തരീക്ഷത്തിന് പകരം പാരതന്ത്ര്യത്തിന്റെ കലങ്ങിയ സാഹചര്യമാണ് നിലനിൽക്കുന്നത്.

സ്വാതന്ത്ര്യസംബന്ധിയായ ആശയങ്ങൾ വിശുദ്ധവേദവും തിരുചര്യയും വളരെ സുന്ദരമായി സമർപ്പിക്കുന്നുണ്ട്. മാനുഷികതയുടെ അധ്യാത്മികവും ഭൗതികവുമായ സമ്പൂർണ സ്വാതന്ത്ര്യമാണ് അവ ലക്ഷ്യമിടുന്നത്. മനുഷ്യനെ വരിഞ്ഞുമുറുക്കിയിരുന്ന കൈചങ്ങലകളും കാൽചങ്ങലകളും അഴിച്ചുമാറ്റുകയായിരുന്നു പ്രവാചകനിയോഗത്തിന്റെ പല ലക്ഷ്യങ്ങളിൽ ഒരു ലക്ഷ്യം. വിശുദ്ധവേദത്തിലെ ഒരു സംജ്ഞയാണ് അഖബ. ക്ലേശകരമായ കർമങ്ങൾക്കാണ് അത് പ്രയോഗിക്കുന്നത്. പുണ്യത്തിന്റെ വഴി പുൽകണമെങ്കിൽ, ക്ലേശകരമായ കർമങ്ങളിൽ മുഴുകണം. അടിമത്ത വിമോചനം ക്ലേശകരമായ കർമങ്ങളിൽ ഒന്നാമത്തെ ഇനമാണെന്നാണ് വിശുദ്ധവേദം പഠിപ്പിക്കുന്നു.

സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒന്ന്, ചില പരിധികൾക്കും പരിമിതികൾക്കും ഉള്ളിലാകുമ്പോഴാണ് ഏതു സ്വാതന്ത്ര്യവും കൂടുതൽ അഴകുള്ളതാവുന്നത്. സ്വാതന്ത്ര്യമുണ്ടെന്ന് കരുതി ലക്കും ലഗാനുമില്ലാതെ എന്തും ചെയ്യാനുള്ള അനുമതി ആർക്കുമില്ല. അത്തരമൊരു സാഹചര്യം അരാജകത്വത്തിനാണ് വഴിവെക്കുക. നിശ്ചിത ചിട്ടവട്ടങ്ങൾക്ക് വിധേയമാകുമ്പോഴാണല്ലോ കാൽപന്തുകളി മനോഹരമാവുന്നത്. ദൈവികമൂല്യങ്ങൾക്കും പ്രകൃതിതാൽപര്യങ്ങൾക്കും സാമൂഹ്യനിയമങ്ങൾക്കും വിധേയമായിട്ടാവണം സ്വാതന്ത്ര്യത്തിന്റെ വിനിയോഗം. രണ്ട്, സ്വാതന്ത്ര്യത്തിന്റെ വിനിയോഗം ധനാത്മകവും ഫലപ്രദവുമായ മാർഗത്തിലാവണം. ഉദാഹരണത്തിന് വിശ്വാസത്തിന്റെ കാര്യമെടുക്കാം. ഏകദൈവവിശ്വാസം, ബഹുദൈവവിശ്വാസം, ത്രിയേകത്വവിശ്വാസം……. എന്നിങ്ങനെ ഒത്തിരി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അവയിൽ ഏതു വിശ്വാസവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരാൾക്കുണ്ട്. എന്നാൽ, ഏതു വിശ്വാസമാണ് പൂർണമായ ശരിയെന്ന് പ്രജ്ഞ പ്രയോഗിച്ച് ഒരാൾ കണ്ടെത്തേണ്ടതുണ്ട്. ഏകനായ ദൈവത്തിന്റെ മുമ്പിലുള്ള സാഷ്ടാംഗം മറ്റനേകം സാഷ്ടാംഗങ്ങളിൽനിന്ന് മനുഷ്യനെ മോചിപ്പിക്കുന്നുവെന്ന് അല്ലാമാ ഇഖ്ബാൽ മൊഴിഞ്ഞിട്ടുണ്ട്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles